ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധയായിരുന്നു ജിയാന്ന. ഒരു ഡോക്ടറായിരുന്ന അവള് ആറു കുട്ടികളുടെ അമ്മയുമായിരുന്നു. തന്റെ അവസാനത്തെ കുട്ടിക്ക് ജന്മം നല്കിയതു വഴിയാണ് അവള് തന്റെ ജീവിതത്തിന് വീരോചിതമായ സാക്ഷ്യം നല്‍കിയത്. 1961-ല്‍, ഗര്‍ഭിണിയായിരുന്ന അവളെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാര്‍ അവളുടെ ഗര്‍ഭാശയത്തില്‍ ഒരു മുഴ ഉണ്ടെന്നും അത് പ്രസവത്തെ ബാധിക്കുമെന്നും അവളോട് പറഞ്ഞു.
കുഞ്ഞിനെ ഗർഭഛിദ്രം ചെയ്തുകൊണ്ട് അവളുടെ ജീവൻ രക്ഷിക്കാൻ ഡോക്ടര്‍മാര്‍ അവളോട് ആവശ്യപ്പെട്ടു. എന്നാൽ “പ്രസവത്തില്‍ കുഴപ്പം ഉണ്ടാവുകയാണെങ്കില്‍ എന്റെ ജീവന് കാര്യമാക്കേണ്ട, ദൈവം എനിക്കു നൽകിയ എന്റെ കുഞ്ഞിന്റെ ജീവന് രക്ഷിക്കണം’ എന്നായിരുന്നു അവള് തന്റെ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ഒരു പെൺകുഞ്ഞിനു ജന്മം നൽകിയതിനു ശേഷം ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവളുടെ ആരോഗ്യ നില വഷളാവുകയും അവള് മരണമടയുകയും ചെയ്തു. ജിയാന്ന എന്ന് തന്നെയായിരുന്നു അവളുടെ മകളുടെ പേരും, ഈ മകള്‍ പിന്നീട് ഇപ്രകാരം പറഞ്ഞിട്ടുണ്ട്, “എന്റെ അമ്മയുടെ മുഴുവന്‍ ജീവിതവും ദൈവസ്നേഹത്തോടും പരിശുദ്ധ കന്യകാ മറിയത്തോടുമുള്ള ഒരു സ്തുതിഗീതമായിരുന്നു”.
വിശുദ്ധ ജാന്ന ബെറേത്താ മൊള്ളായുടെ മകൾ, ഡോ. ഇമ്മാനുവേല ബെറേത്താമൊള്ളയുമായുള്ള അഭിമുഖം…
കത്തോലിക്കാസഭ അനേകരെ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടുണ്ട്. അള്‍ത്താരകളില്‍ വണങ്ങപ്പെടുകയും ദാലയ മദ്ധ്യസ്ഥരായി പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യപ്പെട്ടിട്ടുള്ള വിശുദ്ധരുടെ മക്കളായി ജനിച്ച് ഇന്നും ജീവിച്ചിരിക്കുന്നവര്‍ ഒരുപക്ഷേ ഇല്ലെന്നു തന്നെ പറയാം. വിശുദ്ധരുടെ ജീവിതകാലം കഴിഞ്ഞ് അനേകവര്‍ഷങ്ങള്‍ക്കു ശേഷം മാത്രമായിരിക്കും അവരുടെ നാമകരണനടപടികള്‍ ആരംഭിക്കുക എന്നതും വിശുദ്ധരില്‍ ഏറിയ പങ്കും വൈദികരോ സന്യസ്തരോ ആയിരിക്കും എന്നതുമാണ് അതിനു കാരണം. എന്നാല്‍ ഇതിനെല്ലാം അപവാദമായി ഇന്നും നമ്മോടൊപ്പമുള്ള ഒരു വ്യക്തിത്വമാണ് ഇറ്റലിക്കാരിയായ ഡോ. ഇമ്മാനുവേല ബെറേത്താമൊള്ള.
