ദൈവദാസി മദർ എലീസ മർത്തീനസ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്. ഇന്ന് ജൂൺ 25 ഞായറാഴ്ച തെക്കേ ഇറ്റലിയിലെ ജന്മനാടായ ഗലത്തീനയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ലെവൂക്ക മാതാവിന്റെ ബസിലിക്കയിൽ വെച്ച് വിശുദ്ധ കർമ്മങ്ങൾ ഫ്രാൻസിസ് മാർപാപ്പയുടെ അനുമതിയോടെ കർദ്ദിനാൾ മർച്ചല്ലോ സെമെറാറോ നിർവ്വഹിക്കുന്നു.
ദൈവദാസി മദർ എലീസ മർത്തീലസ് 1905 മാർച്ച് 25 മംഗളവാർത്ത തിരുനാൾ ദിനം തെക്കേ ഇറ്റലിയിലെ ലേച്ചേയിൽ ഗലത്തീന എന്ന പട്ടണത്തിൽ ഭൂജാതയായി. ചെറുപ്രായത്തിൽതന്നെ പരി. അമ്മയോട് പ്രത്യേക ഭക്തിയും സ്നേഹവും പ്രകടിപ്പിക്കുകയും സുകൃതങ്ങളാൽ അലംകൃതമായ ജീവിതം നയിക്കുകയും ചെയ്ത മദർ എലീസ 1938 മാർച്ച് 19 -ന് അമലോത്ഭവമാതാവിന്റെ സഹോദരിമാരുടെ ഭക്തസംഘടനയ്ക്ക് രൂപം നൽകി.
”എന്റെ ഏറ്റവും എളിയ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തുതന്നത്” (മത്തായി:25, 40) എന്ന നല്ല ഇടയന്റെ വാക്കുകളിൽ നിന്ന് ചൈതന്യം ഉൾക്കൊള്ളുകയും എലിസബത്തിനെ സന്ദർശിച്ച് ശുശ്രൂഷ ചെയ്ത മാതാവിനെ മാതൃകയാക്കി മദർ തന്റെ പ്രേഷിതപ്രവർത്തനത്തിന് ആരംഭം കുറിച്ചു.
സമൂഹത്തിൽനിന്ന് പുറംതള്ളപ്പെട്ടവരും, നിരാലംബരും ആയ അവിവാഹിത അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പരിചരണത്തിനും, തടവിൽകഴിയുന്നവരുടെ ആശ്വാസത്തിനും പ്രത്യാശയ്ക്കും മാനസാന്തരത്തിനുമായി പ്രവർത്തിച്ചുവന്ന ഈ സംഘടനയ്ക്ക് 1941 -ൽ ഉജന്റോ ബിഷപ്പായ ജുസേപ്പേ റൊത്തോളോ അംഗീകാരം നൽകുകയും ലെവൂക്ക മാതാവിന്റെ പുത്രിമാരുടെ സഭ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.
സമൂഹത്തിൽനിന്ന് പുറംതള്ളപ്പെട്ടവരുടെയും, നിരാലംബരുമായ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പരിചരണത്തിനും വേണ്ടിയുള്ള മദറിന്റെ പ്രവർത്തനങ്ങളെ വിലമതിച്ചുകൊണ്ട് 1943 -ൽ സഭയെ പൊന്തിഫിക്കൽ പദവിയിലേക്കുയർത്തി. 1991 ഫെബ്രുവരി 8-ാം തിയതി ദൈവം തനിക്കായൊരുക്കിയ നിത്യസമ്മാനത്തിനായി മദര് യാത്രയായി. ജീവിച്ചിരുന്നപ്പോളെന്നപോലെ ഇന്നും അനേകം മക്കൾ ആശ്വാസവും ആശ്രയവും തേടി മദറിന്റെ കബറിടത്തിൽ എത്തുകയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുന്നു.
