ജിൽസ ജോയ്
24 ഏപ്രിൽ 1994, ജിയന്ന ഇമ്മാനുവേല മോളക്ക് എത്ര സ്വപ്നതുല്യമായ ദിവസമായിരുന്നെന്നോ ? പിതാവ് പിയെത്രോ മോളക്കൊപ്പം ജോൺപോൾ രണ്ടാമൻ പാപ്പയാൽ സ്വീകരിക്കപ്പെടുക; ഈ മകളെ ജനിപ്പിക്കുന്നതിനായി സ്വന്തജീവൻ ബലിദാനം നൽകിയ ജിയന്ന ബെറേറ്റ മോള എന്ന അവളുടെ അമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ സന്നിഹിതയാകാൻ സാധിക്കുക!
ആഗോളകുടുംബ വർഷമായി ആചരിച്ചിരുന്ന വർഷം കൂടിയായിരുന്നു അത്. പരിശുദ്ധ പിതാവ് തൻറെ പ്രസംഗത്തിനിടയിൽ ഈ വാക്കുകൾ ഉച്ചരിക്കുമ്പോൾ അവളുടെ ഹൃദയത്തിലൂടെ ഒരു വിറയൽ കടന്നുപോയികാണണം, “ജിയന്ന ബറേറ്റ മോള. ഒരു വിദ്യാർത്ഥി, സഭാസമൂഹത്തിലെ പ്രതിബദ്ധതയുള്ള യുവതി, സന്തോഷവതിയായ ഭാര്യ, അമ്മ, തന്റെ ജീവൻ ബലിയായി അർപ്പിച്ചവൾ എന്നീ നിലകളിലൊക്കെ എല്ലാവർക്കും മാതൃകായോഗ്യയായി വിളങ്ങുന്നു.
അതുകൊണ്ട് അവളുടെ ഗർഭപാത്രത്തിൽ ഉരുവാക്കപ്പെട്ടവൾക്ക് – ഇന്ന് നമ്മുടെ കൂടെ ഉള്ള ഇവൾക്ക് – ജീവൻ ലഭിച്ചു”. പരിശുദ്ധ പിതാവ്, ജിയന്ന ബെറേറ്റയിലെ “വീരോചിതമായ വിശ്വാസത്തിന്റെയും വീരോചിതമായ കരുതലിന്റെയും വാചാലതയെ” എടുത്തുപറഞ്ഞു. “വീരോചിതമായ വിശ്വാസം, ക്രിസ്തുവെന്ന സത്യത്തിന് സാക്ഷ്യം വഹിക്കുന്നു. വീരോചിതമായ കരുതൽ, ഏത് ത്യാഗത്തിന്റെ മുൻപിലും ചഞ്ചലചിത്തയാവാത്ത സ്നേഹത്തിന് സാക്ഷ്യം വഹിക്കുന്നു. ക്രിസ്തു നമ്മെ സ്നേഹിച്ച സ്നേഹം ഇതാണ്.
ക്രിസ്തുവിൽ വിശ്വസിക്കുന്ന സ്ത്രീ എല്ലാം സഹിക്കാൻ തയ്യാറാകുന്ന ഈ സ്നേഹത്തിൽ, ബലമുള്ള ആശ്രയം കണ്ടെത്തുന്നു”. “അവളിത് ചെയ്യുമ്പോൾ, സ്വർഗ്ഗത്തിൽ പോവുക എന്ന അവളുടെ എക്കാലത്തെയും ലക്ഷ്യം മാത്രമായിരുന്നില്ല ഉള്ളിൽ” അവളുടെ ഭർത്താവ് സാക്ഷ്യപ്പെടുത്തി. “ഒരു അമ്മ എന്ന തോന്നലിൽ നിന്നുകൊണ്ടാണ് അവൾ തൻറെ ജീവൻ അർപ്പിച്ചത്.
