”ഈ ജാതിക്കാത്തോട്ടം എ ജ്ജാതി നിന്റെ നോട്ടം…” സുഹൈൽ കോയയുടെ വരികൾ ജസ്റ്റിൻ വർഗ്ഗീസിന്റെ സംഗീതം സൗമ്യ രാമകൃഷ്ണനും ദേവദത്ത് ബിജിബാലും കൂടി ശബ്ദം പകർന്ന് ജീവൻ നല്കിയപ്പോൾ ഗാനം മലയാളികൾ നെഞ്ചിലും ചുണ്ടിലും ഏറ്റെടുത്തു……
ചില നോട്ടങ്ങൾ അങ്ങനെയാണ്, വല്ലാത്തൊരു feel ആണ് അതു തരുന്നത്….
ചിലപ്പോൾ അടിവയറ്റിൽ മഞ്ഞു പെയ്യിപ്പിക്കും, അല്ലെങ്കിൽ കിളിപറത്തും…. നോട്ടങ്ങൾ പലതരമുണ്ട് കള്ളനോട്ടം, ഒളിഞ്ഞുനോട്ടം, ദയനീയമായ നോട്ടം, വായ് നോട്ടം…. ഇങ്ങനെ പോകുന്നു നോട്ടങ്ങളുടെ നിര. പലപ്പോഴും വാക്കുകളേക്കാൾ നോട്ടങ്ങൾ വാചാലമാകാറുണ്ട് എന്നതാണ് സത്യം…. പ്രണയിക്കുന്നവർക്കിടയിൽ, സൗഹൃദക്കൂട്ടുകളിൽ, മാതാപിതാക്കൾക്കും മക്കൾക്കും ഇടയിൽ, അദ്ധ്യാപക വിദ്യാർത്ഥി ബന്ധങ്ങളിൽ എല്ലാം നോട്ടം ഒരു പാട് സംവദിക്കാറുണ്ട്.
ചില നോട്ടങ്ങൾ നമ്മെ വല്ലാതെ മുറിപ്പെടുത്തുന്നു
മറ്റു ചിലത് നമ്മെ പ്രണയാർദ്രമാക്കുന്നു….
ചിലരുടെ നോട്ടങ്ങൾ ആശ്വാസമായി പൊതിഞ്ഞു പിടിക്കുന്നു…. ചിലത് കരുത്ത് പകർന്ന് നമ്മെ മുന്നോട്ടു നടത്തുന്നു
ചിലപ്പോൾ ചില നോട്ടങ്ങൾ നമ്മെ വല്ലാതെ അലോസരപ്പെടുത്തുന്നു…
സുവിശേഷത്തിൽ ക്രിസ്തുവിന്റെ ഒരു നോട്ടത്തെ കുറിച്ചു പറയുന്നുണ്ട്… അവരെ കണ്ടപ്പോൾ അവന് അവരോട് അനുകമ്പ തോന്നി, അനുകമ്പയോടെ അപരനെ നോക്കണമെന്ന ഒരു ഓർമ്മപ്പെടുത്തലുണ്ടതിൽ….
അഞ്ചപ്പം അയ്യായ്യിരം പേർക്ക് അവൻ നല്‍കിയതിനു പിന്നിലും, അവന്റെ നോട്ടത്തിൽ അവന് അവരോട് തോന്നിയ അനുകമ്പയായിരുന്നു…. അനുകമ്പയോടെയുള്ള നോട്ടത്തിന്റെ അർത്ഥം നിന്നെ ഞാൻ മനസ്സിലാക്കുന്നുവെന്നാണ്… അതു കൊണ്ടാണ് നോട്ടത്തെ ക്രിസ്തു കറക്റ്റ് ചെയ്യുന്നത്, അവളെ കല്ലെറിഞ്ഞു കൊല്ലുന്നതിന് വിധി പറയാനാണ് അവർ അവൻറെ മുമ്പിൽ കൊണ്ടുവന്നത്. എന്നാൽ അവൻ കുനിഞ്ഞ് നിലത്ത് എഴുതികൊണ്ടിരുന്നുവെന്ന് സുവിശേഷം സാക്ഷിക്കുമ്പോൾ സംശയിച്ചീട്ടുണ്ട്, എന്തേ അവൻ തലയുയർത്തി അവളെ നോക്കിയില്ലെന്ന്….
ദൈവമേ നീ എന്നെ സ്ത്രീയായും മൃഗമായും സൃഷ്ടിക്കാത്തതിനു നന്ദി പറയുന്നുവെന്ന യഹൂദ പ്രാർത്ഥനക്കിടയിൽ തിരുത്ത് വേണമെന്ന് ഓർമ്മപ്പെടുത്തുകയായിരുന്നു അവൻ… തൻറെ ഒരു നോട്ടം പോലും അവളെ മുറിപ്പെടുത്തരുതെന്ന് അവൻ ആഗ്രഹിച്ചിരുന്നു. 14സെക്കൻറ് നിയമം വരുന്നതിനു മുമ്പേ അവൻ ഓർമ്മിപ്പിച്ചു ആസക്തിയോടെയുളള നോട്ടം പോലും വ്യഭിചാരമാണെന്ന്… കാരണം ആ നോട്ടത്തിൽ അനുകമ്പ വറ്റി പോയിരിക്കുന്നു….
മറ്റൊരർത്ഥത്തിൽ ആ നോട്ടത്തിൽ അപരനെ മനസ്സിലാക്കലില്ല… എന്റെ നോട്ട പിശകു മൂലം അവരുടെ മാർക്കു കുറയരുതെന്ന് ആഗ്രഹിച്ച്
കുട്ടികളുടെ ഉത്തരക്കടലാസ് വീണ്ടും വീണ്ടും വായിച്ചു നോക്കുന്ന അദ്ധ്യാപകരുടെ നോട്ടത്തിലും അനുകമ്പയുടെ സുവിശേഷമുണ്ട്…
ക്രിസ്തുവിന്റെ നോട്ടങ്ങൾ എപ്പോഴും അനുകമ്പയോടെയായിരുന്നു…. ദാവീദിന്‍െറ പുത്രാ, എന്നില്‍ കനിയണമേ എന്നു നിലവിളിച്ചുകൊണ്ടിരുന്ന അന്ധനോട് ”ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണു നീ ആഗ്രഹിക്കുന്നത്?” എന്ന ചോദ്യം ക്രിസ്തു ചോദിച്ചത് അവനെ അനുകമ്പയോടെ നോക്കിയപ്പോഴാണ്. “ഞാനും നിന്നെ വിധിക്കുന്നില്ല” എന്ന വാക്കുകൾ കൊണ്ട് ക്രിസ്തു വിധി വാചകം കുറിച്ചത്, അവളെ അവൻ അനുകമ്പയോടെ നോക്കിയപ്പോഴാണ്…
അവന്റെ നോട്ടവും ഒരു ജ്ജാതി നോട്ടമായിരുന്നു….
By, Xteen