അന്തോണീസ് പുണ്യാളൻ! തിരുസഭയിലെ ഏറ്റവും പ്രസിദ്ധരായ വിശുദ്ധരിലൊരാൾ! ശരിയല്ലേ? നമ്മുടെ സഭയിൽ എത്ര സെൻറ് ആൻറണീസ് ദേവാലയങ്ങളാണുള്ളത്? എത്ര ആൻ്റണിമാരാണു നമുക്കുള്ളത്? സമ്പന്നതയുടെ ഉത്തുംഗശൃംഗത്തില്‍ പോർച്ചുഗലിലെ ലിസ്ബൺ പട്ടണത്തിൽ സമ്പന്നതയുടെ മടിത്തട്ടിൽ മാർട്ടിൻ-ത്രേസ്യ ദമ്പതികളുടെ പുത്രനായിട്ട് 1195 ആഗസ്റ്റ് 15 -ന് ജനിച്ചു. പിതാവ് ഡോണ്‍ മാര്‍ട്ടീനോ: ലിസ്ബണ്‍ നഗരത്തിന്റെ ഗവര്‍ണ്ണർ, മജിസ്ട്രേറ്റ്, പോര്‍ച്ചുഗീസ് രാജാവിന്റെ ഉപദേഷ്ടാവ്മാ താവ് ഡോണ തെരേസ: രാജകുടുംബാംഗം ഫെർണാണ്ടോ (സെൻ്റ്. ആൻ്റണി): അവരുടെ ഏക മകൻ. പിതാവിൻ്റെ സകല സമ്പത്തിന്റെയും, പദവിയുടെയും ഏക പിന്തുടർച്ചാവകാശി.
ബാല്യം; ലൗകികം പ്രൗഢഗംഭീരം. ഫെർണാണ്ടോ, കുടുംബത്തിന്റെ പ്രൗഡിക്കും, പദവിക്കും യോജ്യമായിത്തന്നെ വളർന്നു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഏറ്റവും മികച്ച മാതൃകാവിദ്യാര്‍ത്ഥി. വാള്പ്പയറ്റിലും കുതിരസവാരിയിലും അഗ്രഗണ്യൻ. ലത്തീന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍ തുടങ്ങിയ ഭാഷകളിലും പ്രാവീണ്യം. ഉറപ്പ്, ഇവൻ ഭാവിയിൽ ഒന്നാന്തരമൊരു ഭരണകർത്താവാകും! ഒരു ദേശത്തിന്റെ മുഴുവന്‍ സ്വപ്നം മുഴുവൻ പേറുന്ന ചെറുപ്പക്കാരൻ!
വീട്ടിൽ പൊട്ടിത്തെറി; പ്രശ്നം രൂക്ഷം! എന്നാൽ, ഈ ചെറുപ്പക്കാരൻ, ഈ ലോകത്തില്‍ എണ്ണപ്പെട്ട കുറച്ചുപേർക്കു മാത്രം സ്വപ്നം കാണാനാവുന്ന സുഖസൗകര്യങ്ങളും സ്ഥാനമാനങ്ങളും തൃണംപോലെ ത്യജിക്കാനങ്ങു തീരുമാനിച്ചു! തനിക്കൊരു സന്യാസ വൈദികനാകണമെന്നു പറഞ്ഞതോടെ വീട്ടിൽ പൊട്ടിത്തെറി!
അവൻ വിട്ടൊഴിഞ്ഞത് തന്റെ അതിവിശാലമായ കൊട്ടാരമായിരുന്നു; നൂറുകണക്കിന് പരിചാരകരെയായിരുന്നു, ആയിരക്കണക്കിനേക്കര്‍ കൃഷിസ്ഥലങ്ങളായിരുന്നു!
ഏകപുത്രനു വേണ്ടി സമ്പാദിച്ചു കൂട്ടിയ അപ്പൻ്റെ ചങ്കുപൊട്ടാതിരിക്കുമോ?
ഏറെ ചിന്തിച്ചശേഷമാണ് ബുദ്ധിമാനായ അവൻ ലൗകിക സുഖങ്ങളെ പുറംകാലുകൊണ്ട് തൊഴിച്ചെറിഞ്ഞത്. കാരണം, സുഖലോലിത ജീവിതത്തിൻറെ കപടത അവൻ്റെ കൺമുമ്പിലുണ്ടായിരുന്നു . ഒരുവശത്ത് സമൃദ്ധിയുടെ നടുക്ക് അസംതൃപ്തരായി ജീവിക്കുന്നവർ; മറുവശത്ത് അന്തിയുറങ്ങുവാന്‍ ഒരു കുടില്‍ പോലുമില്ലാത്ത പട്ടിണിപ്പാവങ്ങള്‍ ഒപ്പം ആധിപത്യങ്ങള്‍ക്കും അധികാരത്തിനും വേണ്ടിയുള്ള യുദ്ധങ്ങളിൽ ജയിക്കുന്നവർക്കുവേണ്ടി മരിച്ചുവീഴുന്ന വെറും ഇരകൾ!
