ഇടത്തരം കർഷക കുടുംബത്തിലെ അംഗമാണ് മാത്തച്ചൻ. നാട്ടുകാരുടെ എല്ലാം സ്വന്തം മാത്തൻ. നാലാം ക്ലാസൊടുകൂടി പഠിത്തം നിർത്തി. അതിന്റെ പിന്നിൽ വലിയൊരു കഥയുണ്ട്. ആശാൻ കളരി മുതൽ പഠനത്തോട് വളരെയേറെ വിരസതയായിരുന്നു മാത്തന്. തള്ളി ഉന്തി നാലാം ക്ലാസ്വരെയെത്തി. ആ ഗ്രാമത്തിലെ മിക്കവാറും എല്ലാ കുട്ടികളുടെയും ക്ലാസ്മേറ്റ് ആയിരുന്നു മാത്തൻ.
സ്കൂളിൽ പോകേണ്ട സമയമാകുമ്പോൾ വയറുവേദന തലവേദന എന്ന് കലാപരിപാടികളാണ് മിക്കദിവസങ്ങളിലും. സ്കൂളിൽ പോകില്ലായിരുന്നു. നാലാംക്ലാസ് ആയപ്പോഴേക്കും മാത്തന്റെ കുരുട്ടുബുദ്ധി എം എ പാസ്സായിരുന്നു. ചെറിയ ഒരു പുഴനീന്തി വേണമായിരുന്നു മറുകരയിലെ സ്കൂളിലെത്താൻ. മൂന്നാം ക്ലാസ് വരെ മുതിർന്ന ചേട്ടന്മാരായിരുന്നു എല്ലാവരുടെയും ഡ്രസ്സ് കൈകളിൽ പിടിച്ച് പുഴ നീന്തി കടന്നിരുന്നത്. എങ്ങനെയോ നമ്മുടെ മാത്തനും ആ വർഷം നാലാംക്ലാസിൽ സ്ഥാനം പിടിച്ചു.
സ്ഥിരമായുള്ള തന്റെ വയറുവേദനയും തലവേദനയും ഇനിയും ഫലിക്കില്ലന്ന് മനസ്സിലാക്കിയ മാത്തൻ, അടുത്ത വിദ്യ പ്രയോഗിച്ചു. മാത്തൻ നിർബന്ധിച്ച് എല്ലാവരുടെയും ഡ്രസ്സ് അവൻറെ കൈകളിൽ വാങ്ങി നീന്താൻ തുടങ്ങി. പുഴയുടെ നടുഭാഗമായപ്പോൾ അവൻ യാദൃശ്ചികമായി വീഴുന്ന ഭാവത്തിൽ എല്ലാവരുടെയും ഡ്രസ്സ്മായി വെള്ളത്തിലേക്ക് മുങ്ങി. അന്ന് പിന്നെ ആരും സ്കൂളിൽ പോയില്ല. കാരണം ഒരു യൂണിഫോമെ എല്ലാവർക്കുമുള്ളൂ. ഈ കലാപരിപാടി മിക്കദിവസങ്ങളിലും ആവർത്തിച്ചു. മറ്റുകുട്ടികളുടെ മാതാപിതാക്കൾ മാത്തന്റെ കൂടെ കുട്ടികളെ സ്കൂളിൽ വിടാതായി. മാത്തൻ ചില ദിവസങ്ങളിൽ സ്കൂളിന്റെ പുറകിലുള്ള പരിസരങ്ങളിൽ അലഞ്ഞു നടക്കുമായിരുന്നു. അങ്ങനെ നാലാം ക്ലാസിൽ എട്ടുനിലയിൽ പൊട്ടി പഠിത്തം നിർത്തി.
