“ഞാൻ മരിക്കാൻ കിടന്നാലും, നിന്റെ കരിയറിന് പ്രയോജനമുള്ള ഒരു കാര്യം വന്നാൽ അത് ചെയ്യണം’ എന്ന് വളരെ സ്നേഹവായ്പോടെ മകനോട് പറഞ്ഞ ഒരച്ഛന്റെ ചരിത്രം എനിക്കറിയാം. അദ്ദേഹത്തിന്റെ മരണക്കിടക്കയിൽ അദ്ദേഹം ഒറ്റയ്ക്കായിരുന്നു. മകൻ കുടുംബ സ്നേഹിയായി വളരണം എന്നാഗ്രഹിച്ചു, മികച്ച വിദ്യാഭ്യാസം കൊടുക്കാതെ മകനെ വളർത്തിയ മറ്റൊരു അച്ഛനെയും എനിക്കറിയാം. എന്റെ മരണശേഷം എന്റെ മകൻ എങ്ങനെ ജീവിക്കും എന്ന ആധിയോടെയാണ് അദ്ദേഹം മരിച്ചത്.
മൂല്യങ്ങളാണോ വൈദഗ്ധ്യമാണോ നമ്മുടെ കുട്ടികൾക്ക് കൊടുക്കേണ്ടത് എന്നൊരു ചോദ്യം നമ്മുടെ മുന്നിൽ ഉയരുന്നു. ഇത്തവണ സ്കൂൾ തുറക്കുന്നു എന്ന് കേൾക്കുമ്പോൾ മഴയും കുടയും ബാഗുമല്ല, മാസ്കും സാനിറ്റൈസറുമാണ് ഉൾക്കണ്ണിൽ തെളിയുക. ഇതേ ജാഗ്രത, നമ്മുടെ കുട്ടികൾ എന്ത് പഠിക്കുന്നു, വിദ്യാഭ്യാസം അവരെ എങ്ങോട്ടാണ് നയിക്കുന്നത് എന്നതിനെക്കുറിച്ചും നമുക്കുണ്ടോ?
എന്തിനാണ് വിദ്യാഭ്യാസം? ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ദിവസം മലയാളം അധ്യാപകൻ ചോദിച്ചു, ‘വിദ്യാഭ്യാസം ചെയ്യുന്നത് എന്തിനാണ്?’ കണ്ണ് മിഴിച്ചു നോക്കിയിരിക്കുന്ന ഞങ്ങളോട് അദ്ദേഹം പറഞ്ഞു – ‘ഒരു നല്ല മനുഷ്യനാകാൻ. സംസ്കാരമുള്ളവരാകാൻ’. ഈയടുത്തയിടെ പലവട്ടം അധ്യാപകർ എന്റെ കുട്ടികളോട് പറയുന്നത് കേട്ടു, ‘നീ നന്നായി പഠിച്ചു, നല്ല ജോലി വാങ്ങിച്ചു…’. വിദ്യാഭ്യാസത്തിന്റെ അന്തിമമായ ഉദ്ദേശ്യം ജോലിയാണോ മനുഷ്യനാകുകയാണോ?
മികച്ച സ്വഭാവവും ഉയർന്ന മത്സര ശേഷിയും! വിദ്യാഭ്യാസത്തിനു രണ്ടു വശങ്ങൾ ഉണ്ടാവണം എന്ന് ഞാൻ വിശ്വസിക്കുന്നു. ഒന്ന് മികച്ച സ്വഭാവരൂപവത്ക്കരണമാണ്. രണ്ടാമത്തേത് ഉയർന്ന മത്സര ശേഷിയും. സ്വഭാവം വേരുകളും മത്സരശേഷി വൃക്ഷത്തിന്റെ തായ്ത്തടിയുമാവണം. ഫലങ്ങൾ തനിയെ വരും. തായ്ത്തടിയും ചില്ലകളും ഇല്ലാത്ത വേരുകളും, വേരുകളില്ലാത്ത തായ്ത്തടിയും ഒരുപോലെ പ്രയോജന രഹിതമാണ്.
