Rejoice In The Lord Always;And Again I Say, Rejoice. ആഗമനകാലത്തിലെ മൂന്നാമത്തെ ആഴ്ചയിലെത്തിയിരിക്കുവാണ് നമ്മൾ. ഈ ആഴ്ചയിൽ കത്തിക്കുന്നത് പിങ്ക് നിറത്തിലുള്ള മെഴുതിരി ആണ്. സന്തോഷത്തിൻ്റെ തിരിയാണത്. ആട്ടിടയരുടെ തിരി (Shepherd Candle) എന്നും ഇതറിയപ്പെടുന്നു. Advent (ആഗമനകാലം) ലെ ഈ സൺഡേ അറിയപ്പെടുന്നത് Gaudette Sunday എന്നാണ് . ‘ഗൗദത്തെ’ എന്നതിന് ലാറ്റിനിൽ അർത്ഥം സന്തോഷിക്കുക എന്നാണ്. രക്ഷകനായ യേശു ഭൂമിയിൽ അവതരിച്ചതിൻ്റെ സന്തോഷമാണ് ഈ ആഴ്ചയിൽ നമ്മൾ കൊണ്ടാടുന്നത്. മഹാമാരി കൊണ്ടും പ്രകൃതിദുരന്തങ്ങൾ കൊണ്ടും മറ്റു പ്രയാസങ്ങൾ കൊണ്ടുമൊക്കെ നിരാശപ്പെട്ടിരിക്കുന്ന ജനത്തിന് സന്തോഷത്തിൻ്റെ സദ്വാർത്തയുമായി ഒരു ക്രിസ്മസ് കൂടെ പടിവാതിൽക്കൽ.
ഒരു പ്രശ്നത്തിനും കെടുത്തിക്കളയാൻ പറ്റാത്ത അത്യധികമായ സന്തോഷം ദൈവത്തിൽ നിന്ന് മാത്രമേ വരൂ. എലിസബത്തിൻ്റെ ഉദരത്തിലുള്ള ശിശുവിനെ പോലും കുതിച്ചു ചാടിച്ച സന്തോഷം.’ എൻ്റെ ചിത്തം എൻ്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു’ എന്ന് മറിയത്തെ പരിശുദ്ധാത്മാവിനാൽ നിറഞ്ഞു പറയിച്ച സന്തോഷം. കർത്താവിൻ്റെ ഹൃദയവുമായി നമ്മുടെ ഹൃദയങ്ങൾ ചേർന്നിരിക്കുമ്പോൾ, അവൻ്റെ ഹിതങ്ങൾ നമ്മുടേതുമാകുമ്പോൾ, പ്രശ്നങ്ങൾക്കിടയിലും നമ്മുടെ ഹൃദയം ആനന്ദത്താൽ നിറയും.അത്തരമൊരു സന്തോഷമല്ലേ ആട്ടിടയർക്കുണ്ടായത്? പ്രവാചകന്മാരുടെ വാക്കുകളുടെ പൂർത്തീകരണത്തിന് നൂറ്റാണ്ടുകളായുള്ള കാത്തുനിൽപ്പ് …
രക്ഷകൻ്റെ ജനനത്തിനായി ചരിത്രം കാത്തുനിന്ന ആ മണിക്കൂർ. അത് വന്നു ചേർന്നിട്ടും, ദേവാലയത്തിൽ ആരാധനക്ക് നേതൃത്വം കൊടുക്കുന്ന പുരോഹിതരൊ രാജാക്കന്മാരോ ബുദ്ധിരാക്ഷസരോ ഒന്നുമറിഞ്ഞില്ല, അറിഞ്ഞത് ദേവാലയത്തിൽ പോകാൻ പോലും സമയമില്ലാതെ, സമൂഹം പാപികളായി, അധസ്ഥിതരായി മുദ്രകുത്തി മാറ്റിനിർത്തിയിരുന്ന ആട്ടിടയരാണ്. പാപികളെ മാനസാന്തരത്തിലേക്കു വിളിക്കാൻ വന്ന രക്ഷകനാണവൻ. അവൻ്റെ വരവ് പിന്നേ എങ്ങനെയാണ് ആകേണ്ടിയിരുന്നത്? ലോകത്തിൻ്റെ രീതികളും സ്റ്റാൻഡേർഡും അല്ലല്ലോ അവനും അവനെ പിഞ്ചെല്ലുന്നവർക്കും.
