ഈ ദിവസങ്ങളിൽ ഒരിടത്തൊരുത്തന് പരാതി: തട്ടമിട്ട കന്യാസ്ത്രീ കുട്ടികളെ തട്ടമിടാൻ അനുവദിക്കുന്നില്ല! മദ്രസാദ്ധ്യാപകനെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരു രക്ഷകർത്താവാണ് പരാതിക്കാരൻ. വേറോറിടത്ത് മറ്റൊരുവന് മതിഭ്രമം, നീലയുടുപ്പിട്ട കന്യാസ്ത്രീ, കളറുടിപ്പിട്ട് കരങ്ങൾ ചേർത്തുപിടിച്ചു തനിക്കൊപ്പം ഹൃദയമെന്ന സിനിമ തീയറ്ററിലിരുന്നു കണ്ടുപോലും!
കേന്ദ്ര സർക്കാർ ജീവനക്കാരനായ ഈ കഥാനായകൻ പണ്ട് ക്രിസ്തു സിഗരറ്റ് വലിക്കുന്നത് നേരിൽ കണ്ടയാളാണ്. അപ്പോൾ പിന്നെ ഇതല്ല, ഇതിനപ്പുറവും അദ്ദേഹം നേരിൽ കാണും, അനുഭവിക്കും! “തിരുവനന്തപുരത്ത് സഭാവസ്ത്രം ഊരിയെറിഞ്ഞ് കളറിടുന്നതാണ് സ്ത്രീ ശാക്തീകരണമെങ്കിൽ, മാനന്തവാടിയിൽ ശരീരം മുഴുവൻ മറക്കുന്നതാണ് സ്ത്രീ ശാക്തീകരണം”. നവോത്ഥാന കുട്ടിസഖാക്കന്മാരുടെ മാനന്തവാടിയിലെ പ്രകടനം ഒന്ന് കാണേണ്ടതായിരുന്നു. ന്യൂട്രൽ യൂണിഫോം ഉത്ഘാടന മഹാമഹം നടത്തിയതിന്റെ ബില്ല് മാറികിട്ടിയിട്ടില്ല, അതിനുമുൻപേ, നിരീശ്വരസഖാക്കന്മാർക്ക് മതവസ്ത്രം അവകാശമാണുപോലും!
നവോത്ഥാന വിപ്ലവ സിംഹങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ, ഖദറിട്ട ആദർശവാദികളുടെ നിലപാട് എന്താണ് എന്ന് പറയേണ്ടതില്ലല്ലോ. ഹെഡ്മിസ്ട്രസ്സായ സിസ്റ്ററിനെതിരെ നടപടി സ്വീകരിക്കണം എന്ന് സർവ്വകക്ഷിയോഗത്തിൽ ആവർത്തിച്ചു പറഞ്ഞത് മാനന്തവാടിയിലെ ഇടതന്മാരും വലതന്മാരും ആണ്. ക്രിസ്തീയ സ്ഥാപനങ്ങളെകുറിച്ച് ആ യോഗത്തിൽ നല്ലത് പറഞ്ഞത് (രാഷ്ട്രീയതന്ത്രമാണെങ്കിലും അല്ലെങ്കിലും) ആരാണ് എന്നറിഞ്ഞാൽ ക്രിസംഘിപട്ടം കിട്ടുമായിരിക്കും! മുദ്രവാക്യം മുഴക്കി പേടിപ്പിക്കാമെന്ന് കണക്കുകൂട്ടിയോ?
അപവാദം പറഞ്ഞ് അപമാനിതയാക്കി തളർത്താമെന്ന് കരുതിയോ? രക്ഷകർത്താവുമായുള്ള സംസാരത്തിൽ ഇത്തിരി രോഷം കൊണ്ടതിൽ സിസ്റ്റര് ഖേദം പ്രകടിപ്പിച്ചു. സ്കൂൾ യൂണിഫോമിന്റെ കാര്യത്തിൽ അന്നും ഇന്നും ഒരേ നിലപാടാണ് എന്ന് വ്യക്തമായി പറഞ്ഞു. മാത്രവുമല്ല, പിന്നീട് നടന്ന രക്ഷകർത്തൃയോഗത്തിൽ തുടക്കവും നടുക്കും മുറിച്ചു മാറ്റാത്ത ഒറിജിനൽ വീഡിയോ കാണിക്കാൻ ഒളിക്യാമറാമാനായ ആ രക്ഷകർത്താവിനോട് സിസ്റ്റർ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം മാപ്പ് മൊഴിഞ്ഞ് രക്ഷപ്പെടുകയാണുണ്ടായത്.
അകലെ നിന്നു കണ്ട യുവസന്ന്യാസിനിയെ ഹൃദയത്തിൽ കാമിച്ച ഭാവനാ കാമുകനെ ഒന്ന് നന്നായിതന്നെ സ്നേഹിക്കാനുള്ള ഉറച്ച നിലപാടുകളുമായി നീലവസ്ത്രധാരിനി മുന്നോട്ടുപോകുകയാണ്. മലയാള സാഹിത്യത്തിൽ Ph.D ഗവേഷണം നടത്തുന്ന ആ സഹോദരിക്ക് C-DAC -കാരനെ സ്വപ്നലോകത്തുനിന്നും ഉണർത്തി റിയലിസ്റ്റിക്കായി ജീവിക്കാൻ എങ്ങനെ പ്രേരിപ്പിക്കാതിരിക്കാനാകും!
കർണ്ണാടകയിലെ ഹിജാബ് വിവാദം മാനന്തവാടി വഴി കേരളത്തിലും കെട്ടിയിറക്കാം എന്ന ചിലരുടെ കണക്കുകൂട്ടലുകളും, സന്യസ്തരുടെ ചിലവിൽ ചുളുവിൽ പോപ്പുലരാകാം എന്ന ചിന്തകളും അവസാനിപ്പിക്കുന്നതായിരിക്കും നല്ലത്. കാരണം, ഇപ്പോൾ നിങ്ങളുടെ അടച്ചിട്ട മുറിയിലെ വിഭാഗീയ-വിധ്വംസക ചർച്ചകൾ പുരമുകളിലെന്നപോലെ ഞങ്ങൾക്ക് കേൾക്കാം. അത്ര തന്നെ!!!
By, – മിഖായേലച്ചൻ