ഫെര്‍ണാണ്ടോ എന്ന പ്രഭുകുമാരനില്‍ നിന്നും, അന്തോണി എന്ന വിശുദ്ധ വൈദികനിലേയ്ക്കുള്ള യാത്ര അങ്ങനെയാണ് ആരംഭിക്കുന്നത്. നമ്മളോ? വിശുദ്ധർ ഉച്ചിഷ്ടംപോലെ വലിച്ചെറിഞ്ഞതെല്ലാം വാരിത്തിന്ന് ശാരീരികവും മാനസികവും ആത്മീയവുമായ കൊഴുപ്പടിഞ്ഞുകൂടി അസുഖികളായി ജീവിക്കുന്നു! സമ്പന്നസുഖാന്വേഷികൾ ആർത്തി തീരാതെ അസ്വസ്ഥരാകുമ്പോൾ; പാവപ്പെട്ടോർ നഷ്ടബോധത്തോടെ അസൂയാലുക്കളാകുന്നു. ധനികരായാലും, ദരിദ്രരായാലും ആത്മവെളിച്ചം നേടിയവർ മാത്രം ബാഹ്യസുഖങ്ങളുടെ ക്ഷണികതയും, അർത്ഥശൂന്യതയും തിരിച്ചറിഞ്ഞവ വലിച്ചെറിഞ്ഞ് തൃപ്തിയോടെ ജീവിക്കുന്നു.
പ്രിയരേ, എല്ലാം തികഞ്ഞതെന്ന് നിങ്ങൾ കരുതുന്ന നിങ്ങളുടെ ജീവിതത്തെ തെല്ലൊന്നു മാറിനിന്ന് മൂന്നാമതൊരു വ്യക്തിയെപ്പോലെ വീക്ഷിക്കാമോ? അപ്പോൾ മനസ്സിലാകും ഒന്നും തികഞ്ഞിട്ടില്ല എന്നും പലതും തികയാൻ കിടക്കുന്നതേയുള്ളുവെന്നും! അതീവസുന്ദരിയായ രാജപുത്രിയുമായുള്ള വിവാഹാലോചനയും നിരസിച്ച് അദ്ദേഹം അഗസ്റ്റീനിയന്‍ സന്ന്യാസഭവനത്തില്‍ വൈദിക വിദ്യാര്‍ത്ഥിയായി മാറി. പരിശീലനകാലത്തും, തന്റെ ബന്ധുജനങ്ങളില്‍നിന്നുള്ള സമ്മര്‍ദ്ദം തുടര്ന്നുവെന്നതിനാൽ, ലിസ്ബണിലെ സെന്റ് വിന്‍സെന്റ് സന്ന്യാസഭവനത്തില്‍ നിന്നും, ഏറെ ദൂരെ, കോയിമ്പ്രയിലുള്ള മറ്റൊരു ഭവനത്തിലേയ്ക്ക് ചേര്‍ന്ന് പഠനം തുടരുവാന്‍ അദ്ദേഹം തീരുമാനമെടുത്ത കാര്യവും നാം മറക്കരുത്. അവിടെ വച്ചാണ് ഫ്രാൻസിസ്കൻ ചൈതന്യം അദ്ദേഹത്തെ ആകർഷിക്കുന്നത്. ദൈവത്തിനുവേണ്ടി ഒന്നു ത്യജിക്കുമ്പോൾ പുതിയ ആത്മീയ ആകർഷണം നമ്മെത്തേടിയെത്തും!
മാതാപിതാക്കളേ, ഇതിലേ , ഇതിലെ…
ഈ വിശുദ്ധനെ വാർത്തെടുത്ത കരങ്ങൾ അടിസ്ഥാനപരമായി അദ്ദേഹത്തിൻ്റെ മാതാപിതാക്കളുടേതുതന്നെയാണ്. സമൂഹത്തില്‍ ഉന്നതസ്ഥാനം അലങ്കരിച്ചിരുന്നവരെങ്കിലും, ക്രിസ്തീയ മൂല്യങ്ങളെ അവർ ഹൃത്തോടു ചേർത്തിരുന്നു. ആത്മീയ ജീവിതത്തിൽ അമ്മ ഡോണ തെരേസയുടെ ജീവിതമാതൃകയും, ഉപദേശങ്ങളും കുറച്ചൊന്നുമല്ല അവനെ പ്രചോദിപ്പിച്ചത്
പ്രിയ മാതാപിതാക്കന്മാരേ, ഒരു വിശുദ്ധനുണ്ടാകുന്നത് ആദ്യം സ്വഭവനത്തിലാണ്. പിന്നീടാണവൻ സാർവത്രിക സഭയുടെ ഹൃദയത്തിലേക്ക് നടന്നു കയറുന്നത്. ആത്മീയചൈതന്യത്തിൽ വളരുന്നു.
