ഞാൻ ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് അൽപ്പം കുടിവെള്ളപ്രശ്നമുണ്ട്. വേനല്ക്കാലമായാൽ കിണറിൽ വെള്ളം കുറവാകും. എന്നാൽ ഇവിടെ സുന്ദരമായൊരു പരിഹാരമുണ്ട്. കിണറിൽ നിന്നും ഇരുന്നൂറു മീറ്റർ മാറി നല്ല താഴ്ചയുള്ള കുഴൽക്കിണർ സജ്ജമാണ്. ഒരു സ്വിച്ച് ഇട്ടാൽ മതി, കിണറിൽ വേണ്ടുവോളം വെള്ളമെത്തിക്കാൻ കുഴൽക്കിണർ പരിഹാരമായി തൊട്ടടുത്തുണ്ട്. പരിഹാരം സത്യത്തിൽ ഒരു അനുഗ്രഹമാണ്.
പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുന്നതാണ് നമ്മുടെയൊക്കെ അനുദിനജീവിതത്തെ ക്രമവത്കരിക്കുന്നതും ക്രമീകരിക്കുന്നതും. ഭൂമിയുടെ, ലോകത്തിന്റെ, നമ്മുടെ ഓരോരുത്തരുടെയും ക്രമീകരണം ഒരേയൊരു പരിഹാരത്തെ ആശ്രയിച്ചിരിക്കുന്നു. ഈശോ എന്ന പരിഹാരത്തെക്കുറിച്ചാണ് എനിക്ക് വീണ്ടും വീണ്ടും നിങ്ങളോട് പറയാനുള്ളത്. ഞാൻ കുഞ്ഞായിരിക്കുമ്പോൾ വീട്ടിലെ ഒരു അലമാര എടുക്കാൻ പപ്പായേയും മമ്മിയേയും സഹായിച്ചത് ഞാൻ ഓർക്കുന്നു. അലമാരയുടെ ഭാരമുള്ള ഭാഗം പപ്പയും മമ്മിയും പിടിക്കും.
ഞാനും ആ ഉദ്യമത്തിൽ അവരെ സഹായിക്കുന്നു എന്നുകാണിക്കാൻ ഭാരമില്ലാത്ത ഭാഗം എനിക്കുവേണ്ടി അവർ ഒഴിച്ചിട്ടിരിക്കും. യഥാർത്ഥത്തിൽ ഭാരം വഹിക്കുക അവരാണ്. എന്നാൽ തുല്യ ഭാഗധേയമാണ് ആ പ്രവർത്തിയിൽ കൈ ചേർത്തുവയ്ക്കുമ്പോൾ എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. ജീവിതത്തിന്റെ ഭാരം തന്നെ വഹിക്കുന്നുവെന്ന ആത്മഗതമുള്ളവരാണ് നാം ഏവരും. പക്ഷേ സത്യത്തിൽ അതിന്റെ ഭാരപ്പെടുത്തുന്ന ഭാഗധേയം ഈശോ നമുക്കുവേണ്ടി വഹിക്കുന്നുണ്ട് എന്നകാര്യം നാം മറന്നിരിക്കുകയാണ്.
കുരിശിലെ ഏകസമർപ്പണം വഴി – ആ വലിയ ആത്മദാനം വഴി ഈശോ നമുക്കുവേണ്ടി സ്നേഹംകൊണ്ട് ഭാരംവഹിച്ചിട്ടുണ്ട്. നമ്മുടെ വീഴ്ചകൾക്കും മാനുഷികബലഹീനതകൾക്കും പരിഹാരം ചെയ്തിട്ടുണ്ട്. പാപഭാരം പേറി നാം ക്ഷീണിക്കാതിരിക്കാൻ നമ്മുടെ ജീവിതത്തിന്റെ പാപഭാരങ്ങൾ വഹിച്ചുകൊണ്ട് നമ്മൾ ഓരോരുത്തർക്കുംവേണ്ടി സ്വന്തം ജീവൻകൊണ്ടുതന്നെ പരിഹാരം ചെയ്തവനാണ് യേശുക്രിസ്തു. ഇത് നമ്മൾ യഥാർത്ഥത്തിൽ അംഗീകരിക്കുന്നുണ്ടോ? ഇങ്ങനെയൊന്ന് നമ്മൾ അനുസ്മരിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന വിഷയമാണോ?
