ഫെബ്രുവരി ഇരുപത്തിയേഴാം തീയതി ഞായറാഴ്ച (27/02/22) ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ ഫ്ലോറൻസ് നഗരത്തിൽ മദ്ധ്യധരണ്യാഴി പ്രദേശത്തെ മെത്രാന്മാരുടെയും നഗരാധിപന്മാരുടെയും സമ്മേളനത്തിന് സമാപന ദിവ്യബലി അർപ്പിക്കുകയും അവിടെ വച്ച് മദ്ധ്യാഹ്നപ്രാർത്ഥന നയിക്കുകയും ചെയ്യാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും കാൽമുട്ടുവേദനയുള്ളതിനാൽ വൈദ്യനിർദ്ദേശമനുസരിച്ച് ആ യാത്ര വേണ്ടെന്നു വയ്ക്കുകയായിരുന്നു. ആകയാൽ, പാപ്പാ ഞായറാഴ്ചകളിലെ പതിവനുസരിച്ച്, വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. ഇതിൽ പങ്കുകൊള്ളുന്നതിന് വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ സന്നിഹിതരായിരുന്നു.
റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 4,30-ന് ത്രികാലജപം ചൊല്ലുന്നതിനായി പാപ്പാ, ആ സമയത്തിന് അല്പം മുമ്പ് അരമനയുടെ മുകളിലത്തെ നിലയിലുള്ള പതിവു ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ ബസിലിക്കാങ്കണത്തിൽ സന്നിഹിതരായിരുന്ന ജനസഞ്ചയത്തിൻറെ ആനന്ദരവങ്ങളുയർന്നു. പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ, സാധാരണ ചെയ്യാറുള്ളതുപോലെ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻ റീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായറാഴ്ച (27/02/22) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, ലൂക്കായുടെ സുവിശേഷം ആറാം അദ്ധ്യായം 39-45 വരെയുമുള്ള വാക്യങ്ങൾ, അതായത്, സഹോദരൻറെ കണ്ണിലെ കരടു നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനു മുമ്പ് സ്വന്തം കണ്ണിലെ തടിക്കഷണം നീക്കം ചെയ്ത് തെളിഞ്ഞ കാഴ്ച നേടാനും, കാപട്യം വെടിയാനും ആഹ്വാനം ചെയ്യുകയും ഹൃദയത്തിൻറെ നിറവിൽ നിന്ന് അധരം സംസാരിക്കുന്നു എന്നു പഠിപ്പിക്കുകയും ചെയ്യുന്ന സുവിശേഷഭാഗം ആയിരുന്നു. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ വിചിന്തനം ഇപ്രകാരം പരിഭാഷപ്പെടുത്താം:
നോട്ടവും സംസാരവും…
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!
ഇന്നത്തെ ആരാധനാക്രമത്തിലെ സുവിശേഷത്തിൽ, യേശു, നമ്മുടെ നോട്ടത്തെയും സംസാരത്തെയും കുറിച്ച് ചിന്തിക്കാൻ നമ്മെ ക്ഷണിക്കുന്നു. നോട്ടവും സംസാരവും.
അപരൻറെ കുറവുകളെ പർവതീകരിക്കുന്ന പ്രവണത…
സർവ്വോപരി, നമ്മുടെ നോട്ടത്തെക്കുറിച്ചാണ് പറയുന്നത്. നമ്മുടെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതെ സഹോദരൻറെ കണ്ണിലെ കരടു കണ്ടുപിടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അപകടസാദ്ധ്യത നമുക്കുണ്ട് എന്ന് കർത്താവ് പറയുന്നു (ലൂക്കാ 6:41). മറ്റു വാക്കുകളിൽ പറഞ്ഞാൽ, നമ്മുടെ കുറവുകളെ നിസ്സാരമായിക്കണ്ടുകൊണ്ട് നാം അവയെ സ്വച്ഛമായി അവഗണിക്കുകയും മറ്റുള്ളവരുടെ പോരായ്മകളിൽ വളരെ ശ്രദ്ധാലുക്കളായിരിക്കുകയും ചെയ്യുന്നു. യേശു പറയുന്നത് സത്യമാണ്: മറ്റുള്ളവരെ കുറ്റപ്പെടുത്താനും സ്വയം ന്യായീകരിക്കാനും നാം എപ്പോഴും കാരണങ്ങൾ കണ്ടെത്തുന്നു. ആദ്യംതന്നെ നാം ആത്മശോധന ചെയ്യാതെയും, സർവ്വോപരി, നമ്മിൽ ഒരു മാറ്റം വരുത്താൻ പരിശ്രമിക്കാതെയും നാം പലപ്പോഴും ചെയ്യുന്നത് സമൂഹത്തിലും സഭയിലും ലോകത്തിലും ശരിയായ രീതിയിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് പരാതിപ്പെടുകയാണ്.
