ഫാ. വർഗീസ് വള്ളിക്കാട്ട്
ആറു പതിറ്റാണ്ടുകൾ പിന്നിട്ട രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനങ്ങൾ, ഇപ്പോഴും സഭയിൽ വിവാദങ്ങളുടെ പൊടിപടലങ്ങളുയർത്തിക്കൊണ്ടിരിക്കുന്നു എന്നത് കൗതുകകരമാണ്! കൗൺസിൽ രേഖകളുടെ വായനയും വ്യാഖ്യാനങ്ങളും ചിലരെ ആവേശഭരിതരാക്കി, ചിലരെ അരിശം കൊള്ളിച്ചു, ചിലരെ വിഭ്രാന്തിയിലാഴ്ത്തി!
‘അധുനാതനീകരണവും സ്രോത:സ്ഥിതീകരണവും
സഭയുടെ ‘അധുനാതനീകരണവും സ്രോത:സ്ഥിതീകരണവും’ ലക്ഷ്യമാക്കിയ കൗൺസിനുശേഷം, അതേ ലക്ഷ്യങ്ങളുടെ നിർവചനവും വ്യാഖ്യാനങ്ങളും സംബന്ധിച്ച ആശയപരവും പ്രയോഗികവുമായ അവ്യക്തതകളിൽ കുടുങ്ങി സഭാ ജീവിതംതന്നെ ഉപേക്ഷിച്ചവരുടെ എണ്ണം വളരെയാണ്. ആയിരക്കണക്കിനു സന്യസ്തരും പുരോഹിതരും തങ്ങളുടെ ജീവിതാന്തസ് ഉപേക്ഷിച്ചു. അനേകർ സഭ വിട്ടുപോയി!
സഭയുടെ അധുനാതനീകരണം എന്താണ്?
മാറുന്ന ലോകത്തിനനുസരിച്ചു സഭയെ മാറ്റിപ്പണിയുക എന്നാണ് പലരും അതിനെ വായിച്ചതും വ്യാഖ്യാനിച്ചതും. അങ്ങനെ അതിനെ ഗ്രഹിച്ചവർ ‘സഭയെ ആധുനികവൽക്കരിക്കാനുള്ള’ ശ്രമങ്ങളാരംഭിച്ചു. സഭാജീവിതത്തിന്റെ അടിസ്ഥാന തലമായ ആരാധനാ ജീവിതത്തിലാണ് നവീകരണങ്ങൾക്കു തുടക്കമിട്ടത്. ആരാധനക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ അതിൽത്തന്നെ അവസാനിക്കുന്നില്ല, കാരണം, ആരാധനയുടെ മാനദണ്ഡങ്ങൾ ജീവിതക്രമങ്ങളുടേതുമാണ്! അത് ആദ്ധ്യാത്മിക ജീവിതക്രമത്തിലും ദൈവശാസ്ത്ര വീക്ഷണങ്ങളിലും സഭയുടെ കാനോനിക അച്ചടക്കത്തിലുമെല്ലാം പ്രതിഫലിക്കും!
മാറ്റങ്ങൾ ദൈവശാസ്ത്രതലത്തിൽ
ആധുനിക ചിന്തയുടെ ലോകത്തു മാറിവരുന്ന തത്വശാസ്ത്ര വീക്ഷണങ്ങൾക്കും ദർശനങ്ങൾക്കും അനുസരിച്ചു ദൈവശാസ്ത്ര സമീപനങ്ങളിൽ മാറ്റങ്ങളുണ്ടായി. മാർക്സിസ്റ്റ് രീതിശാസ്ത്രം ദൈവശാസ്ത്ര വിശകലനങ്ങളിൽ പരീക്ഷിച്ചവർ, ‘ലിബറേഷൻ തിയോളജി’ എന്ന ഒരു നൂതന ദൈവശാസ്ത്ര ശാഖക്കു രൂപം കൊടുക്കുകയും, ദൈവശാസ്ത്രത്തെ ഒരു പ്രത്യയശാസ്ത്രമായി വികസിപ്പിക്കുകയും ചെയ്തു. സഭയിലെ ചില മുന്തിയ ദൈവശാസ്ത്രജ്ഞരും പുരോഹിതരുമൊക്കെ ഈ വഴിക്കു സഞ്ചരിച്ചു. സഭയിലും ലോകത്തിലും അതുണ്ടാക്കിയ പ്രത്യാഘാതങ്ങൾ ചെറുതായിരുന്നില്ല.
