1890-ല്‍ ഇറ്റലിയിലെ കൊറിനാള്‍ഡിയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് വിശുദ്ധ മരിയ ഗൊരേറ്റി ജനിച്ചത്. നെറ്റൂണോക്ക് സമീപം തന്റെ മാതാവിനെ വീട്ടുവേലകളില്‍ സഹായിച്ചുകൊണ്ടുള്ള വളരെ ദുരിതപൂര്‍ണ്ണമായൊരു ബാല്യമായിരുന്നു വിശുദ്ധയുടേത്. അതേ സമയം പ്രാര്‍ത്ഥന നിറഞ്ഞ, വളരെ ഭക്തിപൂര്‍വ്വമായൊരു ജീവിതമായിരുന്നു മരിയയുടേത്. മരിയയ്ക്ക് 12 വയസ്സുള്ളപ്പോള്‍ തന്നെ പ്രതിരോധിക്കുവാന്‍ കഴിയാത്തവിധം കഠിനമായ പരീക്ഷയെ നേരിടേണ്ടി വന്ന കാര്യം ഓരോ ക്രൈസ്തവനും സുപരിചിതമാണ്. 1902-ല്‍ തന്റെ വിശുദ്ധിയെ സംരക്ഷിക്കുവാന്‍ വേണ്ടി ധീരമായി ചെറുത്തു നിന്ന മരിയയെ അലെസ്സാണ്ട്രോ സെറെനെല്ലിയ എന്നയാള്‍ കുത്തികൊലപ്പെടുത്തുകയായിരുന്നു.
‘ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ്” എന്ന ഐതിഹാസിക കൃതിയില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്, “നിരവധി അഗ്നിപരീക്ഷകളും, നിര്ഭാഗ്യങ്ങളും നേരിടേണ്ടി വന്നിട്ടും, നിന്റെ മഹത്വം എന്നില്‍ ഉള്ളിടത്തോളം കാലം എനിക്ക് ഭയപ്പെടേണ്ടതായി വന്നിട്ടില്ല. അതാണെന്റെ ശക്തി, ഏതൊരു കഷ്ടതകളെക്കാളും ശക്തമായത്; അതെന്നെ സഹായിക്കുകയും, എന്നെ നയിക്കുകയും ചെയ്യുന്നു” മരണ നേരത്ത് ഈ വാക്കുകള്‍ അവള് തന്റെ രക്ഷകനോടു പറഞ്ഞിട്ടുണ്ടാവാം. അസാധാരണമായ ധൈര്യത്തോടു കൂടി അവള് തന്നെത്തന്നെ ദൈവത്തിനും അവന്റെ മഹത്വത്തിനുമായി സമര്‍പ്പിക്കുകയും തന്റെ കന്യകാത്വം സംരക്ഷിക്കുവാനായി തന്റെ ജീവന് ബലികഴിക്കുകയും ചെയ്തു.
ജാതിമത ഭേദമന്യ ആദരവോടും ബഹുമാനത്തോടും നോക്കുവാന്‍ കഴിയുന്ന ഒരു ജീവിതമാണ് അവളുടെ ജീവിതം നല്കുന്ന സന്ദേശം. മാതാപിതാക്കള്‍ ദൈവം തങ്ങള്‍ക്ക് നല്കിയ കുട്ടികളെ എപ്രകാരം നന്മയിലും, ധൈര്യത്തിലും, വിശുദ്ധിയിലും വളര്‍ത്തുവാന്‍ കഴിയുമെന്ന് മരിയയുടെ ജീവിതത്തില്‍ നിന്ന് പഠിക്കേണ്ടിയിരിക്കുന്നു; പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ പരാജിതരാകാതേ അവയെ നേരിടുവാന്‍ മരിയ ഗോരെത്തിയുടെ ജീവിതം നമ്മോടു ആഹ്വാനം ചെയ്യുന്നു.
അലസരും, അശ്രദ്ധരുമായ കുട്ടികള്‍ക്കും, യുവാക്കള്‍ക്കും ലൌകിക ജീവിതത്തോടു താല്‍പ്പര്യം തോന്നിയാല്‍, വെറും ക്ഷണികവും, ശൂന്യവും പാപകരവുമായ ലോകത്തിന്റെ ആകര്‍ഷകമായ ആനന്ദങ്ങളില്‍ വഴിതെറ്റി പോകാതിരിക്കുവാന്‍ വേണ്ട മാതൃക, മരിയയുടെ ജീവിതാനുഭവത്തില്‍ നിന്നും ലഭിക്കും. അപ്രകാരം എത്രമാത്രം ബുദ്ധിമുട്ടേറിയതാണെങ്കില്‍ പോലും ക്രിസ്തീയ ധാര്‍മ്മികതയില്‍ തങ്ങളുടെ ദൃഷ്ടി ഉറപ്പിക്കുവാന്‍ അവര്‍ക്ക് സാധിക്കും. മരിയ ഗോരെത്തിയെ പോലെ ഉറച്ച തീരുമാനവും, ദൈവത്തിന്റെ സഹായവും ഉണ്ടെങ്കില്‍ നമുക്ക് ആ ലക്ഷ്യം നേടുവാന്‍ സാധിക്കും. അതിനാല്‍, കന്യകയും രക്തസാക്ഷിയുമായ വിശുദ്ധ മരിയ ഗോരേത്തി നമുക്ക് കാണിച്ചു തന്ന മാതൃകയനുസരിച്ചുള്ള ജീവിതവിശുദ്ധിക്കായി നമുക്കെല്ലാവര്‍ക്കും പരിശ്രമിക്കാം.