പഠനത്തിൽ പുറകോട്ടാ യിരുന്നെങ്കിലും ഏതു ജോലിയും ചെയ്യുകയും, ചെയ്യുന്ന ജോലിയിൽ നല്ല ആത്മാർത്ഥതയും ഉണ്ടായിരുന്നു. അതോടൊപ്പം ക്ഷീണം മാറ്റാൻ കുടെ അന്തിക്കള്ളും അവനു കൂട്ടായി. കുടിച്ച് കഴിഞ്ഞാൽ ഉടനെ മാത്തന് പള്ളിയിൽവന്ന് ഉച്ചത്തിൽ നെഞ്ചത്തടിച്ചു നിലവിളിച്ചു പ്രാർത്ഥിക്കണം.മാത്തന്റെ ഈ പ്രകടനം വികാരിയച്ചന് വളരെ അസ്വസ്ഥത ഉണ്ടാക്കി. രാവിലെ പണിക്കു പോകുമ്പോൾ മാത്തൻ കുരിശടിയുടെ മുന്നിൽ കുരിശു വരച്ച് പ്രാർത്ഥിച്ച് മാതാവിനോട് പറയും. കുഞ്ഞുങ്ങൾക്ക് അരി വാങ്ങണം മാത്തനേ കാക്കണേ. മാതാവിന്റെ അനുഗ്രഹം വാങ്ങിയേ പണിക്ക് പോവുകയുള്ളൂ. മാന്യനായ നല്ല ഒരു ചെറുപ്പക്കാരൻ.
ഇതിനിടയിൽ നമ്മുടെ മാത്തൻ വിവാഹിതനും രണ്ടു കുട്ടികളുടെ അപ്പനുമായി. മദ്യപിക്കും എങ്കിലും കുട്ടികളെയും ഭാര്യയെയും നന്നായി അന്വേഷിക്കുമായിരുന്നു. പള്ളിയുടെ മുൻവശത്തായി ചെറിയ ഒരു പുഴയുണ്ട് അതിന്റെ മറുകരയിൽ ആണ് നമ്മുടെ മാത്തന്റെ വീട്. വികാരിയച്ചന്റെ സന്ധ്യാ പ്രാർഥനയുടെ സമയത്താണ് ജോലിയും കഴിഞ്ഞ് അന്തികള്ളും മോന്തി വഴിയുടെ വീതിയും നീളവും അളന്നുള്ള മാത്തന്റെ വീട്ടിലേക്കുള്ള വരവ്.
ഈ വരവിൽ കേശവൻ ചേട്ടന്റെ കടയിൽനിന്ന് വാങ്ങിയ ചൂടു പരിപ്പുവട എല്ലാദിവസവും മക്കൾക്കുവേണ്ടി കൊണ്ടുപോകും നാല്കാല് ഇഴഞ്ഞാലും പരിപ്പുവട സുരക്ഷിതമായി വീട്ടിലെത്തും. ഒരുദിവസം കള്ളു മൂത്ത മാത്തച്ചൻ വെള്ളത്തിൽ വീണു ഒരു കൈ വെള്ളത്തിലെ തെങ്ങും കുറ്റിയിൽ പിടിച്ചെങ്കിലും മറുകൈയിൽ പരിപ്പുവട പൊതി ഉയർത്തി പിടിച്ചിരുന്നു. ശബ്ദം കേട്ട് വെളിയിലിറങ്ങിയ അച്ഛനേ കണ്ടു മാത്തൻ വിളിച്ചുപറഞ്ഞു. അച്ചോ
മാത്ത ഇപ്പോഴും കുറ്റിപ്പുറത്ത് തന്നെയാ. വെള്ളത്തിലെ കുറ്റിയിൽ പിടിച്ച് നിന്ന് ആടുന്നു. അകത്തും പുറത്തും വെള്ളം. പക്ഷേ പരിപ്പുവട ഒരുകാരണവശാലും വിട്ടുകളയാൻ മാത്തച്ചൻ ഒരുക്കമല്ല.
ഉത്തമ വിശ്വാസിയായ മാത്തൻ വീടിന്റെ വേലിക്കൽ എത്തുമ്പോഴേ നീട്ടി ഒരു വിളിയാണ് മറിയമ്മേ മക്കൾ എവിടെ കുരിശു വരച്ചോ. അത് മാത്തച്ചന് നിർബന്ധമുള്ള കാര്യമാണ്. വീടിന്റെ തിണ്ണയിൽ എത്തിയാൽ ഉടനെ മാത്തൻ പറയും കർത്താവേ മാത്തയിതാ മലക്കുന്നു. പിറ്റേന്ന് രാവിലെ വരെ ആ കിടപ്പ് അവിടെ കിടക്കും. കുരിശടിയുടെ മുന്നിലെത്തുമ്പോൾ നെഞ്ചത്തടിച്ച് ഒരു പാട്ടാണ് മാത്തച്ഛന്റെ മാസ്റ്റർപീസ് പാട്ടായ് നിത്യവിശുദ്ധയാം കന്യാമറിയമേ… അത് ഒരു ഒന്നൊന്നര പാട്ടാണ്.