വിമോചന ദൈവശാസ്ത്രജ്ഞരുടെ ലക്ഷ്യം സാമൂഹിക മാറ്റം സൃഷ്ടിക്കുക എന്നതായിരുന്നു. സമൂഹത്തിന്റെ ഘടനാപരമായ തിന്മകൾക്കെതിരെ പൊരുതേണ്ടത് വിശ്വാസിയുടെ കടമയാണെന്നു വാദിക്കുന്നവരുടെ എണ്ണം സഭയിൽ വർധിച്ചുവന്നു. സാമൂഹ്യ മാറ്റവും വിമോചനവും ലക്ഷ്യങ്ങളായപ്പോൾ, വിശ്വാസിക്കെന്നപോലെ പുരോഹിതനും ‘രാഷ്ട്രീയം’ ഒഴിച്ചുകൂടാനാവാത്ത ഒരു കർമ്മ മേഖലയായി മാറി. ഇന്ത്യയിലെ പ്രശസ്തമായ പല സെമിനാരികളിലെയും വൈദിക പരിശീലനം ഈ പ്രത്യയശാസ്ത്ര ചട്ടക്കൂടിൽ ഒതുങ്ങുന്നതായിരുന്നു.
ക്രിസ്തു അനീതിക്കെതിരെ ചാട്ടവാറെടുത്ത പ്രവാചകൻ മാത്രമായി! ഇത്തരം ഒരു ദൈവശസ്ത്ര പരിശീലനത്തിലൂടെ കടന്നുപോയവർ, ലോകത്തിലും സഭയിലും ക്രൈസ്തവന്റെ ദൗത്യമെന്ത് എന്ന ചോദ്യത്തിനു പലപ്പോഴും വിചിത്രമായ ഉത്തരങ്ങൾ നൽകി. ഇതു സഭാ ജീവിതത്തിൽ പ്രതിസന്ധികളുണ്ടാക്കി.
ആരാധനയും സാംസ്കാരിക അനുരൂപണവും
ടെക്സ്റ്റിനേക്കാൾ കോണ്ടെക്സ്റ്റാണ് പ്രധാനം എന്ന കാഴ്ചപ്പാട് സുവിശേഷ പ്രാഘോഷണത്തിലും സഭാ ജീവിതത്തിലും ശക്തമായി! ആരാധന ആരാധിക്കുന്ന വ്യക്തികളുടെ ആത്മാവിന്റെ ആവിഷ്കാരമാണ് എന്ന വ്യാഖ്യാനം, ആരാധനയെ സാംസ്കാരിക അനുരൂപണത്തിലൂടെ പ്രാദേശിക സാംസ്കാരിക ധാരകൾക്കും ആചാരമര്യാദകൾക്കും അനുരൂപമാക്കാനുള്ള ശ്രമങ്ങളിലേക്കു നയിച്ചു. ആരാധനയെ ഒരു നാടൻ കലാരൂപമെന്നതുപോലെ പലരും സമീപിച്ചു.
ആരാധനയുടെ ആത്മാവ്, ജനങ്ങളുടെ സജ്ജീവ പങ്കാളിത്തമാണെന്ന വ്യാഖ്യാനമുണ്ടായി. അതുറപ്പാക്കുക എന്നതായി മുഖ്യ പരിഗണനാ വിഷയം. ഇതിനായി പ്രാദേശിക കലകളും ഇതര മതങ്ങളുടെ ആരാധനാ രീതികളും ആധുനിക സംഗീതത്തിന്റെ വിവിധ രൂപങ്ങളുമെല്ലാം ആരാധനയിൽ പരീക്ഷിക്കപ്പെട്ടു! ജീവിതത്തിലില്ലാത്ത സാംസ്കാരിക അനുരൂപണം ആരാധനയിൽ നടപ്പാക്കാൻ പലരും നിർബന്ധം കാട്ടി!
