ഈ ദിവസങ്ങളിൽ നിനക്ക് എന്റെ കുർബാന കാണാതെയും സ്വീകരിക്കാതെയും ഇരിക്കുമ്പോൾ ചങ്കു തകരുന്ന സങ്കടം ഉണ്ടാകുന്നല്ലേ… ഒന്നിനും ഒരു കുറവും വരാതെ ഞാൻ എന്നും നിന്റെ അടുത്ത് വന്നപ്പോൾ നിനക്ക് എന്നെ ഒന്ന് മൈൻഡ് ചെയ്യാൻ തീരെ ടൈം ഇല്ലായിരുന്നു… ല്ലേ… നിനക്കറിയണ്ടേ…
ഞാൻ നിനക്ക്
വേണ്ടി കുർബാനയായത് എങ്ങനെയായിരുന്നുവെന്ന്…
എന്തിനായിരുന്നുവെന്നു…
ഒരു മുപ്പത്തി മൂന്നുകാരന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാത്ത ഒരു ദിവസമായിരുന്നു അത്…
രണ്ടായിരം വർഷങ്ങൾക്ക് മുൻപുള്ള ഒരു ദിവസം അത്താഴമേശയിൽ എന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമായി ഞാൻ വിളമ്പിയപ്പോൾ… എന്റെ ഉറ്റ ചങ്ങാതിമാർ പോലുമറിഞ്ഞിരുന്നില്ല…
ആ സമയം മുതൽ അപ്പവും വീഞ്ഞുമായി തീരാൻ അവരുടെ ഗുരു സഞ്ചരിക്കേണ്ട വഴികളെപറ്റി… കുർബാനയായി മാറാൻ നടന്നു തീർക്കാനുള്ള ദൂരത്തെകുറിച്ച്…
ഇന്നും നിങ്ങളിൽ പലരും അറിഞ്ഞിട്ടില്ല.. കുർബാനയായി തീരാൻ ഈ മുപ്പത്തി മൂന്നുകാരൻ നസ്രായൻ നടന്നു തീർത്ത വഴികളെ പറ്റി…പിറന്നു വീഴാൻ ഒരിടമില്ലാതെ ഞാൻ അലഞ്ഞത് കുർബാനയാകാനാ യിരുന്നു…
മുപ്പതു വർഷങ്ങൾ നസ്രത്തിയിലെ ഒരു തച്ചന്റെ മകനായി എന്റെ അപ്പനെ സഹായിച്ച് ഇവിടെ ജീവിച്ചതും കുർബാനയാകാൻ ആയിരുന്നു…
മൂന്ന് വർഷത്തെ പരസ്യജീവിതകാലത്ത് അത്ഭുതങ്ങൾ പ്രവർത്തിച്ചതും… ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതനായതും… കുർബാനയാകാനായിരുന്നു… നിയമജ്ഞരുടെയും ഫരിസേയരുടെയും കണ്ണിലെ കരടായി മാറിയതും കുർബാനായകൻ വേണ്ടിയായിരുന്നു… ഒറ്റികൊടുത്തവനെയും തള്ളിപ്പറഞ്ഞവനെയും ചങ്കോട് ചേർത്തതും കുർബാനയാകാനായിരുന്നു…
ഒരു ദാസനോളം ചെറുതായി എന്റെ പ്രിയ ചങ്ങാതിമാരുടെ പാദങ്ങൾ കഴുകിയതും കുർബാനയാകാനായിരുന്നു… ഗത്സമെനിയിൽ രക്തം വിയർത്തതും കുർബാനയാകാൻ ആയിരുന്നു… കുറ്റമില്ലാത്തവൻ കുറ്റക്കാരനായി വിധിക്കപ്പെട്ടതും കുർബാനയാകാൻ ആയിരുന്നു… ചാട്ടവാറടിയാൽ ദേഹമാസകലം മുറിയപ്പെട്ടതും.. ശിരസിൽ മുൾമുടി ഏറ്റതും കുർബാനയാകാനായിരുന്നു…
കൂരിരുമ്പു ആണികളാൽ മുറിയപ്പെട്ടതും കുർബാനയാകാനായിരുന്നു…
ഭാരമേറിയ കുരിശും വഹിച്ചു കാൽവരിയോളം നടന്നെതിയതും.. കുർബാനയാകാൻ ആയിരുന്നു.. കാൽവരിയുടെ നെറുകയിൽ ചങ്കു പിളർക്കപ്പെട്ടതും ഒരിറ്റു വെള്ളം കിട്ടാതെ ജീവൻ പിടഞ്ഞതും കുർബാനയാകാൻ ആയിരുന്നു…
വേദനയുടെ പാരമ്യത്തിൽ ഈ വേദന എന്നിൽ നിന്നകറ്റണമേ എന്നു പിതാവിനോട് നിലവിളിച്ചപ്പോഴും കുർബാനയാകാനുള്ള പിതാവിന്റെ ഹിതത്തിനു ഞാൻ എന്നെത്തന്നെ വിട്ട് നല്കുകയിരുന്നു…
ഇന്ന് നീ നിസ്സംഗതയോടെ വന്ന് മുഖം തിരിച്ചു കളയുന്ന ആ അപ്പക്കഷണത്തിനു ഞാൻ ശരീരത്തിൽ അനുഭവിച്ച പീഡാസഹനങ്ങളുടെ ഹൃദയം പിളർക്കുന്ന കഥകൾ പറയാനുണ്ട്…
