ജിൽസ ജോയ്
രണ്ടാം സഹസ്രാബ്ദത്തിന്റെ അന്ത്യത്തിൽ, മഹാജൂബിലി വർഷമായി ആചരിച്ച രണ്ടായിരാമാണ്ടിൽ, ഏപ്രിൽ 9-ന് ജോൺ പോൾ രണ്ടാമൻ പാപ്പ തിരുക്കുടുംബസഭയുടെ സ്ഥാപകയായ മറിയം ത്രേസ്സ്യയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കവേ തൻറെ പ്രസംഗം ആരംഭിച്ചത് വിശുദ്ധ യോഹന്നാന്റെ സുവിശേഷം 12:21 പറഞ്ഞുകൊണ്ടാണ്, “ഞങ്ങൾ യേശുവിനെ കാണാൻ ആഗ്രഹിക്കുന്നു”.
“യേശുവിനെ കാണാൻ ! നൂറ്റാണ്ടുകളായി, ഗ്രീക്കുകാരുടെ ആ കൂട്ടത്തെപ്പോലെ എണ്ണിയാലൊടുങ്ങാത്ത സ്ത്രീപുരുഷന്മാർ യേശുവിനെ അറിയാൻ ആഗ്രഹിച്ചു. വിശ്വാസത്തിന്റെ കണ്ണുകളാൽ അവരവനെ കണ്ടു. കുരിശിൽ തറക്കപ്പെട്ട, ഉയിർത്ത മിശിഹായായി അവരവനെ തിരിച്ചറിഞ്ഞു. അവനാൽ വീണ്ടെടുക്കപ്പെടാനും അവന്റെ ശിഷ്യരാകാനും തങ്ങളെത്തന്നെ അവർ ഒരുക്കി. വിശുദ്ധരും വാഴ്ത്തപ്പെട്ടവരുമായ അവരെയാണ് നമുക്ക് അനുകരിക്കാവുന്ന മാതൃകകളായും പിൻചെല്ലാനുള്ള ദൃഷ്ടാന്തങ്ങളായും സഭ ഉയർത്തിക്കാണിക്കുന്നത്.
അവർ ക്രിസ്തുവിനെ വാക്കാൽ പ്രഘോഷിക്കുകയും തങ്ങളുടെ സോദരരോടുള്ള അശ്രാന്തസേവനം വഴി അവന് സാക്ഷികളാവുകയും ചെയ്തു”. വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ പറഞ്ഞതുപോലെ, വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും ക്രിസ്തുവിന്റെ സാക്ഷിയായി വിജയകിരീടം ചൂടിയ, നമ്മുടെ കേരളത്തിൽ ജീവിച്ചു കടന്നുപോയ, വിശുദ്ധ മറിയം ത്രേസ്സ്യയുടെ തിരുന്നാളാണ് നമ്മളിന്ന് കൊണ്ടാടുന്നത്. സമൂഹത്തിലെ താഴേക്കിടയിലുള്ളവരിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച സാമൂഹ്യപരിഷ്കർത്താവ് കൂടിയായിരുന്നു മറിയം ത്രേസ്സ്യ.
സ്ത്രീകൾ പുറത്തിറങ്ങി പ്രവർത്തിക്കുന്നത് ഒരു തരത്തിലും പ്രോത്സാഹിക്കപ്പെട്ടില്ലെന്നു മാത്രമല്ല വളരെ നിന്ദ്യമായ രീതിയിൽ കണ്ടിരുന്ന സമയത്താണ് മറിയം ത്രേസ്സ്യ മദ്യപാനികളുടെയും അസാന്മാർഗ്ഗികളുടെയും വീടുകളിൽ പോലും സമാധാനദൂതുമായി പോകുന്നത്. ഇരിഞ്ഞാലക്കുട രൂപതയിലുള്ള പുത്തൻചിറയിൽ തോമ – താണ്ട ദമ്പതികളുടെ അഞ്ചുമക്കളിൽ മൂന്നാമത്തവൾ ആയി 1876 ഏപ്രിൽ 26 -ന് മറിയം ത്രേസ്സ്യ ജനിച്ചു.