എന്തെങ്കിലും കാര്യത്തിന് ഫെർണാഡോ കരയുമ്പോൾ മാതാവിന്റെ സ്വരൂപം കാണിച്ചാൽ അവൻ കരച്ചിൽ നിർത്തുമായിരുന്നത്രെ! എന്താണ് അതിനർത്ഥം? മാതാപിതാക്കൾ അവനെ അങ്ങനെ വളർത്തി എന്നതുതന്നെ. അതിനു പകരം അഭിനവ മാതാപിതാക്കൾ ആത്മീയ ജീവിതം മറന്നു വിശുദ്ധാത്മാക്കൾക്കു പകരം സിനിമാ-കായിക താരങ്ങളുടെയും, ലൗകികതയുടെയുമൊക്കെ ആരാധകരാകുമ്പോൾ മക്കൾക്കു വഴിതെറ്റിപ്പോകുന്നതിൽ അത്ഭുതമുണ്ടോ? മക്കളെ അൾത്താര ബാലന്മാരാക്കുന്നത് നല്ലതാണ്.
അൾത്താരബാലനായി ശുശ്രൂഷ ചെയ്തതിനാൽ വിശ്വാസത്തിൽ കൂടുതലായി ആഴപ്പെടാൻ ഫെർണാണ്ടോയ്ക്ക് സാധിച്ചു . അത് അവന്റെ ആത്മീയ ജീവിതത്തെ ഉത്തേജിപ്പിച്ചു. ഇന്നും ഈയുള്ളവൻ ഉൾപ്പടെ പല അൾത്താരബാലന്മാരാരുടെയും സാഷ്യമാണിത്.
സുഹൃത്തുക്കളുടെ പ്രചോദനം…
യൗവ്വനത്തിലേയ്ക്ക് കാലൂന്നിയ ഫെര്‍ണാണ്ടോയെ ഒരു വഴിത്തിരിവിലേയ്ക്ക് നയിച്ചത് അഗസ്റ്റീനിയന്‍ വൈദികനായിരുന്ന ഫാ. ജോസഫാണ്. അദ്ദേഹവുമായുണ്ടായിരുന്ന അടുപ്പം, തന്റെ ജീവിതലക്ഷ്യങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുവാന്‍ ഫെര്‍ണാണ്ടോയെ പ്രേരിപ്പിച്ചു. അങ്ങനെയാണ് നമ്മുടെ കർത്താവിൻ്റെ ജീവിതം അയാളെ ഹരം പിടിപ്പിച്ചത്!
നമ്മുടെ ചെറുപ്പക്കാരായ മക്കളുടെ കൂട്ടുകാർ ആരൊക്കെയാണെന്ന് നാം അന്വേഷിക്കണം.
എൻ്റെ മോൻ / മോൾ മാത്രം വഴിതെറ്റി പോകില്ലെന്നു ചിന്തിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. കണ്ണിലെണ്ണയൊഴിച്ച് ജാഗ്രതയോടെ, കൂടെ നടന്ന്, തിരുത്തി സ്നേഹിച്ചു, സഹായിച്ചു ചേർത്തുപിടിച്ചു നടക്കണം. ചെറുപ്പത്തിന്റെ തിളപ്പിൽ സഭാവിരുദ്ധ-യുക്തി- നിരീശ്വര പ്രസ്ഥാനങ്ങളുടെ തോന്ന്യാസക്കൂട്ടുകെട്ടിൽ പെട്ടുകഴിഞ്ഞാൽ പിന്നീട് ഒരു തിരിച്ചു നടത്തം പ്രയാസമാണ്. തങ്ങളുടെ പക്കലണയുന്ന മക്കളെ ജീവിതമാതൃക കൊണ്ടും ദൈവകൃപ നിറഞ്ഞ വാക്കുകൾ കൊണ്ടും പ്രചോദിപ്പിക്കാൻ വൈദികർക്കും സന്യസ്തർക്കും സാധിക്കണം.