ലോകമെങ്ങും ആദരിക്കപ്പെടുന്ന വിശുദ്ധ ജാന്ന ബെറേത്താ മൊള്ളായുടെ മകള്‍. അതിനേക്കാള്‍, ജാന്നായെ വിശുദ്ധ പദവിയിലേയ്ക്കുയര്‍ത്തുന്നതിനു കാരണക്കാരി കൂടിയായ മകള്‍. എമ്മാനുവേലയെ ഗര്‍ഭം ധരിച്ചിരിക്കെ, കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ സ്വന്തം ജീവന് ബലി നല്കാന് തയ്യാറായതിനാണു സഭ ജാന്നായെ വിശുദ്ധരുടെ പദവിയിലേയ്ക്കുയര്‍ത്തിയത്.
ഒരു വിശുദ്ധയുടെ രക്തത്തില്‍ ജനിച്ച മകളെ നേരില്‍ കാണുക, അവരുമായി സംസാരിക്കുക എന്നത് ഒരു അസുലഭ ഭാഗ്യമാണ്. വി. ജാന്നായുടെ നാമധേയത്തില്‍ കേരളത്തില്‍ ആദ്യമായി സ്ഥാപിതമായ എറണാകുളം, മരട് സെ. ജാന്നാ പള്ളിയുടെ വികാരിയായ ഫാ. ജിമ്മിച്ചന്‍ കര്ത്താനത്തിന് ഈ അവസരം ലഭിച്ചത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇടവകയായ ദുബായി സെ. മേരീസ് പള്ളിയില്‍ വച്ചാണ്.
ദുബായ് പള്ളിയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു നടത്തപ്പെട്ട “ജീവന്റെ ആഘോഷം” എന്ന പരിപാടിക്ക് മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ടത് ഡോ. ഇമ്മാനുവേല ബെറേത്താ മൊള്ളയാണ്.
തന്റെ ഗര്ഭത്തിലുരുവായിരിക്കുന്ന കുഞ്ഞ് തന്റെതന്നെ ജീവനു ഭീഷണിയാകാമെന്ന നില വന്നപ്പോള്‍ ഡോക്ടര്‍മാര്‍ ഭ്രൂണഹത്യ നിര്‍ദേശിച്ചു. എന്നാല്‍, ഒരു ഡോക്ടര്‍ കൂടിയായ വിശുദ്ധ ജാന്നായ്ക്ക് അതു തന്റെ ഉറച്ച ക്രൈസ്തവ വിശ്വാസവുമായി പൊരുത്തപ്പെടുന്ന പ്രവൃത്തിയാകില്ലെന്നു ബോദ്ധ്യമായിരുന്നു. സ്വന്തം ജീവന് പോയാലും കുഞ്ഞിന്റെ ജീവന് നശിപ്പിക്കാന്‍ പാടില്ലെന്ന ഉറച്ച നിലപാടെടുത്തു അവര്‍. അങ്ങിനെ ഇമ്മാനുവേല എന്ന കുഞ്ഞ് ഭൂമിയെ ദര്‍ശിച്ചു. ഏഴു ദിവസത്തിനുള്ളില്‍ ജാന്നാ തന്റെ ജീവിതദൗത്യം പൂര്‍ത്തിയാക്കി നിത്യതയിലേയ്ക്കു ചേര്‍ന്നു.
വളര്‍ന്ന് അമ്മയെ പോലെ തന്നെ ഡോക്ടറായി മാറിയ ഇമ്മാനുവേല ഇന്ന് കാലഘട്ടത്തിന്റെ വിശുദ്ധയും തന്റെ അമ്മയുമായ ജാന്നയുടെ മഹാവിശുദ്ധിയുടെ ജീവിക്കുന്ന സാക്ഷ്യമായി വിശ്വാസിലോകത്തിനു പ്രചോദനമേകി കഴിയുന്നു. സത്യദീപത്തിന്റെ അസോസിയേറ്റ് എഡിറ്റര്‍ കൂടിയായ ഫാ. ജിമ്മിച്ചന്‍ കര്‍ത്താനം ദുബായിയില്‍ വച്ചു ഡോ. ഇമ്മാനുവേലയുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്….
സ്വന്തം ജീവനെക്കുറിച്ച് എന്തു തോന്നുന്നു?