ഒരിക്കൽ സമ്പന്നരായിരുന്ന അവളുടെ കുടുംബം, തൻറെ 7 പുത്രിമാരെ കനപ്പടി സ്ത്രീധനം കൊടുത്തു കെട്ടിച്ചയക്കാൻ വേണ്ടി അവളുടെ അപ്പൂപ്പൻ ഭൂസ്വത്തൊക്കെ വിറ്റുതുലച്ചതിന്റെ ഫലമായി, ദരിദ്രരായിത്തീർന്നു. സമ്പത്തൊക്കെ നശിച്ചുപോയത് ഉൾകൊള്ളാൻ കഴിയാതെ ത്രേസ്സ്യയുടെ അപ്പനും സഹോദരനും മദ്യപാനികളായി. അവളുടെ അമ്മയായ താണ്ടയുടെ സ്നേഹവാത്സല്യമാണ് ഭക്തിയിലും വിശുദ്ധിയിലും വളരാൻ ത്രേസ്സ്യയെ സഹായിച്ചത്.
ബൈബിൾ കഥകളും വിശുദ്ധരുടെ ജീവചരിത്രങ്ങളും അമ്മയിൽ നിന്ന് കേട്ടുവളർന്ന ത്രേസ്സ്യക്ക് ചെറുപ്രായം തൊട്ടേ ദൈവത്തെ സ്നേഹിക്കാനുള്ള അദമ്യമായ ആഗ്രഹം ഉള്ളിലുണ്ടായിരുന്നു.
മൂന്ന് വയസ്സുള്ളപ്പോൾ തന്നെ കുരിശുമണി അടിക്കുമ്പോൾ പ്രാർത്ഥിക്കാനും കൊന്ത ചൊല്ലാനുമൊക്കെ അവൾ പഠിച്ചു. ആഴ്ചയിൽ നാല് ദിവസം ഉപവസിക്കാനും ദിവസത്തിൽ പലതവണ ജപമാല ചൊല്ലാനും നിത്യവ്രതം വാഗ്ദാനം ചെയ്യാനും ആ പ്രായത്തിൽ പോലും അവളെ പ്രേരിപ്പിച്ചത് ഉള്ളിൽ കത്തിയ ദൈവസ്നേഹം തന്നെയായിരുന്നു .ഈശോയെ വേണമെന്നുള്ള അവളുടെ ആഗ്രഹവും നിർബന്ധവും നിമിത്തമാണ് പതിമൂന്നു വയസ്സിൽ നടക്കേണ്ട ആദ്യകുർബ്ബാനസ്വീകരണം പത്തുവയസ്സിൽ തന്നെ നടത്തിയത്. പ്രായശ്ചിത്ത പ്രവൃത്തികളും ആശയടക്കവുമൊക്കെ നന്നേ ചെറുപ്പത്തിൽ തന്നെ അവളുടെ ജീവിതത്തിന്റെ ഭാഗമായി. 12 വയസ്സുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ട അവൾ പരിശുദ്ധ അമ്മയെ സ്വന്തം അമ്മയെപ്പോലെ സ്നേഹിച്ചു. തുടർപഠനം സാധ്യമല്ലാതിരുന്നതുകൊണ്ട് പഠിപ്പ് നിർത്തേണ്ടി വന്നു .
വീട്ടിൽ നിന്നും പുറപ്പെട്ടുപോയി ഒരു സന്യാസിനിയെ പോലെ പ്രാർത്ഥനയിലും പരിഹാരത്തിലും മുഴുകി ഒളിച്ചു ജീവിക്കാൻ അവളാഗ്രഹിച്ചു. പക്ഷെ അത് നടക്കാതെ വീട്ടിലേക്ക് തിരിച്ചുപോന്നു. ഈശോയുടെയും തിരുക്കുടുംബത്തിന്റെയും ദർശനം കൂടെക്കൂടെ അവൾക്കുണ്ടായി .
