കൊച്ചി: എറണാകുളത്തെ കത്തോലിക്ക ദേവാലയത്തില്‍ നടന്ന വിശുദ്ധ കുർബാനയ്ക്കിടെ നൽകിയ തിരുവോസ്തി കടത്താന്‍ ശ്രമം. തിരുവോസ്തി പകുതി കഴിച്ച് പകുതി പോക്കറ്റിലിട്ട മലപ്പുറം സ്വദേശികളായ നാല് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം കച്ചേരിപ്പടിയിലുള്ള സെന്റ് തെരേസാസ് ആശ്രമദേവാലയത്തിൽ ഞായറാഴ്ച വൈകിട്ട് 6.30ന് നടന്ന കുർബാനക്കിടെയായിരുന്നു സംഭവം.
വിശുദ്ധ കുര്‍ബാന സ്വീകരണ സമയത്ത്, ആദ്യത്തെ യുവാവ് കരങ്ങള്‍ നീട്ടിയെങ്കിലും വൈദികന് വിശുദ്ധ കുര്‍ബാന നാവില്‍ നല്കിയപ്പോള് പകുതി മുറിച്ച് പോക്കറ്റിലേക്ക് മാറ്റി. അടുത്തയാളും ഇത് തന്നെ ചെയ്തതോടെയാണ് സംശയം ബലപ്പെട്ടത്. യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വിശ്വാസികള്‍ ഇവരെ കയ്യോടെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ അക്രൈസ്തവരാണെന്നും മലപ്പുറം സ്വദേശികളാണെന്നും തിരിച്ചറിഞ്ഞത്. ഇതോടെ ഇവരെ പോലീസിന് കൈമാറുകയായിരുന്നു. താനൂർ സ്വദേശികളായ 4 യുവാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ബ്ലാക്ക് മാസ് അഥവാ കറുത്ത കുര്‍ബാന അടക്കമുള്ള പൈശാചിക കൃത്യങ്ങളില്‍ വിശ്വാസ അവഹേളനം നടത്താന്‍ സാത്താൻ സേവകർ തിരുവോസ്തി കടത്താന്‍ ശ്രമിക്കുന്ന സംഭവങ്ങള്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഘങ്ങള്‍ പലപ്പോഴും പണം നല്കി യുവതീയുവാക്കളെ വലയിലാക്കുകയാണ് പതിവ്. ഈ പശ്ചാത്തലത്തില്‍ തിരുവോസ്തി പോക്കറ്റിലാക്കിയത് ബ്ലാക്ക് മാസ് സംഘങ്ങളുടെ ഇടപെടലില്‍ ആണോയെന്ന സംശയം ശക്തമാണ്.
പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പള്ളിയിൽ നടക്കുന്നതെന്താണെന്ന് അറിയാനുള്ള കൗതുകത്തില്‍ അകത്ത് കയറിയതെന്നാണ് യുവാക്കൾ പറയുന്നതെങ്കിലും ഇക്കാര്യം പോലീസ് പൂര്‍ണ്ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. മലപ്പുറത്തുള്ളവര്‍ നഗരത്തിലെ ദേവാലയത്തില്‍ എത്തിയതാണ് കൂടുതല്‍ സംശയം ജനിപ്പിക്കുന്നത്. ഇവർക്ക് എന്തെങ്കിലും ദുരുദ്ദേശം ഉണ്ടായിരുന്നോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. എറണാകുളം ജില്ലയിൽ പ്രത്യേകിച്ചു കൊച്ചി കേന്ദ്രമാക്കി സാത്താനെ ആരാധിക്കുന്ന ബ്ലാക്ക് മാസ് സംഘങ്ങള്‍ സജീവമാണെന്നു വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു.
സാത്താനെ പ്രസാദിപ്പിക്കാൻ ക്രൈസ്തവ വിശ്വാസത്തിൻ്റെ കേന്ദ്ര ബിന്ദുവായ ക്രിസ്തുവിന്റെ സജീവ സാന്നിധ്യമായ വിശുദ്ധ കുർബാനയില്‍ പരികര്‍മ്മം ചെയ്യപ്പെട്ട തിരുവോസ്തി അവഹേളിക്കുന്നതടക്കമുള്ള ആഭിചാരകർമങ്ങളാണ് ഈ സംഘം നടത്തുന്നത്. വാഴ്ത്തിയ തിരുവോസ്തി ദേവാലയങ്ങളിൽ നിന്നു മോഷ്ടിച്ചു കൊണ്ടുവന്നു അതികഠിനമായ വിധത്തിൽ അവഹേളിക്കുന്നതും വിശുദ്ധ ബൈബിൾ നിന്ദിക്കുന്നതും ഇവയ്ക്കു മേല്‍ നടത്തുന്ന ലൈംഗീക വൈകൃതങ്ങളും ആഭിചാരകർമങ്ങളുടെ ക്രൂരമായ ഭാഗമാണ്. ഇതിൻ്റെ ഭാഗമായിട്ടാണോ യുവാക്കൾ പള്ളിയിൽ കടന്നുകയറി തിരുവോസ്തി കൈക്കലാക്കാന്‍ ശ്രമം നടത്തിയതെന്ന സംശയം ശക്തമാണ്. അടുത്തിടെ വയനാട്ടിലും തിരുവോസ്തി കടത്താന്‍ സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു.