അവളുടെ ഗർഭപാത്രത്തിലെ തുടിപ്പിന് കഷ്ടി രണ്ടുമാസം ആകുന്നതേ ഉണ്ടായിരുന്നുള്ളൂ എങ്കിലും അവളുടെ മറ്റു മക്കളെപ്പോലെ എല്ലാ അവകാശങ്ങളും ഉള്ള ഒരു പൂർണ്ണമായ അസ്തിത്വം അതിനുണ്ടെന്ന് ഒരു അമ്മയും ഡോക്ടറും എന്ന നിലയിൽ അവൾ ഉറച്ചു വിശ്വസിച്ചിരുന്നു. പവിത്രമായ ബഹുമാനം അർഹിക്കുന്ന ദൈവത്തിന്റെ ഒരു സമ്മാനം. മറ്റു കുട്ടികളോടും അവൾക്ക് അതിയായ സ്നേഹം ഉണ്ടായിരുന്നെന്ന കാര്യം ആരും മറക്കരുത്. അവളോളം തന്നെ അവൾ അവരെ സ്നേഹിച്ചു.
ഒരു ഭാര്യ എന്ന നിലയിലും അമ്മ എന്ന നിലയിലും എനിക്കും കുട്ടികൾക്കും അവളെ ആവശ്യമുണ്ടെന്നുള്ള കാര്യം അവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു, പക്ഷെ അതേസമയം അവളുടെ വയറ്റിലെ ഈ കുഞ്ഞുജീവൻ അവൾക്ക് എല്ലാറ്റിലുമുപരി ഒഴിവാക്കാൻ കഴിയുന്നതായിരുന്നില്ല”. ജിയന്ന ബറേറ്റയുടെ ജീവിതത്തിൽ അസാധാരണമായി ഒന്നും തന്നെയില്ലായിരുന്നു. അവളെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പിയെത്രോ മോള, തന്നെ പൊതിഞ്ഞ പത്രക്കാരോട് പറഞ്ഞു, “ഒരു വിശുദ്ധയുടെ കൂടെയാണ് ജീവിക്കുന്നതെന്ന് ഒരിക്കലും ഞാൻ അറിഞ്ഞിരുന്നില്ല”.
എന്നിരുന്നാലും ഒട്ടും ഷോ കാണിക്കാതെയും നിശ്ശബ്ദമായും കടന്നുപോയപ്പോൾ അവൾ ബാക്കിവച്ച കുറിപ്പുകളും ചെയ്തിരുന്ന മറ്റു പല കാര്യങ്ങളും കാണുമ്പോൾ അവളിൽ വിലപിടിച്ച ഒരു മുത്തിനെ നമ്മൾ കണ്ടെത്തുന്നു. അവളുടെ ജീവിതം മനോഹരമായിരുന്നു, കാരണം അതിന്റെ കേന്ദ്രബിന്ദു ക്രിസ്തുവായിരുന്നു. 1922 ഒക്ടോബർ 4 -ന് വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുന്നാൾ ദിവസം, വടക്കൻ ഇറ്റലിയിലെ മിലൻ പ്രവിശ്യയിൽ മജന്ത എന്ന സ്ഥലത്ത് 13 മക്കളിൽ പത്താമത്തേതായി ജിയന്ന ബറേറ്റ ജനിച്ചു.
അവളുടെ പിതാവ് ജോസഫ് ബറേറ്റ തൻറെ മക്കൾക്ക് നല്ല വിദ്യാഭാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. എന്നും വിശുദ്ധ കുർബ്ബാനയ്ക്ക് പോയിരുന്ന അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ കുർബ്ബാനയുടെ നിഴലിലായിരുന്നു. അവളുടെ അമ്മ മരിയ, മക്കൾക്ക് മതപരമായ കാര്യങ്ങളിൽ പരിശീലനം നൽകി. ആദ്യകുർബ്ബാന സ്വീകരണത്തിനുശേഷം എല്ലാ പ്രഭാതത്തിലും ജിയന്ന ബറേറ്റ, അമ്മയുടെ കൂടെ പോയി കുർബ്ബാനയിൽ പങ്കെടുത്തു.