സ്നേഹം ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഉണ്ടാകുമായിരുന്നില്ല. ഒരാള്‍ക്ക് ഉപേക്ഷിക്കാവുന്നതില്വച്ച് ഏറ്റവും വിശുദ്ധവും അമൂല്യവുമായ ദാനമാണു ജീവന്.
1962-ല്‍ എന്റെ അമ്മ എന്നെ ഉദരത്തില്‍ വഹിക്കുമ്പോള്‍ അത് അമ്മയുടെ ആറാമത്ത ഗര്‍ഭധാരണമായിരുന്നു. എനിക്കു മുമ്പേ മൂന്നു പേര് ജനിച്ചു.
രണ്ടു ജീവനുകളെ ഉദരത്തില്‍വച്ചുതന്നെ ദൈവം എടുത്തു. ഞാന്‍ ഉദരത്തില്‍ വളരുമ്പോഴാണ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഫൈബ്രോമ വളരുന്നതായി കണ്ടുപിടിക്കപ്പെടുന്നത്. തന്റെ ജീവനുതന്നെ ഭീഷണിയായ രോഗം കണ്ടുപിടിക്കപ്പെട്ടിട്ടും എന്നോടുള്ള സ്നേഹത്താല്‍ പ്രേരിതയായി അമ്മ അബോര്‍ഷനു തയ്യാറായില്ല. തന്റെ ജീവനെ രക്ഷിക്കാന്‍ മറ്റുള്ളവരുടെ സമ്മര്‍ദ്ദങ്ങളുടെ ഇടയിലും ഡോക്ടര്‍ കൂടിയായ എന്റെ അമ്മ തുനിഞ്ഞില്ല.
ഈ നാലാമത്തെ ശിശുവിനുവേണ്ടി അമ്മ സ്വന്തം ജീവന്‍പോലും ത്യജിക്കുവാന്‍ തയ്യാറായി. അതുകൊണ്ടാണു ഞാന്‍ പറഞ്ഞത് ഒരാള്‍ക്ക് ഉപേക്ഷിക്കാവുന്നതില്വച്ച് ഏറ്റവും വിശുദ്ധവും അമൂല്യവുമായ ദാനമാണു ജീവന്. നമുക്ക് ഇപ്പോള്‍ സംസാരിക്കാന്‍ സാധിക്കുന്നതുപോലും അതുകൊണ്ടാണ്; ഞാന്‍ സന്തുഷ്ടയാണ്.
ക്രിസ്തീയ വിശ്വാസജീവിതത്തിന്റെ ഹൃദയം ത്യാഗംതന്നെയാണ്. അമ്മയുടെ വലിയ ത്യാഗമാണു സ്വന്തം ജീവന് എന്ന് അങ്ങു പറഞ്ഞു. ത്യാഗമയിയായ ആ അമ്മയ്ക്ക് സ്വന്തം ജീ വിതത്തിലൂടെ സാക്ഷ്യം നല്കാന് അങ്ങേയ്ക്ക് എത്രമാത്രം സാധിക്കുന്നു?
1994 ഏപ്രില്‍ 24-നാണു പോപ്പ് ജോണ്‍ പോള്‍ രണ്ടാമന് മാര്‍ പാപ്പ എന്റെ അമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നത്; 2004 മേയ് 16-ന് വിശുദ്ധയായും. മാര്‍ പാപ്പ ആദ്യം അമ്മയെ വിശേഷിപ്പിച്ചതു “കുടുംബത്തിന്റെ അമ്മ” (Family Mother) എന്ന നിലയിലാണ്. എങ്ങനെയായിരുന്നു അമ്മയുടെ മരണം എന്നതിനേക്കാള്‍ അമ്മ ജീവിച്ചിരുന്നപ്പോള്‍ എങ്ങനെയായിരുന്നു എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ജീവിച്ചിരുന്നപ്പോള്‍ എങ്ങനെ മാതൃകാപരമായി ജീവിച്ചു എന്നതുപോലെതന്നെ മാതൃകാപരമായി അമ്മ മരിച്ചു. ജീവനെ അമ്മ വളരെയധികം സ്നേഹിച്ചു. സ്വന്തം ജീവനെത്തന്നെ സ്നേഹത്തിന്റെ പാരമ്യത്തില്‍ ത്യാഗമായി അവള് നല്കി. അതുകൊണ്ടു ഞാന്‍ ജനിച്ചു.