ഫലവത്തായ, ക്രിയാത്മകമായ എല്ലാ മാറ്റങ്ങളും നമ്മിൽ നിന്ന് ആരംഭിക്കണം. അങ്ങനെയല്ലെങ്കിൽ, ഒരു മാറ്റവും ഉണ്ടാകില്ല. യേശു വിശദീകരിക്കുന്നു – അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ നോട്ടം അന്ധമാണ്. നമ്മൾ അന്ധരാണെങ്കിൽ മറ്റുള്ളവർക്ക് വഴികാട്ടിയും ഗുരുക്കന്മാരും ആയിരിക്കാൻ നമുക്കു സാധിക്കില്ല: തീർച്ചയായും, ഒരു അന്ധന്, മറ്റൊരു അന്ധനെ നയിക്കാൻ കഴിയില്ലല്ലോ (വാക്യം 39).
കാഴ്ചയെ ശുദ്ധീകരിക്കുക…
പ്രിയ സഹോദരീ സഹോദരന്മാരേ, നമ്മുടെ കാഴ്ചയെ വീണ്ടും തെളിച്ചമുള്ളതാക്കാൻ കർത്താവ് നമ്മെ ക്ഷണിക്കുന്നു. നാം ആദ്യം ചെയ്യേണ്ട കാര്യമായി അവിടന്ന് ആവശ്യപ്പെടുന്നത് നമ്മുടെ ദുരവസ്ഥകൾ തിരിച്ചറിയാൻ നാം നമ്മുടെ ഉള്ളിലേക്കു നോക്കാനാണ്. കാരണം, നമ്മുടെ കുറവുകൾ കാണാൻ നമുക്കു കഴിയുന്നില്ലെങ്കിൽ, മറ്റുള്ളവരുടെ കുറവുകൾ പെരുപ്പിച്ചു കാണിക്കുന്ന പ്രവണത നമുക്കുണ്ടാകും. നേരെമറിച്ച്, നമ്മുടെ തെറ്റുകളും ദുരവസ്ഥകളും നാം തിരിച്ചറിയുകയാണെങ്കിൽ, കരുണയുടെ വാതിൽ നമുക്കായി തുറക്കപ്പെടും. നാം നമ്മുടെ ഉള്ളിലേക്ക് നോക്കിയ ശേഷം, താൻ ചെയ്യുന്നതുപോലെ, മറ്റുള്ളവരെ നോക്കാൻ യേശു നമ്മെ ക്ഷണിക്കുന്നു. ഇതാണ് രഹസ്യം: അവിടന്നു നോക്കുന്നതുപോലെ മറ്റുള്ളവരെ നോക്കുക.
ആ നോട്ടം, സർവ്വോപരി, തിന്മയല്ല, മറിച്ച്, നന്മയാണ് കാണുക. ദൈവം നമ്മെ നോക്കുന്നത് ഇങ്ങനെയാണ്: തിരുത്താനാവാത്ത തെറ്റുകൾ അവിടന്ന് നമ്മിൽ കാണുന്നില്ല, മറിച്ച് തെറ്റുപറ്റുന്ന മക്കളെയാണ്. വീക്ഷണരീതി മാറ്റുക: തെറ്റുകളിലല്ല, തെറ്റുപറ്റുന്ന മക്കളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദൈവം എപ്പോഴും ഒരു വ്യക്തിയെ അവൻറെ തെറ്റുകളിൽ നിന്ന് വേർതിരിക്കുന്നു. വ്യക്തിയെ എന്നും രക്ഷിക്കുന്നു. അവിടന്ന് എപ്പോഴും വ്യക്തിയിൽ വിശ്വസിക്കുന്നു, തെറ്റുകൾ ക്ഷമിക്കാൻ എപ്പോഴും തയ്യാറാണ് അവിടന്ന്. ദൈവം സദാ പൊറുക്കുന്നുവെന്ന് നമുക്കറിയാം. അതുപോലെ ചെയ്യാൻ അവിടന്ന് നമ്മെ ക്ഷണിക്കുന്നു: അതായത്, മറ്റുള്ളവരിൽ തിന്മയല്ല, നന്മ തേടാൻ.