ഒരു പകലിൻ്റെ അദ്ധ്വാനം കഴിഞ്ഞ്, അന്നത്തേതിൻ്റെ ഇച്ഛാഭംഗങ്ങളും അടുത്ത ദിവസത്തേക്കുള്ള കണക്കുകൂട്ടലുകളുമൊക്കെയായി അശാന്തിയിൽ ക്ഷീണിച്ചുറങ്ങിയിരുന്ന അവർ അളക്കാനാവാത്ത ആനന്ദത്തിലേക്കു കൂപ്പുകുത്തിയത് പെട്ടെന്നാണ്. സമയം പൂർത്തിയായതിൻറെ സന്തോഷം, രക്ഷ വിചാരിച്ചിരുന്നതിനേക്കാളുമൊക്കെ അടുത്തെത്തിയ സന്തോഷം, രക്ഷകൻ മന്നിടത്തിൽ പിറന്നതിന്റെ അളവറ്റ ആഹ്ലാദം. രാത്രിയായിരുന്നു ആ പ്രഖ്യാപനം. രക്ഷകൻ രാത്രിയിൽ പിറന്നതിന്റെ സാംഗത്യമെന്താണ് ? കൂരിരുട്ടിൽ കഴിഞ്ഞിരുന്ന ജനത്തിന് പ്രകാശമായാണ് അവൻ വന്നത്.
ആത്മീയ ഇരുട്ടിൽ കഴിഞ്ഞവരെ, പാപത്തിൻ്റെ ബന്ധനത്തിൽ നിന്ന് സത്യത്തിൻ്റെ പ്രകാശത്തിലേക്ക് മോചിപ്പിക്കുവാൻ അവൻ വന്നു പിറന്നു. സൃഷ്ടിയുടെ ആദ്യവചനം തന്നെ അതായിരുന്നു. ” Let there be light” ‘വെളിച്ചം ഉണ്ടാവട്ടെ’. “അവനിൽ ജീവനുണ്ടായിരുന്നു, ആ ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. ആ വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു”(യോഹ 1:4-5) സദ്വാർത്ത അറിഞ്ഞ ആട്ടിടയർ അതിവേഗത്തിലാണ് രക്ഷകനെ കാണാൻ പോയത്. അതുകൊണ്ടവർക്ക് രക്ഷകനെ കൺകുളിർക്കെ കാണാൻ പറ്റി. ക്രിസ്മസ് ഇങ്ങടുത്തെത്തുമ്പോൾ നമ്മൾക്കും ദൈവത്തിന്റെ വചനത്തോട് തിടുക്കത്തിൽ പ്രതികരിക്കാം.
ഈശോയുടെ അടുത്തെത്താനുള്ള സത്യമായ ആഗ്രഹം മാത്രം മതി, അവൻ തന്നെ നമ്മെ തേടിപ്പിടിച്ചോളും. ദേവാലയത്തിൽ രക്ഷകൻ്റെ വരവ് കാത്തിരുന്ന ശിമെയോനും അന്നായും, ബർത്തിമേയൂസ്, സക്കേവൂസ്, രക്തസ്രാവക്കാരി. ഇവരുടെയൊക്കെ കാര്യത്തിൽ, അവർ അവനെ അന്വേഷിച്ചതിനേക്കാൾ കൂടുതലായി അവനാണ് അവരിലേക്ക് ചെന്നത്. അതുകൊണ്ട് ആത്മാർത്ഥമായ ആഗ്രഹവും ഒരുക്കവും പ്രാർത്ഥനയും ഉണ്ടെങ്കിൽ അവന്റെ സന്തോഷം നമ്മളിൽ കുടികൊള്ളും, നമ്മുടെ സന്തോഷം പൂർണ്ണമാവുകയും ചെയ്യും (യോഹ 15:11) കാരണം നമ്മുടെ വിശ്വാസത്തിൻ്റെ ലക്ഷ്യം ഈശോക്ക്, ആ സന്തോഷമാണ്. For The Joy of the Lord is Your Strength ( Neh 8:10)
By, ജിൽസ ജോയ്.