ശുദ്ധസംഗീതം, വിശിഷ്ടമായ പെയിന്റിംഗുകൾ , മലകയറ്റം, സ്കീയിംഗ് , ടെന്നീസ് , പിയാനോ വായിക്കൽ, ഫാഷൻ, തുടങ്ങിയവ ഒക്കെ ഇഷ്ടപ്പെട്ടിരുന്ന ഒരു സാധാരണ പെൺകുട്ടി ആയാണ് അവൾ വളർന്നു വന്നത്. നോട്ട്ബുക്കിൽ കുത്തിക്കുറിച്ചിരിക്കുന്നതിൽ നിന്ന് അവളുടെ ആത്മീയത കുറച്ചൊക്കെ മനസ്സിലാക്കാം. “എല്ലാം ഞാൻ ഈശോക്കായി ചെയ്യും, ഓരോ പ്രവൃത്തിയും, ഓരോ കഷ്ടപ്പാടും ഞാൻ ഈശോക്ക് അർപ്പിക്കുന്നു”…. “മാരകമായ പാപങ്ങളിൽ നിന്ന് സർപ്പത്തിൽ നിന്നെന്ന പോലെ ഞാൻ ഓടിയകലും. കർത്താവിനെ വേദനിപ്പിക്കുക എന്നതിനേക്കാൾ ഒരായിരം വട്ടം മരിക്കാൻ ഞാനൊരുക്കമാണ്”. “എനിക്ക് ഒട്ടും തോന്നുന്നില്ലെങ്കിൽ പോലും, ഈശോയോടുള്ള സ്നേഹത്തെ പ്രതി ഞാൻ അനുസരിക്കും, പഠിക്കും”.
“നല്ല മരണം കിട്ടാനായി എല്ലാ ദിവസവും നന്മ നിറഞ്ഞ മറിയമേ ജപം ഞാൻ ചൊല്ലും”.
1949 -ൽ പാവിയയിൽ വെച്ച് മെഡിസിന് ജിയന്ന ഡോക്ടറേറ്റ് എടുത്തു, 1952 ൽ പീഡിയാട്രിക്സിൽ ഡിപ്ലോമയും. ശേഷം സ്വന്തമായി ഒരു ക്ലിനിക് ആരംഭിച്ചു. “സ്നേഹത്തിന്റെ കേന്ദ്രം, എല്ലാ നല്ല പ്രവൃത്തികളുടെയും കേന്ദ്രം” എന്ന് അവൾ വിളിക്കുന്ന ദിവസേനയുള്ള ദിവ്യകാരുണ്യ സ്വീകരണത്താൽ തൻറെ ആത്മീയജീവിതത്തെ അവൾ പുഷ്ടിപ്പെടുത്തി , ശ്രദ്ധാപൂർവ്വമുള്ള ജപമാലയർപ്പണം കൊണ്ടും.
ഒരു ഡോക്ടർ എന്ന നിലയിലുള്ള തന്റെ ദൗത്യത്തെ ജിയന്ന ബറേറ്റ എത്ര നന്നായി മനസ്സിലാക്കിയിരുന്നു. “മരുന്നുകൾ ഒട്ടും ഫലിക്കാത്തപ്പോഴും നമ്മുടെ ദൗത്യം തീർന്നിട്ടില്ല. ദൈവത്തിലേക്കെത്താൻ സഹായിക്കേണ്ട ഒരാത്മാവ് അവിടെയുണ്ട്”. ” ഈശോ പറയുന്നു, രോഗിയെ സന്ദർശിക്കുന്നവൻ എന്നെയാണ് സന്ദർശിക്കുന്നത്”. “ഒരു പുരോഹിതൻ യേശുവിനെ തൊടുന്നതുപോലെ, നമ്മൾ ഡോക്ടർമാരും രോഗിയായ, പാവപ്പെട്ടവനായ, ചെറുപ്പമായ, വാർദ്ധക്യത്തിലുള്ള, കുഞ്ഞായ യേശുവിനെ തൊടുന്നു”.
വീട്ടിലെ മൂന്നുപേർ സമർപ്പിതജീവിതം തെരഞ്ഞെടുത്തുകഴിഞ്ഞു. താൻ എന്താണ് ചെയ്യേണ്ടത് ? കന്യാസ്ത്രീയായി മിഷൻ പ്രദേശത്ത് പോയി രോഗികൾക്ക് വേണ്ടി സേവനം ചെയ്യണോ? അതോ വിവാഹം കഴിക്കണോ? 1955 -ൽ, ലൂർദിലേക്ക്, തൻറെ ദൈവവിളി കണ്ടെത്താനായി ജിയന്ന ഒരു തീർത്ഥാടനത്തിന് പോയി. തിരിച്ചുവന്നുകഴിഞ്ഞ്, ഒരു എൻജിനീയറും ഒരു കമ്പനി നടത്തിക്കൊണ്ടുപോകുന്നവനുമായ പിയെത്രോ മോളയെ അവൾ കണ്ടുമുട്ടി , 1955 സെപ്റ്റംബർ 2 -നു അവർ വിവാഹിതരായി.
