എ.ഡി. 332-ൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ താഗസ്തേ എന്ന നഗരത്തിൽ ഫെനീഷ്യൻ വംശജരായ മാതാപിതാക്കളിലാണ് മോനിക്കയുടെ ജനനം. ആത്മീയകാര്യങ്ങളിലും സഹജീവികളെ സഹായിക്കുന്നതിലും മോനിക്കയുടെ കുടുംബം മറ്റുള്ളവരിൽ നിന്നും വേറിട്ടു നിന്നു. ഇതു മൂലം മോനിക്കയും തന്റെ ചെറുപ്രായത്തിൽ തന്നെ മറ്റുള്ളവരെ സഹായിച്ചിരുന്നു.
അമ്മയായിരുന്നു മോനിക്കയുടെ മാതൃക. അമ്മയുടെ പ്രാർഥനയും സഹജീവിസ്നേഹവും മോനിക്ക വീക്ഷിച്ചിരുന്നു. യേശുവിന്റെ ശിഷ്യന്മാരുടെ ജീവിതത്തിലെ ക്ലേശങ്ങളും നേരിട്ട പീഡകളും മോനിക്ക അമ്മയിൽ നിന്നും മനസ്സിലാക്കി.
അവരുടെ ഈ അനുഭവങ്ങളെ പിന്തുടരുവാനായി അവൾ ഭക്ഷണസമയത്തല്ലാതെ വെള്ളം കുടിക്കില്ല എന്നൊരു തീരുമാനം എടുക്കുകയും, ജലപാനം നടത്തുവാൻ തോന്നലുണ്ടാക്കുന്ന സമയങ്ങളിൽ പള്ളിയിൽ ചെന്ന് പ്രാർഥിക്കുകയും ചെയ്തു.
അക്കാലത്ത് ഭക്ഷണശേഷം വീഞ്ഞു വിളമ്പുന്ന പതിവുണ്ടായിരുന്നു. നിലവറയിൽ നിന്നും വീഞ്ഞെടുക്കുവാനായി വേലക്കാരികൾക്കൊപ്പം അമ്മ മോനിക്കയെയും അയച്ചിരുന്നു. ജലപാനം ചെയ്യാത്തതിനാൽ ദാഹത്താൽ നിലവറയിലെത്തുന്ന മോനിക്ക അല്പം വീഞ്ഞ് രുചിച്ചു നോക്കുകയും ദിവസങ്ങൾ കഴിയും തോറും അതിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്തു.
ഇതു തുടർന്നപ്പോൾ വേലക്കാരി അവളെ കളിയാക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. മോനിക്ക വേലക്കാരിയോട് കഠിനമായ ഭാക്ഷയിൽ പ്രതികരിച്ചു. കപടവിശ്വാസിയാണെന്ന വേലക്കാരിയുടെ ചോദ്യത്തിനു മുൻപിൽ മോനിക്ക നിറകണ്ണുകളോടെ ഇനി ഒരിക്കലും വെള്ളമല്ലാതെ മറ്റൊന്നും കുടിക്കുകയില്ല എന്ന് തീരുമാനവും എടുത്തു.
പതിനാറ് വയസ്സിനു ശേഷം സമ്പന്നനും പേഗൻ മതവിശ്വാസിയും തഗാസ്റ്റ് സ്വദേശിയുമായ പട്രീഷ്യസുമായുള്ള മോനിക്കയുടെ വിവാഹം രാജകീയമായി നടത്തി. തുടർന്ന് മോനിക്ക വരന്റെ നാട്ടിലേക്ക് യാത്രയായി. അവിടെ മോനിക്കയ്ക്ക് നേരിടേണ്ടി വന്നത് തന്റെ വിശ്വാസത്തിനെതിരായ സാഹചര്യങ്ങളായിരുന്നു.
ഭർത്താവിൽ നിന്നും അമ്മയിൽ നിന്നും അവൾക്ക് പീഡകളേൽക്കേണ്ടി വന്നു. മോനിക്കയെ പള്ളിയിൽ പോകുവാനോ പ്രാർഥിക്കുവാനോ നോമ്പും ഉപവാസവും അനുഷ്ഠിക്കുവാനോ ഭർത്താവ് അനുവദിച്ചില്ല. എങ്കിലും അവൾ അവരുമായി എന്നും സൗമ്യമായ പെരുമാറ്റം വച്ചുപുലർത്തിയിരുന്നു.
താൻ ഇത്രയധികം പീഡിപ്പിച്ചിട്ടും മോനിക്ക തനിക്കു വേണ്ടി പ്രാർഥിക്കുന്നത് ഒരിക്കൽ പട്രീഷ്യസിന്റെ ശ്രദ്ധയിൽപെട്ടു. ഇത് അയാളുടെ മനസ്സിനെ വേദനിപ്പിച്ചു. കഠിനമായ വേലകഴിഞ്ഞ് പട്രീഷ്യസ് വരുമ്പോൾ മോനിക്ക പലപ്പോഴും നിർദ്ദേശങ്ങളും ചിന്തകളും പറഞ്ഞുകൊടുക്കുകയും ചെയ്തു. പിന്നീട് മോനിക്ക നാടിനും പ്രിയപ്പെട്ടവളായി മാറി.