ഇതിനിടെ, ഒരു ‘ഇന്ത്യൻ കുർബാനക്രമം’ ഉണ്ടാക്കിയെടുക്കാനുള്ള പരീക്ഷണങ്ങളും ശക്തമായി. പൂന പേപ്പൽ സെമിനാരിപോലുള്ള കേന്ദ്രങ്ങളും ബാംഗ്ളൂർ എൻ ബി സി എൽ സി പോലുള്ള സംവിധാനങ്ങളും ഇതിനു പിന്തുണയും പ്രോത്സാഹനവും നൽകി. സഭയിലെ ഉന്നതരായ ചില പുരോഹിത വ്യക്തിത്വങ്ങളും ഇതിനു മുഖ്യ പരിഗണന നൽകി! പരമ്പരാഗത ആരാധനാരീതികൾ പഴഞ്ചനാണ്, കാലഹരണപ്പെട്ടതാണ് എന്ന നിലപാടുമായി അവർ ആരാധനയിൽ പരീക്ഷണങ്ങൾ തുടർന്നു…!
ആരാധനയിലെ അനിശ്ചിതത്വം സഭയുടെ ദൗത്യത്തെ പ്രതിസന്ധിയിലാക്കി
സഭയുടെ ദൗത്യം സുവിശേഷ പ്രാഘോഷണമാണ്. മാറിയ ലോകത്ത്, സുവിശേഷ പ്രാഘോഷണത്തിന്റെ ഉള്ളടക്കം എന്തായിരിക്കണം എന്നതു തർക്കവിഷയമായി. ദൈവരാജ്യത്തിന്റെ മൂല്യങ്ങളാണ് പ്രാഘോഷിക്കപ്പെടേണ്ടത് എന്നും യേശുക്രിസ്തുവിനെയാണ് പ്രാഘോഷിക്കേണ്ടതെന്നും എല്ലാ മതങ്ങളും ഒരേ ദൈവത്തിലേക്കുള്ള വ്യത്യസ്ത മാർഗങ്ങളാണെന്നിരിക്കെ, പ്രാഘോഷണമല്ല, ക്രൈസ്തവർ എന്ന നിലയിൽ സുവിശേഷത്തിന് അനുസൃതമായി ജീവിക്കുക മാത്രമാണ് അഭികാമ്യം എന്നും നിലപാടുകളുണ്ടായി!
ധാർമിക പ്രബോധനങ്ങളും നിലപാടുകളും സംബന്ധിച്ചും സഭയിൽ തർക്കങ്ങളുണ്ടായി. വിവിധ മത സമുദായങ്ങൾ സഹവസിക്കുന്ന പ്ലൂറാലിറ്റിയുടെ ലോകത്ത്, ധാർമ്മികമായ ശരിതെറ്റുകൾ ഓരോരുത്തർക്കും വ്യത്യസ്തമാകാം എന്നുള്ള നിലപാടു ശക്തമായി. ലൈംഗികത, കുടുംബം, ഗർഭദ്ധാരണം, ഗർഭച്ചിദ്രം, ദയാവധം തുടങ്ങി മനുഷ്യജീവനും ജീവിതവും സംബന്ധിച്ച കാര്യങ്ങളിൽ സഭ കടുംപിടുത്തം കാട്ടരുത്, വ്യക്തികളുടെ തിരഞ്ഞെടുപ്പിനും തീരുമാനത്തിനും അവയെ വിടുകയാണ് അഭികാമ്യം എന്ന നിലപാടുള്ള മോറൽ തിയോളജിയൻമാരുടെ എണ്ണം സഭയിൽ വർധിച്ചു.
ഓരോരുത്തരും അവരവരുടെ നിലപാടുകൾ ആധികാരികമായി കരുതി!
ഇങ്ങനെ, മാറുന്ന ലോകത്തിനനുസൃതം സഭയെ നവീകരിക്കാനുള്ള പരിശ്രമഫലമായി ദൈവശാസ്ത്ര ലിബറലിസത്തിന്റെയും ധാർമിക നിസ്സംഗതയുടെയും കാഴ്ചപ്പാടുകൾ സഭയിൽ വളർന്നുവന്നു. വിശ്വാസപരവും ധാർമികവും പ്രേഷിതത്വപരവുമായ സഭയുടെ നിലപാടുകളിൽ അതു വലിയ വിളലുകളുണ്ടാക്കി.