……………………………………………………………………………………………
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ സ്വീകരണത്തെക്കുറിച്ച് -ഡോ. മാർട്ടിൻ N ആന്റണി O. de M
കഴിഞ്ഞദിവസം എറണാകുളം സെന്റ് തെരേസാസ് ആശ്രമ ദേവാലയത്തിൽ നിന്നും തിരുവോസ്തി കടത്താൻ നാല് യുവാക്കൾ ശ്രമിച്ചു എന്ന വാർത്ത വിവാദമായിരിക്കുകയാണല്ലോ. ആ സംഭവത്തെ നമ്മുടെ സമൂഹത്തിൽ വീണ്ടും സജീവമാകുന്ന സാത്താൻ സേവയായും മുസ്ലിം തീവ്രവാദത്തിന്റെ മറ്റൊരു ഭീകര മുഖമായും യുവമാനസങ്ങളുടെ കൗതുകമായുമെല്ലാം വ്യാഖ്യാനിക്കുന്നുണ്ട്. അതൊന്നുമല്ല ഈ ഒരു കുറിപ്പിന്റെ ഉദ്ദേശം. ദിവ്യകാരുണ്യ സ്വീകരണമാണ്.
കൊറോണ കാലത്തിനു മുൻപ് ഏകദേശം എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും ദിവ്യകാരുണ്യം നാവിലാണ് നൽകിക്കൊണ്ടിരുന്നത്. കാരണം കൈകളിൽ സ്വീകരിക്കുന്നവർ ദിവ്യകാരുണ്യവുമായി കടന്നുകളയുന്ന സംഭവങ്ങൾ പല പള്ളികളിലും ആവർത്തിക്കപ്പെടുന്നത് ശ്രദ്ധയിൽ പെട്ടതു കൊണ്ടാണ് അത് നാവിൽ തന്നെ സ്വീകരിക്കണമെന്ന് പല രൂപതാധ്യക്ഷന്മാരും നിർബന്ധിച്ചത്. പക്ഷേ കൊറോണ വന്നപ്പോൾ നാവിൽ കുർബാന കൊടുക്കണ്ട, കയ്യിൽ കൊടുത്താൽ മതി എന്ന രീതി വന്നു.
ശരിയാണ്, ആരാധനക്രമത്തിന്റെ നിയമത്തിൽ വിശുദ്ധ കുർബാനയെ നാവിലും കൈകളിലും സ്വീകരിക്കാനുള്ള അവകാശത്തെക്കുറിച്ച് പറയുന്നുണ്ട് (GIRM 161). അപ്പോഴും ഒരു കാര്യം ഓർക്കണം, ദൈവശാസ്ത്രപരമായി കരങ്ങളിൽ അഭിഷേകം കിട്ടിയവർക്ക് മാത്രമേ ദിവ്യകാരുണ്യത്തെ കൈകളിൽ വഹിക്കാൻ അനുവാദമുള്ളൂ. മറ്റുള്ള വിശ്വാസികൾ ആരെങ്കിലും ദിവ്യകാരുണ്യത്തെ കൈകൊണ്ട് എടുക്കുകയാണെങ്കിൽ അത് ഭക്ഷിക്കുന്നതിനു മാത്രമായിരിക്കണം.
ഡീക്കന്മാർക്കും പുരോഹിതന്മാർക്കും മാത്രമാണ് കരങ്ങളിൽ അഭിഷേകം ഉള്ളത്. അവർക്ക് ദിവ്യകാരുണ്യത്തെ വഹിക്കാം, സ്പർശിക്കാം. ദൈവശാസ്ത്രപരമായി മറ്റുള്ളവർക്കാർക്കും ദിവ്യകാരുണ്യത്തെ സ്പർശിക്കാൻ അനുവാദമില്ല. ചില ധ്യാനകേന്ദ്രങ്ങളിലെ കുർബാന എഴുന്നള്ളിച്ചതിനു ശേഷം നടക്കുന്ന പ്രദക്ഷിണങ്ങളിൽ ആൾക്കാർ ദിവ്യകാരുണ്യത്തെ തൊട്ടുമുത്തുന്നതായി കാണാൻ സാധിച്ചിട്ടുണ്ട്. ഓർക്കുക, തൊട്ടുമുത്താൻ ദിവ്യകാരുണ്യം ഒരു തിരുശേഷിപ്പല്ല. ഭക്ഷണമാകാൻ മാത്രമാണ് ഈശോ അപ്പത്തിന്റെ രൂപത്തിൽ നമ്മുടെ ജീവിതത്തിലേക്ക് വരുന്നത്.