-വാഴ്ത്തപ്പെട്ട മദർ എലീസയോടുള്ള മധ്യസ്ഥ പ്രാർത്ഥന-
ഓ ദൈവമേ, തിരുസഭയുടെ ശുശ്രൂഷയ്ക്കായി മദർ എലിസ മർത്തീനസിനെ വിളിച്ചതിനെയോർത്ത് ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ മാതൃക പിൻചെന്ന് അങ്ങേവിളിക്ക് സ്നേഹത്തോടെ സമ്മതം നൽകിയ ആ പുണ്യാത്മാവ് ശിശുക്കളെയും അവശരെയും ആലംബഹീനരെയും മാതൃസഹജമായ സ്നേഹത്തോടെ നിന്റെ നാമത്തിൽ ആശ്വസിപ്പിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ചുവല്ലോ. അങ്ങ് തിരുമനസ്സാകുന്നുവെങ്കിൽ അമ്മയുടെ മാധ്യസ്ഥം വഴി ഞങ്ങൾ അപേക്ഷിക്കുന്ന… ഈ അനുഗ്രഹം സാധിച്ചു തന്ന് മദറിനെ മഹത്വപ്പെടുത്തുവാൻ കൃപയുണ്ടാകണമേ, ആമേൻ.

ലെവൂക്കയിലെ പരിശുദ്ധ മറിയത്തിൻറെ പുത്രികൾ എന്ന സന്ന്യാസിനീസമൂഹത്തിൻറെ സ്ഥാപകയായ ദൈവദാസി എലീസ മർത്തീനെസിൻറെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം തെക്കുകിഴക്കെ ഇറ്റലിയിലെ പൂല്യ പ്രദേശത്തെ, സാന്ത മരീയ ദെ ലെവുക്ക എന്ന സ്ഥലത്തെ ചെറുബസിലിക്കയായ “സാന്ത മരിയ ദെ ഫിനീബുസ് തേറെ”യിൽ (Santa Maria de Finibus Terrae) ആയിരിക്കും.
ഫ്രാൻസീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട്, വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ ആയിരിക്കും വാഴ്ത്തപ്പെട്ടപദപ്രഖ്യാപന തിരുക്കർമ്മത്തിൽ മുഖ്യ കാർമ്മികൻ.
“സകലതും ദൈവത്തിൻറെ പ്രവർത്തിയാണ്, എൻറേതല്ല” എന്ന് ആവർത്തിച്ചുകൊണ്ട് കുട്ടികളും നിസ്സഹായരുമായവർക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ദൈവദാസി എലീസ മർത്തീനെസിൻറെ ജനനം 1905 മാർച്ച് 25-ന് തെക്കെ ഇറ്റലിയിലെ ലേച്ചെ പ്രവിശ്യയിലെ ഗലത്തീനയിൽ ആണ്. നല്ല ഇടയൻറെ ഉപവിയുടെ നാഥയുടെ നാമത്തിലുള്ള സന്ന്യാസിനീ സമൂഹത്തിൽ ചേർന്ന അവൾ 1928 സെപ്റ്റംബർ 29-ന് സന്ന്യാസവസ്ത്രം സ്വീകരിച്ചു. ലുചീയ എന്ന പേരുസ്വീകരിച്ച അവൾക്ക് അനാരോഗ്യം മൂലം വീട്ടിലേക്കു തിരികെ പോകേണ്ടി വന്നു.
എന്നാൽ പിന്നീട് 1938 മാർച്ച് 25-ന് മിജ്ജാനൊ ഇടവക വികാരിയായ വൈദികൻ ലൂയീജിയുടെയും ഉജേന്തൊ രൂപതയുടെ മെത്രാൻ ജുസേപ്പെ റുവോത്തൊളൊയുടെയും സഹായത്തോടെ എലീസ മർത്തീനെസ് സ്ത്രീകളുടെ ഒരു ഭക്ത സംഘടനയ്ക്ക് തുടക്കം കുറിച്ചു. അമലോത്ഭവത്തിൻറെ സഹോദരികളുടെ ഭക്ത സഖ്യം എന്നതായിരുന്നു ഇതിൻറെ പേര്. 1941 ആഗസ്റ്റ് 15-ന് ഇതിന് രൂപതാതല അംഗീകാരം ലഭിക്കുകയും ഇതിൻറെ പേര് ലെവൂക്കയിലെ പരിശുദ്ധ മറിയത്തിൻറെ പുത്രികളായ സഹോദരികൾ എന്നാക്കി മാറ്റുകയും ചെയ്തു. ഏറെ പ്രതികൂല സഹചര്യങ്ങളെയും ആരോപണങ്ങളെയും നേരിടേണ്ടി വന്ന ദൈവദാസി എലീസ 1991 ഫെബ്രുവരി 8-ന് റോമിൽ വച്ച് മരണമടഞ്ഞു.