സംസാര ശൈലി…
നോട്ടത്തിനു ശേഷം, ഇന്ന് യേശു നമ്മെ ക്ഷണിക്കുന്നത് നമ്മുടെ സംസാരത്തെക്കുറിച്ച് ചിന്തിക്കാനാണ്. “ഹൃദയത്തിൻറെ നിറവിൽ നിന്നുള്ളതാണ്” (വാക്യം 45) അധരം ആവിഷ്ക്കരിക്കുന്നതതെന്ന് കർത്താവ് വിശദീകരിക്കുന്നു. അത് ശരിയാണ്. ഒരാളുടെ ഹൃദയത്തിൽ എന്താണെന്ന് അവൻറെ സംസാര രീതിയിൽ നിന്ന് നിനക്കു പെട്ടെന്നു മനസ്സിലാക്കാൻ സാധിക്കുന്നു. നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾ നമ്മൾ ആരാണെന്ന് പറയുന്നു. എന്നിരുന്നാലും, ചിലപ്പോൾ, നാം നമ്മുടെ വാക്കുകളിൽ വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുകയും അവ ഉപരിപ്ലവമായി ഉപയോഗിക്കുകയും ചെയ്യുന്നു.
എന്നാൽ വാക്കുകൾക്ക് കനമുണ്ട്: ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കാനും നമുക്കുള്ള ഭയങ്ങൾക്കും നാം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾക്കും ശബ്ദം നൽകാനും ദൈവത്തെയും മറ്റുള്ളവരെയും വാഴ്ത്താനും അവ നമ്മെ അനുവദിക്കുന്നു. എന്നിരുന്നാലും, നിർഭാഗ്യവശാൽ, ഭാഷ ഉപയോഗിച്ച് നമുക്ക് മുൻവിധികൾ വളർത്താനും തടസ്സങ്ങൾ ഉയർത്താനും നമ്മുടെ സഹോദരങ്ങളെ ആക്രമിക്കാനും നശിപ്പിക്കാനും കഴിയും; നക്കുകൊണ്ട് നമുക്ക് സഹോദരങ്ങളെ നശിപ്പിക്കാനാകും: പരദൂഷണം വേദനാജനകമാണ്, അപവാദം കത്തിയെക്കാൾ മൂർച്ചയേറിയതാണ്!
ഇക്കാലത്ത്, പ്രത്യേകിച്ച് ഡിജിറ്റൽ ലോകത്ത്, വാക്കുകൾ അതിവേഗം പായുന്നു; എന്നാൽ അനേകം വാക്കുകൾ കോപവും ആക്രമണവും സംവഹിക്കുകയും തെറ്റായ വാർത്തകൾ പോഷിപ്പിക്കുകയും വികലമായ ആശയങ്ങൾ പ്രചരിപ്പിക്കാൻ പൊതുജനത്തിൻറെ ഭയത്തെ മുതലെടുക്കുകയും ചെയ്യുന്നു. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലും സമാധാനത്തിനുള്ള നൊബേൽ പുരസകാരജേതാവുമായ ഒരു നയതന്ത്രജ്ഞൻ പറഞ്ഞു, “വാക്ക് ദുരുപയോഗം ചെയ്യുന്നത് മനുഷ്യനെ നിന്ദിക്കലിനു തല്യമാണ്” (D. HAMMARSKJÖLD, Traces of the travel, Magnano BI 1992, 131).
നമ്മുടെ പദപ്രയോഗങ്ങളുടെ ലക്ഷ്യമെന്ത്?
അപ്പോൾ, എപ്രകാരമുള്ള പദങ്ങളാണ് നാം ഉപയോഗിക്കുന്നതെന്ന് നമുക്ക് സ്വയം ചോദിക്കാം: ശ്രദ്ധ, ബഹുമാനം, ധാരണ, സാമീപ്യം, അനുകമ്പ എന്നിവ പ്രകടിപ്പിക്കുന്ന വാക്കുകളോ അതോ മറ്റുള്ളവരുടെ മുന്നിൽ നമ്മെ നല്ലവരായി അവതരിപ്പിക്കുകയെന്ന പ്രധാന ലക്ഷ്യത്തോടുകൂടിയ വാക്കുകളോ? എന്നിട്ട്, നമ്മൾ സൗമ്യമായി സംസാരിക്കുകയാണോ അതോ വിഷം വിതറി, അതായത്, വിമർശിക്കുകയും, പരാതിപറയുകയും, വ്യാപകമായ ആക്രമണം പോഷിപ്പിക്കുകയും ചെയ്തുകൊണ്ട്, ലോകത്തെ മലിനമാക്കുകയാണോ?
പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം…
നമ്മുടെ നോട്ടത്തെയും സംസാരത്തെയും ശുദ്ധീകരിക്കാൻ നമ്മെ സഹായിക്കുന്നതിന്, നമുക്ക്, മാതാവിനോട്, ദൈവം ആരുടെ എളിമയെ തൃക്കൺപാർത്തുവോ, ആ മറിയത്തോട്, നിശബ്ദതയുടെ കന്യകയോട് പ്രാർത്ഥിക്കാം.
ഈ ക്ഷണത്തെ തുടർന്ന് പാപ്പാ കര്ത്താവിന്റെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.
ഉക്രയിൻ ദുരന്തം…
ആശീർവ്വാദാനന്തരം പാപ്പാ, റഷ്യ-ഉക്രയിൻ യുദ്ധമെന്ന ദുരന്തത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു:
ഈ ദിവസങ്ങളിൽ, ദാരുണമായ ഒരു ദുരന്തം നമ്മെ അസ്വസ്ഥരാക്കിയിരിക്കയാണ്: യുദ്ധം. ഈ വഴി അവലംബിക്കാതിരിക്കേണ്ടതിനായി നാം പലവുരു പ്രാർത്ഥിച്ചു. ഈ പ്രാർത്ഥന നാം അവസാനിപ്പിക്കുന്നില്ല, മറിച്ച്, ദൈവത്തെ നമുക്ക് ഉപരി തീക്ഷ്ണതയോടുകൂടി വിളിച്ചപേക്ഷിക്കാം. ആകയാൽ, മാർച്ച് 2, ക്ഷാര ബുധനാഴ്ച, ഉക്രൈനിലെ സമാധാനത്തിനായുള്ള പ്രാർത്ഥനയുടെയും ഉപവാസത്തിൻറെയും ദിനമായി ആചരിക്കാനുള്ള ക്ഷണം ഞാൻ നവീകരിക്കുന്നു. ഉക്രേനിയൻ ജനതയുടെ കഷ്ടപ്പാടുകളിൽ അവരോട് അടുത്തായിരിക്കാനും എല്ലാവരെയും സഹോദരീസഹോദരന്മാരെയി കരുതാനും യുദ്ധാന്ത്യത്തിനായി ദൈവത്തോട് പ്രാർത്ഥിക്കാനുമുള്ള ഒരു ദിനം.
നരകുലത്തെ മറക്കുന്ന യുദ്ധക്കൊതി…
യുദ്ധം ചെയ്യുന്നവർ, യുദ്ധം ഇളക്കിവിടുന്നവർ, നരകുലത്തെ മറക്കുന്നു. അത് ആരംഭിക്കുന്നത് ജനങ്ങളിൽ നിന്നല്ല, അത് ജനങ്ങളുടെ സമൂർത്ത ജീവിതത്തിലേക്ക് നോക്കുന്നില്ല, മറിച്ച് എല്ലാത്തിനുമുപരിയായി സ്ഥാപിത താൽപ്പര്യങ്ങളും അധികാരവും പ്രതിഷ്ഠിക്കുന്നു. ആയുധങ്ങളുടെ പൈശാചികവും വികൃതവുമായ യുക്തിയ്ക്ക് ഒരുവൻ സ്വയം സമർപ്പിക്കുന്നു, ആ യുക്തി ദൈവഹിതത്തിൽ നിന്ന് ഏറ്റവും അകലെയാണ്. സമാധാനം ആഗ്രഹിക്കുന്ന സാധാരണക്കാരിൽ നിന്ന് ഒരുവൻ അകന്നുപോകുന്നു.