”ഞാന്‍ അലക്സാണ്ടറിനോട് ക്ഷമിച്ചുകഴിഞ്ഞു. നിങ്ങള്‍ പറയണം അലക്സാണ്ടറിനോട് ഞാനവനോട് പൂര്‍ണമായും ക്ഷമിച്ചിരിക്കുന്നു എന്ന്.”
ഒരു കൊച്ചുവിശുദ്ധയുടെ മരണമൊഴിയാണ് ഞാന്‍ മുകളില്‍ കുറിച്ചിരിക്കുന്നത് – മരിയ ഗൊരേത്തി! പന്ത്രണ്ടാമത്തെ വയസില്‍ യേശുവിനോടുള്ള സ്നേഹത്തെപ്രതി, തന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുവാന്വേണ്ടി രക്തസാക്ഷിണിയായിത്തീര്ന്നവള്! വിശുദ്ധി കാത്തുസൂക്ഷിക്കാന്‍വേണ്ടി പ്രാണത്യാഗം ചെയ്തു എന്നതിനെക്കാള്‍ ഉപരിയായി തന്റെ മരണത്തിനുമുമ്പ് തന്റെ ഘാതകനോട് പൂര്‍ണമായും ക്ഷമിച്ചു എന്നതിലാണ് അവളുടെ വിശുദ്ധിയുടെ ഉന്നതമായ അളവുകോല്‍ തിരുസഭ കണ്ടെത്തിയത്.
മരിയ ഗൊരേത്തിയുടെ പിതാവ് ഇറ്റലിയിലെ ഒരു ചെറുഗ്രാമത്തിലെ പാവപ്പെട്ട കര്‍ഷകനായിരുന്നു. ദാരിദ്ര്യം അവരെ കാര്‍ന്നു തിന്നിരുന്നുവെങ്കിലും ദൈവകല്പനകള് പാലിച്ച് സമാധാനമായി ജീവിച്ചിരുന്ന ഒരു ദരിദ്ര സന്തുഷ്ടകുടുംബം. ഒമ്പതാം വയസില്‍ തന്റെ പിതാവ് മരിച്ചതോടെ മരിയയും കുടുംബവും ഉപജീവനത്തിനുവേണ്ടി ഇറ്റലിയിലെ മറ്റൊരു ഗ്രാമമായ ഫൊറിക്കോളിലേക്ക് മാറിത്താമസിച്ചു. അവിടെ ജീവാനി എന്ന ഒരു മനുഷ്യന്റെ വീട്ടില്‍ പകുതിസ്ഥലം വാടകയ്ക്ക് എടുത്താണ് മരിയയും കുടുംബവും താമസമാക്കിയത്. ജീവാനിയുടെ രണ്ടു പുത്രന്മാരില് മൂത്തവനായ അലക്സാണ്ടറുടെ കാമാസക്തിയാണ് മരിയ ഗൊരേത്തിയെ കഠാരയ്ക്കിരയാക്കിയത്.
ഒരിക്കല്‍ മരിയ തന്റെ മുറിയിലിരുന്ന് ഒരു ഉടുപ്പിന്റെ കീറല്‍ തുന്നുകയായിരുന്നു. മരിയയുടെ അമ്മയും അലക്സാണ്ടറിന്റെ പിതാവും അവരവരുടേതായ പണിസ്ഥലങ്ങളിലുമായിരുന്നു. ആരുമില്ലാത്ത ഈ സമയം നോക്കി അലക്സാണ്ടര്‍ മരിയയെ സമീപിച്ച് തന്നോടൊത്ത് പാപം ചെയ്യാന്‍ മരിയയെ പ്രേരിപ്പിച്ചു. എത്ര നിര്‍ബന്ധിച്ചിട്ടും മരിയ പാപം ചെയ്യാന്‍ സമ്മതം മൂളിയില്ല. തന്നെ കടന്നുപിടിച്ച അലക്സാണ്ടറിനെ സര്‍വശക്തിയോടുംകൂടി തള്ളിമാറ്റിക്കൊണ്ട് അവള് പറഞ്ഞു: ”അരുത് അലക്സാണ്ടര്‍… ഇതു നിന്നെ നരകത്തിലെത്തിക്കും.” എത്ര ബലപ്രയോഗം നടത്തിയിട്ടും മരിയ വഴങ്ങുന്നില്ല എന്നു കണ്ടപ്പോള്‍ അലക്സാണ്ടര്‍ തന്റെ അരയില്‍ തിരുകിയിരുന്ന കഠാരയെടുത്ത് അവളുടെ മാറില്‍ ആഞ്ഞുകുത്തി.