കൂർമ്മ ബുദ്ധിയും സമഗ്രമായ നിയമജ്ഞാനവുമുള്ള ഒരു പൊലീസ് ഓഫീസറെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസത്തിൽ നമുക്കഭിമാനിക്കാം. പക്ഷെ അദ്ദേഹം കൈക്കൂലി വാങ്ങി നിയമങ്ങൾ ദുരുപയോഗം ചെയ്യുമ്പോൾ അദ്ദേഹത്തിന് കിട്ടിയ വിദ്യാഭ്യാസവും പരിശീലനവും വളരെ അപകടകരമായി മാറുന്നു. രോഗികളുടെ അവയവങ്ങൾ, അവരറിയാതെ സർജറി ചെയ്തെടുത്തു കച്ചവടം ചെയ്യുന്ന മെഡിക്കൽ പ്രൊഫഷണലുകൾ കഴിവ് ഒട്ടും കുറഞ്ഞവരല്ല.
ഒരല്പം കൂടിയവരാണ്. പ്രോഗ്രാമിങിലും മൂവി മേക്കിങ്ങിലും ടോപ് ക്ലാസ് ആയവരാണ് കുട്ടികളെയും യുവാക്കളെയും അഡിക്ഷനിലേക്കു നയിക്കുന്ന ഗെയിമുകളും പോൺ വിഡിയോകളും നിർമിക്കുന്നത്. ജീവിത ശൈലീ രോഗങ്ങൾക്ക് കാരണമാകുന്ന ഭക്ഷണ രീതികൾ നമ്മൾ പഠിക്കുന്നത് ഏറ്റവും മികച്ച രീതിയിൽ ബിസിനസ് ചെയ്യാൻ അറിയാവുന്ന കോർപറേറ്റുകളിൽ നിന്നും അവർ ഹയർ ചെയ്യുന്ന പ്രൊഫഷണൽ ആഡ് മേക്കേഴ്സിൽ നിന്നുമാണ്.
ദൈവിക തത്വങ്ങളായ (principles) സത്യം, നീതി, സ്നേഹം, കരുണ, ധൈര്യം, സാഹോദര്യം ഇവയെല്ലാം ഒരു കുഞ്ഞിന്റെ മനസുറയ്ക്കുമ്പോഴേ അവന്റെ ഉള്ളിൽ രൂപപ്പെട്ടു വരണം. സ്വഭാവ രൂപവത്ക്കരണം നടക്കാതിരിക്കുമ്പോൾ അത് രാജ്യത്തിൻറെ ഭാവിയെ ബാധിക്കുന്നു. ഒരിക്കലും തികയാത്ത പൊലീസ് സേന, കേസുകൾ കെട്ടിക്കിടക്കുന്ന കോടതികൾ, അസംഖ്യം നിയമനിർമ്മാണങ്ങൾ, അഴിമതിയിൽ മുങ്ങിയ ഭരണം, ആർത്തിപൂണ്ട കോർപറേറ്റുകൾ, വിഷത്തിൽ മുക്കിയ പച്ചക്കറികൾ എല്ലാം അതിന്റെ ഫലങ്ങളാണ്.
നേരെ തിരിച്ചു സംഭവിച്ചാലോ? സത്യസന്ധനും വിനയാന്വിതനുമായ ഒരു ഡോക്ടർ സർജറി ചെയ്യുമ്പോൾ കൈ വിറക്കുന്നവനായാൽ രോഗിയുടെ സ്ഥിതി ഭീകരമായിരിക്കും. എൻജിനീയർ എത്ര സ്നേഹവാനാണെങ്കിലും തൊഴിൽ അറിയാത്തവനാണെങ്കിൽ നമ്മുടെ വീട് പണിയാൻ നമ്മൾ ക്ഷണിക്കില്ല. മത്സരശേഷിയില്ലാതാകുമ്പോൾ പിജി യും PhD യും കഴിഞ്ഞു തൊഴിലില്ലാതെ അലയുന്ന ഒരു തലമുറ സൃഷ്ടിക്കപ്പെടുന്നു.