നീ തട്ടിമാറ്റിയ വീഞ്ഞിന് എന്റെ കണ്ണീരിന്റെ രുചിയും വിയർപ്പിന് രക്തത്തുള്ളികളുടെ ഗന്ധമുണ്ടായിരുന്നു…
എന്നിട്ടും ഇന്നും നിനക്ക് എന്നെ വേണ്ട… ജീവൻ കൊടുത്തു ഞാൻ നിന്നെ സ്വന്തമാക്കിയിട്ടും നീ എന്തെ എന്നെ ഇനിയും സ്നേഹിക്കാത്തത്…
എന്നെ ഇനിയും മനസ്സിലാകാത്തത്…
ഇനിയും അനുഭവിക്കാത്തത്…
നിനക്ക് വേണ്ടി ഓരോ ബലിയിലും വീണ്ടും വീണ്ടും മുറിയപെടുമ്പോഴും… നിന്റെ അടുക്കലേക്ക് നടന്നടുക്കുമ്പോൾ നീ എന്നിൽ നിന്നും ഓടിമാറുമ്പോൾ.. പീലാത്തോസിന്റെ അരമനയിൽ അനുഭവിച്ചതിനേക്കാൾ അപമാനിതനായി ഞാൻ ഇന്നും മാറ്റപ്പെടുന്നു…
നിസ്സംഗതയോടെ നീയെന്നെ നാവിൽ സ്വീകരിക്കുമ്പോൾ…
ചങ്കു പിളർക്കപെട്ടപ്പോൾ അനുഭവിച്ച വേദനയേക്കാൾ ഞാൻ ഇന്നും അനുഭവിക്കുന്നു…. ഇനിയും നീ എന്നാണ് എന്റെ ത്യാഗത്തിന്റെ സ്നേഹത്തിന്റെ വില തിരിച്ചറിയുക….
പ്രിയപ്പെട്ട നസ്രായ…
ഈ ദിവസങ്ങൾ നീ എന്നിൽ നിന്നും മറഞ്ഞിരിക്കുമ്പോൾ…
നിന്റെ തിരുശരീരവും തിരുരക്തവും എനിക്ക് നിഷേധിക്കപ്പെടുമ്പോൾ… ഞാൻ തിരിച്ചറിയുന്നുണ്ട്…
നീ എനിക്ക് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നുവെന്ന്…
ഇനിയും എത്ര നാൾ ഞാൻ കാത്തിരിക്കണം…
ഈശോയെ എന്റെ സങ്കടം നീ കാണുന്നില്ലേ…
എന്നാണ് എന്റെ സങ്കടത്തിനു ഒരു പരിഹാരം ഉണ്ടാകുന്നത്…
വേഗം നിന്റെ കുർബാനയിൽ പങ്കുകൊള്ളാൻ… നിന്നെ സ്വീകരിക്കാൻ എന്നെ അനുവത്തിക്കണമേ…
നസ്രായനായ ഈശോയെ, ജീവിതത്തിലെ നിർണായക ഘട്ടങ്ങളിലൂടെ ഞങ്ങൾ കടന്നുപോകുമ്പോൾ….
മുന്നോട്ടു ഇനി എന്തു ചെയ്യണമെന്നറിയാതെ ഉഴലുമ്പോൾ…
ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട് എന്ന നസ്രായാ വചനം എന്റെ കാതിൽ പതിക്കാറുണ്ട്…
നിറഞ്ഞൊഴുകുന്ന കണ്ണുകളോട് ഇനി കരയണ്ട എന്നോർമിപ്പിക്കുന്ന അവന്റെ വാക്കുകൾ…. ഇടനെഞ്ചിനുള്ളിലെ ഭാരങ്ങൾ ഇറക്കിവെയ്ക്കാൻ ഒരിടം നിന്റെ തിരുഹൃദയത്തിലുണ്ട് എന്നോർമിപികുന്ന അവന്റെ വാക്കുകൾ…എല്ലാം ഓർക്കുന്നു…
ഈ ലോകത്തിലെ ഒന്നിനും എന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആകില്ല….
ഈശോയെ…
സ്വന്തവും ബന്ധവും സൗഹൃദങ്ങളും ഒന്നും എന്റെ ജീവിതത്തിൽ ശാശ്വതമായ സമാധാനവും ആശ്വാസവും പകർന്നു തരികയില്ല എന്നുള്ള യാഥാർത്യം ഞാൻ മനസ്സിലാക്കുന്നു….
ഈശോയെ ജീവിതത്തിലെ ഓരോ നിമിഷവും നിന്നിലേക്ക് കൂടുതൽ അടുക്കാൻ എന്നെ സഹായിക്കണമേ…
ഏതു പ്രതിസന്ധിയിലും തളർന്നു പോകാതെ മറ്റാരിലും ആശ്വാസം കണ്ടെത്താൻ ശ്രെമിക്കാതെ നിന്നിൽ മാത്രം പ്രത്യാശ വയ്ക്കാൻ എന്നെ, എന്റെ കുടുംബത്തെ….. സഹായിക്കണമേ…ആമ്മേൻ. പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ, ആമ്മേൻ.
എല്ലാവർക്കും പരിശുദ്ധ കുർബാനയുടെ തിരുനാൾ മംഗളങ്ങൾ ആശംസിക്കുന്നു….
ഈശോയോട് ചേർന്ന് മറ്റൊരു കുർബാനയായി ഉയിർത്താപ്പെടുവാൻ പ്രാർത്ഥിച്ചുകൊണ്ട്
ഈശോയുടെ നാമത്തിൽ,
അനീഷച്ചൻ.