1801 ഫെബ്രുവരി 21-ന് ജോൺ ന്യൂമാന്റെയും ജെമീനായുടെയും മകനായി ലണ്ടനിൽ ജനിച്ചു. ഗ്രേറ്റ് ഏർലിങ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചു. ചെറുപ്പത്തിൽ തന്നെ വളരെ ശാന്തസ്വഭാവക്കാരനായിരുന്നു ന്യൂമാൻ. ബൈബിൾ പാരായണം അദ്ദേഹത്തിന്റെ ഇഷ്ട വിനോദമായിരുന്നു. ഓക്സ്ഫോർഡ് ട്രിനിറ്റി കോളേജിൽ തുടർ വിദ്യഭ്യാസത്തിനായി ചേർന്നു. വാൾട്ടർ സ്കോട്ടിന്റെ നോവലുകൾ, പൈൻ, ഹ്യൂം എന്നിവരുടെ കൃതികൾ ന്യൂമനെ വളരെ സ്വാധീനിച്ചിരുന്നു. ശാരാശരി വിജയം മാത്രമാണ് ഇദ്ദേഹം നേടിയത്.
പിന്നീട് ഇദ്ദേഹം ആംഗ്ലിക്കൻ സെമിനാരിയിൽ ചേർന്നു. 1824 ജൂൺ 13-ന് ഡീക്കനായും 1825 മെയ് 25-ന് ഒരു വൈദികനായും അഭിഷിക്തനായി. കർമ്മശേഷിയും ശക്തമായ ദർശനങ്ങളും ഉണ്ടായിരുന്ന ന്യൂമാൻ വൈദികനായി 15 വർഷം ആംഗ്ലിക്കൻ സഭയിൽ സേവനമനുഷ്ഠിച്ചു. തുടർന്നുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ ന്യൂമാന് ആനുകാലിക ആത്മീയ ദർശനങ്ങളിലേയ്ക്ക് കൂടുതലായി വെളിച്ചമേകി.
1833-ൽ ആംഗ്ളിക്കൻ സഭയുടെ നവീകരണത്തിനായും സഭയുടെ അപ്പസ്തോലിക വിശ്വാസ നവോത്ഥാനത്തിനുമായി ശ്രമങ്ങൾ നടത്തി. അതിനായി സഭയുടെ ആരാധനക്രമപരവും ദൈവശാസ്ത്രപരവുമായ തലങ്ങളിൽ അദ്ദേഹം പുനരുജ്ജീവനത്തിനായി ഓക്സ്ഫോർഡ് സർവ്വകലാശാലയോട് ചേർന്ന് ഓക്സ്ഫോർഡ് മൂവ്മെന്റ് എന്ന പ്രസ്ഥാനം ആരംഭിച്ചു. ഇതിലൂടെ ആംഗ്ലിക്കൻ സഭയെ കത്തോലിക്കാ സഭയുടെ മൂന്നു ശാഖകളിലൊന്നായി വിലയിരുത്തി. ഇതിനെ ശാഖാ-തത്വം എന്ന് ന്യൂമാൻ വിശേഷിപ്പിച്ചു.
ഓർത്തഡോക്സ്, ആംഗ്ലിക്കൻ, റോമൻ കത്തോലിക്കാ എന്നീ സഭകളെ അദ്ദേഹം ഏക കത്തോലിക്കാ സഭയുടെ മൂന്നു വ്യത്യസ്ത ശാഖകളായി വ്യാഖ്യാനിച്ചു. അന്നത്തെ രാജഭരണത്തിലും പൊതു രാഷ്ട്രീയ പ്രവർത്തനത്തിലും പൂണ്ടിരുന്ന ജനങ്ങളുടെ ആത്മീയ ജീവിതത്തെ അപ്പസ്തോലിക പാരമ്പര്യത്തിൽ പുനരുജ്ജീവിപ്പിക്കാൻ ന്യൂമാനും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെ അനുഗമിക്കുന്നവരും ഇംഗ്ലണ്ടിലെ അംഗ്ലിക്കൻ സഭാധികാരികളെ തങ്ങളുടെ ഉദ്ദേശലക്ഷ്യം അറിയിച്ചു. എന്നാൽ അധികാരികളാൽ ഈ ലക്ഷ്യം നിഷേധിക്കപ്പെട്ടു. ആത്മീയ ഏകാന്തത, ക്രിസ്തുവിന്റെ അജഗണം, (Wilderness, The one fold of Christ) എന്നീ ഗ്രന്ഥങ്ങൾ അദ്ദേഹം ഈ കാലയളവിൽ രചിച്ചു. ഇതിലൂടെ ക്രിസ്തുവിൽ നിന്നും വിശ്വാസം ചരിത്രത്തിൽ ചുരുളഴിയുന്നത് വിവരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ആ കാലഘട്ടത്തിലെ മിക്ക രചനകളിലും അദ്ദേഹത്തിന്റെ ഈ പുതിയ ചിന്താധാരയും നവീകരണമനോഭാവവും വെളിപ്പെടുന്നു.