എന്റെ സഹോദരനായ പെല്യൂജിയെയും സഹോദരികളായ മരിയോളീന, ലൗറ എന്നിവരെയുംപോലെതന്നെ ജീവിക്കാന്‍ എനിക്കും അവകാശമുണ്ടെന്ന് അമ്മ ചിന്തിച്ചു. ഞാന്‍ ഈ ഭൂമിയിലേക്കു ജനിച്ചുവീഴാന്‍ ദൈവപരിപാലനയുടെ ഉപകരണമായി അമ്മ മാറിയ നിമിഷം അതാണെന്നു തോന്നുന്നു.
ഡാഡി എന്നോടു പറയുമായിരുന്നു, അമ്മയുടെ തിരഞ്ഞെടുപ്പു വളരെ ബോധപൂര്‍വമായിരുന്നുവെന്ന്. വിശ്വാസത്തിന്റെ കണ്ണുകളിലൂടെ മാത്രമേ അതിനെ നോക്കിക്കാണുവാന്‍ സാധിക്കൂ. ഉറച്ച വിശ്വാസത്തോടും ദൈവപരിപാലനയിലുള്ള ആശ്രയത്തോടുംകൂടി ജീവിക്കാനുള്ള പരിപാവനമായ അവകാശത്തെക്കുറിച്ചുള്ള ചിന്തയോടെ ധീരോദാത്തമായ ആ നിലപാട് അമ്മ എടുത്തു.
എന്റെ ജീവനു ദൈവത്തോടു മാത്രമല്ല; എന്റെ വിശുദ്ധയായ അമ്മയോടുംകൂടി ഞാന്‍ നന്ദി പറയണം – ജീവന് ദാനമാണ്, എല്ലാ അര്‍ത്ഥത്തിലും. ഏറ്റവും പ്രധാന്യമേറിയതാണ്, അമൂല്യവും പരിപാവനവുമാണ്. നമ്മള് അതിനെ ബഹുമാനിക്കണം, ആദരിക്കണം, സംരക്ഷിക്കണം-എന്റെ ഡാഡി… അദ്ദേഹം എന്റെ അമ്മയുടെ തീരുമാനത്തെ എതിര്‍ത്തില്ല. അമ്മയുടെ തിരഞ്ഞെടുപ്പിനെ മാനിച്ചു.
ഡാഡിക്ക് അമ്മയെ ശരിക്കു മനസ്സിലാകുമായിരുന്നു. അമ്മയുടെ ഉദാരമനസ്കതയെ, ത്യാഗമനോഭാവത്തെ, അമ്മയുടെ ശക്തിയെ, തിരഞ്ഞെടുപ്പിനെ, തീരുമാനങ്ങളെ… തനിക്കും മക്കള്‍ക്കും ഉണ്ടായേക്കാവുന്ന തികച്ചും വേദനാജനകമായ പരിണിതഫലങ്ങളെക്കുറിച്ചു ബോധവാനായിരുന്നുവെങ്കിലും അമ്മയുടെ തിഞ്ഞെടുപ്പിനെ മാനിക്കണമെന്ന് അദ്ദേഹത്തിനു തോന്നി.
രണ്ടു വിശുദ്ധരെ എനിക്കു മാതാപിതാക്കളായി ദൈവം തന്നു എന്നു ഞാന്‍ കരുതുന്നു. 98 വയസ്സുള്ളപ്പോഴാണു ഡാഡി മരിക്കുന്നത്. അദ്ദേഹവും എല്ലായ്പ്പോഴും ദൈവത്തിന്റെ ഹിതത്തെ പരിപൂര്‍ണമായി അംഗീകരിച്ചു.
