തിരുസ്സഭയോ വിശുദ്ധ ബൈബിളോ?
തിരുസ്സഭയോ വിശുദ്ധ ബൈബിളോ? വിശ്വാസികളെ സംബന്ധിച്ചിടത്തോളം കൂടുതൽ പ്രാധാന്യം നൽകേണ്ടത് വിശുദ്ധ ബൈബിളിനാണോ സഭയ്ക്കാണോ? വളരെ പെട്ടെന്ന് ഉത്തരം നൽകാൻ കഴിയും എന്ന് നമുക്ക് തോന്നാവുന്ന ഒരു ചോദ്യം. വി.ബൈബിൾ എന്ന് പറഞ്ഞ് അനേകർ ഈ ചോദ്യത്തിന് തെറ്റായ ഉത്തരം നൽകിയിട്ടുണ്ട്. ക്രിസ്തീയജീവിതത്തിന് മാനദണ്ഡമായി വി.ഗ്രന്ഥം മാത്രംമതി (Sola Scriptura) എന്നായിരുന്നു പ്രൊട്ടസ്റ്റൻറ് നവീകരണത്തിന് തുടക്കമിട്ട മാർട്ടിൻ ലൂഥറിന്റെ അഭിപ്രായം. ഇന്നും അതാണല്ലോ പ്രൊട്ടസ്റ്റൻറ് വിശ്വാസം.
എന്നാൽ വി. ഗ്രന്ഥത്തോടൊപ്പം വിശുദ്ധപാരമ്പര്യവും, സഭയുടെ പ്രബോധനാധികാരവും വിശ്വാസികൾക്ക് ക്രിസ്തീയജീവിതക്രമീകരണത്തിന് ആവശ്യമാണെന്ന് ട്രന്റ് സൂനഹദോസിൽ സഭ പഠിപ്പിച്ചു. ആത്മരക്ഷ നേടുവാൻ വി. ഗ്രന്ഥം മാത്രം പോര എന്നത് നമുക്ക് വളരെ പെട്ടെന്ന്തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ. ഒരു വസ്തുത ശ്രദ്ധിക്കാം. പഴയനിയമജനത ദൈവത്തിൽ വിശ്വസിച്ചത് എങ്ങനെയാണ്? ഏത് പുസ്തകമാണ് അവർക്ക് ജീവിതക്രമീകരണത്തിനായി ഉണ്ടായിരുന്നത്?
മോശയെ ആണല്ലോ ബൈബിളിന്റെ ആദ്യ പുസ്തകങ്ങളായ പഞ്ചഗ്രന്ധിയുടെ കർത്താവായി കരുതുന്നത് (BC 1300). പഞ്ചഗ്രന്ധി എഴുതപ്പെടുന്നതിനു മുൻപുള്ള ജനത എങ്ങനെ ദൈവത്തിൽ വിശ്വസിച്ചു? സങ്കീർത്തനങ്ങൾ 78: 1-6 വായിക്കുമ്പോൾ പാരമ്പര്യമായി അവരിലേക്ക് കടന്നുവന്ന വിശ്വാസമായിരുന്നു അതെന്ന് കാണാം. തലമുറയായി വാമൊഴിയായി കടന്നുവന്ന ആ വിശ്വാസവും ജീവിതശൈലികളും ‘വിശുദ്ധ പാരമ്പര്യം’ എന്ന് അറിയപ്പെടുന്നു.
ഇനി പുതിയനിയമ ചരിത്രത്തിലേക്ക് വന്നാൽ, AD 51 – ൽ വിശുദ്ധ പൗലോസ് തെസലോനിക്കയിലെ സഭയ്ക്ക് എഴുതിയ ഒന്നാം ലേഖനമാണ് ആദ്യ പുതിയനിയമ പുസ്തകം എന്ന് കാണാൻ കഴിയും.