ഇതിനെതിരെ ശക്തമായ മുന്നറിയിപ്പുകളും കൃത്യമായ പ്രബോധനങ്ങളും സഭയിൽ ഉണ്ടാകാതിരുന്നില്ല. വി. പോൾ ആറാമൻ മാർപാപ്പ മുതലുള്ള മാർപ്പാപ്പമാരുടെ പ്രധാനപ്പെട്ട പ്രബോധന രേഖകളെല്ലാം, സഭയിൽ വളർന്നുവന്ന ഇത്തരം തെറ്റായ പ്രവണതകൾ ചൂണ്ടിക്കാട്ടുന്നതിനും തിരുത്തുന്നതിനുമുള്ളവയായിരുന്നു!
തെറ്റുതിരുത്തൽ ഇപ്പോൾ തുടങ്ങിയതല്ല
ദൈവശാസ്ത്ര രംഗത്തും ധാർമിക നിലപാടുകളിലുമുണ്ടായ പ്രതിസന്ധികൾ സുവിശേഷത്തെ ഉയർത്തിപ്പിടിക്കാനുള്ള സഭയുടെ ദൗത്യത്തെ തീർത്തും അസാധ്യമാക്കുന്നതായി ബോധ്യമായപ്പോൾ, രണ്ടാം വത്തിക്കാൻ കൗൺസിലിനു തൊട്ടുപിന്നാലെ, പോൾ ആറാമൻ പാപ്പാ മനുഷ്യജീവന്റെ മൂല്യത്തെ ഊന്നിക്കൊണ്ട് ‘ഹുമാനെ വീത്തെ’യും സുവിശേഷ പ്രാഘോഷണത്തിന്റെയും പ്രേഷിത ദൗത്യത്തിന്റെയും പ്രാഥമികതയെ പുനസ്ഥാപിച്ചുകൊണ്ട് ‘ഇവഞ്ചേലിയി നുൻഷിയാന്തി’യും എഴുതി.
ജോൺ പോൾ രണ്ടാമൻ പാപ്പാ, മിഷനറി ദൗത്യത്തിന്റെ പ്രാഥമികത ഊന്നിപറഞ്ഞുകൊണ്ട് രക്ഷകന്റെ ദൗത്യം എന്ന ‘റിടംപ്തോറിസ് മിസ്സിയോ’ പ്രസിദ്ധംചെയ്തു. കൂടാതെ, മനുഷ്യ ജീവന്റെയും കുടുംബത്തിന്റെയും സ്ത്രീ – പുരുഷ പാരസ്പര്യത്തിന്റെയും ദൈവശാസ്ത്ര അടിസ്ഥാനങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട്, ‘ശരീരത്തിന്റെ ദൈവശാസ്ത്രം’ എന്ന പേരിൽ സമാഹരിക്കപ്പെട്ട ഒരു പ്രഭാഷണ പരമ്പരതന്നെ ജോൺ പോൾ രണ്ടാമൻ നടത്തിക്കൊണ്ടിരുന്നു!
പുന:സുവിശേഷവൽക്കരണം അനിവാര്യം എന്ന തിരിച്ചറിവ്
ന്യൂ ഇവാഞ്ചലൈസേഷൻ എന്ന പേരിൽ, കത്തോലിക്കരുടെയും സഭാ ജീവിതത്തിൽനിന്ന് അകന്നുപോയവരുടെയും ഇടയിൽ ഒരു പുന:സുവിശേഷീകരണ പ്രക്രിയക്കു ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ തുടക്കം കുറിച്ചു. ഇതു സഭയിൽ പുത്തൻ ഉണർവു സൃഷ്ടിച്ചു. സഭയുടെ അടിസ്ഥാന പ്രതിസന്ധി, ആരാധനയിലും ദൈവശാസ്ത്രത്തിലും, ധാർമിക ശാസ്ത്രത്തിലുമല്ല തുടങ്ങുന്നത്, വിശ്വാസത്തിലാണ് എന്ന തിരിച്ചറിവാണ്, കത്തോലിക്കാ സഭയുടെ വിശ്വാസ സത്യങ്ങളെ ക്രോഡീകരിച്ചുകൊണ്ട് ‘കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം’ പ്രസിദ്ധീക്കാൻ ജോൺ പോൾ പാപ്പായെ പ്രേരിപ്പിച്ചത്.