എ.ഡി. 354 – ൽ മോനിക്ക വിശുദ്ധ അഗസ്റ്റിനു ജന്മം നൽകി. ബാല്യത്തിൽ തന്നെ മകനെ നന്മയുടെ വഴിയെ നയിക്കുവാൻ മോനിക്ക തീരുമാനിച്ചു. അക്കാലത്ത് പണ്ഡിതർക്ക് സമൂഹത്തിലുള്ള വലിയ സ്ഥാനം കാരണം മകനെ ഒരു പണ്ഡിതനാക്കുവാൻ ആഗ്രഹിക്കുകയും ചെയ്തു. പട്രീഷ്യസിന്റെയും ആഗ്രഹം ഇങ്ങനെ തന്നെയായിരുന്നു. ദൈവവിശ്വാസത്തെയും ആധ്യാത്മികതയെയും പറ്റി അഗസ്റ്റിൻ ധാരാളം മനസ്സിലാക്കി.
തുടർന്ന് മോനിക്ക നാവിജീസ എന്ന ആൺകുഞ്ഞും, പെർപെറ്റുവാ എന്ന പെൺകുഞ്ഞിനും ജന്മം നൽകി. എന്നാൽ ഇവരെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇക്കാലയളവിൽ മോനിക്കയുടെ അമ്മായിയമ്മയും, മരണത്തിന്റെ തലേവർഷം ഭർത്താവും ക്രിസ്തുമതം സ്വീകരിച്ചു.
അഗസ്റ്റിന് തുടർച്ചയായുണ്ടായിരുന്ന വയറുവേദന വഷളായി ഏഴാമത്തെ വയസ്സിൽ അദ്ദേഹം ആസന്നമരണനായപ്പോൾ മാമ്മോദീസാ നൽകുവാൻ തീരുമാനിച്ചെങ്കിലും, പെട്ടെന്ന് രോഗം വിട്ടുമാറിയപ്പോൾ ആ തീരുമാനം മാറ്റി.
തുടർന്ന് ജീവിച്ചിരിക്കുമെങ്കിൽ പാപത്തിൽ ഇനിയും വീഴുമെന്നുള്ളതിനാൽ, മുൻപാപങ്ങളെല്ലാം കഴുകിക്കളയുന്ന വിശുദ്ധകൂദാശയായ മാമ്മോദീസാ കഴിയുന്നത്ര താമസിപ്പിക്കുന്നതാണുത്തമം എന്ന പ്രായോഗികബുദ്ധിയായിരുന്നു ഈ തീരുമാനത്തിനു പിന്നിലെന്ന് അഗസ്റ്റിൻ അത്മകഥയിൽ സൂചിപ്പിക്കുന്നുണ്ട്.
മകനെ ഒരു പണ്ഡിതനാക്കുവാൻ ആഗ്രഹിച്ച മോനിക്കയ്ക്ക് മകനിൽ നിന്നും തിക്താനുഭവങ്ങളാണ് നേരിടേണ്ടിവന്നത്. അഗസ്റ്റിന് പഠനത്തോട് താത്പര്യം ഉണ്ടായിരുന്നില്ല. മോനിക്ക ദേവാലയത്തിൽ മകനെയും കൂട്ടി ചെന്ന് വൈദികനെക്കൊണ്ട് മകനെ ഉപദേശിപ്പിച്ചു. എല്ലാ ചോദ്യങ്ങളോടും നന്നായി പ്രതികരിച്ച അഗസ്റ്റിൻ വീണ്ടും പഠനത്തിൽ വളരെ പിന്നിലായി.
അഗസ്റ്റിൻ മോനിക്കയ്ക്ക് അയച്ചകത്തിൽ നിന്നും മകൻ റോമിലാണെന്ന് മനസ്സിലാക്കി അവൾ റോമിൽ എത്തിച്ചേർന്നു. എന്നാൽ മകൻ അവിടെ നിന്നും മിലാനിലേക്ക് യാത്രയായെന്ന് അറിഞ്ഞ മോനിക്ക വളരെയധികം കഷ്ടതകൾ സഹിച്ച് അവിടെ എത്തിച്ചേരുകയും അഗസ്റ്റിനെ കണ്ടെത്തുകയും ചെയ്തു.
എന്നാൽ അമ്മ അവിടെ എത്തുമെന്ന് അഗസ്റ്റിൻ കരുതിയിരുന്നില്ല. അഗസ്റ്റിന്റെ സുഹൃത്തിന്റെ ഒരു വേനൽക്കാല വസതിയിൽ അവർ താമസിച്ചു. ഇക്കാലത്താണ് അഗസ്റ്റിൻ മാമ്മോദീസാ സ്വീകരിച്ചത്.
എ.ഡി. 387 – ൽ തന്റെ 55 ആം വയസ്സിൽ മോനിക്ക അന്തരിച്ചു. മോനിക്കയുടെ മൃതശരീരം ഓസ്റ്റിയായിൽ സംസ്കരിച്ചു. പിന്നീട് അഗസ്റ്റിൻ വൈദികനായി ഉയർത്തപ്പെട്ടു.
തുടർന്ന് ആഫ്രിക്കയിലെ ഹിപ്പോ രൂപതയുടെ മെത്രാനായും നിയമിക്കപ്പെട്ടു. അഗസ്റ്റിന്റെ ആത്മാവിഷ്കരണം എന്ന കൃതിയിലൂടെയാണ് മോനിക്കയെപ്പറ്റി ലോകം കൂടുതലായി അറിഞ്ഞത്. 1430-ൽ മോനിക്കയുടെ പൂജ്യാവശിഷ്ടം മാർപ്പാപ്പ റോമിൽ എത്തിച്ചു.