“യദാ യദാഹി ധര്മ്മസ്യ.. ഗ്ലാനിര് ഭവതി ഭാരതാ” എന്നു തുടങ്ങുന്ന ശ്ലോകമാണ് ഇന്നലത്തെ (2021 ഡിസംബർ 15) പത്രം വായനാനേരത്ത് മനസ്സിലെത്തിയത്! ‘ദ ഹിന്ദു’ ദിനപത്രത്തിൻ്റെ എഡിറ്റോറിയൽ പേജിൽ ശശി തരൂർ എഴുതിയ “Going back to the foundations of the Republic” എന്ന ലേഖനം ദേശസ്നേഹമുള്ള ഓരോ ഭാരതീയനും വലിയ സാന്ത്വനം നല്കുന്നതാണ്. അതിൽ അദ്ദേഹം വ്യക്തമാക്കുന്നത് ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ തുടങ്ങിയ വിഘടിതസ്വത്വങ്ങളല്ല, ഇന്ത്യൻപൗരൻ എന്ന ഏകസ്വത്വമാണ് ഭരണഘടനകർത്താക്കൾ ബ്രിട്ടീഷനന്തരഭാരതത്തിനു വേണ്ടി തിരഞ്ഞെടുത്ത് ഭരണഘടനയുടെ ഭാഗമാക്കിയത് എന്നാണ്.
തരൂർ കുറിക്കുന്നു: “ജനം പ്രഥമമായി ഹിന്ദുക്കളും മുസ്ലീങ്ങളുമാണോ അതോ ഇന്ത്യക്കാരാണോ എന്ന അടിസ്ഥാനപരമായ അഭിപ്രായ വ്യത്യാസം ഇന്നും നമ്മുടെ രാഷ്ട്രീയത്തെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ദേശീയതാപ്രസ്ഥാനം വിഭജിതമായിരുന്നത് രണ്ട് ആശയങ്ങൾക്കിടയിലായിരുന്നു: മതപരമായ സ്വത്വത്തെ സ്വന്തം ദേശീയതയുടെ നിർണായകമാനദണ്ഡമായി കണ്ടവരും മതസമൂഹങ്ങൾക്ക് എന്നതിനെക്കാൾ വ്യക്തികൾക്ക് അവകാശങ്ങൾ ഉറപ്പാക്കുന്ന, വിശ്വാസ പരിഗണന കൂടാതെ ഏവരെയും ഉൾക്കൊള്ളുന്ന ഇന്ത്യയിൽ വിശ്വസിച്ചവരും. ആദ്യത്തേത് പാക്കിസ്ഥാൻ എന്ന ആശയമായിത്തീർന്നു; രണ്ടാമത്തേത്, ഇന്ത്യ എന്ന ആശയവും”. അദ്ദേഹം തൻ്റെ ലേഖനം അവസാനിപ്പിക്കുന്നത് ഈ കുറിപ്പോടെയാണ്: “ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി ചുരുക്കുന്നത് നമ്മുടെ സ്ഥാപകനേതാക്കൾ സ്വതന്ത്രയായിക്കാണാൻ പോരാടിയ, ഇന്ത്യ എന്ന ആശയത്തെ തള്ളിപ്പറച്ചിലാകും”.