സഭയിലെ അറിയപ്പെട്ടിരുന്ന മിസ്റ്റിക്കുകളെപ്പോലെ ആത്മാവിന്റെ ഇരുണ്ട രാത്രികളും പിശാചിന്റെ ആക്രമണങ്ങളും പ്രലോഭനങ്ങളും കൊണ്ട് ത്രേസ്സ്യ പീഡിപ്പിക്കപ്പെട്ടു. വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവക്കെതിരെ പരീക്ഷിക്കപ്പെട്ടു. “കർത്താവേ, നിന്നിൽ ഞാൻ വിശ്വസിക്കുന്നു, എന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ, കർത്താവെ നിന്നിൽ ഞാൻ ശരണപ്പെടുന്നു, എന്നെ കൈവെടിയരുതേ,കർത്താവെ നിന്നെ ഞാൻ സ്നേഹിക്കുന്നു, എനിക്ക് അധികം സ്നേഹം നല്കണമേ …” ഈ പ്രാർത്ഥനകൾ ജപമാലകളായി ചൊല്ലി അവൾ പരീക്ഷണങ്ങളെ അതിജീവിച്ചു.
മൂന്നു കൂട്ടുകാരുടെ കൂടെ പള്ളി വൃത്തിയാക്കാനും അൾത്താര അലങ്കരിക്കാനും അവൾ പോയി. പാവപ്പെട്ടവരെ സഹായിച്ചു, രോഗികളെ ശുശ്രൂഷിച്ചു, ഒറ്റയ്ക്ക് ജീവിക്കാൻ വിധിക്കപ്പെട്ടവരെ സന്ദർശിച്ച് ആശ്വസിപ്പിച്ചു. ജോസഫ് വിതയത്തിൽ എന്ന വൈദികനെ ആത്മീയപിതാവായി സ്വീകരിച്ചത് ഇക്കാലത്താണ്. ത്രേസ്സ്യയുടെ പേരിന്റെ കൂടെ മറിയം എന്ന് ചേർക്കാൻ പരിശുദ്ധ അമ്മയാണ് ഫാദർ ജോസഫ് വിതയത്തിലിനോട് പറഞ്ഞത്. അതനുസരിച്ച് 1904 ഡിസംബർ 8-ന് അവളുടെ പേര് മറിയം ത്രേസ്സ്യ എന്നാക്കി.
ത്രേസ്സ്യക്കും കൂട്ടുകാർക്കും ഒരു ഭവനം ആവശ്യമാണെന്ന് തോന്നിയപ്പോൾ തൃശൂരിലെ ആർച്ചുബിഷപ്പ് മാർ ജോൺ മേനാച്ചേരിയോട് അവൾ അതറിയിച്ചു. പക്ഷെ പകരം ക്ലാരമഠത്തിലോ കർമ്മലീത്തമഠത്തിലോ ചേരാനാണ് പിതാവ് പറഞ്ഞത്. അതനുസരിച്ച് കുറച്ചുകാലം വിശുദ്ധ ഏവുപ്രാസ്യമ്മ ഉണ്ടായിരുന്ന ഒല്ലൂർ മഠത്തിൽ പോയി നിന്നെങ്കിലും തൻറെ വിളി അതല്ലെന്ന് മനസ്സിലാക്കി ബിഷപ്പിന്റെ അനുവാദത്തോടെ മറിയം ത്രേസ്സ്യ തിരിച്ചുപോന്നു.
