ഈശോയുടെ ദിവ്യഹൃദയത്തിനു പാപികളുടെ നേരെയുള്ള സ്നേഹം
പാപം നിറഞ്ഞ ആത്മാവേ! നിന്റെ നേരെയുള്ള ഈശോയുടെ സ്നേഹം തിരിച്ചറിയുക. ലോകത്തില്‍ നീ ആഗതനായ ഉടനെ ജ്ഞാനസ്നാനം വഴി നിന്നെ അവിടുന്ന് ശുദ്ധമാക്കി പിശാചിന്റെ അടിമത്തത്തില്‍ നിന്നും രക്ഷിച്ചു. ദൈവപ്രസാദവരത്താല്‍ അലങ്കരിച്ച് അനന്തരം സ്വപുത്രനെന്നും സ്നേഹിതനെന്നും ഏറ്റം വാത്സല്യത്തോടെ വിളിച്ച് അവിടുത്തെ ദിവ്യ ഹൃദയത്തില്‍ നിന്നെ ഭദ്രമായി സൂക്ഷിച്ചു. എന്നാല്‍ നിനക്ക് ഓര്‍മ്മവന്ന ക്ഷണത്തില്‍ ഈശോയുടെ അനന്തമായ സ്നേഹത്തേയും ദയയേയും വിസ്മരിച്ച് അവിടുത്തെ സന്നിധിയില്‍ നിന്നു നീ ഓടി ഒളിക്കുകയും പാപം മൂലം ആത്മാവിനെ അശുദ്ധമാക്കുകയും ചെയ്തു.
അങ്ങനെ ആത്മാവ് ദൈവത്തിന്റെ ശത്രുവായ പിശാചിന്റെ അടിമയായി ആ ക്ഷണത്തില്‍ തന്നെ മാമോദീസായില്‍ ലഭിച്ചിരുന്ന പരിശുദ്ധിയും ശോഭയും, മിശിഹായുടെ പുത്രനെന്നും സ്നേഹിതനെന്നും ഏറ്റം സൗന്ദര്യമുള്ള മണവാട്ടിയെന്നുമുള്ള നാമവും നഷ്ടമാവുകയും നീ ഏറ്റം വിരൂപനായിത്തീരുകയും ചെയ്തു. ഈശോ നിനക്ക് നഷ്ടമായ ദിനമാണ് നിന്റെ ജീവിതത്തിലെ ഏറ്റം നിര്‍ഭാഗ്യമായ ദിനം.
ദൈവത്തെ നിനക്കു നഷ്ടപ്പെട്ട ആ ദിനം അവിടുത്തെ ദിവ്യഹൃദയത്തിനു അത്യന്തം വേദന നിറഞ്ഞ ദിവസമായിരുന്നു എന്നുചിന്തിക്കുക. ദയ നിറഞ്ഞ പിതാവായ അവിടുത്തെ സ്നേഹം നിന്നെ ആകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ്. ഈശോ നിന്നില്‍ ഭയവും ഞടുക്കവും അനുതാപവും വരുത്തിക്കൊണ്ട് നീ മനസ്താപപ്പെടുന്നതിനു ഇടവരുത്തുകയും നിന്റെ എല്ലാ പാപങ്ങള്‍ക്കും മോചനം നല്‍കുകയും ചെയ്യുന്നു. എന്നാല്‍ എല്ലാ പാപങ്ങള്‍ക്കും പൊറുതി ലഭിച്ച ശേഷം നിന്റെ ഉദ്ദേശ്യം എന്തായിരിക്കുന്നു?
ഈശോയുടെ സ്നേഹത്തില്‍ നിലനില്ക്കണമെന്നാണോ നിന്റെ ചിന്ത? ഈശോയുടെ വാത്സല്യത്തെ മറന്നു നീ അവിടുത്തെ അനുനിമിഷം വിട്ടകന്നു പോകുന്നു. അവിടുന്നു വീണ്ടും വീണ്ടും അത്യന്ത സ്നേഹത്തോടും ദീര്‍ഘശാന്തതയോടും കൂടി നിന്റെ സമീപത്തേയ്ക്കു ഓടിവരുന്നു. എന്റെ ആത്മാവേ! നിന്റെ ഹൃദയനാഥനായ ദിവ്യരക്ഷകന്റെ സ്നേഹത്തെ നീ കാണുന്നില്ലല്ലോ? അനുസ്യൂതമായ നിന്റെ വീഴ്ചയില്‍ മിശിഹായുടെ ഹൃദയം അനുഭവിക്കുന്ന ദുഃഖം നീ അറിയുന്നില്ലെന്നോ? നിന്റെ ഹൃദയകവാടത്തില്‍ അവിടുന്നു മുട്ടിവിളിക്കുന്നത് നീ ശ്രവിക്കുന്നില്ലെന്നോ? എന്തിനാണു അവിടുന്നു ഇത്ര ജാഗ്രതയോടുകൂടെ നിന്നെ അന്വേഷിക്കുന്നത്?
