കൂദാശാനുഷ്ഠാനങ്ങള്‍ക്കും പ്രാര്‍ത്ഥനാജീവിതത്തിനും നല്‍കേണ്ട പ്രാധാന്യത്തെ കുറിച്ച് പ്രമുഖ സിനിമാ താരവും പരസ്യചിത്രസംവിധായകനുമായ സിജോയ് വര്‍ഗീസ് പങ്കുവെക്കുന്നു…
സിനിമയിലൊരു വേഷമാണോ, ക്രിസ്തുവിലുള്ള വിശ്വാസമാണോ പ്രധാനം? ചോദ്യം സിജോയ് വര്ഗീസിനോടാണെങ്കില്, ക്രിസ്തുവിശ്വാസം എന്നുതന്നെയാകും ഉത്തരം. വെറും ഭംഗിവാക്കല്ല, ലഭിക്കുമായിരുന്ന ഒരു ഗംഭീര റോള്‍, ക്രിസ്തുസാക്ഷ്യത്തിന് വിരുദ്ധമാകുമെന്ന ബോധ്യത്താല്‍ വേണ്ടെന്നുവെച്ചിട്ടുണ്ട് സിജോയ്. ആ റോള്‍ ഉപേക്ഷിക്കാന്‍ അദ്ദേഹം സംവിധായകനോട് പറഞ്ഞ കാരണംകൂടി അറിഞ്ഞോളൂ: “ആ കഥാപാത്രം എന്റെ വിശ്വാസത്തിന് എതിരാണ്.”‘ബാംഗ്ലൂര്‍ ഡേയ്സ്’ എന്ന ചിത്രത്തിലെ ബൈക്ക് റേസിംഗ് കോച്ച്, ‘ജയിംസ് ആന്‍ഡ് ആലീസി’ലെ വിശുദ്ധ പേ്രതാസ് എന്നീ റോളുകള്മാത്രം മതി സിജോയ് വര്‍ഗീസിലെ അഭിനേതാവിനെ തിരിച്ചറിയാന്‍.
സിനിമാതാരം എന്ന നിലയിലാണ് പൊതുവേ അറിയപ്പെടുന്നതെങ്കിലും ദേശീയ തലത്തില്‍തന്നെ അറിയപ്പെടുന്ന പരസ്യചിത്ര സംവിധായകന്‍കൂടിയാണ് ഇദ്ദേഹം.സിനിമാ, പരസ്യം, സംഘടനാ പ്രവര്‍ത്തനം (പരസ്യചിത്രസംവിധായകരുടെ അസോസിയേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി) എന്നിങ്ങനെ തിരക്കുകളില്‍നിന്ന് തിരക്കുകളിലേക്ക് സഞ്ചരിക്കുമ്പോഴും വിശ്വാസജീവിതത്തിന് തന്നെയാണ് സിജോയിയുടെ മനസില്‍ ഒന്നാം സ്ഥാനം. അതിന് കാരണം തിരക്കിയാല്‍ മറുപടി ഒരു ദൈവവചനത്തില്‍ ചുരുങ്ങും: “ഞാന്‍ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലത്രേ.”
പൗലോസ് ശ്ലീഹാ പറഞ്ഞ അതേ വാക്കുകള്‍!? ക്രിസ്മസ് നല്കുന്ന ചിന്തകള്മൂന്ന് കാര്യങ്ങളാണ് ക്രിസ്മസ് രാത്രി നമ്മെ ഓര്‍മിപ്പിക്കുന്നത്. ഒന്ന്, കൂരിരുട്ട്. രണ്ട്, മരംകോച്ചുന്ന തണുപ്പ്, മൂന്ന്, ദുര്‍ഗന്ധം വമിക്കുന്ന കാലിത്തൊഴുത്ത്. ഇങ്ങനെ ഒരവസ്ഥയിലാണ് പരിശുദ്ധ കന്യകാമറിയവും വിശുദ്ധ യൗസേപ്പിതാവും ഉണ്ണീശോയുടെ തിരപ്പിറവി ആ കാലിത്തൊഴുത്തില്‍ സാധ്യമാക്കിയത്. ഇനി നമ്മുടെ ഹൃദയത്തിന്റെ അവസ്ഥയിലേക്ക് നമുക്കൊന്ന് എത്തിനോക്കാം.