1913-ൽ പുത്തൻചിറയിൽ സ്വന്തമായി ഒരു ഭവനത്തിന് രൂപംകൊടുക്കാൻ ത്രേസ്സ്യക്ക് അനുമതി ലഭിച്ചു. അങ്ങനെ 1914 മെയ് 14 -ന് തിരുക്കുടുംബസമൂഹത്തിന് തുടക്കമായി. സഭാസമൂഹത്തിന്റെ ആദ്യസുപ്പീരിയരായി മറിയം ത്രേസ്സ്യ. ത്രേസ്സ്യ നിത്യവ്രതവാഗ്ദാനം ചെയ്തു, മറ്റു മൂന്നുപേരെ പോസ്റ്റുലന്റ്സായി സ്വീകരിച്ചു . കണിശമായ പരിഹാര പ്രവൃത്തികളും പ്രാർത്ഥനയുമടങ്ങിയ സന്യാസജീവിതമായിരുന്നു അവരുടേത്. അവർ വീടുകൾ സന്ദർശിച്ചു, ഉപദേശങ്ങൾ കൊടുത്തു, പ്രാർത്ഥിച്ചു, ആശ്വസിപ്പിച്ചു. ക്രിസ്തുവിനെ കേന്ദ്രമാക്കി, കുടുംബങ്ങളെ തിരുക്കുടുംബം പോലെ ആക്കിത്തീർക്കുന്നതായിരുന്നു അവരുടെ അപ്പസ്തോലികകുടുംബദർശനം.
വസൂരി പോലുള്ള പകർച്ചവ്യാധികൾ പടർന്നുപിടിച്ചപ്പോൾ പോലും രോഗികളെ ശുശ്രൂഷിക്കുന്നത് നിർത്തിയില്ല. സ്ത്രീകൾ പുറത്തിറങ്ങി പ്രവർത്തിക്കുന്നത് എതിർക്കപ്പെട്ടിരുന്ന കാലത്തായതുകൊണ്ട് തെറ്റിദ്ധാരണകളും കുറ്റാരോപണങ്ങളും കുറച്ചൊന്നുമായിരുന്നില്ല മറിയം ത്രേസ്സ്യക്ക് നേരിടേണ്ടിവന്നത്. ത്രേസ്സ്യ പക്ഷെ പിന്മാറിയില്ല. വിശുദ്ധ പാദ്രെ പിയോയുടെ പോലെ യേശുവിന്റെ തിരുമുറിവുകൾ സ്വശരീരത്തിൽ വഹിച്ച ആളാണ് മറിയം ത്രേസ്സ്യ. പൊതുജനത്തിന്റെ ശ്രദ്ധയിൽ അത് പെടാതിരിക്കാനായി ശ്രദ്ധിച്ചിരുന്നു. 1906 ഒക്ടോബർ 23-ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് മുൾമുടി ധരിക്കപ്പെടുന്ന കഠോരവേദനയുണ്ടായി.ഈശോയുടെ സഹനത്തിൽ രോഗപീഡകൾ വഴിയും അവൾ പങ്കുചേർന്നു.
അദ്ഭുതകരമായ ദൈവികഇടപെടലുകൾ മറിയം ത്രേസ്സ്യ അനുഭവിച്ചു. പൈശാചിക പ്രലോഭനമുണ്ടായപ്പോൾ വിശുദ്ധ അമ്മത്രേസ്സ്യ പ്രത്യക്ഷപ്പെട്ട് ആശ്വസിപ്പിച്ചു. മാലാഖമാർ ദിവ്യകാരുണ്യവുവുമായി വരാറുണ്ടായിരുന്നു. കർത്താവ് തന്നെ ബലിയർപ്പകനും ബലിവസ്തുവുമായിട്ടുള്ള അവസരങ്ങളുണ്ടായി. സ്വീകരിക്കാൻ പോകുന്ന തിരുവോസ്തിയിൽ രക്തത്തിൽ കുളിച്ച നിലയിൽ ഈശോയെ കാണാൻ കഴിഞ്ഞിട്ടുണ്ട്. 1904 ഓഗസ്റ് 15 ന് ഈശോ മാതാവിനോടും മാലാഖമാരോടും കൂടെ വന്ന് അവളുടെ ഹൃദയം എടുത്തുമാറ്റി തൻറെ ഹൃദയത്തോട് ഐക്യപ്പെട്ട ഹൃദയം നൽകി. ഈശോ തന്നെ വന്ന് കുർബ്ബാന അർപ്പിച്ച ഒരു ദിവസം ഒരു മാലാഖ അവളുടെ വിലാവിൽ കുത്തി തിരുമുറിവുണ്ടാക്കി.അതേ വർഷം സെപ്റ്റംബർ 16 -ന് ഈശോ തൻറെ മണവാട്ടിക്ക് മോതിരമിടുവിച്ചു.