പിന്നീട് 1843 മുതൽ ന്യൂമാൻ മൂന്നു വർഷത്തോളം അജ്ഞാതവാസത്തിലായിരുന്നു. ഇക്കാലത്ത് ഇദ്ദേഹം പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഓക്സ്ഫോർഡിനു പുറത്ത് ലിറ്റിൽ മൂറിൽ അദ്ദേഹം പ്രാർഥനയിലും പഠനത്തിലുമായി കഴിഞ്ഞു. ഇതിനു ശേഷമാണ് അപ്പസ്തോലിക വിശ്വാസവും സഭാപിതാക്കന്മാരുടെ പഠനവും റോമിലെ സഭയുടെ അടിത്തറയാണെന്നും ക്രിസ്തുവിന്റെ സഭതന്നെയാണ് റോമിലെ സഭയെന്നും അദ്ദേഹം തിരിച്ചറിഞ്ഞത്. ലിറ്റിൽ മൂറിലെ വാഴ്ത്തപ്പെട്ട ഡോമിനിക്ക് ബാർബേരിയാണ് ന്യൂമാനെ 1845-ൽ ഒക്ടോബർ 9-ന് കത്തോലിക്കാ വിശ്വാസത്തിലേക്കു നയിച്ചത്.
ന്യൂമാൻ റോമിൽ തന്റെ പഠനങ്ങൾ തുടർന്നു. 1847-ൽ ഒമ്പതാം പിയൂസ് മാർപാപ്പായിൽനിന്നും അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. വിശുദ്ധ ഫിലിപ്പ് നേരിയുടെ നാമത്തിൽ ബേർമിങ്ങാമിലും ലണ്ടനിലും യുവജനകേന്ദ്രങ്ങൾ ആരംഭിക്കുവാനുള്ള പദ്ധതിയുമായി അദ്ദേഹം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചു. യുവജനകേന്ദ്രങ്ങൾ ന്യൂമാന്റെ ആത്മീയദർശനവും നവോത്ഥാന പദ്ധതിയും വ്യക്തമാക്കുന്നവയായിരുന്നു. അതിലെ വൈദികർ പ്രാർത്ഥന, ഉപവിപ്രവർത്തികൾ, ആരാധനക്രമം, വചനപ്രഘോഷണം, മറ്റു വിഷയങ്ങളുടെ ബുദ്ധിപരവും ശാസ്ത്രീയവുമായ പാഠ്യപരിപാടികൾ എന്നിങ്ങനെ വിവിധങ്ങളായ തലങ്ങളിൽ ചെറു സമൂഹങ്ങളിൽ അവരുടെ ഉന്നമനത്തിനായി ജീവിച്ചു. ഡബ്ലിനിലുള്ള കത്തോലിക്കാ യൂണിവേഴ്സിറ്റി, ബേർമിങ്ഹാമിലെ സ്കൂൾ എന്നിവ ന്യൂമാൻ തുടക്കമിട്ട ഫിലിപ്പ് നേരി യുവജനപ്രസ്ഥാനത്തിന്റെ തുടർച്ചയാണ്.
തന്റെ ജീവിതത്തിലെ വിലപ്പെട്ട അവസാന വർഷങ്ങൾ ബേർമിങ്ങാമിലെ സ്കൂളിലാണ് ന്യൂമാൻ ചിലവഴിച്ചത്. അസന്മാർഗ്ഗിക ജീവിതം നയിച്ചവരെയും ജീവിതത്തിൽ വഴിതെറ്റിയവരെയും സന്മാർഗ്ഗിക ജീവിതത്തിലേക്കു നയിക്കുവാൻ അവർക്കിടയിൽ ജീവിക്കുകയും എഴുതുകയും ചെയ്തു. അതിനായി വ്യക്തിപരമായ കത്തിടപാടുകൾ നടത്തുകയും ചെയ്തിരുന്നു. ന്യൂമാന്റെ ജീവിതത്തിലെ ശ്രദ്ധേയങ്ങളായ രചനകളും പ്രാർഥനകളും ഇവിടെ നിന്നാണ് രചിക്കപ്പെട്ടത്.
1852-ൽ അയർലണ്ടിലെ ഡബ്ലിനിലെ കത്തോലിക്കാ യൂനിവേഴ്സിറ്റിയുടെ റെക്ടർ നിയമിതനായി. 1854 വരെ അദ്ദേഹം ഈ സ്ഥാനം വഹിച്ചിരുന്നു. 1879 -ൽ പാപ്പാ ലിയോ പതിമൂന്നാമൻ അദ്ദേഹത്തെ കർദ്ദിനാൾ ആയി നിയമിച്ചു.
1890-ൽ അദ്ദേഹം എഡ്ഗ്ബാസ്റ്റണ് ഒറേറ്ററിയിൽ വച്ചു കർത്താവിൽ നിദ്ര പ്രാപിച്ചു. അദ്ദേഹത്തിന്റെ നാമകരണ നടപടികൾ 1958-ൽ ആരംഭിച്ചു. നട്ടെല്ലിൽ രോഗം ബാധിച്ച ഡീൻ ജാക്ക് സുള്ളിവൻ എന്നയാളുടെ രോഗം കർദ്ദിനാൾ ന്യൂമാന്റെ അത്ഭുതകരമായ മാധ്യസ്ഥം നിമിത്തം ഭേദമായത് ബെനഡിക്ട് പതിനാറാമൻ പാപ്പാ 2009 ജൂലൈയിൽ അംഗീകരിച്ചു.