ജിൽസ ജോയ്
ക്രിസ്തീയവിശ്വാസം മുറുകെപ്പിടിച്ചതിന്റെ പേരിൽ പത്തൊൻപതാം നൂറ്റാണ്ടിൽ ആഫ്രിക്കയിൽ വളരെപ്പേർ രക്തസാക്ഷികളായി. അതിൽ ചാൾസ് ലുവാങ്കയുടെയും അവന്റെ കൂടെ രക്തസാക്ഷികളായ 21 ചെറുപ്പക്കാരുടെയും ഓർമ്മത്തിരുന്നാൾ ആണ് ജൂൺ മൂന്നിന്.
1879 -ൽ ആണ് ആണ് കാത്തലിക് മിഷനുകൾ യുഗാണ്ടയിലും സെൻട്രൽ ആഫ്രിക്കയുടെ മറ്റു ചില ഭാഗത്തും തുടങ്ങി വെച്ചത്. കർദ്ദിനാൾ ചാൾസ് ലവിഗെരിയുടെ നേതൃത്വത്തിലുള്ള സഭാസമൂഹത്തിന് യുഗാണ്ടയിലെ അന്നത്തെ രാജാവ് മുട്ടേസ സ്വാഗതമാശംസിച്ചു.
ക്രിസ്തുമതം സ്വീകരിക്കാനുള്ള ജനങ്ങളുടെ അതിയായ ആഗ്രഹം ‘വൈറ്റ് ഫാദേഴ്സ് ‘ എന്നറിയപ്പെട്ട പുരോഹിതസമൂഹത്തെ അത്ഭുതപ്പെടുത്തി. അക്കാലത്ത് അവിടെ നിലനിന്നിരുന്ന ബഹുഭാര്യാത്വം, അടിമത്തം, കൊള്ള,രക്തച്ചൊരിച്ചിൽ തുടങ്ങിയവയിൽ നിന്നുമാറി സമാധാനപരമായ ജീവിതം ജനങ്ങൾ ആഗ്രഹിച്ചിരുന്നു. 1880 -കളിൽ തന്നെജനങ്ങൾ മാമോദീസ സ്വീകരിച്ചു തുടങ്ങി. രാജകൊട്ടാരത്തിലെ ചില അരുതായ്മകൾ വിമർശിച്ചതിന്റെ പേരിൽ കുറച്ചു കഴിഞ്ഞപ്പോൾ രാജാവ് എതിരായെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം രാജാവായ അദ്ദേഹത്തിന്റെ മകൻ മുവാങ്ക ആണ് ക്രിസ്ത്യാനികളെ കിരാതമർദ്ദനത്തിനിരയാക്കാൻ തുടങ്ങിയത്.
ക്രിസ്ത്യാനികളുടെ എണ്ണം പതിന്മടങ്ങ് വർദ്ധിച്ചത് രാജാവിനെ ചൊടിപ്പിച്ചു. കൗമാരക്കാരായ അനേകം ചെറുപ്പക്കാരെ രാജാവ് പരിചാരകരായി നിയമിച്ചിരുന്നു. ക്രിസ്തുമതത്തിലേക്ക് ആകർഷിക്കപ്പെട്ട ഈ യുവാക്കൾ രാജാവിന്റെ തെറ്റായ ഇംഗിതങ്ങൾക്ക് വഴങ്ങാഞ്ഞതും രാജാവിന്റെ ഉപദേഷ്ടാക്കൾ എരിതീയിൽ എണ്ണയൊഴിച്ചതും അദ്ദേഹത്തിന്റെ കോപം ആളിക്കത്തിച്ചു.
രാജാവിന്റെ പിടിയിൽ പെടാതെ കുഞ്ഞുപരിചാരകരെ കാത്തുസൂക്ഷിച്ച , അദ്ദേഹത്തിന്റെ തെറ്റായ ചെയ്തികളെ ചോദ്യം ചെയ്ത, കൊട്ടാരത്തിലെ ഉദ്യോഗസ്ഥനായ ജോസഫ് മുകാസയെ രാജാവ് ജീവനൊടെ കത്തിക്കാൻ പറഞ്ഞെങ്കിലും കുറച്ചു ദയ തോന്നിയ ആരാച്ചാർ തലവെട്ടിയതിന് ശേഷമാണ് കത്തിച്ചത്. രാജകീയ പരിചാരകരുടെ മേല്നോട്ടക്കാരൻ ആയിരുന്ന മൂകാസയുടെ സ്ഥാനത്തേക്കാണ് ടീനേജ് കഴിയാത്ത ചാൾസ് ലുവാൻക എത്തിപ്പെട്ടത്.