അങ്ങനെയെങ്കിൽ AD 29 മുതൽ AD 51 വരെയുള്ളവർ എങ്ങനെ ഈശോയിൽ വിശ്വസിച്ചു? ആ സമയത്ത് സഭയായിരുന്നു ആദിമക്രൈസ്തവരുടെ വിശ്വാസത്തിനാധാരം. ഈ സഭയിൽ സഭാജീവിതത്തിന്റെ ഭാഗമായി ക്രിസ്തുവിനെക്കുറിച്ച് അറിയാനുള്ള ഒരു പ്രധാനമാർഗ്ഗമായി വി. ഗ്രന്ഥം രൂപപ്പെടുകയാണ് ഉണ്ടായത്. അതിനാൽ വിശുദ്ധ ഗ്രന്ഥത്തെ ‘സഭയുടെ പുത്രി’ എന്ന് വിളിക്കാറുണ്ട്. “വിശുദ്ധലിഖിതങ്ങൾ തുകൽച്ചുരുളുകൾ എന്നതിനേക്കാൾ സഭയുടെ ഹൃദയത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്” ( Youcat Q 12.A). ഉദാഹരണത്തിന് ഈശോയുടെ ജീവിതം എടുത്താൽ അവിടുന്ന് ചെയ്തതും പറഞ്ഞതുമെല്ലാം സത്യമാണ്.
അതിൽ കുറച്ചു മാത്രമേ സുവിശേഷത്തിലുള്ളൂ. ബാക്കി അനേകം കാര്യങ്ങൾ അപ്പോസ്തോലന്മാർക്കും ആദിമ സഭയ്ക്കും അറിയാം. അതാണ് ‘വിശുദ്ധ പാരമ്പര്യം ‘. ഇത് ലഭിക്കുന്നത് സുവിശേഷം കൂടുതൽ മനസ്സിലാക്കുവാനും ജീവിക്കുവാനും സഹായകരമാണ് എന്നത് വ്യക്തമാണല്ലോ. വാക്കുകൾ നൽകാനല്ല, ചൈതന്യം, സന്ദേശം നൽകാനാണ് ബൈബിൾ എഴുതപ്പെട്ടത്. വാക്കുകൾ നൽകാനായിരുന്നെങ്കിൽ അതിൽ വചനപൂർണത കാണപ്പെട്ടേനെ. എന്നാൽ വിശുദ്ധഗ്രന്ഥം അത് അവകാശപ്പെടുന്നില്ല. വിശുദ്ധഗ്രന്ഥത്തിലൂടെ നൽകാൻ ദൈവം ഉദ്ദേശിക്കുന്ന സന്ദേശം ഗ്രഹിക്കുവാൻ ഉതകുന്ന വചനങ്ങൾ മാത്രമാണ് ഇതിലുള്ളത്.
ഈശോ ചെയ്തതും പറഞ്ഞതുമായ എല്ലാം എഴുതപ്പെട്ടിട്ടില്ല (യോഹ 21:25; 20:30), എഴുതിയതെല്ലാം ലഭിച്ചിട്ടില്ല ( ലൂക്ക 1:1-4; കൊളോ 4:16), ഇനിയും വളരെ കാര്യങ്ങൾ എനിക്ക് നിങ്ങളോട് പറയാനുണ്ട് (യോഹ 16:12 – 13) തുടങ്ങിയ വസ്തുതകളുടെ അടിസ്ഥാനത്തിൽ ബൈബിളിൽ ‘വചനപൂർണ്ണത’ നാം പ്രതീക്ഷിക്കരുത്. ഈശോയുടെ വചനമായി നമുക്ക് കിട്ടിയിട്ടുള്ളത് ഈശോ ചെയ്ത ഒരു പ്രസംഗത്തിന്റെ ഏതാനും ഭാഗം മാത്രമാകും. ആ പ്രസംഗത്തിന് ഒരു പ്രത്യേക സാഹചര്യവും ഉണ്ടാകാം. ഇത് പരിഗണിക്കുമ്പോൾ ബൈബിളിലെ ഒരു വചനത്തിന്റെ അർത്ഥം അത്ര പെട്ടെന്ന് മനസ്സിലാക്കാൻ പറ്റില്ല എന്ന് നമുക്ക് മനസ്സിലാകും.
ഈശോയോടൊപ്പം ഉണ്ടായിരുന്ന അപ്പോസ്തലന്മാർക്ക്, ആദിമസഭയ്ക്ക്, ഇത് അറിയാമായിരുന്നു എന്ന് നാം ഓർമിക്കണം.മനുഷ്യരാശിക്ക് വെളിപ്പെടുത്താൻ ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങൾ എഴുതിവയ്ക്കാൻ പരിശുദ്ധാത്മാവ് ചിലർക്ക് പ്രചോദനമേകി. ഇവ പ്രകടമാക്കുന്ന ഉൾക്കാഴ്ച കൃത്യമായി വ്യാഖ്യാനിക്കാനും സഭയെ പഠിപ്പിക്കാനും മെത്രാന്മാരായ സഭാനായകരെ സജ്ജരാക്കി. അതിനാൽ ”ശ്ലൈഹികപിന്തുടർച്ച + ബൈബിൾ” ആകണം വിശ്വാസികളുടെ ജീവിതക്രമീകരണത്തിന് മാർഗ്ഗദർശി.