പാപംമൂലം ഇരുട്ട് നിറഞ്ഞ ജീവിതവും പരിശുദ്ധാത്മാവ് നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന മരംകോച്ചുന്ന തണുപ്പും അന്യനെ സ്വീകരിക്കാത്ത മനോഭാവം മൂലമുണ്ടായ ദുര്ഗന്ധവുമൊക്കെയുള്ള നമ്മുടെ ഹൃദയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിനും വിശുദ്ധ യൗസേപ്പിതാവിനും ആദരവും സ്നേഹവും നല്കിയാല് നാം പോലുമറിയാതെ നമ്മില്‍ ഈശോ ജനിക്കും.
സത്രത്തിലെങ്ങും സ്ഥലം കിട്ടാതെ വാതിലുകള്‍ കൊട്ടിയടച്ചപ്പോള്‍ കാലിത്തൊഴുത്തില്‍ സൗകര്യമൊരുക്കിക്കൊടുത്തത് കന്നുകാലികളാണ്. ആ കന്നുകാലികളുടെയെങ്കിലും മനോഭാവം നമുക്കുണ്ടാകണം. അങ്ങനെയാണെങ്കില്‍ നമ്മുടെ ഹൃദയം അനേകര്‍ക്കുവേണ്ടി തുറന്നുകൊടുക്കാന്‍ സാധിക്കും. ഈ ചിന്ത കടന്നുവരുമ്പോള്‍ നാമറിയാതെ നമ്മുടെ ഹൃദയത്തില്‍ ഉണ്ണി പിറക്കും. വെളിപാട് പുസ്തകം പറയുന്നു: “ഇതാ ഞാന്‍ വാതിലില്‍ മുട്ടുന്നു. ആരെങ്കിലും എന്റെ സ്വരം കേട്ട് വാതില്‍ തുറന്നു തന്നാല്‍ ഞാന്‍ അവന്റെ അടുത്തേക്ക് വരും.” പരിശുദ്ധ കന്യകാമറിയത്തിനും വിശുദ്ധ യൗസേപ്പിതാവിനും ഉണ്ണീശോയ്ക്കും മുന്പില് വാതില്‍ കൊട്ടിയടക്കുന്ന അഹങ്കാരികളാകരുത് നാം.?
‘സോള്‍ജിയേഴ്സ് ഓഫ് ഹോളി റോസറി’ എന്ന പേരില്‍ പ്രാര്‍ത്ഥനാകൂട്ടായ്മയ്ക്ക് രൂപംകൊടുത്തതായി കേട്ടിട്ടുണ്ട്ജീവിതത്തിന്റെ പല പ്രതിസന്ധിഘട്ടങ്ങളിലും എനിക്ക് താങ്ങായി നിന്നത് പരിശുദ്ധ അമ്മയാണ്. അമ്മയുടെ കരംപിടിച്ച് പ്രാര്‍ത്ഥിക്കുന്ന അനുഭവമാണ് ജപമാല എനിക്ക് നല്‍കുന്നത്. പെരുന്നാള്‍ തിരക്കില്‍ കുഞ്ഞിനെ നഷ്ടപ്പെടാതിരിക്കാന്‍ ഒരമ്മ കാണിക്കുന്ന ജാഗ്രതയോടെ നമ്മുടെ കരം പിടിക്കാന്‍ കാത്തിരിക്കുന്നവളാണ് പരിശുദ്ധ കന്യകാമറിയം.