വിവാഹത്തിന് കുറച്ചു ദിവസം മുൻപ് ജിയന്ന പിയെത്രോക്ക് എഴുതി , “ദൈവത്തിന്റെ സഹായത്താലും അനുഗ്രഹത്താലും നമ്മുടെ പുതിയ കുടുംബം, നമ്മുടെ സ്നേഹത്തിന്മേലും ആഗ്രഹങ്ങളിന്മേലും ചെയ്തികളിന്മേലും ഭരണം നടത്തിക്കൊണ്ട് ഈശോ വാഴാനിഷ്ടപ്പെടുന്ന ഒരു സെഹിയോൻ ശാല ആക്കുവാൻ നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യാം. സ്നേഹത്തിന്റെ കൂദാശ സ്വീകരിക്കുവാൻ ഞാൻ കാത്തിരിക്കുന്നു.
സൃഷ്ടികർമ്മത്തിൽ നമ്മൾ ഈശോയുടെ പങ്കാളികളാകും , അത് വഴിയായി അവനെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന കുട്ടികളെ അവന് കൊടുക്കാൻ നമുക്ക് കഴിയും “.
ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ അമ്മയുടെയും സംരക്ഷണത്തിൽ കീഴിൽ അവർ തങ്ങളുടെ കുടുംബത്തെ ഏൽപ്പിച്ചു. മൂന്നു മക്കളാൽ അവർ അനുഗ്രഹിക്കപ്പെട്ടു. ജിയന്ന സന്തോഷത്താൽ മതിമറന്നു, ആ മാതൃകാഭവനത്തിൽ ആനന്ദമുണ്ടായിരുന്നു. “നിന്റെ തീരുമാനങ്ങൾ, നിന്റെ ചെയ്തികൾ”, അവളുടെ ഭർത്താവ് ഓർമ്മിച്ചെടുത്തു.. “എല്ലാം എപ്പോഴും നിന്റെ വിശ്വാസത്തിനോട് ബന്ധപ്പെട്ടും ദൈവത്തിൽ ശരണപ്പെട്ടും എളിമയോടു കൂടെയും ആയിരുന്നു. ഓരോ കാര്യങ്ങളും ദൈവേഷ്ടത്തിന് നീ വിട്ടുകൊടുത്തു. നിനക്കെത്ര ആനന്ദമായിരുന്നു”.
1961 -ൽ ജിയന്നക്ക് 39 വയസ്സുള്ളപ്പോൾ അവർ തങ്ങളുടെ നാലാമത്തെ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കെ ഗർഭത്തിന്റെ രണ്ടാം മാസത്തിൽ , അവളുടെയും കുഞ്ഞിൻറെയും ജീവന് ഭീഷണിയായിക്കൊണ്ട് ഗർഭപാത്രത്തിൽ ഒരു മുഴ വളരുന്നതായി അറിഞ്ഞു. ഒരു ഡോക്ടർ എന്ന നിലയിൽ, അതിന്റെ അപകടം ശരിക്ക് അറിയാമെങ്കിലും ഒരു അബോർഷനെപറ്റി അവൾക്ക് ആലോചിക്കാൻ പോലും കഴിഞ്ഞില്ല. കുട്ടിക്ക് കുഴപ്പം വരാത്ത രീതിയിൽ മുഴ സർജറിയിലൂടെ എടുത്തു മാറ്റാൻ അവൾ തീരുമാനിച്ചു. തൻറെ ജീവൻ കൊടുത്തായാലും കുഞ്ഞിനെ രക്ഷിക്കാൻ അവളാഗ്രഹിച്ചു.
1961 സെപ്റ്റംബർ 8 -ന് അമലോല്ഭവതിരുന്നാളിന്റെ അന്ന് ഓപ്പറേഷൻ നടത്തുന്നതിന് മുൻപ് കുട്ടിയെ രക്ഷിക്കാനുള്ള എല്ലാ വഴിയും നോക്കാൻ ജിയന്ന ഡോക്ടറോട് കേണു പറഞ്ഞു. ഇടവകവൈദികനോട് അവൾ പറഞ്ഞു, “അവസാനത്തെ കുറച്ചു ദിവസങ്ങൾ കഴിയാവുന്ന പോലെയൊക്കെ ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്. ഇനി അമ്മയെന്ന നിലയിൽ ഞാനെന്റെ കടമ നിർവ്വഹിക്കാൻ പോകുന്നു.