ഒന്നല്ല… രണ്ടല്ല… മൂന്നല്ല… പതിനാലു വട്ടം… മരണാസന്നയായ മരിയയെ മുറിയിലുപേക്ഷിച്ച് അവന് ഓടിമറഞ്ഞു. വിവരമറിഞ്ഞ മരിയയുടെ അമ്മയും അലക്സാണ്ടറിന്റെ പിതാവും ഓടിയെത്തി. അയല്‍ക്കാരുടെ സഹായത്തോടെ അവര്‍ മരിയയെ ആശുപത്രിയിലെത്തിച്ചു. അനസ്തേഷ്യ കൂടാതെ അത്യധികം വേദന നിറഞ്ഞ ശസ്ത്രക്രിയ. മരണവേദനയില്‍ പിടയുന്ന സമയത്ത് അവള് തന്റെ ചുറ്റുപാടും നിന്ന ഡോക്ടര്‍മാരോടും നഴ്സുമാരോടും പറഞ്ഞു ”ഞാന്‍ അലക്സാണ്ടറിനോട് ക്ഷമിച്ചുകഴിഞ്ഞു. നിങ്ങള്‍ പറയണം അലക്സാണ്ടറിനോട്, ഞാന്‍ അവനോട് പൂര്‍ണമായും ക്ഷമിച്ചുവെന്ന്…” അവള് ഇപ്രകാരം കൂട്ടിച്ചേര്‍ത്തു. ”ഒരിക്കലവന്‍ തന്റെ തെറ്റിനെക്കുറിച്ച് പശ്ചാത്തപിക്കും.
ഞാന്‍ സ്വര്‍ഗത്തില്‍വച്ച് അവനെ കാണും.” വൈദ്യശാസ്ത്രത്തിന് മരിയയുടെ ജീവന് രക്ഷിക്കാനായില്ല. 1902 ജൂണ്‍ ആറാം തിയതി അവളുടെ ആത്മാവ് സ്വര്‍ഗത്തിലേക്ക് പറന്നുയര്‍ന്നു. മരിക്കുമ്പോള്‍ മരിയയ്ക്ക് പന്ത്രണ്ട് വയസായിരുന്നു.
അലക്സാണ്ടര്‍ പിടിക്കപ്പെട്ടു. കോടതി അവനെ മുപ്പതുവര്‍ഷത്തെ കഠിന തടവിന് വിധിച്ചു. ജയിലില്‍ തടവിലായിരുന്ന സമയത്ത് മരിയ ഗൊരേത്തി തന്റെ ഘാതകനായ അലക്സാണ്ടറിന് പ്രത്യക്ഷപ്പെട്ടു. താന്‍ അവനോട് പൂര്‍ണമായും ക്ഷമിച്ചുകഴിഞ്ഞുവെന്നും സ്വര്‍ഗത്തില്‍വച്ച് അവനെ കാണുമെന്നും അവള് അവനെ അറിയിച്ചു. ആ സന്ദര്‍ശനം അവനെ മാനസാന്തരപ്പെടുത്തി.
അവന് ആഴത്തില്‍ പശ്ചാത്തപിച്ചു. ജയില്‍ വിമോചിതനായ അവന് നേരെ പോയത് മരിയയുടെ അമ്മയുടെ അടുത്തേക്കാണ്. ആ അമ്മയുടെ കാലില്‍ കെട്ടിപ്പിടിച്ച് മാപ്പു ചോദിച്ചു. ആ അമ്മയും അവനോട് ക്ഷമിച്ചു. അവള് പറഞ്ഞു, ”മകനേ അലക്സാണ്ടര്‍, മരിയ നിന്നോട് പണ്ടേ ക്ഷമിച്ചുകഴിഞ്ഞു. ഞാനും നിന്നോട് ക്ഷമിക്കുന്നു.” ആ അമ്മ തന്റെ പ്രിയപുത്രിയുടെ ഘാതകനെ അനുഗ്രഹിച്ച് പറഞ്ഞയച്ചു. പൂര്‍ണ മാനസാന്തരത്തിന് വിധേയനായ അവന് ഒരു സന്യാസ സഭയില്‍ ചേര്‍ന്നു. സന്യാസിയായി, ശേഷിച്ച തന്റെ ജീവിതം ക്രിസ്തുവിനുവേണ്ടി വേല ചെയ്തു.