വിശുദ്ധ മറിയം ത്രേസ്സ്യയെ വാഴ്ത്തപ്പെട്ടവളായി വിശുദ്ധ ജോൺപോൾ രണ്ടാമൻ പ്രഖ്യാപിക്കുന്ന വേളയിൽ The L’Osservatore Romano യിൽ വന്നത് ഇങ്ങനെ,
“ത്രേസ്സ്യ തിരുക്കുടുംബത്തിന്റെ സഹായത്തിൽ ശരണപ്പെട്ടു. അവൾ അവരെ കൂടെക്കൂടെ ദർശനങ്ങളിൽ കണ്ടു , തൻറെ അപ്പസ്തോലികദൗത്യത്തിൽ അവരുടെ ഉപദേശം സ്വീകരിച്ചു. അവൾ പാപികൾക്ക് വേണ്ടി പ്രാർത്ഥിച്ചു, അവരുടെ മാനസാന്തരത്തിനുവേണ്ടി ഉപവസിച്ചു,പശ്ചാത്താപത്തിലേക്ക് പ്രചോദനമായി. പ്രവചനവരം, രോഗശാന്തിവരം, പ്രകാശത്തിന്റെ അഭൗമവലയം, സുഗന്ധം പരക്കൽ തുടങ്ങിയ അതീന്ദ്രീയവരങ്ങൾ മാത്രമല്ല പതിവായി പാരവശ്യങ്ങളും തറയിൽ നിന്ന് പൊങ്ങുന്ന അനുഭവങ്ങളും അവൾക്കുണ്ടായി. വെള്ളിയാഴ്ചകളിൽ ആളുകൾ അവളെ, ഉയർന്നു പൊങ്ങി കുരിശിന്റെ രൂപത്തിൽ ചുവരിൽ തൂങ്ങിക്കിടക്കുന്ന വിധത്തിൽ കാണാറുണ്ടായിരുന്നു.
പഞ്ചക്ഷതങ്ങൾ അവൾക്കുണ്ടായിരുന്നെങ്കിലും അത് പൊതുജനദൃഷ്ടിയിൽ നിന്ന് ശ്രദ്ധാപൂർവ്വം മറച്ചുവെച്ചു. ഒരുപക്ഷെ നിരവധിയായ അതുപോലുള്ള മിസ്റ്റിക്കൽ അനുഭവങ്ങൾക്കിടയിലും അവൾ എളിമയുള്ളവളായിരിക്കാൻ വേണ്ടിയായിരിക്കണം ജീവിതത്തിലുടനീളം പൈശാചികഉപദ്രവങ്ങളാൽ പീഡിപ്പിക്കപ്പെടുവാൻ അവളെ ദൈവം അനുവദിച്ചത്. വിശ്വാസത്തിനും കന്യാവ്രതത്തിനും എതിരായ പ്രലോഭനങ്ങളോട് അവൾക്ക് നിരന്തരയുദ്ധം ചെയ്യേണ്ടതായി വന്നു. ആത്മാവിന്റെ ഇരുണ്ട രാത്രികളിലൂടെ അവൾ കടന്നുപോയി”.