തങ്ങളുടെയും ജീവൻ അപകടത്തിലാവും എന്നറിയാമായിരുന്ന ചാൾസ് ലുവാങ്കയും അവനെപ്പൊലെ കൊട്ടാരത്തിലുണ്ടായിരുന്ന കുറെ രാജസേവകരും ചേർന്ന് മാമോദീസ സ്വീകരിക്കാനായി ക്രിസ്ത്യൻ പുരോഹിതന്മാരുടെ അടുത്തേക്ക് പോയി. അതുകഴിഞ്ഞ് തിരിച്ചു കൊട്ടാരത്തിലേക്ക് പോകണ്ട, ജീവനാപത്താണെന്നു പറഞ്ഞ പുരോഹിതരോട് ലുവാൻക ചിരിച്ചുകൊണ്ട് ചോദിച്ചു, “സ്വർഗ്ഗത്തിൽ പോകുന്നതെന്താ? ചീത്തകാര്യമാ? “അവർ രക്തസാക്ഷിത്വത്തിനായി ഒരുങ്ങിത്തുടങ്ങി. പ്രാർത്ഥിക്കാൻ ഒരുമിച്ചുകൂടി, പരസ്പരം ആത്മാവിൽ ശക്തിപ്പെടുത്തി.
പ്രശ്നങ്ങൾ തുടങ്ങിയത് മെയ് 25, 1886 -ന് ആയിരുന്നു. വേട്ടക്ക് പോയ രാജാവ് എന്തോ കാരണത്താൽ അത് വേണ്ടെന്നു വെച്ചു മടങ്ങി . കൊട്ടാരത്തിലെത്തിയപ്പോൾ പരിചാരകരെയൊന്നും കാണാനില്ല . അവരിലൊരാളെ പിന്നീട് ചോദ്യം ചെയ്തപ്പോൾ മനസ്സിലായി ഡെനിസ് സെബുഗ്വാവോ എന്നുപേരുള്ള യുവാവിന്റെ അടുത്തേക്ക് അവരെല്ലാം മതപഠനത്തിനായി പോയതാണെന്ന്. ഡെന്നീസിനെ വിളിപ്പിച്ച രാജാവ് 16 വയസ്സുള്ള ആ ബാലനെ തൻറെ കയ്യിലുണ്ടായ കുന്തം കൊണ്ടെറിഞ്ഞ് അപ്പോൾ തന്നെ കൊന്നു. കൊട്ടാരത്തിലെ എല്ലാ ഉദ്യോഗസ്ഥരെയും ആരാച്ചാരന്മാരെയും വിളിപ്പിച്ച് പറഞ്ഞു, “പ്രാർത്ഥിക്കുന്നവർക്കൊക്കെ മരണമാണിനി”. കൊട്ടാരത്തിലെ ഗേറ്റുകൾ അടച്ചിട്ടു. പെരുമ്പറകൾ നിർത്താതെ കൊട്ടി.
ചാൾസ് ലുവാൻക എല്ലാ ക്രിസ്ത്യാനികളെയും കൊട്ടാരത്തിൽ ഒരുമിച്ചുകൂട്ടി. ഒറ്റസ്വരത്തിൽ എല്ലാവരും പറഞ്ഞു അവരുടെ വിശ്വാസം ഉപേക്ഷിക്കുന്നതിനേക്കാൾ മരിക്കാനാണ് അവർ ഇഷ്ടപ്പെടുന്നതെന്ന്. കിസിറ്റോ എന്ന് പേരുള്ള പതിമൂന്നുവയസ്സുകാരൻ ആയിരുന്നു ഏറ്റവും ഇളയത്. മരിക്കുന്നതിന് മുൻപ് തനിക്ക് മാമോദീസ വേണമെന്ന് അവൻ പറഞ്ഞു. അവനൊപ്പം മറ്റു നാലുപേരുടെ കൂടി ലുവാൻക മാമോദീസ നടത്തി. അടുത്ത പ്രഭാതത്തിൽ രാജാവ് പരിചാരകരെയെല്ലാം വിളിപ്പിച്ചു.