ക്രിസ്തുവിന്റെ ജീവിതത്തെ ഇത്ര മനോഹരമായി ധ്യാനിച്ച് പ്രാര്‍ത്ഥിക്കാന്‍ ജപമാലപോലെ മറ്റൊരു പ്രാര്ത്ഥനയുണ്ടോ? സമ്പൂര്‍ണ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ഒരു സഹോദരസംഘമാണ് ‘സോള്‍ജിയേഴ്സ് ഓഫ് ഹോളി റോസറി’. 2010 മെയ് 13ന് ദുബായ് സെന്റ് മേരീസ് ദൈവാലയത്തില്‍ പരിശുദ്ധ അമ്മയുടെ പ്രേരണയാല്‍ ഞങ്ങള്‍ രൂപംകൊടുത്ത ഈ പ്രസ്ഥാനം ലോകത്തിന്റെ പല കോണുകളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍.
ഓരോ ദൈവാലയത്തിലെയും വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഒരുമിച്ചു കൂടുന്ന ഈ സംഘം പാപ്പയുടെ നിയോഗങ്ങള്‍ക്കുവേണ്ടിയും പ്രസ്തുത ഇടവകയുടെ ആത്മീയ വിശുദ്ധീകരണത്തിനുവേണ്ടിയും ലോകം മുഴുവനുമുള്ള ജപമാല പടയാളികള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. സ്ഥിരമായി കഴുത്തില്‍ അണിയുന്ന പരിശുദ്ധ ജപമാല മാത്രമാണ് ഈ സംഘാംഗങ്ങളുടെ പ്രധാന ‘ആയുധം’.?
‘മറിയത്തിലൂടെ ഈശോയിലേക്ക്’ എന്ന ദര്‍ശനത്തില്‍ ആഴപ്പെട്ടതെങ്ങിനെ?
പിതാവായ ദൈവം നമുക്ക് നല്കിയ വലിയൊരു സമ്മാനമാണ് പരിശുദ്ധ കന്യകാമറിയം. മൂന്നു വര്‍ഷം പരസ്യജീവിതത്തില് ജീവിച്ച ക്രിസ്തു 30 വര്‍ഷം അമ്മയുടെ കരുതലിലും വാത്സല്യത്തിലുമാണ് വളര്‍ന്നത്. പരസ്യജീവിതത്തിന്റെ പത്തിരട്ടിക്കാലം അമ്മയോടൊത്ത് ജീവിച്ച ക്രിസ്തുവിന്റെ വ്യക്തിപരമായ മാനുഷികഗുണങ്ങളെ വളര്‍ത്തിയെടുക്കാന്‍ ആ അമ്മയുടെ വലിയൊരു സ്വാധീനംതന്നെ ഉണ്ടായിട്ടുണ്ടാവാം.
അങ്ങനെയെങ്കില്‍ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിനും മനുഷ്യര്‍ക്കും പ്രീതികരമായി എന്റെ ക്രിസ്തുവിനെ വളര്‍ത്തി വലുതാക്കിയ മറിയത്തിന് എന്നെയും വളര്‍ത്താന്‍ സാധിക്കും. ഈ മാതൃപുത്ര ബന്ധത്തെ മനസിലാക്കാന്‍ സാധിക്കാത്ത ഒരാള്‍ക്കും മറിയത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. മറിയത്തിന്റെ ലക്ഷ്യം ഒന്നേയുള്ളൂ, മറ്റൊരു ക്രിസ്തുവാക്കി നമ്മെ വളര്‍ത്തുക. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, കര്‍ത്താവിനെ വ്യക്തമായി കാണിച്ചുതരുന്ന ഒരു മാഗ്നിഫൈയിങ്ങ് ലെന്‍സാണ് മറിയമെന്ന്.?
‘ജയിംസ് ആന്‍ഡ് ആലീസ്’ എന്ന ചിത്രത്തില്‍ വിശുദ്ധ പത്രോസിനെ അവതരിപ്പിച്ച അനുഭവം?
