ചൈനയില്‍ ജീവിച്ച് യേശുവിനായി രക്തസാക്ഷിത്വം വരിച്ച നിരവധി വിശുദ്ധരില്‍ പ്രമുഖനാണ് പീറ്റര്‍ യൂ. ക്രിസ്തീയ വിശ്വാസികളല്ലാത്ത മാതാപിതാക്കള്‍ക്കു ജനിച്ച യൂ ബാല്യകാലം മുതല്‍ തന്നെ സദ്ഗുണങ്ങളാല്‍ പൂരിതനായിരുന്നു. എല്ലാകാര്യത്തിലും നീതി ബോധം പ്രകടിപ്പിച്ചിരുന്ന യൂ പാവപ്പെട്ടവരെ സഹായിക്കുവാനും നിരാലംബര്‍ക്കു തുണയേകുവാനും എപ്പോഴും ശ്രമിച്ചിരുന്നു.
യുവാ വായിരിക്കെ യൂ ഒരു വലിയ ഹോട്ടല്‍ തുടങ്ങി. കച്ചവടം അഭിവൃദ്ധി പ്രാപിച്ച സമയത്ത് അദ്ദേഹം വിവാഹിതനുമായി. വളരെ ഉല്‍സാഹിയും സംസാരപ്രിയനുമായിരുന്നു യൂ. അക്കാലത്ത് അദ്ദേഹത്തിന്റെ നാട്ടില്‍ ഒരു സംഘം ക്രൈസ്തവ മിഷനറിമാരെത്തി. അവരുടെ സംസാരവും പെരുമാറ്റവും യൂവിനെ ആകര്‍ഷിച്ചു. തന്റെ ദൈവവിശ്വാസം തെറ്റായ വഴിയിലായിരുന്നുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
വീട്ടിലെത്തി തന്റെ ദേവന്മാരുടെ ചിത്രങ്ങളെല്ലാം അദ്ദേഹം നശിപ്പിച്ചശേഷം അദ്ദേഹം മാമോദീസ മുങ്ങി ക്രൈസ്തവ വിശ്വാസിയായി. പീറ്റര്‍ എന്ന പേര് സ്വീകരിച്ചു. താന്‍ കണ്ടുമുട്ടിയിരുന്നവ രോടെല്ലാം ക്രിസ്തുവിനെപ്പറ്റി അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു. പലരെയും യേശുവിലേക്ക് ആകര്‍ഷിക്കാന്‍ യൂവിന്റെ സംസാരത്തിനു കഴിഞ്ഞു. ആ നാട്ടിലെ ക്രൈസ്തവര്‍ക്ക് നേതൃത്വം കൊടുത്തത് യൂ ആയിരുന്നു.
പിന്നീട് ചൈനയുടെ പലഭാഗങ്ങളിലും സന്ദര്‍ശിച്ച് അദ്ദേഹം സുവിശേഷ പ്രവര്‍ത്തനം നടത്തി. ക്രൈസ്തവ മതത്തെ അടിച്ചമര്‍ത്താന്‍ അധികാരികള്‍ ശ്രമം ആരംഭിച്ചപ്പോള്‍ യൂ അറസ്റ്റിലായി. തടവില്‍ കൊടുംപീഡനങ്ങളായിരുന്നു. എങ്കിലും യേശുവിനെ തള്ളിപ്പറയാന്‍ അദ്ദേഹം തയാറായില്ല.
ജയിലില്‍ തന്റെ കൂടെയുണ്ടായിരുന്നവരെയും അദ്ദേഹം മാനസാന്തരപ്പെടുത്തി യേശുവിന്റെ അനുയായിയാക്കി. ഒരു കുരിശുരൂപം നിലത്തിട്ടശേഷം അതില്‍ ചവിട്ടാന്‍ പീറ്റര്‍ യൂവിനോട് അധികാരികള്‍ ആവശ്യപ്പെട്ടു. അതിനു തയാറാകുന്നില്ലെന്നു കണ്ടതോടെ അദ്ദേഹത്തെ വധിച്ചു. പോപ് ജോണ്‍ പോള്‍ രണ്ടാമന് 2000 ഒക്ടോബര്‍ ഒന്നിന് പീറ്റര്‍ യൂവിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.