പണ്ഡിതനായ അധ്യാപകൻ…
അനന്യസാധാരണമായ ബുദ്ധിസാമർത്ഥ്യമുണ്ടായിരുന്ന ആ ബാലനെ ദൈവശാസ്ത്രം പഠിപ്പിക്കാൻ അധികാരികൾ പറഞ്ഞുവിട്ടു. തുടർന്ന് വേദശാസ്ത്രപണ്ഡിതൻ എന്ന നിലയിൽ ബൊളോഞ്ഞാ മോണ്ട് വെല്ലിയർ, പാദുവ എന്നീ വിദ്യാപീഠങ്ങളിൽ ഇദ്ദേഹം സേവനമനുഷ്ഠിച്ചു . പ്രസിദ്ധനായിത്തീർന്നു ഈ അദ്ധ്യാപകൻ. “നാലോളം ഭാഷകളില്‍ വൈദഗ്ദ്യം, സുവിശേഷപ്രഘോഷണത്തിനായുള്ള അദമ്യമായ ആഗ്രഹം, രക്തസാക്ഷിത്വം വരിക്കുവാനുള്ള ശക്തമായ ഉള്‍പ്രേരണ… ഒരു നിമിഷം പോലും പാഴാക്കാതെ ക്രിസ്തുവിനുവേണ്ടി ലോകത്തില്‍ ആഞ്ഞുവീശുവാന്‍” ഹൃദയം വെമ്പിയ ഒരു യുവപുരോഹിതനായിരുന്നു അന്തോണീസ്!
പൗരോഹിത്യം…
1219ല്‍ ഫെര്‍ണാണ്ടോ പൗരോഹിത്യം സ്വീകരിച്ചു. ” പ്രൗഡമായ ആശ്രമഅള്‍ത്താരയില്‍ വച്ച്, ദിവ്യകാരുണ്യനാഥനെ കരങ്ങളില്‍ വഹിച്ച ഫെര്‍ണാണ്ടോയുടെ ഹൃദയം ആനന്ദാതിരേകത്താല്‍ പുളകിതമായി. അദ്ദേഹത്തിന്റെ ഹൃദയം മന്ത്രിച്ചു: ദിവ്യ ഈശോയേ, അങ്ങയെ കരങ്ങളില്‍ സംവഹിക്കുന്നതിനായി എന്റെ ഹൃദയം കൊതിക്കുകയായിരുന്നു. ഈ അവസരത്തിനായി അങ്ങേയ്ക്ക് നന്ദി. ആ മഹനീയ വേളയില്‍, തന്റെ കരങ്ങളില്‍ ഇരിക്കുന്ന തിരുവോസ്തി ഉണ്ണീശോയായി മാറിയതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. പരിശുദ്ധ അമ്മയുടെ കരങ്ങളില്‍ എന്നതുപോലെ, സുസ്മേരവദനനും, ശാന്തനും, വിനീതനുമായി ഉണ്ണീശോ തന്റെ കരങ്ങളില്‍… ഫാദര്‍ ഫെര്‍ണാണ്ടോയുടെ മിഴികളില്‍നിന്നും കണ്ണീര് ഒഴുകി.”
സമകാലികന്റെ പ്രചോദനം..
പേരുമാറ്റവും, പെരുമാറ്റവും. ഫാ. ഫെര്‍ണാണ്ടോയുടെ സമകാലീനനായ മറ്റൊരു വ്യക്തിയുണ്ടായിരുന്നു-സാക്ഷാൽ ഫ്രാൻസിസ് അസ്സീസ്സി! “മാടമ്പി സ്ഥാനവും, പിതൃസ്വത്തും തൃണവദ്ഗണിച്ചവന്‍… പിതാവ് നല്കിയ ഉടുപ്പ് പോലും തിരികെ നല്കിയവന്… നഗ്നപാദന്… അന്നന്നത്തെ അപ്പത്തിനായി ഭിക്ഷയെടുത്തവന്‍… കുഷ്ഠരോഗിയെ ആലിംഗനം ചെയ്തവന്… നാശോന്മുഖമായ ദേവാലയങ്ങള്‍ പുനരുദ്ധരിക്കാന്‍ പൊരിവെയിലത്ത് അധ്വാനിച്ചവന്… പാടാനും പ്രസംഗിക്കാനുമുള്ള കഴിവുകള്‍ സുവിശേഷപ്രഘോഷണത്തിനായി വിനിയോഗിച്ചവന്‍… പാറക്കെട്ടിലും മരച്ചുവട്ടിലും അന്തിയുറങ്ങിയവന്… സ്വന്തമായി യാതൊന്നും സമ്പാദിക്കാത്തവന്‍… ” ഈ ഫ്രാൻസിസ്, ഫെർണാണ്ടോയെ വശീകരിച്ചുകളഞ്ഞു.. തുടർന്നാണ്
ഫാ. ഫെര്‍ണാണ്ടോ, ഫാ. അന്തോണി എന്ന ഫ്രാൻസിസ്കൻ സന്യാസിയായി മാറിയത് . പേരുമാറ്റം, ജീവിതം മൊത്തംമാറിയതിന്റെ പ്രതീകമാണല്ലോ.
