ജിൽസ ജോയ്
നമ്മുടെ കണക്കുകൂട്ടലുകൾക്കതീതമായി സങ്കീർണമായ ജീവിതയാഥാർത്ഥ്യങ്ങൾ മഹാമേരു പോലെ ഉയർന്നുനിന്നാലും എങ്ങനെ അതിനെയെല്ലാം ദൈവസഹായത്തോടെ നേരിടാമെന്നും വിശുദ്ധി പ്രാപിക്കാമെന്നുമുള്ളതിന് ഉദാഹരണമാണ് ജെനോവയിലെ വിശുദ്ധ കാതറിൻ. വളരെയേറെ ആഗ്രഹിച്ച സന്യാസജീവിതത്തിലേക്ക് പ്രവേശിക്കാൻ സാധിക്കാതെ വിവാഹം കഴിക്കേണ്ടി വരിക, അതും ദൈവഭയമില്ലാത്ത, ക്രൂരനായ ഒരു ഭർത്താവ് ഇങ്ങനെയൊക്കെയുള്ള വിധിവൈപരീത്യങ്ങളുടെ ഇടയിലും ദൈവസ്നേഹത്തിന്റെ പാരമ്യത്തിലെത്തി ഒരു വിശുദ്ധയായെന്നതാണ് ജെനോവയിലെ വിശുദ്ധ കാതറിനെപ്പറ്റി അറിയുമ്പോൾ പലരെയും വിസ്മയിപ്പിക്കുന്നത്.
സഹനത്തിലൂടെ അവളെ തന്നിലേക്ക് അടുപ്പിച്ച ദൈവം, ഒരു മനുഷ്യന്റെ പാപജീവിതവും മറ്റൊരാളിലൂടെ ദൈവസ്നേഹപ്രതിഫലനവും നേർക്കുനേർ വരുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് അവന്റെ പദ്ധതി കാതറിനിൽ യഥാർത്ഥ്യമായതിലൂടെ കാണിച്ചുതരുന്നു. ദൈവസ്നേഹത്തേക്കുറിച്ചും ശുദ്ധീകരണസ്ഥലത്തെക്കുറിച്ചും വിലയേറിയ രചനകൾ സഭക്ക് സമ്മാനിച്ച മിസ്റ്റിക്കായ, സഭാനവീകരണത്തിന് തന്റെതായ രീതിയിൽ സംഭാവനചെയ്ത ജെനോവയിലെ വിശുദ്ധ കാതറിൻ. ഫിലിപ്പ് നേരി, ഫ്രാൻസിസ് ദി സാലസ്, കുരിശിന്റെ വിശുദ്ധയോഹന്നാൻ പോലുള്ള നിരവധി വിശുദ്ധർക്ക് പ്രചോദനമായവളാണ്.
അവളുടെ സ്വയംസ്നേഹത്തെ ദഹിപ്പിക്കുന്ന, ശുദ്ധീകരണാഗ്നിയായി ദൈവസ്നേഹം അവളുടെ ഉള്ളിൽ കത്തിജ്വലിച്ചു. ജനുവരി 12, 2011 -ലെ ജനറൽ ഓഡിയൻസിൽ ബെനഡിക്റ്റ് പതിനാറാമൻ പാപ്പ പറഞ്ഞത് ശുദ്ധീകരണസ്ഥലം ആന്തരികാഗ്നിയായി കാതറിൻ ഉള്ളിൽ അനുഭവിച്ചെന്നാണ്. ശുദ്ധീകരണാത്മാക്കൾക്ക് വേണ്ടി അവൾ ഏറെ പ്രാർത്ഥിച്ചിരുന്നു.
കർത്താവിന്റെ സ്നേഹച്ചൂട് ഉള്ളിൽ കത്തിയെരിയുന്ന തീക്ഷ്ണമായ പ്രാർത്ഥനയിൽ അനേകമണിക്കൂറുകൾ ചിലവഴിച്ചുകൊണ്ടിരിക്കെ തന്നെ അവൾ മരണാസന്നരായ പാവങ്ങളെയും രോഗികളെയും ശുശ്രൂഷിക്കുന്ന വേലകളിൽ ഏർപ്പെട്ടു.
