പ്രിയമുള്ളവരെ, ജീവിതത്തിൽ ശരികളോടൊപ്പം തെറ്റുകളും അബദ്ധങ്ങളും സംഭവിച്ചേക്കാം. തോൽവികൾ പലതും നമ്മെ വ്യക്തിപരമായ വളർച്ചയിലേക്ക് നയിച്ചേക്കാം. നമുക്കു ചുറ്റുമുള്ള എല്ലാവരും , അതു പോലെ തന്നെ നമുക്കു ചുറ്റുമുള്ള എല്ലാ കാര്യങ്ങളും പൂർണ്ണമായി ശരിയാകണമെന്ന് വാശി പിടിക്കാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ നാം നിരാശരാകും തീർച്ച. തെറ്റുകൾ പ്രതീക്ഷിക്കുക; തെറ്റുപറ്റിയാൽ നിരാശരാകാതെ അഹംഭാവമില്ലാതെ തിരുത്തുക, അതാണ് കരണീയം.
തോൽവി സംഭവിച്ചാൽ, വീഴ്ചകൾ ജീവിതത്തിൽ സംഭവിച്ചാൽ മറ്റുള്ളവർ എന്നെക്കുറിച്ച് എന്ത് ചിന്തിക്കും എന്നതാണ് തോൽവിയേക്കാൾ നമ്മെ പലരേയും അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം. പ്രിയമുള്ളവരെ ഓർക്കുക, മറ്റുള്ളവർക്ക് നമ്മെക്കുറിച്ചുള്ള അഭിപ്രായത്തേക്കാൾ വലുതായിരിക്കണം ശ്രേഷ്ഠമായിരിക്കണം നമുക്ക് നമ്മേക്കുറിച്ചുള്ള അവബോധവും ഉൾക്കാഴ്ചയും. പലപ്പോഴും യാതൊരു ഗുണവുമില്ലാത്ത, നിലവാരമില്ലാത്ത ചിലരുടെ ചില വിമർശനങ്ങളെയും ഇടപെടലുകളേയും ഭയന്നാണ് നാം പല നന്മ പ്രവൃത്തികളിൽ നിന്നും നമ്മുടേതായ ചെറിയ ചെറിയ ഇഷ്ടങ്ങളിൽ നിന്നും സന്തോഷങ്ങളിൽ നിന്നുമൊ മാറി നിൽക്കുന്നത്, അകലം പാലിക്കുന്നത്. കഴിഞ്ഞു പോയതിനേക്കുറിച്ച് വേവലാതിപ്പെട്ടിട്ട് യാതൊരു കാര്യവുമില്ല. അതുപോലെ വരാനിരിക്കുന്നതിനേക്കുറിച്ച് ചിന്തിച്ച് ആകുലപ്പെട്ടിട്ടും കാര്യമില്ല.
“ഇന്നാണ് ” നമുക്കു മുന്നിലുള്ളത്. ഇന്ന് നാം എന്തു നേടി, എങ്ങനെ ജീവിച്ചു? ഇതാണ് ആത്മശോധനയ്ക്കു വിധേയമാക്കേണ്ട വസ്തുത.
By, സ്നേഹപൂർവ്വം, സേവേറിയോസ്.