ജോൺ പോൾ രണ്ടാമനെ തുടർന്ന് സഭയുടെ സാരഥ്യമേറ്റെടുത്ത ബെനഡിക്റ്റ് പതിനാറാമൻ പാപ്പാ, യേശു ക്രിസ്തു ഏക രക്ഷകൻ എന്ന സഭയുടെ അടിസ്ഥാന പ്രാഘോഷണത്തെ ഉറപ്പിച്ചുകൊണ്ട് ‘ദോമിനുസ് ഈസുസ്’ എന്ന പ്രബോധന രേഖ പ്രസിദ്ധം ചെയ്തു. സഭയുടെ ദൈവശാസ്ത്രജ്ഞർ പണ്ഡിതരായാൽ പോരാ, വിശുദ്ധ ജീവിതം നയിക്കുന്നവരും സഭയുടെ വിശ്വാസ സത്യങ്ങൾ മുറുകെപിടിക്കുന്നവരുമാകണമെന്നും വാക്കിലും പ്രവൃത്തിയിലും സുവിശേഷം ജീവിക്കുന്നവരും പ്രാഘോഷിക്കുന്നവരും ആകണമെന്നും ആദ്ദേഹം നിഷ്കർഷിച്ചു.
വിവിധ സഭകൾ അവരുടെ ആരാധനയിൽ കൊണ്ടുവന്ന അതിരുകടന്ന പരീക്ഷണങ്ങളും അനാവശ്യ പരിഷ്കാരങ്ങളും നിർത്തിവയ്പ്പിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കി.
സുവിശേഷത്തിലൂടെ യേശുക്രിസ്തുവെന്ന അടിസ്ഥാന സ്രോതസ്സിലേക്കും, ഒരോ സഭാ സമൂഹത്തിന്റെയും ആധികാരിക, ശ്ലൈഹിക വ്യക്തിത്വത്തിലേക്കും തിരികെപോയി ഊർജം സംഭരിച്ചുകൊണ്ട്, ആധുനിക ലോകത്തോട് സുവിശേഷം പ്രഘോഷിക്കാൻ സ്വയം സജ്ജരാവുക
എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അടിസ്ഥാന പ്രബോധനത്തെ ആധികാരികമായി ഉറപ്പിക്കുന്ന നിലപാടുകളാണ് കൗൺസിലിനു ശേഷം, വി. പോൾ ആറാമൻ മുതൽ ഫ്രാൻസിസ് പാപ്പാ വരെയുള്ള മാർപാപ്പമാരും സഭയുടെ പ്രബോധകരായ മറ്റു മെത്രാന്മാരും സ്വീകരിച്ചു വന്നിട്ടുള്ളത്. ഇതിൽനിന്നു വ്യതിചലിച്ചു പോകുന്നവരെ തിരുത്താൻ സഭ അല്പംപോലും വിമുഖത കാട്ടിയിട്ടുമില്ല.
കാലം പഠിപ്പിക്കുന്ന പാഠങ്ങൾ
ആരാധനാ ജീവിതം പുതുതായി കണ്ടുപിടിക്കേണ്ടതോ ഉണ്ടാക്കിയെടുക്കേണ്ടതോ അല്ല, അതു സഭയുടെ, നൂറ്റാണ്ടുകളായി ആരാധിക്കുകയും പ്രാർത്ഥിക്കുകയും ജീവിക്കുകയും ചെയ്ത, വിശ്വാസ പാരമ്പര്യങ്ങളിലൂടെ വളർന്നുവന്നതും കൈമാറ്റം ചെയ്യപ്പെട്ടതുമാണ്. കൗൺസിലിനെത്തുടർന്നുണ്ടായ ആശയസക്കുഴപ്പങ്ങൾ മിക്കവാറും മുഴുവനായും പരിഹരിക്കാൻ സഭക്കു കഴിഞ്ഞിട്ടുണ്ട്.
ഇപ്പോഴും ആശയക്കുഴപ്പങ്ങളിൽ കുടുങ്ങിക്കിടക്കുകയും, തെറ്റായ വ്യാഖ്യാനങ്ങളിൽ മുറുകെപിടിച്ചു മറ്റുള്ളവരെക്കൂടി കുഴപ്പത്തിലാക്കുകയും, സഭയിൽ ഭിന്നത സൃഷ്ടിക്കുകയും ചെയ്യുന്നവരുണ്ടെങ്കിൽ, അവരെയും നേരായ നിലപാടിലേക്കു കൊണ്ടുവരാൻ ആവശ്യമായതെല്ലാം സഭ ചെയ്യും. ചെയ്തുകൊണ്ടിരിക്കും!