പ്രതിസന്ധിയിൽ പ്രതിഭയുടെ പ്രഭ വിടരുന്നു…
വിശുദ്ധന്റെ സ്വന്തം അപേക്ഷപ്രകാരം സഭാ മേലധികാരികള്‍ അദ്ദേഹത്തെ പ്രേഷിതപ്രവര്‍ത്തനത്തിനായി മൊറോക്കോയിലേക്ക് അയച്ചു, പക്ഷേ രോഗബാധിതനായതിനേ തുടര്‍ന്ന് അദ്ദേഹത്തിന് തിരിച്ച് വരേണ്ടി വന്നു. മടക്കയാത്രയില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന പായ്കപ്പല്‍ നിശ്ചിതമാര്‍ഗ്ഗത്തില്‍ നിന്നും മാറി ഇറ്റലിയിലെ സിസിലിയില്‍ എത്തി. ഇങ്ങനെയാണ് വിശുദ്ധ അന്തോണീസ് സിസിലിയില്‍ പ്രവേശിച്ചത്. ശരിയാണ് ആണ് അപ്രതീക്ഷിതമായ ചില പ്രതിസന്ധികൾ ജീവിതത്തിൽ ഉണ്ടാകും അവ നമ്മുടെ ജീവിതത്തെ വഴിതിരിച്ചുവിടാൻ ഉള്ളവയാണ് അവയ്ക്ക് ദൈവികമായ അർത്ഥതലങ്ങൾ ഉണ്ട് അതിനാൽ തളരരുത്. നാം വഴിതെറ്റലുകൾ എന്ന് കരുതുന്നവ നമ്മുടെ കർത്താവിനു വഴി തെളിയിക്കലുകളും വഴി തുറക്കലുകളുമാണെന്നോർക്കണമെപ്പൊഴും.
ഉജ്ജ്വലവാഗ്മി…
ജനങ്ങളെ വളരെയേറെ ആകര്‍ഷിച്ചിരുന്ന ഒരു സുവിശേഷ പ്രഘോഷകനായിരുന്നു പാദുവായിലെ വിശുദ്ധ അന്തോണീസ്. വിശുദ്ധന് ഒരു നഗരത്തിലെത്തിയാല്‍ ആളുകള്‍ തങ്ങളുടെ കടകള്‍ അടയ്ക്കുമായിരുന്നത്രെ! വിശുദ്ധന്റെ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ജനങ്ങള്‍ രാത്രിമുഴുവന്‍ ദേവാലയത്തില്‍ തങ്ങുമായിരുന്നു; ജനങ്ങളുടെ മനസ്സില്‍ അത്രമാത്രം സ്വാധീനമുള്ള ഒരു പ്രഘോഷകനായിരുന്നു വിശുദ്ധന്. ഇടിമുഴക്കം പോലെ ശബ്ദമുള്ളവന്‍ എന്നാണ് അന്തോണി എന്ന വാക്കിന്റെ അര്‍ത്ഥം, പില്ക്കാലത്ത് അത് സാര്‍ത്ഥകമായി മാറി.
ആകസ്മികം: പണ്ഡിതൻ പ്രഘോഷകനായ കഥ…
ആകസ്മികമായിട്ടാണ് വിശുദ്ധ അന്തോണീസ് ഒരു സുവിശേഷ പ്രസംഗകനായി മാറിയത്. ഒരിക്കല്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കേണ്ട പ്രസംഗകന് എത്താത്തതിനാല്‍ വിശുദ്ധന്റെ മേലധികാരി വിശുദ്ധനോട് പ്രസംഗപീഠത്തില്‍ കയറി പ്രസംഗിക്കുവാന്‍ ആവശ്യപ്പെട്ടു. അന്തോണി സിന് അന്ന് 25 വയസ്സ് മാത്രം !അന്തോണീസിന്റെ പ്രസംഗവും പാണ്ഡിത്യവും എല്ലാവരേയും ആകര്‍ഷിച്ചു, ഒടുവില്‍ അപ്രതീക്ഷിതമായ ആ സാഹചര്യത്തിലൂടെ, ഫോര്‍ലി കത്തീഡ്രലില്‍ ദൈവം നല്കിയ അവസരത്തിലൂടെ അന്തോണിയച്ചനെ പുറംലോകം അറിഞ്ഞു, സ്വന്തം നിയോഗം അദ്ദേഹവും.