ഒരു ജീറിയാട്രീഷ്യന് എന്ന നിലയ്ക്ക് അവസാനത്തെ ഏഴു വര്‍ഷവും മൂന്നു മാസവും അദ്ദേഹത്തെ ശുശ്രൂഷിക്കുവാന്‍ എനി ക്കു ഭാഗ്യം സിദ്ധിച്ചു. ഞാന്‍ പൂര്‍ണമായും ഡാഡിയോടൊപ്പം വീട്ടില്‍ ചെലവഴിച്ചു. അദ്ദേഹത്തെ ശുശ്രൂഷിക്കുന്നതില്‍ ഒരു ഡോക്ടര്‍ എന്ന നിലയില്‍ ദൈവകരങ്ങളിലെ ഒരു ഉപകരണമാണു ഞാനെന്നു ഞാന്‍ ചിന്തിച്ചു. പ്രശാന്തമായി ജീവിച്ചപോലെതന്നെ ഡാഡിയും പ്രശാന്തതയോടെ മരിച്ചു. എന്റെ മാതാപിതാക്കളുടെ ജീവിതം എനിക്കു ശക്തമായ മാതൃകയായിരുന്നു. എന്റെ ക്രിസ്തീയ സാക്ഷ്യജീവിതം സംതൃപ്തിയോടെ നയിക്കാന്‍ എന്നെ സഹായിക്കുന്നത് എന്റെ മാതാപിതാക്കളുടെ ജീവിതമാതൃകയാണ്.
മനുഷ്യജീവനു തെല്ലും വിലകല്പിക്കാത്ത ആധുനിക ലോകത്തോട് എന്താണു പറയാനുള്ളത്?
ഡാഡി അമ്മയെക്കുറിച്ച് ഒരു ബയോഗ്രഫിക്കല്‍ ബുക്ലെറ്റ് എഴുതിയിട്ടുണ്ട്. ഞങ്ങള്‍ മക്കള്‍ കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ എഴുതിയ ആ ഗ്രന്ഥം ഞങ്ങള്‍ക്കാണു സമര്‍പ്പിച്ചിരിക്കുന്നത്. എന്റെ അമ്മയുടെ ജീവനെക്കുറിച്ചുള്ള വളരെ അടിസ്ഥാനപരമായ ആശയങ്ങളും പ്രമാണങ്ങളും ഡാഡി അതില്‍ കുറിച്ചിട്ടുണ്ട്. അമ്മയുടെ ജീവിതസന്ദേശമായി അതിനെ എടുക്കാമെന്നാണ് എനിക്കു തോന്നുന്നത്. ജീവന് അതില്‍ത്തന്നെ ആദ്യത്തേതും മാറ്റിവയ്ക്കപ്പെടാനാവാത്തതുമായ (First and Irreplaceable) ദൈവത്തിന്റെ ദാനമാണ്. കാരണം മറ്റെല്ലാ ദൈവികദാനങ്ങള്ക്കും അത്യന്താപേക്ഷിതമായ ഒന്നായി ഇതു വര്‍ത്തിക്കുന്നു.
ദൈവത്തിന്റെ സാന്നിദ്ധ്യമുള്ളതിനാല്‍ മനുഷ്യജീവന് വിശുദ്ധമാണ്. ഈശോ അതിലുണ്ട്. എല്ലാ പ്രവൃത്തികളും ഈശോയ്ക്കുവേണ്ടിയാണ്. അന്ത്യവിധി ഈ പ്രവൃത്തികളെ അടിസ്ഥാനമാക്കിയാണ്. ഉദരത്തില്‍ ഉരുവാകുമ്പോഴേ മനുഷ്യജീവന് പരിപൂര്‍ണ മനുഷ്യജീവനാണ്. ഗര്‍ഭധാരണം മുതലേ ജീവിക്കാനുള്ള അവകാശം അതിനുണ്ട്. ആ അവകാശം യാഥാര്‍ത്ഥ്യമാക്കുവാനുള്ള കടമയും ഉത്തരവാദിത്വവും അമ്മയ്ക്കുണ്ട്.