അച്ഛന്റെ സന്ധ്യാ പ്രാർത്ഥനകൾ എല്ലാദിവസവും ശല്യപ്പെടുത്തി കൊണ്ടിരുന്നു. അച്ഛൻ തീരുമാനിച്ചു. ഇവനെ ഒന്നു നന്നാക്കിയിട്ട് തന്നെ കാര്യം. അച്ഛൻ: എടാ നീ ഇങ്ങനെ കുടിച്ച് നശിക്കരുത് കള്ളുകുടി അവസാനിപ്പിക്കണം നന്നായി ജീവിക്കണം.
മക്കൾ വളർന്നു വരുന്നു. മാത്താച്ചൻ : ഉവ്വേ അച്ചോ ഉവ്വേ എന്റെ മാതാവാണ് അല്ലേ വേണ്ട എന്റെ അച്ഛനാണ് സത്യം ഞാൻ കുറയ്ക്കാം, പക്ഷേ അച്ചോ ഒറ്റയടിക്ക് നിർത്താൻ മാത്രം പറയരുത്. അച്ഛന്റെ ഉപദേശം ഫലിച്ചു കുറച്ചുദിവസത്തേക്ക് മാത്തൻ കുടിയുടെ അളവ് കുറച്ചു.
നമ്മുടെ മാത്തച്ഛൻ കുടുംബത്തോടൊപ്പം എല്ലാ ദിവസവും പള്ളിയിൽ വരികയും വിശുദ്ധകുർബാനയിൽ പങ്കെടുക്കുകയും വിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്യുമായിരുന്നു. അച്ഛന്റെ ഉപദേശത്തിന് ശേഷം വൈകിട്ടത്തെ കലാപരിപാടി ചെറിയ രീതിയിൽ മാത്രമായിരുന്നു. അച്ഛന്റെ സന്ധ്യാപ്രാർഥനയും സമാധാനമായി മുന്നോട്ടുപോയി. ക്രിസ്തുമസ് ആഘോഷം കഴിഞ്ഞു ഒന്നു മയങ്ങുകയായിരുന്നു അച്ഛൻ. പെട്ടെന്ന് കുരിശടിയുടെ മുന്നിൽ നിന്നും സകല രാഗങ്ങളും ചേർത്ത് കാലിത്തൊഴുത്തിൽ പിറന്നവനെ… ഉണ്ണീശോ പുൽകൂട്ടിൽ പിറന്ന സന്തോഷം. ആരോ നിലവിളിക്കുന്ന ശബ്ദം അച്ഛൻ ഉച്ചമയക്കത്തിൽ നിന്നും ചാടിയെഴുന്നേറ്റു
ഉച്ച മയക്കത്തിന് ഭംഗം വന്നെങ്കിലും അത് മുഖത്ത് കാണിക്കാതെ അച്ഛൻ കുരിശടിയുടെ മുന്നിലെത്തി. അതാ നാലുകാലിൽ നമ്മുടെ മാത്തച്ഛൻ അച്ഛൻ: എടാ മാത്തച്ഛാ ഇന്നു ഉണ്ണീശോ നമ്മുടെയൊക്കെ ഹൃദയങ്ങളിൽ വന്നു പിറന്നത് അല്ലേ നീ ഇന്ന് കുടിച്ചത് മോശമായിപ്പോയി. മാത്തച്ഛൻ : സന്തോഷം കൊണ്ട് കുടിച്ചതാണാച്ചാ, അച്ഛൻ പ്രസംഗത്തിൽ പറഞ്ഞില്ലേ പാപികളായ നമ്മെ രക്ഷിക്കാൻ ദൈവം മനുഷ്യനായി പുൽക്കൂട്ടിൽ പിറന്നന്ന്.
