മൈക്കിൾ ആൻജലോ എന്ന വിശ്വപ്രസിദ്ധനായ ശിൽപിയുടെ കൈയൊപ്പു പതിഞ്ഞ ഒരേയൊരു ശിൽപമാണ് “പ്യേത്ത (Pietà)”. കരുണ എന്ന അർത്ഥമുള്ള ഈ ശിൽപത്തിനടിയിൽ “ചേര” എന്ന് എഴുതി വയ്ക്കുന്ന അധമബോധത്തിന് കേരളത്തിൽ വിളിക്കുന്ന പേരാണ് “ആവിഷ്കാര സ്വാതന്ത്ര്യം”
“Jesus died for our sins not our sexuality” എന്നെഴുതി പാലക്കാട് ഗവൺമെൻ്റ് വിക്ടോറിയ കോളജിൽ ചാരിവച്ചിരിക്കുന്ന ആലിംഗനബദ്ധരായ സ്ത്രീ- പുരുഷ ചിത്രത്തിനടിയിൽ കേരളത്തിലെ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനമായ SFlയുടെ അഭിപ്രായ സ്വാന്തന്ത്ര്യമാണ് ഉയർന്നിരിക്കുന്നത്!”ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു” എന്നത് ഒരു ചരിത്ര യാഥാർത്ഥ്യമാണ്. എന്നാൽ “യേശു പാപങ്ങൾക്കു വേണ്ടി മരിച്ചു, നമ്മുടെ ലൈംഗികതയ്ക്ക് (sexuality)വേണ്ടിയല്ല” എന്നു പറയുമ്പോൾ “ലൈംഗികത പാപമാണെന്ന്” ബൈബിളോ സഭയോ പഠിപ്പിക്കുന്നില്ല എന്ന വസ്തുത പുരോഗമനവാദികൾ മനസ്സിലാക്കിയിട്ടില്ല.
“ലൈംഗികത സന്തോഷത്തിൻ്റെയും സുഖത്തിൻ്റെയും ഉറവിടമാണ്” എന്നാണ് സഭ പഠിപ്പിക്കുന്നത് (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം CCC 2362). എന്നാൽ വിവാഹത്തിനു വെളിയിൽ ലൈംഗികതയെ ഉപയോഗിക്കുന്നത് (CCC 2352) വ്യഭിചാരമാണ്. അവിവാഹിതരായ സ്ത്രീ പുരുഷന്മാരുടെ ലൈംഗികബന്ധം (CCC 2353) അവിഹിതവേഴ്ചയാണ്. വ്യഭിചാരവും അവിഹിതവേഴ്ചയും പാപമാണെന്ന് സഭ പഠിപ്പിക്കുന്നു. അതിനാൽ ”മനുഷ്യൻ്റെ പാപത്തിനു വേണ്ടി യേശു മരിച്ചു” എന്നു പറയുമ്പോൾ വ്യഭിചാരവും അവിഹിതവേഴ്ചയുമെല്ലാം അതിൽ ഉൾപ്പെടുന്നു.
ഒരു നിയന്ത്രണവുമില്ലാതെ പച്ചത്തെറി പറയുന്ന “ചുരുളി” എന്ന സിനിമയെ വാനോളം പുകഴ്ത്തിയ ഒരു മുൻ ഐഎഎസ് ഓഫീസറുടെ ആസ്വാദനം വായിച്ചു. ഇതോടെ പച്ചത്തെറിക്ക് കേരള നാട്ടിൽ എല്ലവിധ സംസ്കാരിക അംഗീകാരവും ലഭിച്ചിരിക്കുന്നു! തെറിയൻ പുസ്തകമായ “മീശ” എന്ന നോവലിന് അവാർഡ് നൽകിയ നാട് “ചുരുളി”യെയും അവാർഡ് നൽകി ആദരിച്ച് തെറികളും അഭിപ്രായ സ്വാതന്ത്യത്തിൻ്റെ ഭാഗമാണെന്നു പ്രഖ്യാപിച്ചേക്കാം!
“റോഡിൽ തുപ്പരുത്” എന്ന് എഴുതിവച്ചിരിക്കുന്ന പല ബോർഡുകളും ഉള്ള നാട്ടിൽ ഭക്ഷണത്തിൽ തുപ്പുന്നത് മഹത്വവത്കരിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്! ഭക്ഷണത്തിൽ തുപ്പുന്നതല്ല പ്രശ്നം, “തുപ്പിയ ഭക്ഷണം” കഴിക്കരുത്, വിൽക്കരുത് എന്നൊക്കെ പറയുന്നതാണ് പ്രശ്നം!നമുക്ക് ഇതെന്തു പറ്റി ?
By, മാത്യു ചെമ്പുകണ്ടത്തിൽ