സ്വന്തമായി സംരംഭങ്ങൾ തുടങ്ങാൻ കഴിയാത്ത, സാമ്പത്തികം കൈകാര്യം ചെയ്യാൻ അറിയാത്ത, പൊതുമുതൽ പരിരക്ഷിക്കാൻ താല്പര്യമില്ലാത്ത ഒരു ജനത. രാജ്യത്തിൻറെ പ്രൊഡക്ടിവിറ്റിയെയും കുടുംബങ്ങളുടെ സുരക്ഷയെയും അത് ബാധിക്കുന്നു. കൃഷിയിൽ നിന്നും ഫാക്ടറികളിലേയ്ക്ക് സംസ്കാരം മാറിയപ്പോൾ രൂപപ്പെട്ട ഘടനയാണ് ഇപ്പോഴും നമ്മുടെ വിദ്യാഭ്യാസത്തിനുള്ളത്. അന്നത്തെ ഫാക്ടറികൾക്കു പകരം ഇന്നത്തെ കോർപ്പറേറ്റുകൾക്ക് തൊഴിലാളികളെ സൃഷ്ടിക്കുകയാണ് നമ്മൾ. സംസ്കാരം പിന്നെയും മുന്നോട്ടു പോയി knowledge worker ഇലെത്തി നിൽക്കുമ്പോഴും നമ്മൾ പഴയ ഇടത്തു തന്നെയാണ്. അറിവും ആശയങ്ങളും സുലഭമാണ് ഇന്ന്. അവയെ വിദഗ്ധമായി execute ചെയ്യാൻ കഴിയുന്ന, ഗുണമേന്മയോടെ പ്രാവർത്തികമാക്കാൻ കഴിയുന്നവന് മാത്രമേ ഇന്ന് നിലനിൽപ്പുള്ളൂ.
സ്വഭാവരൂപവത്ക്കരണം നഷ്ടപ്പെട്ടാലും മത്സരശേഷി നൽകുന്നതിൽ പരാജയപ്പെട്ടാലും വിദ്യാഭ്യാസത്തിന്റെ അർഥം തന്നെ നഷ്ടപ്പെടും.
ഫാമിലി സെന്ററുകൾ ! ടിഫിനും സ്കൂൾ ബാഗും യൂണിഫോമും സ്കൂൾ ഫീസും കൊടുത്തു, എല്ലാ ദിവസവും കുട്ടികളെ സ്കൂളിൽ വിടുന്നതോടെ, നമ്മുടെ ഉത്തരവാദിത്തം അവസാനിച്ചു, കുട്ടികളുടെ ജീവിതം നമ്മൾ സുരക്ഷിതമാക്കി എന്നൊരു ധാരണ നമുക്കുണ്ടെങ്കിൽ അത് മാറേണ്ടിയിരിക്കുന്നു. നമ്മുടെ കുട്ടികളിൽ ഒരു നല്ല ശതമാനവും അഡിക്ഷനുകൾ സമ്പാദിക്കുന്നത് വിദ്യാഭ്യാസ കാലത്തു, സ്കൂൾ-കോളേജ് ചുറ്റുപാടുകളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമാണ് എന്ന് നമ്മൾ ഓർമിക്കണം.
കുട്ടികളുടെ ജീവിതം രൂപപ്പെടുത്താൻ ഉപകരിക്കുന്ന എല്ലാ സാമൂഹിക സംവിധാനങ്ങളിലും രക്ഷാകർത്താക്കളുടെ പങ്കാളിത്തം 100% ഉണ്ടാകണം. സ്കൂളുകൾ, ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും ക്ലബ്ബ്കൾ, സാംസ്കാരിക നിലയങ്ങൾ, യൂത്ത് സെന്ററുകൾ എന്നിവയെല്ലാം ഫാമിലി സെന്ററുകളായി മാറണം. ഇവിടങ്ങളിലെല്ലാം കുട്ടിയ്ക്കും മാതാപിതാക്കൾക്കും ഒരുപോലെ സമയം ചെലവഴിക്കാൻ കഴിയണം.
സ്കൂളുകൾക്ക് കെട്ടിടസൗകര്യത്തിനു വേണ്ടി പണം പിരിക്കാൻ മാത്രമുള്ള ഒന്നായി PTA മാറരുത്. അധ്യാപകരുടെ ഗുണമേന്മ, സ്കൂളുകളിലെ ചിട്ടയും ശിക്ഷണ രീതിയും, ലൈബ്രറിയുടെ ഉപയോഗം, കൗൺസിലിംഗ് സാദ്ധ്യതകൾ, ക്യാമ്പുകൾ, ഇവയൊക്കെ എങ്ങനെ വേണം എന്ന് തീരുമാനിക്കാൻ രക്ഷാകർത്താക്കൾക്കു കഴിയണം. എല്ലാ മാസവും PTA മീറ്റിംഗുകൾ ഒരു ആഘോഷം പോലെ നടക്കുകയും അല്ലാത്ത ദിവസങ്ങളിലും രക്ഷാകർത്താക്കൾ സ്കൂളുകളിൽ വന്നു പോകുകയും ചെയ്യുന്നത് ആലോചിച്ചു നോക്കൂ. പലതരത്തിൽ കഴിവുകളുള്ള രക്ഷാകർത്താക്കൾ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കുട്ടികൾക്ക് വേണ്ടി നടപ്പിൽ വരുത്തുന്നത് ചിന്തിച്ചു നോക്കൂ.
