ഇന്‍ഡോര്‍: വാഴ്ത്തപ്പെട്ട റാണി മരിയയുടെ ജീവിതം അഭ്രപാളികളില്‍. വാഴ്ത്തപ്പെട്ട റാണിമരിയയുടെ സഹനത്തിന്റെയും സേവനത്തിന്റെയും ക്ഷമയുടെയും കഥയുമായി തയാറാക്കിയ ഫീച്ചര്‍ ഫിലിം ഇന്‍ഡോര്‍ രൂപതയുടെ ചാനലായ ആത്മദര്‍ശന്‍ ടിവിയില്‍ സംപ്രേഷണം ചെയ്തു.
മധ്യപ്രദേശിലെ ഗ്രാമങ്ങളിലെ സാധാരണക്കാരെയും ചൂഷിതരെയും ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നു സിസ്റ്റര്‍ റാണി മരിയയെന്ന് ഇന്‍ഡോര്‍ ബിഷപ് ചാക്കോ തോട്ടുമുറിക്കല് പറഞ്ഞു.
ഇന്ന് മധ്യപ്രദേശില്‍ വളരെ പ്രചാരം നേടിയ സെല്‍ഫ് ഹെല്പ് ഗ്രൂപ്പുകള്‍ക്ക് തുടക്കംകുറിക്കുന്നതിനും കൊള്ളപലിശക്കാരുടെ കെണിയില്‍ നിന്നും ഗ്രാമീണരെ രക്ഷിക്കുന്നതിനും പരിശ്രമിച്ച സമര്‍പ്പിതയായിരുന്നു വാഴ്ത്തപ്പെട്ട റാണി മരിയ എന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
ക്ഷമയുടെയും സ്നേഹത്തിന്റെയും കഥയാണ് സിസ്റ്റര്‍ റാണി മരിയിയുടെ ജീവിതമെന്ന് ആത്മദര്‍ശന്‍ ടിവി ഡയറക്ടര്‍ ആനന്ദ് ചെരിയത്ത് പറഞ്ഞു. ആത്മദര്ശന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സെല്‍വിന്‍ ഇഗ്നേഷ്യസ് ആണ് ചിത്രത്തിന്റെ സംവിധായകന്. തിരക്കഥ റിജു ചന്ദ്രയാന്‍, എഡിറ്റിംഗ് നിതീഷ് കെ.ദാസ്, ഡിഒപി ദീപക് പാണ്ഡേ, ശബ്ദമിശ്രണം എബിന് പള്ളിച്ചന്‍, കലാസംവിധാനം വിശാല്‍ മേത്ത എന്നിവരാണ് നിര്‍വഹിച്ചിരിക്കുന്നത്.
വാഴ്ത്തപ്പെട്ട റാണി മരിയയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ഫീച്ചര്‍ ഫിലിമില്‍ മധ്യപ്രദേശിലെ വിദൂരമായ ഒരു വില്ലേജില്‍ ചൂഷണത്തിന് വിധേയരയി കഴിഞ്ഞിരുന്ന തൊഴിലാളികളുടെ ഇടയിലേക്ക് കടന്നുവന്ന കന്യാസ്ത്രിയുടെ കഥ അനാവരണം ചെയ്യുന്നു. ഇന്‍ഡോറില്‍ നിന്നുതന്നെയുള്ള അഭിനേതാക്കളാണ് ഫീച്ചര്‍ ഫിലിമില്‍ വേഷമിട്ടിരിക്കുന്നത്.
അതേസമയം തന്നെ ബോളിവുഡില്‍ സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം ആസ്പദമാക്കി ‘ദ ഫേസ് ഓഫ് ദ ഫേസ്ലെസ്’ എന്ന സിനിമ തയാറായി വരുന്നു.