രാഹുലിനും വഴിതെറ്റുന്നു
ഡിസംബർ പന്ത്രണ്ടാം തീയതി ജയ്പൂരിൽ വച്ച് അൻവർ സാദത്തിനും റോജി എം. ജോണിനും ടി. സിദ്ദിഖിനുമൊക്കെ ഉണ്ടായ നടുക്കം മാറ്റുന്ന ലേഖനമാണ് തരൂരിൻ്റേത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്വന്തം തട്ടകമായ രാജസ്ഥാനിലെ ജയ്പൂരിൽ ജനസഹസ്രങ്ങളെ സംഘടിപ്പിച്ച് വിലക്കയറ്റത്തിനെതിരേ നടത്തിയ ബഹുജനസംഗമം കോൺഗ്രസ്സിൻ്റെ ശക്തിപ്രകടനവേദിയായി. ഒരു ലക്ഷത്തോളം പേർ പങ്കെടുത്തു എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ, കോൺഗ്രസ്സിൻ്റെ ഭാവി മുന്നിൽക്കണ്ടു നടത്തിയ ഒന്നായിരുന്നു ആ സംഗമം എന്നതിന് ബൃഹത്തായ സജ്ജീകരണങ്ങളും ചെലവഴിച്ച പണവും സാക്ഷി. അടുത്ത കാലത്തൊന്നും ഇത്രയ്ക്കു പണമെറിഞ്ഞ് കോൺഗ്രസ്സ് ഒരു പരിപാടി നടത്തിയിട്ടില്ല എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ഇന്ത്യ ഹിന്ദുരാജ്യം എന്നു രാഹുൽഗാന്ധി പറഞ്ഞതായി ധ്വനിപ്പിക്കുന്ന ശീർഷകമായിരുന്നു പിറ്റേ ദിവസത്തെ മാതൃഭൂമി ദിനപത്രം നല്കിയത്. ഇതിൻ്റെ വാസ്തവം ചികയാൻ ഒരു ശ്രമം നടത്തിയപ്പോഴാണ് ആ പ്രസംഗത്തിൻ്റെ സാരാംശം ഏതാണ്ട് അതൊക്കെത്തന്നെയായിരുന്നു എന്നു മനസ്സിലാക്കാൻ കഴിഞ്ഞത്. ഹിന്ദുത്വവാദികളെയും യഥാർത്ഥ ഹിന്ദുക്കളെയും താരതമ്യം ചെയ്തതിനുശേഷം രാഹുൽ മഹാത്മാഗാന്ധിയെ നല്ല ഹിന്ദുവിനും ഗോഡ്സെയെ ഹിന്ദുത്വവാദിക്കും ഉദാഹരണമായി അവതരിപ്പിച്ചു. പിന്നീടു ജനം കേട്ടതു മുഴുവൻ, നല്ല ഹിന്ദുക്കളെ അധികാരത്തിലേറ്റാനുള്ള ആഹ്വാനമായിരുന്നു.
ഏറ്റവും ശ്രദ്ധേയമായ കാര്യം, ഒരിക്കൽപോലും തൻ്റെ പ്രസംഗത്തിൽ രാഹുൽഗാന്ധി മതേതരത്വം, ബഹുസ്വരത എന്നീ വാക്കുകൾ ഉപയോഗിച്ചില്ല എന്നതാണ്. 135 വർഷം പിന്നിട്ട കോൺഗ്രസ്സ് പാർട്ടിയുടെ നിർണായകമായ ഒരു നയംമാറ്റ പ്രഖ്യാപനമായേ ജയ്പൂർ സമ്മേളനത്തെ കാണാനാകൂ. ഭൂരിപക്ഷസമുദായത്തെ പ്രകടമായി പ്രീണിപ്പിക്കാതെ കോൺഗ്രസ്സിനു ഭാവിയില്ല എന്ന് ബോധ്യമായതു പോലുള്ള പ്രകടനമായിരുന്നു രാഹുലിൻ്റേത്.
അദ്ദേഹം ഇത് കേജ്രിവാളിൽ നിന്നു പഠിച്ചതാകാനാണ് സാധ്യത എന്നാണ് വിലയിരുത്തപ്പെടുന്നത്. ആം ആദ്മി പാർട്ടി ഡൽഹിയിൽ വീണ്ടും ഭരണത്തിലെത്തിയതിൽ കേജ്രിവാൾ തഴുകുകയും താലോലിക്കുകയും ചെയ്ത ഹിന്ദുവികാരത്തിന് വലിയ പങ്കുണ്ടായിരുന്നു എന്നത് പട്ടാപ്പകൽ പോലെ വ്യക്തമായ കാര്യമാണ്. മതന്യൂനപക്ഷങ്ങളുടെ വിഷയങ്ങളിൽ നിന്ന് അകന്നുനില്ക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു എന്നതും സുവിദിതമാണ്. ഏതായാലും, ബിജെപിയുടെ പാതയിൽ കോൺഗ്രസ്സും നീങ്ങുന്നു എന്നത് മതേതരഭാരതത്തിന് തീരെ ശുഭകരമായ ഒരു വാർത്തയല്ല!
മതമാണ്, മതമാണ്, മതമാണ് മുഖ്യം!