നമ്മുടെ ക്ലബ്ബ്കളും സാംസ്കാരിക നിലങ്ങളും യൂത്ത് സെന്ററുകളും ചീട്ടുകളിക്കും വെള്ളത്തിൽ മുങ്ങിയ ഓണാഘോഷത്തിനുമുള്ള വേദികളല്ല. വീട്ടുജോലികൾ പോലും ചെയ്യാൻ താല്പര്യമില്ലാത്ത യുവാക്കൾക്ക് കാരംബോർഡ് കളിക്കാനും പ്രസിഡന്റും സെക്രട്ടറിയുമാകാനുമുള്ള ഇടമായി അധഃപതിക്കാതെ, ഭാവി തലമുറയെക്കുറിച്ചു കരുതലുള്ളവരുടെ നിയന്ത്രണത്തിൽ അവ വരണം. പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്ത, ഉത്തരവാദിത്തങ്ങളില്ലാത്ത, അലസരായ മധ്യവയസ്ക്കർ ഭരിക്കാനുള്ള സ്ഥലങ്ങളല്ല സാംസ്കാരിക നിലയങ്ങൾ. സംസ്കാര സമ്പന്നരായ, മികച്ച തൊഴിൽ ചെയ്യുന്ന രക്ഷാകർത്താക്കളുടെ ചുമതലയിൽ വളരാനുള്ള ഇടങ്ങളാണ്.
പുസ്തകങ്ങളും കംപ്യൂട്ടറുകളും അവിടെ തിരികെ വരണം. സ്ഥലപരിമിതി ഉണ്ടെങ്കിൽ ഓൺലൈൻ ബുക്കുകളും kindle വേർഷനും നിലവിൽ വരട്ടെ. ടെന്നീസ് കോർട്ടുകളും ഫുട്ബോൾ ഗ്രൗണ്ടുകളും രക്ഷകർത്താക്കൾ ചേർന്ന് ഉണ്ടാക്കുകയും കുട്ടികളോടൊപ്പം അവിടെ സമയം ചെലവാക്കുകയും വേണം. ധാരാളം മാതാപിതാക്കളും കുട്ടികളും ഒരുമിച്ചു സമയം ചിലവാക്കുന്ന ഫാമിലി സെന്ററുകളായി ഇവ മാറണം.
രക്ഷാകർത്താക്കൾക്കു വ്യായാമം ചെയ്യാനും കുട്ടികൾക്ക് കളിക്കാനും ഇടം ഉണ്ടാകട്ടെ. രക്ഷാകർത്താക്കൾക്കു വേൾഡ് ക്ലാസിക് പുസ്തകങ്ങളും ബിസിനസ് മാഗസിനുകളും കുട്ടികൾക്ക് പാഠ്യപുസ്തകങ്ങളും വായിക്കാൻ സൗകര്യം ഉണ്ടാകട്ടെ. രക്ഷാകർത്താക്കൾക്കു ലാപ്ടോപ്പിൽ ജോലി ചെയ്യാനും കുട്ടികൾക്ക് ഓൺലൈൻ കോഡിങ് പഠിക്കാനും ഒരേ ഇടം തന്നെ ഉപകരിക്കട്ടെ. എന്തിനാണ് മാതാപിതാക്കൾക്ക് പ്രത്യേക ക്ലബ്ബ്കളും ജിമ്മുകളും?
സ്കൂളുകളും ക്ലബ്ബ്കളും യൂത്ത് സെന്ററുകളും ഫാമിലി സെന്ററുകളായി മാറിയാൽ ലഹരി വസ്തുക്കളും ലൈംഗിക ചൂഷണങ്ങളും ഇല്ലാതാകും എന്ന് മാത്രമല്ല, കുട്ടികൾ മികച്ച സ്വഭാവവും ഉയർന്ന മത്സരശേഷിയും ഉള്ളവരായി മാറും എന്നും ഞാൻ കരുതുന്നു. അതായിരിക്കട്ടെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും.
എല്ലാ വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും സുരക്ഷിതമായ സ്കൂൾ കാലഘട്ടം നേരുന്നു.
By, Edwin Livingston.