അശ്ശോ!!!! ഇപ്പഴാ ഓർത്തേ… നമ്മടെ അസിസ്സി പുണ്യാളന്റെ ബർത്ത്ഡേ ഇങ്ങെത്തിയല്ലോ!
എന്നും മുടങ്ങാതെ പുണ്യാളന്റെ പ്രാർത്ഥന ചൊല്ലാൻ പറഞ്ഞിട്ടുണ്ട് ചേട്ടായി. കുഞ്ഞ് ഓർത്തു. അല്ലേലും വായിച്ചു കേട്ട അന്ന് മുതൽ ഫ്രാൻസിസ് അസീസിയെ അവൾക്ക് ഒത്തിരി ഇഷ്ടമാണ്. ഒപ്പം വിശുദ്ധന്റെ പ്രാർത്ഥനയും.. “കർത്താവെ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ.. “
ഗ്.. ഗ്.. ഗ്വാ…..
വായിക്കോട്ട ഒന്നേ…
ഈ അമ്മച്ചി എന്താ ഇത് വരെ ചായ തരാത്തത്? ചുമ്മായിരുന്ന് ഞാൻ മടുത്തു..
ഈയിടെയായി പുസ്തകവായനയൊക്കെ കുറഞ്ഞു. കഴിഞ്ഞ പിറന്നാളിന് സമ്മാനമായി ചേട്ടായി മേടിച്ചു തന്ന ബോബിയച്ചന്റെ പുസ്തകങ്ങളൊക്കെ കട്ടിലിനോട് ചേർന്ന് ചുമ്മായിരിക്കുന്നു. “കൂട്ട് ” മാത്രം കുറെ വായിച്ചു. കൊതിയാണ് വായിക്കാൻ. “നിലത്തെഴുതി”, “വാതിൽ” തുറന്ന് “അകം” കണ്ട് “ഹൃദയവയൽ” കടന്ന് അത്ര “ഓർഡിനറി” അല്ലാത്ത “സഞ്ചാരിയുടെ ദൈവത്തെ” ഒന്ന് കാണാൻ പുസ്തകങ്ങളിലൂടെ ഒത്തിരി നടന്നിട്ടുണ്ട് “അവൾ”. ഇന്നലെ ചേട്ടായി മേടിച്ചു തന്ന പുതിയ പുസ്തകം “പുലർവെട്ടം” നെഞ്ചോട് ചേർത്ത് പിടിച്ച് കുഞ്ഞ് ചിന്ത തുടർന്നു…
ഈയിടെ വാട്സാപ്പും ഫേസ്ബുക്കും മാത്രമായി എന്റെ വായനയെ ഞാൻ ഒതുക്കി. ഒരിടയ്ക്ക് അതെല്ലാം നല്ല രസമായിരുന്നു. പക്ഷെ ഇപ്പോൾ പലതും അസ്വസ്ഥത സൃഷ്ടിക്കുന്നു. ട്രോളൊക്കെ ഇഷ്ടമായിരുന്നു. ഇപ്പൊ പക്ഷെ എന്റെ ഈശോയ്ക്കും സഭയ്ക്കും അതിലെ എല്ലാവർക്കും വേദനിക്കുന്ന രീതിയിൽ കുറേ പോസ്റ്റുകളും അതിനു കൂട്ടായി അതിലേറെ കമന്റുകളും. അറിയാം, നല്ലൊരു ശതമാനവും ഫേക്ക് ഐഡി കമന്റ്സാണ്. എന്നാലും അത് വായിക്കുമ്പോൾ വല്ലാത്തൊരു വിഷമം. എന്തേലുമൊക്കെ എഴുതികൂട്ടി ഇവരുടെയൊക്കെ വായടപ്പിക്കണം എന്ന് തോന്നും. പക്ഷെ എനിക്ക് അതിനുള്ള വിവരം ഒന്നും ഇല്ല. പിന്നെ അറിവുള്ളവർ വല്ലോം എഴുതിയാൽ അത് ലൈക്കടിക്കും, ഷെയറും ചെയ്യും. ഒരാശ്വാസം. അത്ര തന്നെ. അല്ലാണ്ട് എന്നെക്കൊണ്ട് എന്നാ ചെയ്യാൻ പറ്റും പൊന്നീശോ…
ഫ്രാൻസിസ് അസ്സീസ്സി ഈ പ്രാർത്ഥന എങ്ങനെയാരിക്കും കണ്ടുപിടിച്ചത്??
ഈ പുണ്യാളന് ഇതെന്നാ ഒരു കോൺഫിഡൻസാ.. ഹോ.. കർത്താവിനോട് അങ്ങ് നെഞ്ചും വിരിച്ച് നിന്ന് പറയുവാ “എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഉപകരണമാക്കണേ എന്ന്. അതായത് ദൈവത്തിന് അവിടുത്തെ സമാധാനം ഇവിടെ സ്ഥാപിക്കാൻ, ദൈവത്തെ സഹായിക്കാൻ പറ്റുന്ന, അത്രേം ഉപയോഗമുള്ള ഒരു മിടുക്കൻ ആളാണ് ഞാൻ എന്ന് പുണ്യാളന് മാസ്സ് കോൺഫിഡൻസ്. അമ്പോ !