ഫോര്‍ലി കത്തീഡ്രലിലെ സംഭവത്തിനു ശേഷമുള്ള അന്തോണിയച്ചന്റെ ജീവിതം സ്വപ്നസദൃശ്യമായാണ് മുന്നേറിയത്. സാക്ഷാൽ ഫ്രാൻസിസ് അസീസി തന്നെയാണ് അദ്ദേഹത്തിൻറെ പ്രഭ തിരിച്ചറിഞ്ഞ് ഇറ്റലിയിൽ മുഴുവൻ വചനപ്രഘോഷണം നടത്താൻ അദ്ദേഹത്തിന് ഏൽപ്പിച്ചത് അങ്ങനെ അദ്ദേഹം ആ നാടിന്റെ ശബ്ദമായി മാറി പാഷണ്ഡതകളുടെയും, തെറ്റിദ്ധാരണകളുടെയും മദ്ധ്യേ, സഭയിലൂടെ ക്രിസ്തുവിന് നല്കുവാനുള്ള സന്ദേശം ആ നാവില്‍നിന്നും ജനം സന്തോഷത്തോടെ ശ്രവിച്ചു.
പ്രകൃതിയിലേക്ക് തിരിയുക…
പക്ഷിമൃഗാദികൾക്കും സസ്യജാലങ്ങൾ ക്ക് പോലും മനുഷ്യസാമീപ്യം അങ്ങേയറ്റം ഇഷ്ടമാണ് എന്നാണ് ആത്മീയ ജീവിതാനുഭവം. നമ്മുടെ ഉദ്ദേശശുദ്ധി വിശുദ്ധമായിരിക്കണം; അതാണ് പ്രശ്നം! മത്സ്യങ്ങളും മൃഗങ്ങളും പോലും അന്തോണീസിനെ ശ്രവിച്ച അത്ഭുതകരമായ അനുഭവങ്ങള്‍ അനവധി… അതിൽ പ്രസിദ്ധമായ ഒരു സംഭവം ഇതാണ്: ഒരു ദിവസം ശ്രോതാക്കളെയാരെയും കാണാതായപ്പോൾ അന്തോണിച്ചൻ കടലിലേക്ക് തിരിഞ്ഞു പ്രസംഗിച്ചു. ജലപ്രളയത്തിൽ സമസ്ത ജീവജാലങ്ങളും നശിച്ചപ്പോൾ മത്സ്യങ്ങളെ ദൈവം സംരക്ഷിച്ചതും മത്സ്യങ്ങൾ ദൈവേഷ്ടം നിറവേറ്റാൻ പങ്കുവഹിച്ചിട്ടുള്ളതും, അദ്ദേഹം അനുസ്മരിച്ചു. കടലിലെ മത്സ്യങ്ങളെല്ലാംപ്രസംഗം കേൾക്കാൻ നിരനിരയായി കടന്നുവന്നു! മതവിരുദ്ധർക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു. അതിനാൽ “മതവിരുദ്ധരുടെടെ ചുറ്റിക” എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. വിശുദ്ധ ഫ്രാൻസിസ് അന്തോണിയെ ഇതിനാൽ അഭിനന്ദിച്ചിട്ടുണ്ട്. വിവിധ ഭാഷാ പണ്ഡിതനാകയാൽ പല ഭാഷകളിൽ അന്തോണി പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്.
പാവങ്ങളുടെ പടയാളി…
പാദുവാനഗരത്തിന്റെ നാമത്തോടു ചേർന്നാണ് അന്തോണീസ് അറിയപ്പെടുന്നത്. 1230 കാലത്താണ് അദ്ദേഹം ഇവിടെയെത്തുന്നത്. ധാരാളം അത്ഭുതങ്ങൾ അവിടെ പ്രവർത്തിക്കുക മാത്രമല്ല ദരിദ്രരെ ചൂഷണം ചെയ്യുന്നവരെ കുറ്റപ്പെടുത്തുകയും സാമ്പത്തികമായ അനീതി നടത്തുന്നവരെ വിമർശിക്കുകയും കയും ചെയ്തു. പാവങ്ങളുടെ പടയാളി എന്നാണ് അദ്ദേഹം അവിടെ അറിയപ്പെടുന്നത്.
ഏകാന്ത പ്രാർത്ഥനയുടെ വർഷങ്ങൾ…
റൊമാനോ പ്രോവിന്സില്, ഫോര്‍ലിനഗരത്തെ വലയംചെയ്തുനില്ക്കുന്ന ആല്‍പൈനന്‍ മലനിരകള്‍ക്കിടയിലെ മൊണ്ടേ പൗളോ താഴ്വരയിലെ സന്യാസഭവനാം അന്തോണിയച്ചന്റെ ജീവിതയാകെയങ്ങു മാറ്റിക്കളഞ്ഞു. “സുവിശേഷപ്രഘോഷണമെന്ന അഭിലാഷം പ്രാര്‍ത്ഥനാപൂര്‍വ്വം ഹൃദയത്തില്‍ സൂക്ഷിച്ച് ഏകാന്തധ്യാനത്തിനും, പ്രാര്‍ത്ഥനയ്ക്കുമായി അദ്ദേഹം ഏറെ സമയം ചെലവഴിച്ചു. ഓരോ പ്രഭാതത്തിലും, ദിവ്യബലിക്ക് ശേഷം ആല്‍പൈനന്‍ മലകളിലെ ഗുഹകളിലൊന്നില്‍, അദ്ദേഹം ഏകാന്തധ്യാനത്തിന് പതിവായി എത്തിചേര്‍ന്നിരുന്നു. ആ കാലഘട്ടം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ പരിശുദ്ധാത്മാവ് ഏറെ ആത്മീയ ദര്‍ശനങ്ങളും ബോധ്യങ്ങളും നിറച്ചു.