ഓരോ സംഘർഷത്തിൻറെയും യഥാർത്ഥ ഇരയാണ് സാധാരണജനം. യുദ്ധത്തിൻറെ ഭോഷത്തത്തിന് അവർ വില നല്കേണ്ടിവരുന്നു. വൃദ്ധജനത്തെയും അഭയം തേടുന്ന സകലരെയും, മക്കളുമായി പലായനം ചെയ്യുന്ന അമ്മമാരെയും ഈ സമയത്ത് ഞാൻ ഓർക്കുകയാണ്. അവർ സഹോദരീസഹോദരന്മാരാണ്, അവർക്ക് ജീവകാരുണ്യ ഇടനാഴികൾ തുറക്കേണ്ടത് അടിയന്തിരമാണ്, അവരെ സ്വാഗതം ചെയ്യണം.
സമാധാന സ്നേഹികൾ യുദ്ധത്തെ നിരാകരിക്കുന്നു…
ഉക്രെയിനിൽ സംഭവിക്കുന്ന കാര്യങ്ങൾ ഹൃദയഭേദകമാണ് – യെമൻ, സിറിയ, എത്യോപ്യ തുടങ്ങിയ ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നടക്കുന്ന യുദ്ധങ്ങളും നാം മറക്കരുത് …, ഞാൻ ആവർത്തിക്കുന്നു: അവരുടെ ആയുധങ്ങൾ നിശബ്ദമാകട്ടെ! ദൈവം സമാധാനം സ്ഥാപിക്കുന്നവർക്കൊപ്പമാണ്, അക്രമം അവലംബിക്കുന്നവരോടുകൂടെയല്ല. കാരണം, ഇറ്റലിയുടെ ഭരണഘടന പറയുന്നതുപോലെ, സമാധാന സ്നേഹികൾ “മറ്റ് ജനങ്ങളുടെ സ്വാതന്ത്ര്യത്തിനെതിരായ കുറ്റകൃത്യത്തിൻറെ ഉപകരണവും അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു മാർഗ്ഗവും എന്ന നിലയിലുള്ള യുദ്ധത്തെ നിരാകരിക്കുന്നു” (11).
സ്പെയിനിൽ പതിനാറ് നിണസാക്ഷികൾ, വാഴ്ത്തപ്പെട്ടവർ…
യുദ്ധത്തെക്കുറിച്ചു പരാമർശിച്ചതിനെ തുടർന്ന് പാപ്പാ, സ്പെയിനിൽ, 1930-കളിൽ നടന്ന മതപീഡന വേളയിൽ വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട പുരോഹിതൻ ഗയെത്താനൊ ഹിമെനെസ് മർത്തീനും പതിനഞ്ച് സഹ രക്തസാക്ഷികളും, അന്നാട്ടിലെ ഗ്രനാദയിൽ ,ശനിയാഴ്ച (26/02/8) വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടത് അനുസ്മരിച്ചു. ക്രിസ്തുവിൻറെ ഈ വീരശിഷ്യന്മാരുടെ സാക്ഷ്യം, വിശ്വസ്തതയോടും ധൈര്യത്തോടും കൂടി സുവിശേഷത്തെ സേവിക്കാനുള്ള അഭിവാഞ്ഛ എല്ലാവരിലും ഉണർത്തട്ടെയെന്ന് പാപ്പാ ആശംസിച്ചു.
സമാപനാഭിവാദ്യങ്ങൾ…
റോമാക്കാരെയും മറ്റു തീർത്ഥാടകരെയും അഭിവാദ്യം ചെയ്ത പാപ്പാ അനുവർഷം ഫെബ്രുവരി 28-ന് ആചരിക്കുന്ന അപൂർവ്വ രോഗ ലോകദിനത്തെക്കുറിച്ചു സൂചിപ്പിക്കുകയും രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും വിവിധ സംഘടനകൾക്കും അപൂർവ്വ രോഗ സംബന്ധിയായ ഗവേഷണപഠനങ്ങൾ നടത്തുന്നവർക്കും പ്രചോദനം പകരുകയും അവരുടെ ചാരെ താനുണ്ടെന്ന് ഉറപ്പു നല്കുകയും ചെയ്തു. തദ്ദനന്തരം പാപ്പാ, ത്രികാലപ്രാർത്ഥനയിൽ സംബന്ധിച്ച എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. അതിനു ശേഷം പാപ്പാ, എല്ലാവര്ക്കും നല്ല ഒരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകൾ വീശി ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.
By, ജോയി കരിവേലി, വത്തിക്കാൻ സിറ്റി.