വചനപൂർണ്ണത, വി. ഗ്രന്ഥത്തിൽനിന്ന് തരുമെന്നല്ല, പരിശുദ്ധാരൂപിയിലൂടെ തരുമെന്നാണ് ഈശോ പറഞ്ഞിരിക്കുന്നത് ( യോഹ 16:12). പരിശുദ്ധാരൂപിയെ നൽകിയിരിക്കുന്നത് സഭയ്ക്കാണ് താനും (നടപടി 2). പരിശുദ്ധാത്മാവാകുന്ന ജീവനെ ഉള്ളിൽ നിക്ഷേപിച്ച് സഭയാകുന്ന വിത്ത് ലോകത്തിൽ വിതച്ചിട്ട് ഈശോ പോയി. അത് സമയാസമയം വളർന്ന് പൂർണതയിൽ എത്തണം എന്നാണ് അവിടുന്ന് ആഗ്രഹിച്ചത്. ഇങ്ങനെ വളർത്താനുള്ള ദൗത്യം പരിശുദ്ധാത്മാവിന്റേതാകയാൽ (1 യോഹ 2:25-26) ഈശോ പ്രത്യേകമായ ഒരു ചട്ടക്കൂടും സഭയ്ക്ക് നൽകിയില്ല.
എല്ലാം പരിശുദ്ധാത്മാവിലൂടെ സഭയിൽ പ്രകാശിതമാകണം എന്നതായിരുന്നു ദൈവീകക്രമം. ബൈബിളിൽ ‘ഇല്ലാത്ത’ ചില കാര്യങ്ങൾ സഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിന്റെ കാരണമിതാണ്. വി. ഗ്രന്ഥത്തെ അക്ഷരാർത്ഥത്തിൽ സ്വീകരിക്കാതെ അതിന്റെ സന്ദേശം മനസ്സിലാക്കിയിട്ട് അതിനനുസൃതം അതിനെ ഉപയോഗിക്കണം,പ്രത്യേകിച്ച് പഴയനിയമത്തെ. പഴയനിയമം, പുതിയ നിയമത്തിന്റെ വെളിച്ചത്തിൽ മാത്രമാണ് സ്വീകരിക്കേണ്ടത്. ഈശോ പഴയനിയമത്തെ പൂർത്തീകരിച്ചു എന്നത് നമുക്കറിയാം.
മത്തായി 5:1; 5: 21-28 വരെയുള്ള വചനങ്ങൾ പല പഴയനിയമപാരമ്പര്യങ്ങളും ഈശോ പൂർത്തീകരിക്കുന്നത് കാട്ടിത്തരുന്നു. ഈശോയുടെ തുടർച്ചയായ സഭയിൽകൂടി ഈ നയം തുടരുന്നുണ്ട് എന്നറിയണം. കത്തോലിക്കാസഭയിൽത്തന്നെ പലരും ഇന്ന് ഈ സത്യം ഗ്രഹിക്കാതെ സഭ ബൈബിളിന് വിരുദ്ധമായി പഠിപ്പിക്കുന്നു എന്ന് പറഞ്ഞ് സഭയെ തെറ്റിദ്ധരിക്കുകയും ബൈബിൾ വചനങ്ങളെ, പ്രത്യേകിച്ച് പഴയനിയമത്തെ അക്ഷരംപ്രതി പാലിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. നിയമത്തിന് കീഴിൽ ജീവിക്കാനാണ്, കൃപായുഗത്തിലും ഇവർ ശ്രമിക്കുന്നത്.
ഈശോയുടെ പുതിയനിയമവചനം പോലും പരിശുദ്ധാത്മാവ് സത്യത്തിന്റെ പൂർണ്ണതയിൽ വളർത്തുന്നതിനനുസരിച്ച് (യോഹ 16:13) വ്യത്യസ്തമായി പരിശീലിക്കേണ്ടിവരും.