കർത്താവിനു ഭരമേല്പിച്ച എന്റെ ജീവിതാർപ്പണം ഞാൻ പുത്തനാക്കുന്നു. എന്റെ കുഞ്ഞ് രക്ഷപ്പെടുമെങ്കിൽ ഞാൻ എന്തിനും ഒരുക്കമാണ്” കുഞ്ഞിനെ അനക്കാതെ മുഴ കളഞ്ഞതുകൊണ്ട് ഗർഭപാത്രം അപകടാവസ്ഥയിലാവുമെന്നും തൻറെ ജീവൻ അപകടത്തിലാണെന്നും അവൾക്ക് അറിയാമായിരുന്നു.
ഭാര്യ എന്ന നിലയിലും അമ്മ എന്ന നിലയിലുമുള്ള ഉത്തരവാദിത്വങ്ങൾ , അവൾ ശാന്തമായി അച്ചടക്കത്തോടെ ചെയ്തു. അവർ തരണം ചെയ്യേണ്ട ഗാഗുൽത്തായെപ്പറ്റി അവളുടെ ഭർത്താവിന് പോലും അറിവുണ്ടായില്ല. ഏപ്രിൽ 21, 1962 -ൽ ജിയാന്ന ബറേറ്റ, ജിയന്ന ഇമ്മാനുവേല എന്ന് അവർ മാമോദീസപേരിട്ട് വിളിച്ച ഒരു കൊച്ചുപെൺകുട്ടിക്ക് ജന്മം നൽകി. പ്രസവിക്കുന്ന അന്ന് ജിയാന ബറേറ്റ നിർബന്ധം പിടിച്ചു, “ഞാനോ കുഞ്ഞോ എന്ന് തെരഞ്ഞെടുക്കേണ്ട ചോദ്യം വന്നാൽ ഒട്ടും സംശയിക്കണ്ട, ഞാൻ ആവശ്യപ്പെടുന്നു. കുട്ടിയെ രക്ഷിക്കണം”.
കുഞ്ഞിന്റെ ജനനത്തോടെ അമ്മയുടെ ആരോഗ്യനില വഷളായി. ഒരു പുരോഹിതനിൽ നിന്ന് അവൾ അന്ത്യകൂദാശ സ്വീകരിച്ചു. പിന്നെ തുടർച്ചയായി ഉരുവിട്ടു,”ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഈശോയെ ഞാനങ്ങയെ സ്നേഹിക്കുന്നു”. 28 ഏപ്രിൽ, 1962 -ന് എട്ടുമണിയോടടുത്ത് അവളുടെ ആത്മാവ് നിത്യതയിലേക്ക് യാത്രയായി. 482 വിശുദ്ധരെ ആ പദവിയിലേക്കുയർത്താൻ ഭാഗ്യം ലഭിച്ച ജോൺപോൾ രണ്ടാമൻ പാപ്പ ജിയന്ന ബറേറ്റ മോളയെയാണ് തൻറെ ജീവിതകാലത്ത് അവസാനമായി വിശുദ്ധപദവിയിലേക്കുയർത്തിയത്.
അത് മെയ് 16, 2004 -ന് ആയിരുന്നു. ഒരു പെലിക്കൻ പക്ഷിയെപ്പോലെ സ്വന്തജീവൻ വെടിഞ്ഞും ജിയന്ന ബറേറ്റ തൻറെ ഉള്ളിലെ കുരുന്നുജീവന് വേണ്ടി നിലകൊണ്ടു. സ്നേഹത്താൽ പ്രേരിതയായി ജീവൻ ത്യജിച്ച, യേശുവിന്റെ സ്നേഹപ്രമാണം അക്ഷരം പ്രതി പാലിച്ച ജിയന്ന ബറേറ്റയുടെ മകൾ പ്രോലൈഫ് പ്രവർത്തനങ്ങളിൽ വ്യാപൃതയാണ്. ഒരാൾക്ക് ഉപേക്ഷിക്കാവുന്നതിൽ വെച്ച് ഏറ്റവും വിശുദ്ധവും അമൂല്യവും ആയ ദാനമാണ് ജീവൻ എന്നാണ് അവളുടെ അഭിപ്രായം. ഈ കൊച്ചുജീവിതത്തിൽ, ജീവനെ എക്കാലവും സംരക്ഷിക്കുന്നവർ ആകാം നമുക്ക് .
Feast Day : ഏപ്രിൽ 28.