ആത്മാവില്‍ ദൈവസ്നേഹാഗ്നി കത്തിയെരിഞ്ഞു. ലഭിച്ച അവബോധങ്ങളുടെ വെളിച്ചത്തില്‍, അദ്ദേഹത്തിന്റെ ജീവിതശൈലിയില്‍ ഏറെ മാറ്റങ്ങള്‍ സംഭവിച്ചു, കൂടുതല്‍ ലാളിത്യമുള്ളവനായി, വിനയാന്വിതനായി, സേവനതല്‍പ്പരനായി അദ്ദേഹം മാറി. അതെ, ദൈവം ആഗ്രഹിച്ച ജ്ഞാനപൂര്‍ണ്ണതയിലേയ്ക്കും, ശൂന്യവല്‍ക്കരണത്തിലേയ്ക്കും ആ പ്രഭുകുമാരന് വളരുകയായിരുന്നു.”
അത്ഭുതങ്ങളുടെ ലോകം…
ഒരിക്കല്‍, അദ്ദേഹം ഫ്രാൻസി ലായിരിക്കുമ്പോൾ ബോൺവില എന്ന ഒരു യഹൂദൻ വിശുദ്ധകുര്‍ബ്ബാനയുടെ ദൈവികത അവിശ്വാസികള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുവാന്‍ അന്തോണിയച്ചനെ പരസ്യമായി വെല്ലുവിളിച്ചു; തിരുവോസ്തി വെറും അപ്പക്കഷണമാണ്, ദൈവമൊന്നുമല്ല “എന്നാണ് അദ്ദേഹം വെല്ലു വിളിച്ചത് വിശുദ്ധ കുർബാനയെ ഇകഴ്ത്തിപ്പറഞ്ഞാൽ നമ്മുടെ അന്തോണിക്കു സഹിക്കുമോ?
ബോൺവില പറഞ്ഞു “ഞാൻ എൻ്റെ കഴുതയെ ചന്ത സ്ഥലത്ത് കെട്ടിയിടാം; മൂന്നുദിവസം അതിന് തീറ്റ കൊടുക്കുകയില്ല അനന്തരം അതിൽ കുറെ ഓട്സ് വച്ചു കൊടുക്കാം, തത്സമയത്ത് താങ്കൾ തിരുവോസ്തി കാണിക്കണം.
കഴുത ഓട്സ് ഉപേക്ഷിച്ചു തിരുവോസ്തിയെ വണങ്ങുകയാണെങ്കിൽ ഞാൻ വിശ്വസിക്കാം . അന്തോണിച്ചൻ വെല്ലുവിളി സ്വീകരിച്ചു. മൂന്നാം ദിവസം അദ്ദേഹം ഓട്സുമായി വന്നു; അന്തോണിസ് വിശുദ്ധ കുർബാനയുമേന്തിയെത്തി. ദിവ്യകാരുണ്യവുമേന്തിനിന്ന അന്തോണിയച്ചന്റെ മുന്നില്‍, ഭക്ഷണത്തെ അവഗണിച്ച്, മുട്ടുമടക്കി നിന്ന് ദൈവത്തെ ആരാധിച്ച ആ കഴുത അനേക അവിശ്വാസികളുടെ കണ്ണു തുറക്കുവാന്‍ കാരണമായി മാറി!
അഴുകാത്ത നാവ്…
നിരവധി സ്വര്‍ഗ്ഗീയ രഹസ്യങ്ങള്‍ ലോകത്തിനു പകര്‍ന്നുകൊടുക്കുവാന്‍ നിയോഗിക്കപ്പെട്ട അദ്ദേഹത്തിന്റെ നാവ് അഴുകുവാന്‍ ദൈവം അനുവദിച്ചില്ല. മരണത്തിന് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം മാറ്റി സ്ഥാപിക്കുന്നതിനായി കബറിടം തുറന്നപ്പോള്‍, അസ്ഥിപോലും ദ്രവിച്ചിരുന്നെങ്കിലും, നാവു മാത്രം ജീവനുള്ള മനുഷ്യന്റെതുപോലെ അവശേഷിച്ചിരുന്നതായി കാണപ്പെട്ടു. വി.ബൊനവെഞ്ചർ ആദരവോടെ അത് എടുത്തിട്ട് പറഞ്ഞു “ഭാഗ്യപ്പെട്ടവനേ നീ എന്തുമാത്രം ദൈവസ്തുതികൾ പാടി.”