AD 200-ൽ 150-ൽ പരം പുതിയ നിയമഗ്രന്ഥങ്ങൾ ഉണ്ടായിരുന്നു. AD 393 – ൽ ആണ് ബൈബിളിലെ ഗ്രന്ഥങ്ങൾ നിജപ്പെടുത്തിയത്. സഭയാണ് ബൈബിളിലെ ഗ്രന്ഥങ്ങളുടെ ക്രമീകരണം നടത്തിയത് എന്നതിനാൽ അവയെ വ്യാഖ്യാനിക്കേണ്ടതും സഭ തന്നെയായിരിക്കണം എന്നത് ലളിതമായ യുക്തിയാണല്ലോ.
ആദിമസഭയിൽ തുകൽച്ചുരുളുകളിലാണ് വി.ഗ്രന്ഥം എഴുതപ്പെട്ടിരുന്നത്. കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ നിർദ്ദേശപ്രകാരം 50 കോപ്പികൾ എഴുതിയുണ്ടാക്കി. സന്യാസികളുടെ കഠിനാധ്വാനമായിരുന്നു ഇതിന് പിറകിലുണ്ടായിരുന്നത്. ഇവ സഭാ കേന്ദ്രങ്ങളിലായിരുന്നു സൂക്ഷിച്ചിരുന്നത്. മെത്രാന്മാരും പുരോഹിതന്മാരും മാത്രം ഇതു വായിച്ചുപഠിച്ചിട്ട് വിശ്വാസികളെ പഠിപ്പിച്ചിരുന്നു (കത്തോലിക്കാ സഭ അനേകം വർഷങ്ങൾ ബൈബിൾവായന മുടക്കി, ബൈബിൾവായനയോട് സഭയ്ക്ക് വലിയ താല്പര്യമില്ല എന്ന് പറഞ്ഞ് ചിലർ സഭയെ വിമർശിക്കാറുണ്ട്.
എന്നാൽ നമുക്കറിയാവുന്നതുപോലെ സഭയിലെ ഏറ്റവും നല്ല ക്രിസ്ത്യാനികൾ ബൈബിൾ വായിക്കാത്ത ക്രിസ്ത്യാനികൾ ആയിരുന്നു! ആദിമസഭ. സഭയെ സ്നേഹിച്ചു വിധേയപ്പെട്ടാൽ മാത്രം മതി സുവിശേഷപരിപൂർണ്ണത പ്രാപിക്കാൻ എന്ന് ഇത് വ്യക്തമാക്കുന്നു). ബൈബിൾ സംഭവങ്ങൾ ദൈവാലയഭിത്തികളിലും മറ്റും കൊത്തിയും വരച്ചു വിശ്വാസികളെ പഠിപ്പിച്ചിരുന്നു.
അഞ്ചാം നൂറ്റാണ്ടിൽ വിശുദ്ധ ജോൺ ക്രിസോസ്റ്റം വി.ഗ്രന്ഥത്തെ ബൈബിൾ എന്ന് വിളിച്ചു. പതിമൂന്നാം നൂറ്റാണ്ട് വരെ വിശുദ്ധ ഗ്രന്ഥത്തെ വിശുദ്ധഗ്രന്ഥങ്ങൾ എന്നായിരുന്നു വിളിച്ചിരുന്നത്. പിന്നീട് വി.ഗ്രന്ഥം എന്ന ഏകവചനം ഉപയോഗിച്ചു തുടങ്ങി.
പതിമൂന്നാം നൂറ്റാണ്ടിൽ സ്റ്റീഫൻ ലാങ്ടൺ വി.ഗ്രന്ഥത്തെ അധ്യായങ്ങളായി തിരിച്ചു. പതിനാറാം നൂറ്റാണ്ടിൽ റോബർട്ട് സ്റ്റീഫൻ വാക്യങ്ങളായും. 1452-ൽ ഗുട്ടന്ബർഗ്ഗ് അച്ചടിവിദ്യ കണ്ടുപിടിച്ചപ്പോൾ ആദ്യമായി അച്ചടിച്ച ഗ്രന്ഥം, വി.ബൈബിൾ ആയിരുന്നു. ഇപ്രകാരം സഭ കഠിനാധ്വാനം ചെയ്തു രൂപപ്പെടുത്തിയ വി.ഗ്രന്ഥമാണ് പിന്നീട് പലരും തങ്ങളുടെ ഗ്രന്ഥമെന്ന അവകാശത്തോടെ, അതിന്റെ ക്രമം തെറ്റിച്ച് ഉപയോഗിക്കുന്നത് എന്നത് വളരെ നിർഭാഗ്യകരമായിരിക്കുന്നു.