ഞാന്‍ അവതരിപ്പിച്ച പത്രോസ് ശ്ലീഹായെ ഓര്‍മപ്പെടുത്തുന്ന കഥാപാത്രം, നല്ല ആത്മീയ അനുഭവമായിരുന്നു. ക്രിസ്തീയ വിശ്വാസമനുസരിച്ച് ഈ ലോകജീവിതത്തിനുശേഷം സ്വര്‍ഗീയ കവാടത്തില്‍ ജീവിതത്തിന്റെ കണക്കെടുപ്പ് നടത്തുന്ന ഓഡിറ്ററാണ് പത്രോസ് ശ്ലീഹ. സിനിമയുടെ ക്ലൈമാക്സില്‍ കഥാനായകന് പത്രോസ് ശ്ലീഹനല്കുന്ന ഉപദേശം ശ്രദ്ധേയമാണ്: “മരണം നിനക്ക് രണ്ടാമതൊരു അവസരം നല്കുന്നു. കാരണം ജീവിതം നിനക്ക് ഇനിയൊരവസരം നല്‍കില്ല.” വളരെ അര്‍ത്ഥവത്തായ വാക്കുകളാണിത്.
ബിഷപ്പ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ പിതാവ് ഉള്‍പ്പെടെ പല പ്രമുഖരും പല വേദികളിലും ഏറെ പ്രശംസിച്ച നല്ലൊരു കുടുംബചിത്രമാണിത്. കുഞ്ഞുങ്ങളോടും മാതാപിതാക്കളോടും ജീവിതപങ്കാളിയോടും സര്‍വോപരി അവരുടെ മാതാപിതാക്കളോടുമുള്ള നമ്മുടെ പെരുമാറ്റത്തില്‍ നാം കാണിക്കേണ്ട ശ്രദ്ധ വളരെ വലുതാണ്. വാക്കുകള്‍ പുറത്ത് പറയുമ്പോള്‍ നാം ഒത്തിരി ശ്രദ്ധിക്കണം. വാക്കുകള്‍കൊണ്ട് ആര്‍ക്കും മുറിവേല്ക്കരുത്. ഇത്തരം കാര്യങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്ന ശക്തമായ കഥാപാത്രമായിരുന്നു ഇതിലെ പത്രോസ് ശ്ലീഹ.?
കുടുംബപ്രാര്‍ത്ഥനയ്ക്ക് നല്കുന്ന പ്രാധാന്യത്തെക്കുറിച്ച്ജറീക്കോക്ക് ചുറ്റും കോട്ടമതില്‍ കെട്ടുന്നതിനെ കുറിച്ച് പഴയനിയമത്തില്‍ പരാമര്‍ശിക്കുന്നുണ്ടല്ലോ. മതിലില്‍ ഒരു വിള്ളല്‍ വീണാല്‍ ശത്രുപക്ഷം നുഴഞ്ഞുകയറും. അപ്പനും അമ്മയും മക്കളും ഒരുമിച്ചുചൊല്ലുന്ന കുടുംബപ്രാര്‍ത്ഥന, ആ കുടുംബത്തിന് ചുറ്റും കെട്ടുന്ന ജറീക്കോ കോട്ടമതിലാണ്. അതില്‍ വിള്ളലുകള്‍ വീഴരുത്. കുടുംബത്തിലെ ഒരു വ്യക്തി സന്ധ്യാപ്രാര്‍ത്ഥനയില്‍ കാണിക്കുന്ന അലസത ആ കുടുംബത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായേക്കാം.