നീ ശിക്ഷിക്കപ്പെട്ടാല്‍ ഈ ദിവ്യഹൃദയത്തിനു നഷ്ടം വല്ലതും നേരിടുമെന്ന് നീ വിചാരിക്കുന്നുവോ? അമൂല്യമായ നിന്റെ ആത്മാവ് നഷ്ടമാകാതിരിക്കാനാണ് അവിടുന്ന് ബദ്ധപ്പെട്ട് നിന്റെ പക്കലേക്ക് ഓടി അണയുന്നത്. എന്റെ ആത്മാവേ! നിന്നോടുതന്നെ നിനക്ക് ദയ തോന്നുന്നില്ലെന്നോ? നീ സ്വയം സ്നേഹിക്കുന്നുവെങ്കില്‍ നിന്നെ അന്വേഷിച്ചു വരുന്ന പിതാവും, സ്രഷ്ടാവും നാഥനുമായ ഈശോയുടെ ദിവ്യഹൃദയത്തിലേക്കു ഓടി എത്തുക. അവിടുന്ന് എല്ലാ പാപങ്ങളും വിസ്മരിച്ച് പ്രസാദവരത്താല്‍ നിന്നെ അലങ്കരിച്ച് ആശീര്‍വദിക്കും.
ജപം
ആത്മാക്കളുടെ ഉത്തമ സ്നേഹിതനായ ഈശോയേ! അങ്ങേ ഞാന്‍ ആരാധിക്കുന്നു. എന്റെ ശക്തിയൊക്കെയോടും കൂടെ സ്നേഹിക്കുന്നു. എന്റെ ഈശോയെ! എന്റെ രക്ഷ ഇത്രയധികം ആഗ്രഹിക്കുന്ന അങ്ങയുടെ നിത്യസ്നേഹത്തെ ഓര്‍ക്കാതെയിരിക്കുന്നത് എത്രയോ വലിയ നന്ദിഹീനതയായിരിക്കുന്നു. എത്രയും മാധുര്യം നിറഞ്ഞ ദിവ്യഹൃദയമേ! അങ്ങയുടെ ദിവ്യഹൃദയത്തിന്റെ മുറിവുകള്‍ ഞാന്‍ കണ്ടിട്ടും എന്റെ ആത്മാവില്‍ ദയയും സ്നേഹവും തോന്നാതിരിക്കുന്നതിനാല്‍ അത്യന്തം ഖേദിക്കുന്നു. എന്റെ ഹൃദയത്തിന്റെ സമ്പൂര്‍ണ്ണ സന്തോഷമായ ഈശോയെ! ഞാന്‍ എന്റെ ആത്മാവിന്റെ സ്ഥിതി ഗ്രഹിച്ചു മനസ്താപപ്പെടുന്നതിനും അങ്ങേ എന്റെ ഹൃദയമൊക്കെയോടും കൂടെ സ്നേഹിക്കുന്നതിനും ഇടവരുത്തിയരുളണമേ.
പ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന് നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.
3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.
സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.
ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ
കര്‍ത്താവേ! അനുഗ്രഹിക്കണമേ.
മിശിഹായേ! അനുഗ്രഹിക്കണമേ.
കര്‍ത്താവേ! അനുഗ്രഹിക്കണമേ.
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
ഭൂലോകരക്ഷിതാവായ പുത്രന് തമ്പുരാനേ,
റൂഹാദക്കുദശാ തമ്പുരാനേ,
ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,
നിത്യപിതാവിന് കുമാരനായ ഈശോയുടെ തിരുഹൃദയമേ,
കന്യാസ്ത്രീ മാതാവിന്റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,
ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,
അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,
ദൈവത്തിന്റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,
അത്യുന്നതന്റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ,
ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,
ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,
നീതിയുടെയും സ്നേഹത്തിന്റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,
നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,
സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,
സകല പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,
സകല പുണ്യവാന്മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,
-ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.
-ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
-ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.
പ്രാര്‍ത്ഥിക്കാം
സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്കിയരുളണമേ. ആമ്മേന്‍.
സുകൃതജപം
ഈശോയുടെ തിരുഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ.
സല്‍ക്രിയ
ഈ മാസത്തില്‍ ദിവ്യഹൃദയത്തിനു വേണ്ടി ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഭക്തകൃത്യങ്ങള് നിശ്ചയിച്ചു വിശ്വസ്തതയോടെ നിറവേറ്റുക.
