ജിൽസ ജോയ്
വിശുദ്ധ റോബർട്ട് ബെല്ലാർമിനെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ വരുന്നത് 1തിമോത്തി.6:11-12 ആണ്… “എന്നാൽ ദൈവികമനുഷ്യനായ നീ ഇവയിൽ നിന്ന് ഓടിയകലണം. നീതി, ദൈവഭക്തി, വിശ്വാസം, സ്നേഹം, സ്നേഹം, സ്ഥിരത, സൗമ്യത എന്നിവയെ ഉന്നം വെക്കുക. വിശ്വാസത്തിന്റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ മുറുകെപ്പിടിക്കുകയും ചെയ്യുക”.
മഹാനായ ദൈവശാസ്ത്രജ്ഞനും ആ കാലഘട്ടത്തിലെ വിശ്വാസസംരക്ഷകരിൽ പ്രധാനിയും ആയിരുന്നു റോബർട്ട് ബെല്ലാർമിൻ. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യപകുതി കത്തോലിക്കാസഭക്ക് വലിയ സങ്കടവും നിരാശയുമൊക്കെയാണ് കൊണ്ടുവന്നത്. പ്രോട്ടസ്റ്റൻറ് നവീകരണം യൂറോപ്പിനെ കീറിമുറിച്ച സമയം. ജർമനിയുടെ വലിയൊരു ഭാഗത്തെ കൊണ്ടുപോകുന്നതിൽ മാർട്ടിൻ ലൂഥർ വിജയിച്ചു. ഫെബ്രുവരി 1, 1535 -ന് ഹെൻറി എട്ടാമൻ ‘ഇംഗ്ലണ്ടിലെ സഭയുടെ മാത്രം പരമാധികാരി’ -ആയി പ്രഖ്യാപിക്കപ്പെട്ടു.
അപ്പോഴത്തെ ആവശ്യം എന്നുപറയുന്നത് പാഷണ്ഡതകളോട് എതിരിടാൻ അറിവും വിശുദ്ധിയുമുള്ള വ്യക്തികളെ ലഭിക്കുകയിരുന്നു. 1540-ൽ പോൾ മൂന്നാമൻ പാപ്പാ, ഇഗ്നേഷ്യസ് ലയോള സ്ഥാപിച്ച ഈശോസഭക്ക് അംഗീകാരം നൽകി. അതിലെ അംഗങ്ങൾ ഒരു പ്രസ്ഥാനത്തിന് (counter- reformation ) തുടക്കമിട്ടു. അതിന്റെ ലക്ഷ്യങ്ങൾ, ഒന്നാമതായി പ്രവർത്തനവും ധ്യാനാത്മകതയും സംയോജിപ്പിച്ച് അവനവന്റെ ആത്മാവിന്റെ വിശുദ്ധീകരണത്തിൽ ശ്രദ്ധിക്കുക; രണ്ടാമതായി, വിശ്വാസം പ്രചരിപ്പിക്കാനും സംരക്ഷിക്കാനുമായി യുവാക്കളെ ഭക്തിയിലും അറിവിലും പരിശീലിപ്പിക്കുക ഇതൊക്കെയായിരുന്നു.
അതിന്റെ മനോഹരമായ ഉത്പന്നമായിരുന്നു റോബർട്ട് ബെല്ലാർമിൻ. ഇറ്റലിയിൽ ടസ്കണിയിലെ മോന്തേപുൾസിയാനോയിൽ 1542-ൽ ആണ് റോബർട്ട് ബെല്ലാർമിൻ ജനിച്ചത്. പതിനെട്ടാം വയസ്സിൽ ഈശോസഭയിൽ ( ജെസ്യൂട്ട് ) ചേർന്ന അദ്ദേഹം അക്കാലത്ത് പുതിയതായി തുടങ്ങിയ റോമൻ കോളേജിൽ ചേർന്നു പഠിച്ചു, പിന്നീട് യൂണിവേഴ്സിറ്റി ഓഫ് പാദുവായിലേക്ക് അയക്കപ്പെട്ടു. 1569-ൽ ബെൽജിയത്തിലെ ലുവെയ്ൻ യൂണിവേഴ്സിറ്റിയിൽ പഠനം പൂർത്തിയാക്കാനെത്തി.
കത്തോലിക്കസഭയുടെ ശക്തികേന്ദ്രമായിരുന്നു അവിടം. പ്രോട്ടസ്റ്റന്റ് ചിന്തകരുമായി അടുത്തു പെരുമാറാനിടവന്നത്, അവരെ ഒതുക്കാനായി തന്റെ ആയുധങ്ങളുടെ മൂർച്ച കൂട്ടുന്നതിന് ഉപകാരപ്പെട്ടു. വൈകാതെ, അതേ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ ആയി. അദ്ദേഹത്തിന്റെ ചിട്ടയോടു കൂടിയ അവതരണം, വിസ്മയകരമായ ഓർമശക്തി, സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളെക്കുറിച്ചുള്ള അവഗാഹം, അന്യഭാഷകളിലുള്ള അറിവ്..