ത്രേസ്സ്യക്ക് പിശാചുബാധയാണെന്ന് പലരും പറഞ്ഞു പരത്തിയപ്പോൾ മെത്രാൻ ആ സംശയത്തിന്മേൽ ഒരു ശാസനപത്രം എഴുതിക്കൊടുത്ത് അത് ത്രേസ്സ്യയുടെ മുറിയിൽ പതിക്കാൻ നിർദ്ദേശിച്ചു.വായിച്ച പലരും ത്രേസ്സ്യയെ പരിഹസിച്ചു. എന്നാൽ മറിയം ത്രേസ്സ്യയുടെ എളിമയുള്ള പ്രതികരണം ഇങ്ങനെയായിരുന്നു,” ഈ കൽപ്പന ദയവായി ഞായറാഴ്ച പള്ളിയിൽ വായിക്കണമെന്നും ദൈവാലയത്തിന്റെ പ്രധാന കവാടത്തിൽ പതിക്കണമെന്നുമാണ് ഞാൻ ആവശ്യപ്പെടുന്നത്”.
പാപികൾക്കുവേണ്ടിയും മരിക്കാറായവർക്കുവേണ്ടിയും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്ക് വേണ്ടിയും മറിയം ത്രേസ്സ്യ പരിഹാരം ചെയ്ത് പ്രാർത്ഥിച്ചിരുന്നു. ശുദ്ധീകരണാത്മാക്കൾ ത്രേസ്സ്യയെ സന്ദർശിച്ച് പ്രാർത്ഥന ആവശ്യപ്പെട്ടു. കഠിനപാപികൾ അവളുടെ പ്രാർത്ഥനയിൽ മാനസാന്തരപ്പെട്ടു. രോഗശാന്തിവരം ഉണ്ടായിരുന്ന ത്രേസ്സ്യ പലരുടെയും അസുഖങ്ങൾ ഭേദമാക്കി. അനാഥരായ കുട്ടികളെ ഭവനത്തിൽ കൊണ്ടുവന്ന് താമസിപ്പിച്ചു. അവർക്ക് നല്ലൊരമ്മയായി, അവരുടെ ആത്മീയ – വിദ്യാഭ്യാസപരമായ കാര്യങ്ങൾ ശ്രദ്ധിച്ചു.
കുടുംബരൂപീകരണത്തിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക് അറിയാമായിരുന്ന മറിയം ത്രേസ്സ്യ ഫാദർ ജോസഫ് വിതയത്തിലിന്റെ സഹായത്തോടെ സ്കൂളുകളും സ്ഥാപിച്ചു.
കൊച്ചി തപാലാപ്പീസിന് കത്തെഴുതി, കുഴിക്കാട്ടുശ്ശേരിയിലെ പുതിയ സ്കൂളിന് സമീപം പോസ്റ്റ്ബോക്സ് സ്ഥാപിച്ചു. മതവും ജാതിയുമൊന്നും നോക്കാതെയാണ് ആളുകളെ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നത്. വിദ്യാഭ്യാസം നൽകുക മാത്രമല്ല തയ്യൽപണിയും സ്ത്രീകൾക്ക് പഠിക്കാൻ സൗകര്യമൊരുക്കി. സിസ്റ്റർമാരും മറ്റു സ്ത്രീകളും ഇംഗ്ലീഷ് പഠിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കി ഒരു ബോർഡിംഗ് ഹൗസ് സ്ഥാപിച്ചു. സ്ത്രീകളുടെ ഉന്നമനം നാടിൻറെ രൂപാന്തരീകരണത്തിന് അവശ്യം വേണ്ടതാണെന്ന് അക്കാലത്തും ത്രേസ്സ്യ വിശ്വസിച്ചു, അതിനായി പ്രയത്നിച്ചു.
ഹോളിഫാമിലി സമൂഹത്തിന്റെ സ്ഥാപനത്തിന് 12 വർഷത്തിന് ശേഷം മറിയം ത്രേസ്സ്യ മരിക്കുമ്പോൾ 55 സന്യാസിനികളും, 30 ബോർഡേർസും 10 അനാഥരും അവരുടെ സംരക്ഷണത്തിലുണ്ടായിരുന്നു. ത്രേസ്സ്യ സ്ഥാപിച്ചതായി 3 കോൺവെന്റുകൾ, ഒരു ബോർഡിംഗ് ഹൗസ്, രണ്ട് സ്കൂളുകൾ, ഒരു ഓർഫനേജ് എന്നിവ ഉണ്ടായിരുന്നു.