ഈശോയുടെ ദിവ്യഹൃദയത്തിനു സ്വയം കാഴ്ച വയ്ക്കുന്ന ജപം
എത്രയും മാധുര്യമുള്ള ഈശോയേ! മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷിതാവേ! അങ്ങേ തിരുപീഠത്തിന്‍ മുമ്പാകെ മഹാ എളിമയോടും വണക്കത്തോടും കൂടി സാഷ്ടാംഗം വീണുകിടക്കുന്ന ഞങ്ങളെ തൃക്കണ്‍പാര്‍ക്കണമേ. ഞങ്ങള്‍ അങ്ങയുടേതാകുന്നു. സദാകാലവും അങ്ങേ സ്വന്തമായിരിക്കുന്നതിന് ഞങ്ങള്‍ മനസ്സായിരിക്കുകയും ചെയ്യുന്നു. എന്നാലും കര്‍ത്താവേ! ഉറപ്പായിട്ട് അങ്ങയോടു ഞങ്ങളെ ചേര്‍ത്തൊന്നിപ്പിക്കുന്നതിനായി ഇതാ ഇന്നെ ദിവസം ഞങ്ങള്‍ ഓരോരുത്തരും ഞങ്ങളെ മുഴുവനായി അങ്ങേ പരിശുദ്ധ ഹൃദയത്തിനു കാഴ്ച വയ്ക്കുന്നു.
ഹാ! കര്‍ത്താവേ! അനവധി ആളുകള്‍ ഇപ്പോഴും അങ്ങയെ അറിയാതെയിരിക്കുന്നു. മറ്റുപലരോ എന്നാല്‍ അങ്ങേ ഉപദേശങ്ങളെ നിന്ദിക്കുകയും അങ്ങയെ തള്ളിക്കളയുകയും ചെയ്യുന്നു. അനുഗ്രഹം നിറഞ്ഞ ഈശോയേ! ഇവരെല്ലാവരുടെമേലും കൃപയായിരിക്കണമേ. അങ്ങേ തിരുഹൃദയത്തിലേക്ക് അവരെ ചേര്‍ത്തരുളേണമേ. കര്‍ത്താവേ! അങ്ങേ ഒരിക്കലും പിരിഞ്ഞുപോകാതെ അങ്ങേ വിശ്വാസികളുടെ മാത്രം രാജാവായിരിക്കാതെ അങ്ങയെ വിട്ടകന്നുപോയ ധൂര്‍ത്തരായ മക്കളുടെയും രാജാവായിരിക്കണമേ. കഷ്ടാനുഭവവും വിശപ്പും കൊണ്ട് മരിച്ചുപോകാതെ ഞങ്ങളുടെ പിതാവിന്റെ ഭവനത്തിലേക്ക് ശീഘ്രം പിന്തിരിയുന്നതിന് അവര്‍ക്ക് അനുഗ്രഹം നല്കണമേ.
തെറ്റുകളാല്‍ വഞ്ചിക്കപ്പെട്ട് അങ്ങേ തിരുസ്നേഹത്തില്‍ നിന്നും അകന്നുപോയിരിക്കുന്നവരുടെ മേലും അങ്ങേ ആധിപത്യം സ്ഥാപിക്കുക. സത്യത്തിന്റെ തുറമുഖത്തിലേക്കും അവരെ തിരികെ വിളിച്ചരുളുക. ഇപ്രകാരം വേഗത്തില്‍ ഏക ആട്ടിന്‍കൂട്ടവും ഏക ഇടയനും മാത്രമായിത്തീരട്ടെ. കര്‍ത്താവേ! അങ്ങേ തിരുസ്സഭയ്ക്കു സ്വാതന്ത്ര്യം കൊടുത്തരുളുക. ഉപദ്രവങ്ങളൊക്കെയില്‍ നിന്നും അതിനെ കാത്തു കൊള്‍ക. എല്ലാ ജാതി ജനങ്ങളുടെയും ഇടയില്‍ സമാധാനം സ്ഥാപിച്ചരുളുക. “ഞങ്ങളുടെ രക്ഷകനായ പരിശുദ്ധ ഹൃദയം വാഴ്ത്തപ്പെട്ടതാകട്ടെ. സദാകാലവും അതിനു സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.” എന്നിങ്ങനെ ലോകത്തില്‍ ഒരറ്റം മുതല്‍ മറ്റേഅറ്റം വരെ നിത്യവും മുഴങ്ങിക്കൊണ്ടിരിക്കുന്നതിനു കൃപ ചെയ്തരുളണമേ. ആമ്മേന്‍.