എല്ലാം ഒത്തുചേർന്നപ്പോൾ അദ്ദേഹത്തിന്റെ ക്ളാസ്സുകൾ കേൾക്കാൻ വീദ്യാർത്ഥികൾ പ്രവഹിച്ചു. പ്രോട്ടസ്റ്റന്റിസം മുന്നോട്ടു വെക്കുന്ന പാപത്തെക്കുറിച്ചും കൃപയെക്കുറിച്ചുമുള്ള സിദ്ധാന്തങ്ങളിലെ തെറ്റുകൾ കൃത്യതയോടെയും വ്യക്തതയോടെയും ചൂണ്ടികാണിക്കുന്ന വാഗ്മിയും തർക്കിക്കുന്ന ആളുമൊക്കെയായി വൈകാതെ റോബർട്ട് പ്രസിദ്ധിയാർജിച്ചു.
De Controversiis (Regarding controversies) എന്ന അദ്ദേഹത്തിന്റെ പ്രബോധനങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നതിനുമുൻപ് തന്നെ കൈകൊണ്ടെഴുതിയ പേജുകളായി അവ ഇംഗ്ലണ്ടിലും ജർമനിയിലും മുഴുവനും എത്തി. അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനായി പ്രോട്ടസ്റ്റന്റ് യൂണിവേർസിറ്റികളിൽ സമ്മർദ്ദമുണ്ടായി. ലുവെയ്നിലെ 12 കൊല്ലങ്ങൾക്ക് ശേഷം താൻ ആദ്യം പഠിച്ച റോമൻ കോളേജിൽ പഠിപ്പിക്കാൻ റോബർട്ടിനു ക്ഷണം കിട്ടി.
യുവാക്കളായ ഇംഗ്ലീഷ്കാരും ജർമൻകാരുമായ സെമിനാരി യുവാക്കളെ പരിശീലിപ്പിക്കുകയായിരുന്നു പ്രധാന ജോലി, അങ്ങനെ അവർക്ക് അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചുപോകുമ്പോൾ പ്രോട്ടസ്റ്റന്റിസത്തെ വെല്ലുവിളിക്കാൻ സാധിക്കും.
യുവാക്കളായ ഈശോസഭവൈദികരുടെ ആത്മീയപിതാവ് കൂടെയായിരുന്നു റോബർട്ട് ബെല്ലാർമിൻ. അദ്ദേഹത്തിന്റെ കൈകളിൽ കിടന്നാണ് വിശുദ്ധ അലോഷ്യസ് ഗോൺസാഗ മരിച്ചത്.
1592-ൽ റോബർട്ട് ബെല്ലാർമിൻ റോമൻ കോളേജിന്റെ റെക്ടർ ആയി 1595-ൽ നേപ്പിൾസിലെ പ്രൊവിൻഷ്യലും. 1599-ൽ ക്ലമെന്റ് എട്ടാമൻ പാപ്പ അദ്ദേഹത്തെ കർദ്ദിനാളും വത്തിക്കാനിൽ പോപ്പിന്റെ സ്വകാര്യ ദൈവശാസ്ത്രപ്രബോധകനുമാക്കിക്കൊണ്ട് പറഞ്ഞു, “സഭയിൽ ഇദ്ദേഹത്തിനോളം അറിവിൽ തുല്യനായി വേറെ ഒരാളില്ല “. 1602 -ൽ അതേ പോപ്പ് അദ്ദേഹത്തെ ആർച്ചുബിഷപ്പുമാക്കി.
മൂന്ന് കൊല്ലത്തിനു ശേഷം 1605 -ൽ പോൾ അഞ്ചാമൻ പാപ്പ, കർദ്ദിനാൾ ബെല്ലാർമിൻ പോപ്പിന്റെ കൂടെതന്നെ ഉണ്ടായിരിക്കണമെന്ന് പറഞ്ഞു. ബെല്ലാർമിൻ വത്തിക്കാൻ ലൈബ്രറിയുടെ ഹെഡ് ആയി. മിക്കവാറും എല്ലാ സഭാവിഭാഗങ്ങളുടെയും അംഗത്വം ഉണ്ടായിരുന്നത് കൊണ്ട് റോമിന്റെ ഔദ്യോഗിക തീരുമാനങ്ങളിൽ നിർണ്ണായകപങ്ക് വഹിച്ചു.
ജനങ്ങളുടെ കണ്ണിൽ റോബർട്ട് ബെല്ലാർമിനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ ബുദ്ധിശക്തി ഒന്നും ആയിരുന്നില്ല. വിശുദ്ധമായ, ലാളിത്യമാർന്ന അദ്ദേഹത്തിന്റെ ജീവിതരീതിയാണ് ആളുകളെ ആകർഷിച്ചത്. കപ്പുവായിലെ ആർച്ചുബിഷപ്പെന്ന നിലയിൽ ഇടയന്റേതായ തീക്ഷ്ണതക്ക് അദ്ദേഹം മാതൃകയാണ്. പുസ്തകങ്ങളെല്ലാം ദൂരെ മാറ്റി വെച്ച് തന്റെ ആടുകളോട് സുവിശേഷം പ്രസംഗിക്കാനും കുട്ടികൾക്ക് മതബോധനക്ലാസുകൾ എടുക്കാനും അസുഖബാധിതരെ സന്ദർശിക്കാനും പാവങ്ങളെ സഹായിക്കാനും തുടങ്ങി.