കാലിൽ പറ്റിയ ഒരു മുറിവ് പ്രമേഹരോഗത്താൽ ഗുരുതരമായിട്ടാണ് മറിയം ത്രേസ്സ്യ മരിക്കുന്നത്. സമീപത്തുണ്ടായിരുന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും രോഗം കൂടിക്കൊണ്ടേയിരുന്നു . അവസാനം ഒന്നും ചെയ്യാനില്ലാതെ മഠത്തിലേക്ക് തിരികെ കൊണ്ടുവന്നു. 1926 ജൂൺ 7 -ന് അന്ത്യകൂദാശകൾ നൽകപ്പെട്ടു.
ഒരു ദിവസം കഴിഞ്ഞ് “ഈശോ, മറിയം, യൗസേപ്പേ, നിങ്ങളുടെ സ്നേഹമുള്ള കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു” എന്ന് പറഞ്ഞ് മറിയം ത്രേസ്സ്യ നിത്യസമ്മാനത്തിനായി യാത്രയായി. മുല്ലപ്പൂവിന്റെ കാലമല്ലാതിരുന്നിട്ടും അന്ന് അവിടെ നിറയെ മുല്ലപ്പൂ വിരിഞ്ഞുനിന്നെന്ന് കണ്ടവർ സാക്ഷ്യപ്പെടുത്തി. അനേകമാളുകളാണ് വിശുദ്ധയെ അവസാനമായി ഒന്ന് കാണുന്നതിനും കൊന്തകളും മറ്റും വിശുദ്ധയെ തൊടുവിച്ച് തിരുശേഷിപ്പാക്കുന്നതിനും വേണ്ടി ഓടിക്കൂടിയത്. പുത്തൻചിറയിലെ ഇടവകവികാരിയായിരുന്ന ഫാദർ ജോസഫ് കയ്യാലകമാണ് ചരമപ്രസംഗം നടത്തിയത് .
മറിയം ത്രേസ്സ്യയുടെ വിശുദ്ധ ജീവിതത്തെ കുറിച്ചും തീക്ഷ്ണതയേറിയ ദൗത്യനിർവ്വഹണത്തെക്കുറിച്ചും ഹോളിഫാമിലി കോൺഗ്രിഗേഷനെക്കുറിച്ചുമൊക്കെ വാചാലനായ അദ്ദേഹം ഇങ്ങനെയാണ് വാക്കുകൾ ഉപസംഹരിച്ചത്, “ഇപ്പോൾ ലളിതമായ ഒരു ശവസംസ്കാരചടങ്ങാണ് ഇവിടെ നടക്കുന്നതെങ്കിലും ചെറുപുഷ്പത്തെപ്പോലെ ഒരു വിശുദ്ധ ഈ കബറിടത്തിൽ നിന്ന് ഉയരുന്ന സമയം വരും”.
കാലം അത് ശരിയെന്ന് തെളിയിച്ചു. വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച മറിയം ത്രേസ്സ്യയെ ഫ്രാൻസിസ് പാപ്പ 2019 ഒക്ടോബർ 13 -ന് വിശുദ്ധവണക്കത്തിലേക്കുയർത്തി. എളിമയും വിശുദ്ധിയും സേവനതല്പരതയും എല്ലാം കൊണ്ട് ക്രിസ്തുവിനായി ഓടിയ, ‘ക്രിസ്തുവിനെ കാണാൻ ആഗ്രഹിച്ച’ ഒരു സന്യാസിനി ഇന്ന് നമ്മള് അനുകരിക്കേണ്ട മാതൃകയായി നമ്മുടെ കൊച്ചുകേരളത്തിൽ നിന്നുള്ള വിശുദ്ധസൂനമായി ക്രിസ്തുവിന്റെ പരിമളം പരത്തി പരിലസിക്കുന്നു.
വിശുദ്ധ മറിയം ത്രേസ്സ്യയുടെ തിരുന്നാൾ മംഗളങ്ങൾ.