ജെനോവയിലെ ആദ്യത്തെ ഹോസ്പിറ്റലിന്റെ സ്ഥാപകയെന്ന് വിളിക്കാവുന്ന കാതറിൻ അതിന്റെ നടത്തിപ്പിനായി തൂപ്പ് പണി മുതൽ ഡയറക്ടർ പദവി വരെ, വലിപ്പചെറുപ്പം നോക്കാതെ, ഒരു മുറുമുറുപ്പും കൂടാതെ,സന്തോഷത്തോടെ ചെയ്തു. അപ്പോഴൊക്കെ ദൈവികമായ ആത്മീയ നിർവൃതിയിലായിരുന്നു അവൾ. മറ്റുള്ളവരെ അവരുടെ ആവശ്യങ്ങളിൽ സഹായിക്കുന്നതിൽ നിന്ന് അവളുടെ ആത്മീയജീവിതം ഒരു തരത്തിലും അവളെ തടഞ്ഞില്ല. ധ്യാനാത്മകതയുടേയും പ്രസരിപ്പുള്ള പ്രവർത്തനത്തിന്റെയും ഈ മനോഹരസംയോജനമാണ് അവളെ സഭയിലെ ശ്രദ്ധേയവ്യക്തിത്വമാക്കിയത്.
ജനനവും രാഷ്ട്രീയതാല്പര്യത്തിനായി ബലിയായ വിവാഹവും
പതിനഞ്ചാം നൂറ്റാണ്ടിൽ ഇറ്റലിയിൽ പ്രശസ്തമായിരുന്നു ഫിയെസ്കി പ്രഭുകുടുംബം..ഇന്നസെന്റ് നാലാമൻ പാപ്പയുടെ ഒരു സഹോദരന്റെ തലമുറയിൽ പെട്ട, നേപ്പിൾസിലെ വൈസ്രോയിയായിരുന്ന, ജെയിംസ് ഫിയെസ്കിയുടെയും ഫ്രാൻസസ്കയുടെയും ഇളയമകളായി 1447 -ൽ കാതറിൻ ജനിച്ചു. ഉത്തമക്രിസ്ത്യാനികളായിരുന്ന മാതാപിതാക്കൾ മക്കളെ അടിയുറച്ച ക്രിസ്തീയവിശ്വാസത്തിൽ വളർത്തി.
സുഖസൗകര്യങ്ങളുടെ നടുവിലായിരുന്നെങ്കിലും പതിമൂന്നു വയസ്സുള്ള കാതറിനെ നമ്മൾ പ്രാർത്ഥനയിലും പ്രായശ്ചിത്തത്തിലും ഏറെ മുന്നേറിയവളായി കാണുന്നു. ഏതാണ്ട് അതേ സമയത്ത് പിതാവ് മരണമടഞ്ഞു. കുടുംബഭരണം ഏറ്റെടുത്ത സഹോദരൻ, ഒരു കന്യസ്ത്രീയാവാൻ ആഗ്രഹിച്ച കാതറിന്റെ ഇഷ്ടത്തിന് വിപരീതമായി, അവളോട് ചോദിക്കുക പോലും ചെയ്യാതെ, രാഷ്ട്രീയ താല്പര്യങ്ങൾക്ക് വഴങ്ങി ഫെബ്രുവരി 13, 1463 -ൽ അവൾക്ക് പതിനാറ് വയസ്സുള്ളപ്പോൾ ജൂലിയൻ അഡോണോയുമായി അവളുടെ വിവാഹം നടത്തി.
സ്വപ്നങ്ങൾ തകർന്നടിയുന്നു.
സന്യാസിനിയായി ജീവിക്കാനുള്ള ആഗ്രഹം അങ്ങനെ പാടേ ഉപേക്ഷിക്കേണ്ടി വന്നു. താൻ വന്നുപെട്ടിരിക്കുന്നത് എത്ര വലിയ ദുരന്തത്തിലാണെന്ന് മനസ്സിലാക്കാൻ അവൾക്ക് അധികസമയം വേണ്ടി വന്നില്ല. ജൂലിയൻ അവളുടെ നന്മയുള്ള സ്വഭാവത്തിന്റെ നേർവിപരീതം ആയിരുന്നു. മനോഹരിയായ കാതറിൻ വിവേകമുള്ളവളും ഹൃദയഅലിവുള്ളവളും തീക്ഷ്ണമതവിശ്വാസിയും പ്രാർത്ഥനയിലും പ്രായശ്ചിത്തത്തിലും ജീവിച്ചിരുന്നവളുമായിരുന്നു. അവളുടെ ഭർത്താവ് ക്ഷിപ്രകോപിയും ധൂർത്തനും സുഖജീവിതത്തിനു പുറകെ പായുന്നവനും ദാമ്പത്യത്തിൽ അവിശ്വസ്തനും ആയിരുന്നു.