“ഉപവി എന്ന പുണ്യത്താൽ ആരും നഷ്ടപ്പെട്ടുപോയിട്ടില്ല, അതില്ലാതെ ആർക്കും രക്ഷപ്പെടാൻ കഴിയുകയുമില്ല”. ഒരു ലൈബ്രറിയുടെ ഷെൽഫുകളെല്ലാം നിറയാനുള്ളത്ര പുസ്തകങ്ങൾ അദ്ദേഹത്തിന്റെതായി ഉണ്ട്. പക്ഷേ അതിൽ ഏറ്റവും മഹത്തരം എന്ന് പറയാവുന്നത് മുതിർന്നവർക്കായും കുട്ടികൾക്കായും അദ്ദേഹം എഴുതിയ രണ്ട് മതബോധനപുസ്തകങ്ങളാണ്.
അതിൽ കുട്ടികൾക്കായുള്ളത് അറുപത് ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുള്ളതും ലോകമെങ്ങും ഉപയോഗിക്കപ്പെടുന്നതുമാണ്. ചോദ്യത്തരരൂപത്തിലുള്ള ചെറിയൊരു പുസ്തകമാണത്, പോക്കറ്റിൽ വെക്കാവുന്നത്ര ചെറുത്. പക്ഷേ അതിൽ അനാവരണം ചെയ്യപ്പെട്ടിട്ടുള്ള വിശ്വാസസത്യങ്ങൾ വളരെ കൃത്യതയോടുകൂടിയാണ്.
ക്ലമെന്റ് എട്ടാമൻ പാപ്പ ബെല്ലാർമിനെ അദ്ദേഹത്തിന്റെ മെത്രാൻസ്ഥാനവുമായി ബന്ധപ്പെട്ട വലിയ ഭൂസ്വത്തിന്റെ ആദായം സ്വീകരിക്കാൻ നിർബന്ധിച്ചിരുന്നു. പോൾ അഞ്ചാമൻ പാപ്പ അധികാരത്തിൽ വന്നപ്പോഴേക്കും ആ ഒരു കീഴ്വഴക്കത്തിൽ നിന്ന് തന്നെ മോചിപ്പിക്കാൻ കർദ്ദിനാൾ പോപ്പിനോട് യാചിച്ചു. സ്വത്തുവകകളോട് അദ്ദേഹത്തിന് തീരെ താല്പര്യമുണ്ടായിരുന്നില്ല.
ജീവിതത്തിന്റെ അവസാനവർഷങ്ങൾ റോബർട്ട് ബെല്ലാർമിൻ ചിലവഴിച്ചത് ‘The Art of Dying Well’ എഴുതിക്കൊണ്ടാണ്. അങ്ങനെ, 79 വയസ്സുള്ളപ്പോൾ 1621 സെപ്റ്റംബർ 17-ന് ഈ ലോകത്തോട് വിട പറയുമ്പോഴേക്ക് അദ്ദേഹം നന്നായി ഒരുങ്ങിയിരുന്നു. 1931-ൽ പീയൂസ് പതിനൊന്നാമൻ പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. തൊട്ടടുത്ത വർഷം കത്തോലിക്കസഭയിലെ വേദപാരംഗതൻ ആയി ഉയർത്തി.
വിശുദ്ധ റോബർട്ട് ബെല്ലാർമിന്റെ ജീവിതകാലത് അദ്ദേഹത്തിന്റെ വിശുദ്ധി ജൂതൻമാരും പാഷാണ്ഠികളും വരെ അസന്നിഗ്ദമായി പ്രഖ്യാപിച്ചിരുന്നു. “എല്ലാ ക്രിസ്ത്യാനികളും ബെല്ലാർമിനെപ്പോലെ ജീവിച്ചാൽ, നമ്മൾ ജൂതന്മാരെല്ലാം ക്രിസ്ത്യാനികളായേനെ”.
ഒരു കാൽവിനിസ്റ്റ് ഇങ്ങനെ പറഞ്ഞു,”എല്ലാ കർദ്ദിനാൾമാരും ബെല്ലാർമിനെപ്പോലെ ആയിരുന്നെങ്കിൽ, പാഷണ്ഡതകൾ പിന്നെ ഉണ്ടാവുകയെ ഇല്ലായിരുന്നു”.
അദ്ദേഹത്തിന്റെ തിരുന്നാൾ ദിനത്തിൽ സഭ ഇങ്ങനെ പ്രാർത്ഥിക്കുന്നു,
“Lord God, to defend the faith of the church, you bestowed on saint Robert Bellarmine great gifts of learning and holiness. Grant, through his intercession, that your people may always rejoice to possess the fulness of that same faith”… -Feast Day of St.Robert Bellarmine – 17th September.