“പ്രാർത്ഥിക്കണമെന്നുള്ളവരെല്ലാം അങ്ങോട്ട് മാറി നിൽക്കുക” അയാൾ അലറി. കിസിറ്റോയുടെ കയ്യും പിടിച്ച് ലുവാൻക അങ്ങോട്ട് നടന്നു. പിന്നാലെ ക്രിസ്ത്യാനികളായ മറ്റു യുവാക്കളും. “അവരുടെയെല്ലാം മുഖം സന്തോഷത്താൽ പ്രകാശിച്ചു”, ഒരു ദൃക്സാക്ഷി പറഞ്ഞു. അവർ ക്രിസ്ത്യാനികളായി തുടരാൻ ആണോ ആഗ്രഹിക്കുന്നതെന്ന് രാജാവായ മുവാങ്ക അവരോട് ചോദിച്ചു. “മരണം വരെ “എന്നായിരുന്നു അവരുടെ ഉറച്ച മറുപടി.
“എങ്കിൽ ഇവർ മരിക്കട്ടെ ” മുവാങ്ക വിറളി പിടിച്ച് അലറി. അവരെ കൊല്ലാനുള്ള സ്ഥലമായ നമുഗോങ്ങോയിലേക്ക് 26 കിലോമീറ്ററോളം ദൂരമുണ്ടായിരുന്നു. അങ്ങോട്ടേക്കുള്ള നടത്തം അവർ ആരംഭിച്ചു. പ്രധാനആരാച്ചാർ എടുത്തുവളർത്തിയ മകനും അതിലുണ്ടായിരുന്നു. ഇതിൽ നിന്ന് പിന്മാറാനും അല്ലെങ്കിൽ ഒളിക്കാനും അയാൾ എത്ര പറഞ്ഞിട്ടും ആ മകൻ കേട്ടില്ല.
ക്രൂരമായി ബന്ധിക്കപ്പെട്ടിരുന്ന ആ കുട്ടികൾ വൈറ്റ് ഫാദേർസിന്റെ താമസസ്ഥലത്തിന് മുന്നിലൂടെ കടന്നുപോയി. അങ്ങോട്ട് നോക്കിയ ഫാദർ ലൂഡൽ കണ്ടത് കിസിറ്റോ ചിരിച്ചുകൊണ്ട് സംസാരിച്ചുനടക്കുന്നതാണ്. കൊല്ലപ്പെടാൻ പോകുന്ന ആ കൗമാരക്കാരുടെ ധീരതയും സന്തോഷവും ആ പിതാക്കന്മാരെ പോലും അത്ഭുതപ്പെടുത്തി. പോകുന്ന വഴിക്ക് , തൻറെ കുടുംബാംഗങ്ങളെ സുരക്ഷിതമായ സ്ഥലത്തെത്തിച്ച് തൻറെ കുടിലിലിരുന്നു പ്രാർത്ഥിക്കുകയായിരുന്ന രാജാവിന്റെ പ്രധാന ഗായകനെ രാജകിങ്കരന്മാർ പുറത്തേക്ക് വലിച്ചിഴച്ചു വെട്ടിക്കൊന്നു. കൂടെയുള്ളവരെ ഭയപ്പെടുത്താനായി ഓരോ കവലയിലും ഓരോരുത്തരെ അവർ വധിച്ചു. ഇതുകൊണ്ടൊന്നും ആ യുവാക്കൾ പക്ഷെ ഭയപ്പെട്ടില്ല.