സാരമില്ലാ! ഇനിമുതൽ, ഇന്നുമുതൽ ഇത് നമ്മൾ മനസ്സിലാക്കണം. കാരണം നമുക്കറിയാവുന്നതുപോലെ ദൈവപിതാവ് ഒരിക്കലും ആരെയും നിർബന്ധിക്കില്ല. അവിടുന്ന് നമ്മുടെ വിശ്വാസത്തിനും വിശുദ്ധീകരണത്തിനുംവേണ്ടി നിരന്തരം വാതിലിൽ മുട്ടിക്കൊണ്ടിരിക്കുന്നു. തുറന്നുതന്നാൽ മാത്രം അനുവാദത്തോടെ അകത്തേക്ക് പ്രവേശിക്കുന്ന മാന്യനായ സുഹൃത്തും അതിഥിയുമാണ് അവിടുന്ന്. അവിടുത്തേക്ക് നമ്മിൽ നിന്നും ഒരു നോട്ടം മതി. ഒന്ന് മിണ്ടിയാൽ മതി.
രോഗിയായ കൊച്ചുകുഞ്ഞു സ്നേഹപൂർവ്വം അവന്റെ കണ്ണുകൾ പിതാവിന്റെ കണ്ണുകളിൽ ഉറപ്പിക്കുമ്പോൾ പിതാവിന്റെ കണ്ണ് നിറയുന്നതുപോലെ അത്രയും അതിലേറെയും ആർദ്രവാനും കരുണാനിധിയുമാണ് നമ്മുടെ സ്വർഗ്ഗീയ അപ്പാ! തീർന്നില്ല. വീരോചിതമായ നമ്മുടെ ഓരോ നോട്ടവും, പിതാവായ ആബാ പിതാവിനോടുള്ള ഓരോ ആത്മഗതവും നമ്മുടെയോ നമുക്ക് ചുറ്റുമുള്ളവരുടെയോ പരിഹാരമാണ് സത്യത്തിൽ. നിലച്ചുപോയ ആത്മാക്കളുടെ കൃതഘ്നതയ്ക്കും മരവിച്ചുപോയ സ്നേഹവായ്പുകൾക്കും അവ നല്ല വിലയുള്ള പരിഹാരബലിയാണ്. ഇതറിഞ്ഞുകൊണ്ടുതന്നെയാകട്ടെ നമ്മുടെ ഓരോ നോട്ടവും. ഇനിയും മാറ്റിവയ്ക്കരുത്. പാപമോ പഴയകാര്യങ്ങളോ ഇക്കാര്യത്തിൽ ഇനിയും നമ്മെ തടസ്സപ്പെടുത്തരുത്.
ക്രിസ്തുവിൽ ആയിരിക്കുന്നവൻ പുതിയതല്ലേ? പുതിയസൃഷ്ടിയല്ലേ? വാ, വേഗം ഈശോയിലേക്ക് വാ! എന്നിട്ട് ഈശോയിലേക്ക് ഒന്ന് നോക്കിക്കേ, അവിടുത്തെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ടിരുന്നേ, അവൻ നമ്മെത്തന്നെ നോക്കിക്കൊണ്ടിരിക്കുകയല്ലേ എന്ന് കണ്ടേ.. നമുക്ക് ഈശോയെ നന്നായി സ്നേഹിക്കാം. ആ സ്നേഹത്തിനു പ്രതിസ്നേഹമാകാം! പരിഹാരവും പ്രായശ്ചിത്തവുമാകാം.സര്വോപരി നിങ്ങള്ക്ക്, ഗാഢമായ പരസ്പരസ്നേഹം ഉണ്ടായിരിക്കട്ടെ; കാരണം, സ്നേഹം നിരവധി പാപങ്ങളെ മറയ്ക്കുന്നു. 1 പത്രോസ് 4:8
By, അഗസ്റ്റിൻ ക്രിസ്റ്റി