ആ അപ്പത്തെ തൊടാനോ താലോലിക്കാനോ പാടില്ല (GIRM 160). ആ അപ്പം ഭക്ഷിക്കാൻ മാത്രമുള്ളതാണ്. അതിനാൽ ദിവ്യകാരുണ്യം കൈകളിൽ സ്വീകരിക്കുന്നത് ആവുന്നതും ഒഴിവാക്കാൻ ശ്രമിക്കുക. നാവിൽ സ്വീകരിക്കുന്നതാണ് എന്നും എപ്പോഴും ഉചിതമെന്നാണ് സഭയുടെ കാഴ്ചപ്പാട്. കൊറോണ കാലം ഏകദേശം അവസാനിച്ചു. ജീവിതം അതിന്റെ സാധാരണതയിലേക്ക് തിരികെ വരുവാനും തുടങ്ങി. പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ ഒത്തിരി ആൾക്കാർ വരുന്നു.
ഒപ്പം അതിനെ അവഹേളിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങളും വർധിക്കാൻ തുടങ്ങിയിരിക്കുന്നു. ഇനിയും നമ്മൾ ദിവ്യകാരുണ്യം കരങ്ങളിൽ സ്വീകരിക്കണോ? നാവിൽ സ്വീകരിക്കുന്നതല്ലേ ഉചിതം? ഓർക്കുക, കത്തോലിക്കാ ജീവിതത്തിന്റെ ഏറ്റവും വിശുദ്ധമായ ദൈവീക അടയാളവും സാന്നിധ്യവുമാണ് ദിവ്യകാരുണ്യം. അതിനെ ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്യാനോ കരുതാനോ നമുക്ക് സാധിക്കില്ല. അതുകൊണ്ടാണ് ദിവ്യകാരുണ്യത്തിന്റെ ഒരു തരി പോലും നഷ്ടപ്പെടാൻ പാടില്ല എന്ന് സഭ പഠിപ്പിക്കുന്നത്.
കരങ്ങളിൽ സ്വീകരിക്കുമ്പോൾ ചില ശ്രദ്ധക്കുറവുകൾ സംഭവിക്കുന്നുണ്ട്. അതിലുപരി നമ്മുടെ “സ്വർഗ്ഗീയ തീക്കട്ട” ആകുന്ന ദിവ്യകാരുണ്യത്തെ സ്വന്തമാക്കി അവഹേളിക്കാൻ പിശാചിന്റെ പ്രതിനിധികളായ ബ്ലാക്ക് മാസുകാരും വർദ്ധിച്ചു വരുന്നുണ്ട് എന്ന കാര്യവും സൗകര്യപൂർവ്വം നമുക്ക് മറക്കാൻ പറ്റില്ല. ദിവ്യകാരുണ്യം കരങ്ങളിൽ നൽകണമോ നാവിൽ നൽകണമോ എന്നതിനെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് ഓരോ രൂപതയിലെയും മെത്രാന്മാരാണ് (Redemptionis Sacramentum. 92).
എറണാകുളം സെന്റ് തെരേസാസ് ആശ്രമ ദേവാലയത്തിൽ സംഭവിച്ചതു പോലെ വർദ്ധിച്ചുവരുന്ന അവഹേളനങ്ങളുടെ പശ്ചാത്തലത്തിൽ ദിവ്യകാരുണ്യം ഇനിമുതൽ നാവിൽ മാത്രമേ നൽകുവാൻ പാടുള്ളൂ എന്ന തീരുമാനം നമ്മുടെ പിതാക്കന്മാർ എടുക്കുമെന്ന് വിശ്വസിക്കുന്നു. നമ്മുടെ മുൻ തലമുറകൾ സ്വീകരിച്ചതു പോലെ നമുക്കും ക്രിസ്തുവിന്റെ തിരുശരീരം ഭക്ത്യാദരവോടെ നാവിൽ തന്നെ സ്വീകരിക്കാം.
ഡോ. മാർട്ടിൻ N ആന്റണി O. de M
(Secretary, KRLCBC Commission for Theology and Doctrine)