May 27 -ന് ഗോൺസാഗ ഗൊൺസാ ആയിരുന്നു കൊല്ലപ്പെട്ടത്. അവനെ ബന്ധിച്ച ചങ്ങല അവന്റെ മാംസത്തിലേക്ക് കൂടി തറഞ്ഞിരുന്നതിനാൽ അവനു നടക്കാൻ കഴിഞ്ഞിരുന്നില്ല. അടുത്തത് 20 വയസ്സുള്ള അത്തനാഷ്യസ് ബസെല്കുക്കെട്ട .അവന്റെ തലവെട്ടി. മത്തിയാസിന്റെ ശരീരഭാഗങ്ങൾ വെട്ടി മരിക്കാനായി അവനെ ഉപേക്ഷിച്ചു. ഗ്രാമത്തിലെ ക്രിസ്ത്യൻ മതാദ്ധ്യാപകനായിരുന്ന നോഹ മവഗ്ഗാലി (അദ്ദേഹത്തിന്റെ സഹോദരിയാണ് അവിടെ നിന്നുള്ള ആദ്യത്തെ കന്യാസ്ത്രീ ആയത്) പറഞ്ഞു ” ഇനിയൊരു ജീവിതമുണ്ടെന്ന് എനിക്കറിയാം . അതുകൊണ്ട് ഈ ജീവിതം നഷ്ടപ്പെടുത്താൻ ഞാൻ ഭയക്കുന്നില്ല” . മെയ് 30 ന് അദ്ദേഹത്തിനെ കുന്തം കൊണ്ട് കുത്തിക്കൊന്നു.
നമുഗോങ്ങോയിലെ കൂട്ടകൊലപാതകങ്ങൾ നടക്കുന്നത് ജൂൺ 3, 1886 -ൽ ആണ് സ്വര്ഗ്ഗാരോഹണ ദിവസം.
ചാൾസ് ലുവാങ്കയുടെ ആ കാലുകളാണ് ആദ്യം കത്തിച്ചത് അതിനു ശേഷം ശരീരം. അവനെ കൊന്നവൻ പിന്നീട് മാമോദീസ സ്വീകരിച്ചു . ഈറ്റ കൊണ്ടുള്ള പായകളിൽ കൂട്ടിക്കെട്ടിയിട്ട് മറ്റുള്ളവരെ ഒന്നിച്ചു അഗ്നിക്കിരയാക്കി. “ഫാദേഴ്സിനോട് പറയണം ഞങ്ങൾ വിശ്വാസം കാത്തുസൂക്ഷിച്ചെന്നു”അവരിലൊരാൾ വിളിച്ചുപറഞ്ഞു. “എന്റെ ശരീരം മാത്രമാണ് നിങ്ങൾ കൊല്ലുന്നത് . ആത്മാവ് ദൈവത്തിനുള്ളതാണ് ” ഒരാൾ പറഞ്ഞു.
ആരാച്ചാരന്മാരെല്ലാം പിന്നീട് പറഞ്ഞു, ഞങ്ങൾ അനേകം പേരെ കൊന്നിട്ടുണ്ട്. ഇങ്ങനെയുള്ളവരെ ആദ്യമാണ് . കരയാതെ ശാന്തരായി പ്രാർത്ഥിക്കുന്നവർ”. 22 പേരിൽ അവസാനമായി കൊന്നത് ജോൺ മേരി മുസെയിയെ ആയിരുന്നു. അടിമകളെ പണം കൊടുത്തു വാങ്ങി സ്വാതന്ത്രനാക്കിയിരുന്ന , കോടതിയിൽ മതാധ്യാപകൻ എന്ന നിലയിൽ അവർക്കായി വാദിച്ചിരുന്ന ഒരാളായിരുന്നു അദ്ദേഹം. ജനുവരി 27 1887 -ന് ആളുടെ കഴുത്തുവെട്ടികൊന്നു നദിയിലെറിഞ്ഞു.
പോപ്പ് ബെനഡിക്ട് പതിനഞ്ചാമനാൽ വാഴ്ത്തപ്പെട്ട യുഗാണ്ടയിലെ രക്തസാക്ഷികളെ പോൾ ആറാമൻ പാപ്പയാണ് വിശുദ്ധപദവിയിലേക്കുയർത്തിയത് . 1887ൽ 500 പേര് മാമോദീസ സ്വീകരിച്ചവരും 1000 പേര് സ്വീകരിക്കാൻ ഒരുങ്ങുന്നവരുമായി യുഗാണ്ടയിൽ ഉണ്ടായിരുന്നു. 1964 ആയപ്പോഴേക്ക് അവരുടെ എണ്ണം 2 മില്യൺ ആയി.
ദൈവത്തിനു സ്തുതി!