അഞ്ചുവർഷത്തോളം കാതറിൻ ഏകാന്തതയിൽ, പരിഹാരപ്രവൃത്തികൾ ഇരട്ടിയാക്കി കഴിഞ്ഞുകൂടി. അതിനുശേഷം സമൂഹത്തിലെ തന്റെ നിലക്ക് ചേർന്നവണ്ണം ജീവിക്കാൻ തുടങ്ങി. വിരുന്നുകളിൽ പങ്കെടുത്തു. ബാഹ്യമോടിയിൽ ശ്രദ്ധിച്ച് ഫാഷന് ചേർന്ന വസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞു.ഇതും അഞ്ചുകൊല്ലം നീണ്ടുനിന്നു. പക്ഷേ കാതറിന്റെ മനസ്സ് പക്ഷേ അസ്വസ്ഥമായിരുന്നു. ആർഭാടങ്ങളിൽ അവൾ ആശ്വാസം തേടിയെങ്കിലും മനസ്സിന്റെ ഭാരം കൂടുകയാണ് ചെയ്തത്. വിശുദ്ധ അഗസ്റ്റിൻ എഴുതിയല്ലോ “ദൈവമേ, എന്നെ നീ അങ്ങേയ്ക്കായി സൃഷ്ടിച്ചു. അങ്ങയില് വിലയം പ്രാപിക്കുന്നതുവരെ എന്റെ ആത്മാവ് അസ്വസ്ഥമായിരിക്കും”.
സമ്പൂർണ്ണ രൂപാന്തരീകരണം
കാതറിൻ അപ്പോഴും ദൈവവിശ്വാസം ഉപേക്ഷിച്ചിരുന്നില്ല. ഗ്ലാമർ ജീവിതത്തിൽ മനംമടുത്തിരിക്കെ, കന്യാസ്ത്രീയായ സഹോദരിയെ കാണാൻ കോൺവെന്റിൽ പോയ അവളോട് മഠത്തിലെ ചാപ്ലൈനച്ചന്റെ അടുത്ത് പോയി കുമ്പസാരിക്കാൻ സഹോദരി പറഞ്ഞു. കുമ്പസാരിക്കാനായി മുട്ടുകുത്തിയ അവളുടെ ഹൃദയത്തെ കീറിമുറിച്ച് ഒരു ദൈവികവെളിച്ചം കടന്നുപോയി. തന്റെ പാപങ്ങളുടെയും അയോഗ്യതയുടെയും വലിപ്പവും ദൈവസ്നേഹത്തിന്റെ ആഴവും ഒറ്റനിമിഷത്തിൽ അനുഭവിച്ചറിഞ്ഞ അവൾ വീണ്ടും വീണ്ടും ആവർത്തിച്ചുകൊണ്ടിരുന്നു, ‘ലോകസുഖങ്ങൾ ഇനി വേണ്ട, പാപം ഇനിയില്ല’ എന്ന്.
വിലകൂടിയ വസ്ത്രവും ആഭരണവുമൊക്കെ എടുത്തുമാറ്റി. അവൾ നല്ലൊരു കുമ്പസാരം നടത്തി. പ്രാർത്ഥനയും പ്രായശ്ചിത്തവും ഇടകലർന്ന ഒരു ജീവിതം തനിക്കായി അവൾ തിരഞ്ഞെടുത്തു, അടുത്ത 37 കൊല്ലവും അവളത് പാലിച്ചു. മംഗളവാർത്തതിരുന്നാളിന് അങ്ങേയറ്റത്തെ എരിവോടും തീക്ഷ്ണതയോടും കൂടി അവൾ വിശുദ്ധ കുർബ്ബാന സ്വീകരിച്ചു. പിന്നീടങ്ങോട്ട് അനുദിനദിവ്യബലി ജീവിതത്തിന്റെ ഭാഗമായി.