ജയ്പൂരിൽ മുഴങ്ങിക്കേട്ടത് ഹിന്ദുഭരണ പ്രഭാഷണമാണെങ്കിൽ അതിനു മൂന്നു ദിവസങ്ങൾക്കു മുമ്പ് (ഡിസംബർ ഒമ്പതാം തീയതി) ഇവിടെ കേരളത്തിൽ കോഴിക്കോടു ബീച്ചിൽ പതിനായിരങ്ങൾ പങ്കെടുത്ത വഖഫ് ബോർഡ് സംരക്ഷണ റാലിയുടെ പരിസമാപ്തിയായി നടന്ന രാഷ്ട്രീയസമ്മേളനത്തിൽ അതിനെ കടത്തിവെട്ടുന്ന മുസ്ലീം മതപ്രഭാഷണമാണ് ഉയർന്നുകേട്ടത്. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൻ്റെ ബൗദ്ധിക നേതാവായി കരുതപ്പെടുന്ന കെ.എം. ഷാജിയാണ് രാഹുൽഗാന്ധിയെ മുന്നേ കടത്തിവെട്ടിയ പ്രസംഗം കാഴ്ചവച്ചത്. “ഞങ്ങൾക്ക് മതമാണ്, മതമാണ്, മതമാണ് മുഖ്യം! അതു ഞങ്ങളുടെ ഐഡൻ്റിറ്റിയാണ്” എന്ന് ഒരു സംശയത്തിനും ഇടയില്ലാത്തവണ്ണമാണ് ഷാജി പ്രസ്താവിച്ചത്. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിയാകട്ടെ, മന്ത്രി റിയാസ് – വീണ ദമ്പതിമാരുടെ വ്യഭിചാരപുരാണം ഖുറാനെ അടിസ്ഥാനപ്പെടുത്തി ‘നട്ടെല്ലോടെ’യും നെഞ്ചുറപ്പോടെയും പരസ്യമായും വിളിച്ചുപറഞ്ഞ് ഒടുവിൽ മാപ്പുപറയേണ്ട ഗതികേടിലുമായി! ചുരുക്കിപ്പറഞ്ഞാൽ, തങ്ങളുടെ നയം പാക്കിസ്ഥാൻ രാഷ്ട്രത്തിൻ്റെ അടിസ്ഥാന ആശയത്തോടാണ് ചേർന്നുനില്ക്കുന്നത് എന്നാണ് ലീഗു വ്യക്തമാക്കിയത്. മുസ്ലീം ലീഗ് എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും തനി മതേതര രാഷ്ട്രീയപാർട്ടിയാണ് തങ്ങൾ എന്ന് മുമ്പു പറഞ്ഞിരുന്നതൊക്കെ വെറും വാചകമടിയായിരുന്നു എന്നു പരസ്യമായി സമ്മതിച്ചിരിക്കുകയാണ് ആ ലീഗുസമ്മേളനം. അതിൽ, വഖഫ് വിഷയത്തെക്കുറിച്ചു പറയപ്പെട്ടവ മാത്രം ശ്രദ്ധിച്ചാൽ മതി എന്ന ധ്വനിയോടെ മുനീർ സാഹിബിന് മാധ്യമങ്ങളോട് പിന്നീടു സംസാരിക്കേണ്ടി വന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്.
മുത്തലാഖിനുവേണ്ടി ഉയരുന്ന ചെങ്കൊടി
“എല്ലാ വിവാഹമോചനവും സിവിൽ കേസാണ്; എന്നാൽ മുസ്ലീമിൻ്റെ വിവാഹമോചനം മാത്രം ക്രിമിനൽ കുറ്റമാക്കി” എന്ന പ്രസ്താവന ഇറങ്ങിയതും ഈയിടെയാണ്. മുത്തലാഖിന് നിരോധനമേർപ്പെടുത്തിയ പാർലിമെൻ്റു നിയമനിർമാണത്തിനെതിരേ കേരള മുഖ്യൻ ഇപ്പോൾ സംസാരിച്ചെന്ന വാർത്ത ഒരു കിംവദന്തിയായാണ് ഈയുള്ളവൻ ആദ്യം കരുതിയത്. പിന്നീടാണു ബോധ്യമായത്, ഡിസംബർ പത്താം തീയതി സിപിഎം കണ്ണൂര് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി ഈ മുസ്ലീംസ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയത് എന്ന്.