അത് ഇന്നും പ്രത്യേകമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ജീവിതകാലമത്രയും ദൈവസ്തുതിപാടിയ ഒരാത്മാവിന് ദൈവം നല്കിയ ഒരപൂര്‍വ്വ സമ്മാനം.
സഭയുടെ ഉന്നതശീർഷരൊത്ത്…
“തുടര്‍ന്നുള്ള നാളുകളില്‍, രോഗബാധിതനായി അവശനിലയിലായിരുന്ന അസീസിയിലെ ഫ്രാന്‍സീസുമായും, തുടര്‍ന്ന്, മാര്‍പ്പാപ്പയുമായും, ഏറെ കര്‍ദ്ദിനാള്‍മാരുമായെല്ലാം അടുപ്പം പുലര്‍ത്തുവാനും, ഫ്രാന്‍സിസ്കന്‍ സന്യാസസമൂഹത്തിനായി നിയമാവലി തയ്യാറാക്കുവാനുമെല്ലാം അന്തോണിയച്ചന് കഴിഞ്ഞു. സാധാരണക്കാരായ ജനസഹസ്രങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുവാനും, ഏറെപ്പേരെ മാനസാന്തരാനുഭവത്തിലേയ്ക്ക് നയിക്കുവാനും അദ്ദേഹത്തിനായി.
ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ അത്ഭുതപ്രവര്‍ത്തകനായും അദ്ദേഹം അറിയപ്പെട്ടു. ദൈവാത്മാവിന്റെ ശക്തമായ ഇടപെടലുകള്‍ അദ്ദേഹത്തിലൂടെ സംഭവിച്ചുകൊണ്ടിരുന്നു. ദൈവവചനത്തെ നീതീകരിക്കുവാനും, സ്ഥിരീകരിക്കുവാനും, ശ്രോതാക്കള്‍ക്കിടയില്‍ വിശ്വാസത്തിന്റെയും മാനസാന്തരത്തിന്റെയും ഫലങ്ങള്‍ ഉളവാക്കുവാനും, ദൈവകരം അന്തോണിയച്ചനിലൂടെ പ്രവര്‍ത്തിച്ചപ്പോള്‍ അത്ഭുതങ്ങളുണ്ടായി.”
താക്കോൽദ്വാര പരീക്ഷണം…
ഒരിക്കൽ അന്തോണിയച്ചൻ ഒരു വീട്ടിൽ കിടക്കുകയായിരുന്നു കുടുംബനാഥൻ താക്കോൽ ദ്വാരത്തിലൂടെ അദ്ദേഹത്തിൻ്റെ റൂമിനുള്ളിലേക്കു നോക്കി: ദൈവമാതാവ് ഉണ്ണീശോയെ അദ്ദേഹത്തിൻ്റെ കരങ്ങളിൽ ഏൽപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്.
വിശുദ്ധ അന്തോണീസിൻ്റെ കയ്യിൽ ഈശോയിരിക്കുന്ന ചിത്രത്തിനു പിന്നിലെ സംഭവമിതാണ്
നമ്മുടെ മൊബൈൽ എടുത്തു നോക്കുന്നവർ കാണുന്നതും,അടയാത്ത ജനലിലൂടെ നോക്കുന്നവർ കാണുന്നതും, വാട്സാപ്പ് ഗ്രൂപ്പുകൾ മാറി അബദ്ധത്തിൽ ചെന്നു പെടുന്ന ചിത്രങ്ങൾ കാണുന്നവർ മനസ്സിലാക്കുന്നതും, ഈ ദൈവീകനിറഅത്ഭുത പ്രതിഭാസങ്ങളാണോ അതോ വെറും സ്വാഭാവിക വാസനയുടെ വിളയാടലുകൾ മാത്രമാണോ?
മരണം…
അന്ത്യനിദ്ര പ്രാപിക്കുപ്പോള് വിശുദ്ധന് 36-വയസ്സു മാത്രം പ്രായം. പാദുവാ നഗരം മുഴുവനും വിശുദ്ധന്റെ അന്ത്യത്തില്‍ ദുഃഖമാചരിച്ചു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. വി. അന്തോണീസിൻ്റെ നാമകരണം റോമിൽ നടക്കുമ്പോൾ ലിസ്ബണിലെ മണികൾ താനെ മുഴങ്ങിയത് അത്ഭുതമായി!
1946-ല്‍ പിയൂസ് പന്ത്രണ്ടാമന് പാപ്പാ വിശുദ്ധനെ സഭയുടെ വേദപാരംഗതനായി അംഗീകരിക്കുകയും ചെയ്തു.
BY, Fr. Simon Varghese