ഒരു വർഷത്തിന് ശേഷം, അവളുടെ പാപങ്ങളെല്ലാം മോചിപ്പിക്കപ്പെട്ടതായി അവൾക്ക് ആന്തരികബോധ്യം ലഭിച്ചു. പിന്നീടങ്ങോട്ട് അവൾ അതെപ്പറ്റി ഓർത്ത് ഭാരപ്പെട്ടില്ല. വിശ്വാസത്തിൽ അചഞ്ചലയായി, പ്രലോഭനങ്ങൾക്ക് വഴിപ്പെടാതെ മരണം വരെ അവൾ നിലകൊണ്ടു. അവളെ പീഡിപ്പിച്ചിരുന്ന നിരാശയും മടുപ്പുമെല്ലാം മാഞ്ഞുപോയി. ദൈവസാന്നിധ്യത്തിൽ എപ്പോഴും ആയിരുന്നുകൊണ്ടുള്ള, ആനന്ദം നിറഞ്ഞ ഒരു പുതിയ ജീവിതമായി അവളുടേത്.
പാവങ്ങളുടെ തോഴി
അവൾ ജിവിതത്തിന് പുതിയ അർത്ഥം കണ്ടെത്തി. തന്റെ സമയം ആതുരശുശ്രൂഷക്കും ആരുമില്ലാത്തവർക്ക് ആശ്രയമാകുന്നതിനും വേണ്ടി ചിലവഴിച്ചു. കാരുണ്യപ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ സന്തോഷം പതിന്മടങ്ങായി.അവരുടെ വീടുകൾ വൃത്തിയാക്കി. മുറിവുകൾ കഴുകി വെച്ചുകെട്ടി, അവരെ കുളിപ്പിച്ചു. ഇരുണ്ട സ്ഥലങ്ങളിൽ അവളുടെ സാന്നിധ്യം പ്രകാശമേകി.
പ്രാർത്ഥനക്കും കാരുണ്യപ്രവൃത്തികൾക്കും പ്രതിസമ്മാനമായി, അവളോടുള്ള ഭർത്താവിന്റെ പെരുമാറ്റത്തിൽ മാറ്റമുണ്ടായി. ഭർത്താവിന്റെ ധൂർത്ത് സമ്പത്തിന്റെ നല്ലൊരു ഭാഗം ഇല്ലാതാക്കിയിരുന്നതിനാൽ കൊട്ടാരം പോലുള്ള വീട് വിട്ട് ഒരു സാധാരണ വീട്ടിലേക്ക് മാറി. സഹോദരരെപോലെ അവr ജീവിക്കാനുറച്ചു. ജൂലിയന് നല്ല മാറ്റമുണ്ടായി. ഫ്രാൻസിസ്കൻ മൂന്നാം സഭയിൽ ചേർന്ന് കാതറിന്റെ രോഗീശുശ്രൂഷയിൽ സഹായിച്ചു.
1473 മുതൽ കാതറിൻ അക്ഷീണം പാവങ്ങളെയും രോഗികളെയും സഹായിക്കുന്നതിനൊപ്പം തീക്ഷ്ണമായ ദൈവസ്നേഹത്തിന്റെ പാരമ്യത്തിലെത്തി. സ്ഥാപിക്കപ്പെട്ട ആശുപത്രിയിൽ മാത്രമല്ല ജെനോവ മുഴുവനിലും. 1493 -ൽ പ്ളേഗ് പൊട്ടിപ്പുറപ്പെട്ട് കുറേപേരെ കൊന്നൊടുക്കിയപ്പോൾ അവളും കൂട്ടരും പ്രവർത്തനനിരതരായിരുന്നു. രോഗബാധിതനായ അവളുടെ ഭർത്താവിനെ കഴിയും വിധമൊക്കെ ശുശ്രൂഷിച്ചെങ്കിലും ജൂലിയൻ സമാധാനത്തിൽ മരണത്തിനു കീഴടങ്ങി. അനേകവർഷങ്ങൾ അവൾക്ക് വേദനക്കിടയാക്കിയ ഭർത്താവ് മരിക്കുന്നതിന് മുൻപ് അവന്റെ സ്വർഗ്ഗപ്രവേശനം അവളുടെ മാധുര്യമുള്ള സ്നേഹിതൻ ഈശോ അവൾക്ക് ഉറപ്പുകൊടുത്തു.