മുസ്ലീംവനിതകൾ മാത്രം അനുഭവിച്ചിരുന്ന ഈ അനീതിക്കെതിരേ നിരവധി മുസ്ലീം വനിതാസംഘടനകളുടെ പരാതി കൂടി പരിഗണിച്ചാണ് കേന്ദ്ര സർക്കാർ മുത്തലാഖ് നിയമംമൂലം നിരോധിച്ചത് എന്നിരിക്കെ, ശബരിമലയിൽ ഹൈന്ദവവനിതകളെ പ്രവേശിപ്പിക്കാൻ അരയും തലയും മുറുക്കിയ കേരള മുഖ്യൻ മൂന്നുവട്ടം തലാഖ് പറഞ്ഞ് സ്ത്രീയെ മൊഴി ചൊല്ലുന്ന മനുഷ്യത്വരഹിതമായ ഒരു ഏർപ്പാടിനെ അനുകൂലിച്ചു രംഗത്തുവന്നത് അതിശയകരമായിരിക്കുന്നു! ഹൈന്ദവ സ്ത്രീകൾക്ക് നവോത്ഥാനത്തിൻ്റെ ഫലങ്ങൾ വേണം; മുസ്ലീം സ്ത്രീകൾ എന്തും അനുഭവിച്ചോട്ടെ എന്ന ഈ നിലപാട് എങ്ങനെയാണ് നീതിബോധമുള്ള ഒരാൾക്ക് സ്വീകരിക്കാൻ കഴിയുന്നത്?
മദനിയെ കൂടെക്കൂട്ടി പണ്ട് തീവ്രവാദാനുകൂലി എന്ന പേരുദോഷം നേടിയ ആളാണ് പിണറായി. അദ്ദേഹത്തിൻ്റെ ആദ്യമന്ത്രിസഭയിലെ ട്രോജൻ കുതിരയായ കെ.ടി. ജലീലിൻ്റെ ‘പുതിയ നിയമനിർമാണ’ങ്ങളും ‘ഖുറാൻ’ വിതരണവും യുഎഇ കൊൺസുലേറ്റു കുണ്ടാമണ്ടികളും എങ്ങനെയാണ് പച്ച വർഗീയ കാർഡുകളിറക്കി പാർട്ടിയും സർക്കാരും പൊതിഞ്ഞുപിടിച്ചത് എന്നത് ആരും മറന്നിട്ടുണ്ടാവില്ല.
പാവം അംബേദ്കർ!
‘തനി’ ഹിന്ദുത്വവാദികളായ മോദിമാരും ‘വെറും’ ഹിന്ദുവാദികളായ കേജ്രിവാൾമാരും രാഹുൽമാരും ‘തനി’ ഇസ്ലാമിസ്റ്റുവാദികളായ ഫസൽ ഗഫൂർമാരും ‘വെറും’ ഇസ്ലാംവാദികളായ ഷാജിമാരും ‘മൃദു’വെന്നോ ‘തീവ്ര’മെന്നോ തിരിച്ചറിയാനാവാത്ത ഇസ്ലാംവാദികളായ പിണറായിമാരും ചേർന്ന് ഗാന്ധിജിയെയും നെഹ്രുവിനെയും അംബേദ്കറെയും തോല്പിക്കാനുള്ള കഠിനയത്നത്തിലാണ്. വേറൊരു വിധത്തിൽ പറഞ്ഞാൽ, ഇവരുടെയൊക്കെ കൊടിമൂത്ത ശത്രു ഇന്ത്യയുടെ മതേതരത്വമാണ്. ഭാരതംതന്നെ ഒരു ഭ്രാന്താലയമാക്കിയിട്ടേ ഇക്കൂട്ടർ അടങ്ങൂ. അതെ, മദമാണ് മദമാണ് മദമാണ് മുഖ്യം!
ഈ പശ്ചാത്തലത്തിലാണ് ശശി തരൂരിനെപ്പോലുള്ളവരുടെ ഇത്തരം ഇടപെടലുകൾ മതേതരഭാരതത്തിനു വേണ്ടി നിലകൊള്ളുന്ന ഒരു ശരാശരി ഭാരതീയന് കൊടുംവെയിലിലെ കുളിർ മഴയായി അനുഭവപ്പെടുന്നത്.
By, ഫാ. ജോഷി മയ്യാറ്റിൽ.