ആ സന്തോഷത്തിന്റെ പേരിൽ ഞാൻ ഒരു ഇത്തിരി അല്ലാ ഒരു ശകലം കുടിച്ചു പോയത്. ഇനി ഞാൻ കുടിക്കില്ല, എന്ന് വാഗ്ദാനം നൽകി തിരിച്ചു പോയി.
ദിവസങ്ങൾ കടന്നുപോയി. അന്ന് ദുഃഖവെള്ളിയാഴ്ച അച്ഛൻ കുരിശിന്റെ വഴി കഴിഞ്ഞ്ക്ഷീണിച്ചൊന്നു മായങ്ങുന്ന നേരത്തെ കുരിശടിയിൽ നിന്നും, നെഞ്ചത്തടിയും നിലവിളിയും കേട്ടു . ഇറങ്ങി ചെന്നപ്പോൾ അച്ഛൻ കാണുന്നത് ലവലേശം വെളിവില്ലാതെ നിൽക്കുന്ന മാത്തനെയാണ് അച്ഛൻ: എടാ മഹാപാപി ഇന്ന് ദുഃഖവെള്ളിയാഴ്ച അല്ലേ എന്നിട്ടും നീ കുടിച്ചോ ഇന്നെങ്കിലും നിനക്ക് കുടിക്കാതിരുന്നുടെ, മാത്തൻ അച്ഛനെ രൂക്ഷമായി ഒന്ന് നോക്കി എന്നിട്ട് പറഞ്ഞു അച്ഛാ, അച്ഛൻ എന്തൊരു വർത്തമാനമാ ഈ പറയുന്നത് ഇച്ചിരിയെങ്കിലും മനസ്സാക്ഷി ഉണ്ടോ? നമ്മുടെ പൊന്നുതമ്പുരാനെ അവന്മാര് കുരിശിൽ തറച്ചു കൊന്നു. ഹോ എങ്ങനെ സഹിക്കാൻ പറ്റും.
അച്ഛനു മനസ്സിലായി പറഞ്ഞിട്ട് ഒരു കാര്യവുമില്ല അച്ഛൻ തിരിച്ചു പള്ളിയിമേടയിലേക്ക് പോയി. മൂന്ന് ദിവസം കഴിഞ്ഞു ഉയർപ്പ് ഞായറാഴ്ച വൈകിട്ട് ഈ സംഭവം തന്നെ അവിടെ അരങ്ങേറി അച്ഛൻ ഒന്നും മിണ്ടാതെ നിശബ്ദനായി കൈയുംകെട്ടി പള്ളിമെടയുടെ വാതുക്കൽ നോക്കി നിന്നു.
അച്ഛനെ കണ്ടപ്പോൾ മാത്തച്ഛൻ : അച്ഛാ കണ്ടോ നമ്മുടെ കർത്താവീശോമിശിഹായെ അവന്മാര് കുരിശിൽ തറച്ചു കൊന്നു. പക്ഷേ കർത്താവീശോമിശിഹാ ഉയർത്തെഴുന്നേറ്റു. അല്ല പിന്നെ നമ്മുടെ കർത്താവിനോടാ അവന്മാരുടെ കളി. ഈ സന്തോഷം ആഘോഷിച്ചില്ലേ പിന്നെ എന്ത് ക്രിസ്ത്യാനി ആണച്ചോ!.
അച്ഛൻ മുകളിലേക്ക് കണ്ണുകൾ ഉയർത്തി നെഞ്ചിൽ കൈവച്ചു കർത്താവേ, “മാത്ത ഇപ്പോഴും കുറ്റിപ്പുറത്തു തന്നെ!.” ചില ജീവിതങ്ങൾ ഇങ്ങനെയാണ് സന്തോഷം വന്നാലും സങ്കടം വന്നാലും
ഏതൊരാഘോഷം വന്നാലും എവിടെയും അവർക്ക് കൂട്ടായി മദ്യം ഉണ്ടായിരിക്കും.
എന്നിട്ടൊരു ചോദ്യവും കർത്താവ് അല്ലേ? പച്ച വെള്ളത്തെ വീഞ്ഞാക്കിയത്!.