പിശാചിന് കുടുംബത്തില്‍ കയറാന്‍ ഇത്തരം വിള്ളലുകള്‍ ഉണ്ടാക്കി കൊടുക്കരുത്. ചെറുപ്പംമുതലേ കുടുംബപ്രാര്‍ത്ഥനയുടെ പ്രാധാന്യം മനസിലാക്കിയാണ് മാതാപിതാക്കള്‍ ഞങ്ങളെ വളര്‍ത്തിയത്. പണ്ട് ചാച്ചനും അമ്മച്ചിയും വല്യമ്മച്ചിയും സഹോദരങ്ങളും ഒരുമിച്ചുചേര്‍ന്ന് കൊന്ത ചൊല്ലുന്നത് ഓര്‍ത്തുപോവുകയാണ്. പ്രാര്‍ത്ഥനയുടെ സമാപനത്തില്‍ ചൊല്ലുന്ന, എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥന എന്ത് മനോഹരമാണ്. അമ്മയോട് കുറെക്കൂടി ചേര്‍ന്ന് നടക്കാന്‍ ആ പ്രാര്‍ത്ഥന നമ്മെ സഹായിക്കും. “അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത” എന്ന അര്‍ത്ഥവത്തായ വാക്കുകളൊക്കെ വേറെ ഏത് പ്രാര്‍ത്ഥനയിലുണ്ട്.?
സിനിമാപ്രവര്‍ത്തനവും ദൈവവിശ്വാസവും ചേരില്ലെന്ന് പറയാറുണ്ടല്ലോ?
ധാരാളം ദൈവവിശ്വാസികള്‍ സത്യസന്ധമായി ജോലി ചെയ്യുന്ന മേഖലയാണ് സിനിമാരംഗം. എന്നെ സംബന്ധിച്ച് ദിവ്യബലിയില്‍ പങ്കുകൊള്ളുന്നതിനോ ബൈബിള്‍ വായിക്കുന്നതിനോ കൊന്ത ചൊല്ലുന്നതിനോ വിശ്വാസം ജീവിക്കുന്നതിനോ ഈ മേഖല തടസം നിന്നിട്ടില്ല. സിനിമ എന്നത് എനിക്ക് മധുരമുള്ളൊരു ഉത്തരവാദിത്തമാണ്.?
കുടുംബം നല്കുന്ന പിന്തുണതൈക്കോട്ടുശേരി കേളംപറമ്പില്‍ സി. വര്‍ഗീസും ലീലാമ്മയുമാണ് മാതാപിതാക്കള്‍. ഇരുവരും ഇന്ന് ജീവിച്ചിരിപ്പില്ല. ഭാര്യ ടെസി റാഫേല്‍. നാല് മക്കളാണ് ഞങ്ങള്‍ക്ക്: ആദിത്യ (വര്‍ക്കി), ഏമി (മറിയം), ആനി (അന്നമ്മ), ആന്റണി (റാഫേല്‍). തിരക്കുപിടിച്ച ജോലിത്തിരക്കിനിടയില്‍ കുടുംബനാഥയുടെ റോള്‍ ഭംഗിയായി നിറവേറ്റി മക്കളെ പരിപാലിക്കുന്നതു മാത്രമല്ല, എന്റെ ആധ്യാത്മിക ജീവിതത്തിന്റെ ശക്തികേന്ദ്രവും ടെസിതന്നെ.?
യുവസമൂഹത്തോട് പറയാനുള്ളത്യേശുക്രിസ്തു അക്കാലത്ത് തന്റെ ശിഷ്യരായ യുവാക്കളോട് പറഞ്ഞു: “നിങ്ങള്‍ ആഴത്തിലേക്ക് വലയെറിയുവിന്”. ഈ കാലഘട്ടത്തില്‍ ഈ വലയെ നമുക്ക് ഇന്റര്‍നെറ്റിനോട് ഉപമിക്കാം. നവസാമൂഹ്യമാധ്യമങ്ങളിലൂടെയും ക്രിസ്തുവിനെ പ്രഘോഷിക്കുന്ന നല്ല ക്രിസ്തുശിഷ്യരായി നമുക്കും മാറാം.