ദൈവശാസ്ത്രപരവും ധാര്‍മികവുമായ പുണ്യങ്ങള്‍ അമ്മയുടെ ജീവിതത്തിലുടനീളം ശക്തമായി നിലനിന്നിരുന്നു – കൃപയുടെയും വിശ്വാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും കൂദാശകളുടെയും ക്രിസ്തീയ സാക്ഷ്യത്തിന്റെയും അയയ്ക്കപ്പെടലിന്റേതുമായ ജീവിതം. ഇതെല്ലാം പൂര്‍ണമായും അമ്മയുടെ സ്നേഹത്തില്‍ സംഗ്രഹിക്കാം. ആനന്ദവും സന്തോഷവും നി റഞ്ഞ അമ്മയുടെ ധന്യമായ ജീവിതം മുറിച്ചുനല്കാന് അമ്മ തയ്യാറായിരുന്നു. ഈശോ പഠിപ്പിച്ചതുപോലെ “സ്നേഹിക്കുന്നവര്‍ക്കു വേണ്ടി സ്വന്തം ജീവനെ നല്കുന്നതിനേക്കാള് വലിയ സ്നേഹമില്ല.” ഈശോ ചെയ്തതുപോലെ അമ്മയും എനിക്കുവേണ്ടി അതു ചെയ്തു.
ഏഷ്യയിലെ വി. ജാന്നാബെറേത്ത മൊള്ളയുടെ നാമധേയത്തിലുള്ള ആദ്യ ദേവാലയമായ എറണാകുളം മരടിലുള്ള ദേവാലയത്തെ പ്രതിനിധീകരിച്ചുകൂടിയാണു ദുബായില്‍ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ഞാന്‍ എത്തിച്ചേര്‍ന്നത്. കുഞ്ഞുങ്ങളില്ലാത്ത ധാരാളം ദമ്പതികള്‍ അവിടെ വന്നു പ്രാര്‍ത്ഥിച്ചു അത്ഭുതങ്ങള്‍ രേഖപ്പെടുത്താറുണ്ട്. ലോകമെങ്ങും അത്തരത്തില്‍ അത്ഭുതങ്ങള്‍ നടക്കുന്നതിനെക്കുറിച്ച് അറിവു കിട്ടാറുണ്ടോ?
ദൈവം എന്റെ അമ്മയെ ധാരാളം സ്നേഹിച്ചു. അമ്മ പൂര്‍ണമായും ആ സ്നേഹത്തോടു പ്രത്യുത്തരിച്ചു. മരണത്തിനു തൊട്ടുമുമ്പുള്ള അമ്മയുടെ അവസാനത്തെ വാക്ക്, ഈശോയെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നായിരുന്നു. അതുകൊണ്ടായിരിക്കണം ദൈവം അമ്മയുടെ പ്രാര്‍ത്ഥനകളെ അത്ഭുതങ്ങളാക്കി മാറ്റുന്നത്.
ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള അനേകര്‍ക്കു ജീവന്റെ അത്ഭുതങ്ങള്‍ കാണാന്‍ അമ്മയിലൂടെ സാധിക്കുന്നതു ദൈവികസ്നേഹത്തിന്റെ ലൗകിക അടയാളങ്ങളാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്ന് അനുഭവസാക്ഷ്യങ്ങള്‍ കേള്‍ക്കാന്‍ ഇടയായിട്ടുണ്ട്. പലരും വിശുദ്ധയായ അമ്മയോടു തങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് ആവശ്യപ്പെടാറുണ്ട്. അവര്‍ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കാറുമുണ്ട്. അവരോടു പതിവായി ഞാന്‍ പറയുന്ന ഒരു കാര്യമുണ്ട്. പ്രാര്‍ത്ഥനകളും ആഗ്രഹങ്ങളും ദൈവഹിതത്തോടു ചേര്ന്നുനില്ക്കുന്നതാണെങ്കില് എന്റെയും നിങ്ങളുടെയും പ്രാര്‍ത്ഥനകളെ തീര്‍ച്ചയായും അമ്മ ദൈവസന്നിധിയില്‍ സഹായിക്കും.
അമ്മയുടെ മദ്ധ്യസ്ഥതയില്‍ കൃപാവരങ്ങള്‍ സമൃദ്ധമായി ചൊരിയപ്പെടുന്നു എന്ന വാര്‍ത്ത അറിയാനിടവരുമ്പോള്‍ അത് എന്നെ വളരെയധികം സ്പര്‍ശിക്കുകയും സ്വാധീനിക്കുകയും ചെയ്യാറുണ്ട്. ജാന്നാ എന്നു പേരുള്ള ധാരാളം കുഞ്ഞുങ്ങളെ കാണുവാന്‍ എനിക്കു സാധിക്കുന്നുണ്ട്.