വി.ബൈബിൾ മാത്രമാണ് നിത്യരക്ഷയുടെ അടിസ്ഥാനമെങ്കിൽ ബൈബിൾ രൂപപ്പെടാതിരുന്ന, വായിക്കാതിരുന്ന ആദ്യ പതിനഞ്ച് നൂറ്റാണ്ടുകളിലെ ലക്ഷക്കണക്കിന് ആത്മാക്കളുടെ നിത്യരക്ഷയുടെ കാര്യം എങ്ങനെയായിരിക്കും? നൂറ്റാണ്ടുകൾക്ക് മുൻപ്, വ്യത്യസ്തമായ ഒരു സംസ്കാരത്തിൽ, വ്യത്യസ്തമായ ഒരു സാഹചര്യത്തിൽ, വ്യത്യസ്തമായ ഭാഷയിലും സാഹിത്യരൂപങ്ങളിലും, വ്യത്യസ്തമായ ഒരു സമൂഹത്തെ ലാക്കാക്കി എഴുതപ്പെട്ടവയാണ് വിശുദ്ധഗ്രന്ഥം എന്നത് മറക്കരുത്. അതിനാൽ ഇത്ര സങ്കീർണ്ണമായ വി.ഗ്രന്ഥം സ്വയവ്യാഖ്യാനത്തിന് വഴങ്ങുകയില്ല എന്ന് തിരിച്ചറിയുന്നത് വലിയ വിവേകമാണ്. മാത്രവുമല്ല ഇപ്രകാരം വ്യാഖ്യാനിക്കുന്നത് വിശുദ്ധ പത്രോസിലൂടെ പരിശുദ്ധാത്മാവ് വിലക്കുന്നുണ്ട് താനും (2 പത്രോസ് 1:21).
ബൈബിളിലെ ഒരു വാക്യം ഒരു ഖണ്ഡികയുടെയും, ഖണ്ഡിക പുസ്തകത്തിന്റെയും, പുസ്തകം ബൈബിൾ മുഴുവന്റെയും ഭാഗമാണ്. ബൈബിളാകട്ടെ സഭയുടെ ഭാഗവുമാണ്. അതിനാൽ ഒരു വചനത്തിന്റെ യഥാർത്ഥ അർത്ഥം അറിയണമെങ്കിൽ അതിനുമുമ്പായി സഭയെക്കുറിച്ചറിയണം. ബൈബിളിന്റെ പൊതുസന്ദേശം അറിയാതെ ഒരു വചനത്തിന്റെ അർത്ഥം ലഭിക്കില്ല. സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റിയാൽ എന്തും ബൈബിളിൽ നിന്ന് തെളിയിക്കാം. ദൈവമില്ല എന്ന് വരെ! (സങ്കീ 14:1).
റോമ 10:9-ൽ പറയുന്നുണ്ട് രക്ഷ പ്രാപിക്കാൻ ഈശോ കർത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റു പറയണമെന്ന്. സംസാരശേഷിയില്ലാത്ത ഒരാൾ എന്ത് ചെയ്യും? ഒന്നും ചെയ്തിട്ടല്ലല്ലോ അയാൾ അങ്ങനെ ജനിച്ചത്? റോമാ 10:17 – ൽ വിശ്വാസം കേൾവിയിൽ നിന്നാണ് എന്ന് പറയുന്നു. കേൾവിശക്തിയില്ലാത്തവർ എന്ത് ചെയ്യും? രക്ഷ പ്രാപിക്കുവാൻ മാമ്മോദീസ അനിവാര്യമായിരിക്കെ (യോഹ 3:5) വിശ്വസിച്ചു സ്നാനപ്പെടണം എന്ന നിർബന്ധവും ഇവിടെ പരിഗണിക്കുക. അങ്ങനെയെങ്കിൽ ശിശുക്കളുടെ കാര്യം എങ്ങനെ? തങ്ങളുടെ കുറ്റത്താലല്ലാതെ മാമ്മോദീസ സ്വീകരിക്കാത്തതിന്റെ പേരിൽ കുഞ്ഞുങ്ങൾ നിത്യനാശത്തിൽ പതിക്കേണ്ടതുണ്ടോ? സന്ദേശത്തിൽനിന്നും അടർത്തി മാറ്റിയാൽ പരിഹാസം ജനിപ്പിക്കുന്ന ഒരു തത്വാവതരണം മാത്രമായി സുവിശേഷപ്രഘോഷണം മാറുമെന്ന് തോന്നുന്നില്ലേ ?
By-Br. Biju of Mary Immaculate.