പ്രിയമുള്ളവരെ, സാധാരണക്കാരായ മനുഷ്യരിലധികമാളുകളും സ്വന്തം ശൂന്യതകളിലേക്ക് മാത്രം നോക്കി നെടുവീർപ്പിടുന്നവരാണ്. സ്വയം ശൂന്യതകളെക്കുറിച്ച്, നമ്മുടെയൊക്കെ ഇല്ലായ്മകളെപ്പറ്റി മാത്രം ചിന്തിച്ചാൽപ്പിന്നെ ചുറ്റും നിറയുക നഷ്ടബോധങ്ങളാവും. എത്ര വലിയ ആത്മബലമുള്ള വ്യക്തിയും താങ്ങി നിർത്തുവാൻ ഒരു കരം കൂടെയുള്ളതിൽ തീർച്ചയായും ആശ്വാസം കണ്ടെത്തുക തന്നെ ചെയ്യും.
നമ്മുടെ ജീവിത യാത്രയിൽ ആരെങ്കിലുമൊക്കെ വഴികാട്ടികളും വഴി വിളക്കുകളുമൊക്കെയായുണ്ടാവുന്നത് നല്ലതാണെങ്കിലും വഴി കാട്ടികൾ വഴിമാറി നടന്നാലും — അപരിചിതത്വം കാട്ടിയാലും, വഴിവിളക്കുകൾ അണഞ്ഞു പോയാലും ലക്ഷ്യത്തിലേക്ക് നടന്നടുക്കാൻ നമ്മുടെ കയ്യിൽ നമ്മുടേതു മാത്രമായി ഒരു ചെറുതിരിവെട്ടമെങ്കിലുമുണ്ടാവണം. അതെ, പരിചിതരും ചേർത്തുപിടിച്ചിരുന്നുവെന്ന് നാം കരുതിയവരുമൊക്കെ അന്യരും പരദേശികളുമായി കാലത്തിന്റെ ഗതിവിഗതികളിൽ മററും. അങ്ങനെയുള്ള മാറ്റങ്ങൾ സംഭവിക്കുമ്പോൾ നാം തകർന്നു പോകാതിരിക്കണമെങ്കിൽ നമ്മുടെ സിദ്ധികളിലേക്ക് ഈശ്വര ദാനമായ നമ്മുടെ കഴിവുകളിലേക്ക് – താലന്തുകളിലേക്ക് നമ്മുടെ ധ്യാനം, ശ്രദ്ധ തിരിച്ചു വിടാൻ നമുക്കാവണം.
പ്രിയമുള്ളവരെ, ഓർക്കുക; കടലിലെ വള്ളത്തിനു ഭീഷണിയാവുന്നത് പുറത്തെ തിരമാലകൾ മാത്രമല്ല. മറിച്ച് അതിനേക്കാളുപരിയായി അകത്തു കയറി തിങ്ങി നിൽക്കുന്ന വെള്ളമാണ് പലപ്പോഴും വള്ളം മറിയാനിടയാക്കുക. അതു പോലെ ബാഹ്യമായ സാഹചര്യങ്ങൾക്കും സമ്മർദ്ദങ്ങൾക്കുമുപരിയായി നമ്മുടെ ആത്മ സംഘർഷങ്ങളാണ് നമ്മുടെ സ്വസ്ഥതയ്ക്ക് ഭംഗംവരുത്തുന്നത്. നമ്മെ രോഗികളാക്കുന്നത്. പ്രതീക്ഷ ഈശ്വരനിൽ മാത്രമർപ്പിക്കുക. പ്രവർത്തികൾ സുതാര്യമാക്കുക…. മുഖംമൂടികളില്ലാതെ പച്ചയായി ജീവിക്കുക…. ബാഹ്യ പരിവേഷങ്ങൾ മാത്രം മാനദണ്ഡമാക്കാതെ എല്ലാവരേയും ചേർത്തുപിടിക്കുക.. നമ്മുടെ സ്നേഹം ആവശ്യമുള്ളവർക്കു മാത്രം അത് പങ്കിട്ടുനൽകുക… സ്നേഹിക്കുക.
സ്നേഹപൂർവ്വം, സേവേറിയോസ്.