അനുയായികളാൽ ബാഹുല്യം
അവസാനകാലത്ത് അനേകം അനുയായികൾ അവൾക്കുണ്ടായി. അവളുടെ കാരുണ്യപ്രവൃത്തികളിൽ പങ്കുചേരാൻ മാത്രമല്ല അവളുടെ ആത്മജ്ഞാനസമൃദ്ധി അവർക്ക് ഉപകരിക്കപ്പെടാൻ കൂടിയായിരുന്നു അവർ അവളെ വിടാതെ പിന്തുടർന്നത് .കാതറിന്റെ പ്രസിദ്ധമായ പുസ്തകം ‘ Treatise on Purgatory’ ശുദ്ധീകരണസ്ഥലത്തെക്കുറിച്ചും ശുദ്ധീകരണാത്മാക്കളെ കുറിച്ചും വലിയ അറിവാണ് നമുക്ക് നൽകുന്നത്.
ദൈവത്തോടൊന്നു ചേരാനായി വാഞ്ചിക്കുന്ന ശുദ്ധീകരണാത്മാക്കളുടെ സന്തോഷത്തേക്കാൾ വലുതായൊന്നും ഇല്ലെന്നാണ് അവൾ പറയുന്നത്. അത് ഓരോ ദിവസവും കൂടി വരുന്നു, കാരണം അവരെ ദൈവത്തിൽ നിന്ന് അകറ്റുന്ന പാപക്കറ ദൈവസ്നേഹതീയിൽ എരിഞ്ഞുതീർന്നു കൊണ്ടിരിക്കുകയും സ്വർഗ്ഗപ്രാപ്തിക്കുള്ള സാധ്യത കൂടി വരികയും ചെയ്യുന്നു.
1507 -ൽ അവളുടെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി. കഠിനമായ സഹനത്തിലൂടെ അവസാനവർഷങ്ങൾ കടന്നുപോയി.
സെപ്റ്റംബർ 15, 1510-ന് അവൾ സ്വർഗ്ഗസമ്മാനത്തിനായി യാത്രയായി. ക്ലമെന്റ് പന്ത്രണ്ടാം പാപ്പ 1737-ൽ അവളെ വിശുദ്ധയാക്കി പ്രഖ്യാപിച്ചു. ആധുനികസഭാചരിത്രത്തിൽ കാതറിന് എന്ത് സ്ഥാനമെന്നു ചോദിച്ചാൽ, ലൂതറിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം തന്റെ ജീവിതത്തിലൂടെ അവൾ കാണിച്ചു. തന്റെ പാപങ്ങൾക്ക് പരിഹാരമില്ലെന്ന് ലൂതർ വിശ്വസിച്ചപ്പോൾ കാതറിൻ അവളുടെ നന്മയിൽ ആശ്രയിക്കാതെ ദൈവത്തിന്റെ കരുണയിൽ വിശ്വസിച്ചു.
അവളുടെ വിശുദ്ധിയുടെ മുറിയാത്ത ചങ്ങല അവളുടെ പ്രബോധനങ്ങളിലൂടെയും പ്രഭാവത്തിലൂടെയും അനേകം വിശുദ്ധരിലും സഭാനവീകരണത്തിന് ഇറങ്ങിതിരിച്ചവരിലും പ്രകടമായി. ദൈവസ്നേഹം ജ്വലിപ്പിച്ച ഒരു ചെറിയ തീപ്പൊരി ആളിപ്പടർന്ന് അനേകരുടെ ഹൃദയത്തിൽ കത്തി പടർന്നു. ദൈവത്തിന്റെ ഉപകരണമാവാൻ നമ്മെത്തന്നെ വിട്ടുകൊടുത്താൽ എത്ര വിസ്മയനീയമായ കാര്യങ്ങൾക്കാണ് ചരിത്രം സാക്ഷ്യം വഹിക്കുക!
സ്വീകരിക്കാനല്ല കൊടുക്കാനാണ് സ്നേഹിക്കേണ്ടത്, അവൾ പറഞ്ഞു. “Love must be loved because it is lovable” “Jesus in your heart; Eternity in your mind ; The will of God in all your actions! But above all, Love, God’s love, Entire Love” St Catherine of Genoa. Feast Day – September 15.