1950 ജൂണ്‍ ഇരുപത്തിനാലാം തിയതിയായിരുന്നു മരിയയുടെ വിശുദ്ധ പദപ്രഖ്യാപനം. പീയൂസ് മാര്‍പാപ്പയാണ് ആ പ്രഖ്യാപനം നടത്തുന്നത്. വത്തിക്കാനില്‍ അനേകലക്ഷങ്ങള്‍ തടിച്ചുകൂടി. അക്കൂട്ടത്തില്‍ വിശുദ്ധപദപ്രഖ്യാപന ചടങ്ങുകളില്‍ തുടക്കം മുതല്‍ ഒടുക്കംവരെ മുട്ടിന്മേല്നിന്ന് കൈകള്‍ കൂപ്പി കണ്ണുനീര് വാര്‍ത്തുകൊണ്ട് പങ്കുചേര്‍ന്ന ഒരു മനുഷ്യനുണ്ടായിരുന്നു. ആ മനുഷ്യന് മറ്റാരുമല്ല – മരിയയുടെ ഘാതകനായ അലക്സാണ്ടര്‍… മരിയയുടെ നിരുപാധികമായ ക്ഷമയുടെ വാക്കുകള്‍ രൂപപ്പെടുത്തിയ മറ്റൊരു വിശുദ്ധന്!
പാപം ചെയ്യുന്നതിനേക്കാൾ മരിക്കാൻ ഏറെ ഇഷ്ടപെട്ട വിശുദ്ധ മരിയാഗൊരേത്തി,
പാപം നിറഞ്ഞോരീ ലോകത്തിൽ വിശുദ്ധി കാത്തുസൂക്ഷിക്കാൻ ഞങ്ങളെ സഹായിക്കണമേ…
എല്ലാവിധ തിന്മകളാലും പലവിധ ആസക്തികളിലും മുഴുകി ജീവിക്കുന്ന ഇന്നിന്റെ തലമുറയ്ക്ക് വിശുദ്ധ മരിയാ നിന്റെ ജീവിതം എന്നും പ്രചോദനമായി മാറാൻ നീ നസ്രായനോട് നിത്യം പ്രാർത്ഥിക്കണമേ….
കുത്തി മുറിവേല്പിച്ചവനു മാപ്പു കൊടുക്കാൻ കാണിച്ച നിന്റെ ഹൃദയം നസ്രായന്റെ ഹൃദയത്തോളം വലുതാകുകയായിരുന്നില്ലേ…
ഞങ്ങളുടെ ഈ കൊച്ചുജീവിതത്തിൽ പലവിധത്തിൽ ഞങ്ങളെ വേദനിപ്പിക്കുന്നവരോട് നസ്രായനെ പ്രതി ക്ഷമിക്കുവാനും അവർക്കു വേണ്ടി പ്രാർത്ഥിക്കുവാനുമുള്ള കൃപ ലഭിക്കാനുമായി നീ ഞങ്ങൾക്കു വേണ്ടി നിത്യം പ്രാർത്ഥിക്കണമേ….
നസ്രായന്റെ ആരാമത്തിൽ ഒരു ചെറുപുഷ്പമായി ഞങ്ങൾ വിടരുവോളം വിശുദ്ധ മരിയാ നീ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ…
സ്നേഹപിതാവേ, വിശുദ്ധ മരിയ ഗൊരേത്തിയെ രക്തസാക്ഷിത്വത്തിലൂടെ വിശുദ്ധ പദവിയിലേക്കുയര്‍ത്തിക്കൊണ്ട് എല്ലാ കൗമാര പ്രായക്കാര്‍ക്കും വിശുദ്ധിയില്‍ വളരാനുള്ള പ്രചോദനമാക്കി തീര്‍ത്ത അങ്ങയുടെ ദൈവിക പദ്ധതിയെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു….
“പാപത്തെക്കാള്‍ മരണം…” എന്ന ആപ്തവാക്യം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ട് രക്തസാക്ഷിത്വം വരിച്ച വിശുദ്ധ മരിയ ഗൊരേത്തിയെപ്പോലെ, പാപത്തില്‍ നിന്നും, പാപസാഹചര്യങ്ങളില്‍ നിന്നും അകന്നു നില്ക്കുവാനും വിശുദ്ധിയില്‍ ജീവിക്കുവാനും ഈശോയേ, ഞങ്ങളേവരേയും അനുഗ്രഹിക്കേണമേ. വിശുദ്ധ മരിയ ഗൊരേത്തി വഴി ഞങ്ങള്‍ യാചിക്കുന്ന ഈ അനുഗ്രഹം…. ഈശോയേ ഞങ്ങള്‍ക്ക് നല്കണമേ. ആമ്മേന്‍!