ഒരൽപ്പം പുഞ്ചിരിയോടെ കുഞ്ഞ് ചിന്തിച്ചു : ഉയ്യെന്റപ്പാ.. ഞാനാണ് ഈ പ്രാർത്ഥന എഴുതിയിരുന്നതെങ്കിൽ എന്നാ എഴുതിയേനെ? “കർത്താവേ എന്നെ…
ശ്ശോ… എന്നെ എന്തിനേലും ഉപയോഗിക്കാവോ? ആർക്കറിയാം..”
ഒരു പേപ്പർ കീറിയെടുത്ത് അവൾ എഴുതിത്തുടങ്ങി. ഇത്ര നാളത്തെ പഠനവും വായനയും അനുഭവവും കൊണ്ട് ഞാൻ നേടിയെടുത്തതും ദൈവം എനിക്ക് തന്നതുമായ എത്രയെത്ര കഴിവുകളെനിക്കുണ്ട്.. ഞാൻ എന്തിനു വേണ്ടിയാണ് ഇതൊക്കെ ഉപയോഗിക്കുന്നത്?
ഞാൻ അംഗമായിരിക്കുന്ന എന്റെ സഭയ്ക്ക് വേണ്ടി, ഈശോമിശിഹായുടെ ജീവിക്കുന്ന ശരീരത്തിന് വേണ്ടി പലതും ചെയ്യാൻ എനിക്ക് സാധിക്കില്ലേ?
ഞാൻ പ്രാർത്ഥിച്ചോട്ടെ ഈശോയെ.. എന്നെ ഉപയോഗിക്കാവോ? എനിക്കും സാധിക്കും ചിലതൊക്കെ! ഈ കാലഘട്ടത്തിന്, സഭയ്ക്ക്, ദൈവമേ അങ്ങേയ്ക്ക് ഇന്ന് ഇവിടെ എന്തെങ്കിലും ചെയ്യുവാൻ അങ്ങ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ.. ഇതാ ഞാൻ. എന്നെ ഉപയോഗിച്ചാലും!!!
അതെ.. എനിക്ക് പഠിക്കാം, എഴുതാം, തിരുത്തലുകൾ നൽകാം,പ്രാർത്ഥിക്കാം. അങ്ങനെ ഒത്തിരി കാര്യങ്ങൾ ചെയ്യാം. എന്റെ കൂട്ടുകാരോട് എനിക്ക് പറയാം.. സഭയ്ക്കേൽക്കുന്ന മുറിവുകളും ആരോപണങ്ങളും കണ്ട് ചിരിക്കല്ലേ, ദുഃഖിച്ചിരിക്കല്ലേ മക്കളെ.. നമ്മൾ ക്രിസ്തുവിന്റെ അംഗം അവിടുത്തെ ഉപകരണമാണ്.
ക്രിസ്തുവിന് എന്നെയും നിന്നെയും കൊണ്ട് ചില ഉപയോഗമുണ്ട്.
ചിലപ്പോൾ പണി കിട്ടും. എന്നെയും ട്രോളും. എന്റെ പോസ്റ്റുകൾക്ക് പൊങ്കാലയിടും. എന്നാലും സാരമില്ല. കാരണം എന്താന്നോ? എന്റെ ചേട്ടായീടെ ഫേവറേറ്റ് ആളാ പൌലോസ്ലീഹാ. ഈശോ പൌലോസ്ലീഹായെ ഉപയോഗിക്കുന്നതിന് മുന്നേ ആ വല്ല്യ മിഷനറിയെപറ്റിയുള്ള കാര്യം പറഞ്ഞു വച്ചത് ചേട്ടായി ഇടയ്ക്ക് ഓർമിപ്പിച്ചിട്ടുണ്ട് .. “വിജാതീയരുടെയും രാജാക്കൻമാരുടെയും ഇസ്രായേൽമക്കളുടെയും മുന്നിൽ ഈശോയുടെ നാമം വഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ട പാത്രമാണ് പൗലോസ്. ആ തിരഞ്ഞെടുപ്പിന്റെ ഫലമായി കുറച്ചധികം അദ്ദേഹത്തിന് സഹിക്കേണ്ടിയും വന്നിട്ടുണ്ട്. എന്നിട്ടും ഉയിര് കർത്താവിനും സഭയ്ക്കും വേണ്ടി കൊടുത്തു വിശുദ്ധൻ. “
അവൾ തീരുമാനിച്ചു : ഞാൻ ചെറുതായിരിക്കും; എന്നാലും എന്നെക്കൊണ്ട് ചിലതൊക്കെ സാധിക്കും. സഭയ്ക്ക് വേണ്ടി, ഈശോ, അങ്ങേയ്ക്ക് വേണ്ടി ഞാൻ ജീവിക്കും.
എന്നെ അങ്ങയുടെ ഒരു ഉപകരണമാക്കണമേ.
അമ്മ എന്തിയേ ആവോ?? അടുക്കളയിൽ പോയി തന്നെ ഒരു ചായയിട്ട് കുടിക്കാം. ഈശോയോടൊപ്പം..
എന്നിട്ട് എഴുതിതുടങ്ങണം.