വിശുദ്ധ കുര്‍ബാനയില്‍ എഴുന്നള്ളിയിരിക്കുന്ന ഈശോമിശിഹായുടെ തിരുഹൃദയത്തോടു ചെയ്യപ്പെടുന്ന നിന്ദാപമാനങ്ങള്‍ക്കു പരിഹാരജപം
ഞങ്ങളുടെ ദിവ്യരക്ഷകനായ ഈശോമിശിഹായുടെ തിരുഹൃദയമേ! ഞങ്ങള്‍ ഏറ്റവും വലിയ പാപികളായിരുന്നാലും അങ്ങേ സന്നിധിയില്‍ ഭയഭക്തിവണക്കത്തോടുകൂടെ സാഷ്ടാംഗമായി വീണു അങ്ങുന്ന് ഞങ്ങളുടെമേല്‍ അലിവായിരിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളുടെ പാപങ്ങളെയും നന്ദികേടിനെയും വിചാരിച്ച് ഏറ്റവും മനസ്താപപ്പെടുന്നു. അവ എല്ലാം എന്നന്നേക്കും തള്ളിനീക്കുന്നതിനും ഞങ്ങളാല്‍ കഴിയുംവണ്ണം അവയ്ക്കു പരിഹാരം ചെയ്യുന്നതിനും ഞങ്ങള്‍ തുനിയുന്നു.
അടിയങ്ങള്‍ അങ്ങേയ്ക്ക് ചെയ്ത ദ്രോഹങ്ങള്‍ക്കായിട്ടും അജ്ഞാനികള്‍, പതിതര്‍, ദുഷ്ടക്രിസ്ത്യാനികള്‍ മുതലായവര്‍ അങ്ങേയ്ക്കു ചെയ്ത നിന്ദാപമാനങ്ങള്‍ക്കായിട്ടും ഏറ്റവും ദുഃഖിച്ചു മനസ്താപപ്പെട്ടു അവയെ അങ്ങു പൊറുക്കുകയും സകലരേയും നല്‍വഴിയില്‍ തിരിച്ച് രക്ഷിക്കുകയും ചെയ്യണമെന്നു അങ്ങേ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങേ തിരുഹൃദയത്തിനു ചെയ്യപ്പെടുന്ന നിന്ദാപമാന ദ്രോഹങ്ങളൊക്കെയ്ക്കും, പരിഹാരമായിട്ട് അല്പമായ ഞങ്ങളുടെ ആരാധനാ സ്തോത്രങ്ങളെയും മോക്ഷത്തില്‍ വാഴുന്ന സകല മാലാഖമാരുടെയും പുണ്യാത്മക്കളുടെയും ആരാധനാ പുകഴ്ചകളെയും ഭൂലോകത്തുള്ള സകല പുണ്യാത്മാക്കളുടെ സ്തുതിനമസ്കാരങ്ങളെയും ഏറ്റം എളിമ വിനയത്തോടുകൂടെ അങ്ങേയ്ക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
ഞങ്ങളുടെ ഏക ശരണമേ! ഞങ്ങളെ മുഴവനും ഇപ്പോഴും എന്നേയ്ക്കുമായിട്ട് അങ്ങേ തിരുഹൃദയത്തിനു കാഴ്ച വയ്ക്കുന്നു. നാഥാ! ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങേ കൈവശമാക്കി ശുദ്ധീകരിച്ച് പരിശുദ്ധ ഹൃദയങ്ങളാക്കിയരുളണമേ. ഞങ്ങള്‍ ജീവനോടു കൂടെയിരിക്കുംവരെയും ഞങ്ങളെ സകല ശത്രുക്കളുടെയും ഉപദ്രവങ്ങളില്‍ നിന്നും രക്ഷിച്ചരുളണമേ. അങ്ങ് സകല മനുഷ്യര്‍ക്കായിട്ടു സ്ലീവാമരത്തിനുമേല്‍ ചിന്തിയ തിരുരക്തത്തെക്കുറിച്ച് ഈ അപേക്ഷകളെല്ലാം കര്‍ത്താവേ! ഞങ്ങള്‍ക്കു തന്നരുളണമേ! ആമ്മേന്‍.
തിരുഹൃദയ ജപമാല
മിശിഹായുടെ ദിവ്യാത്മാവേ! എന്നെ ശുദ്ധികരിച്ചരുളണമേ.
മിശിഹായുടെ തിരുശരീരമേ! എന്നെ രക്ഷിക്കണമേ.
മിശിഹായുടെ തിരുരക്തമേ! എന്നെ ലഹരി പിടിപ്പിക്കണമേ.
മിശിഹായുടെ തിരുവിലാവിലെ വെള്ളമേ! എന്നെ കഴുകണമേ.
മിശിഹായുടെ പീഡാനുഭവമേ! എന്നെ ധൈര്യപ്പെടുത്തണമേ.
നല്ല ഈശോയെ! എന്റെ അപേക്ഷ കേള്‍ക്കണമേ.
അങ്ങേ തിരുമുറിവുകളുടെ ഇടയില്‍ എന്നെ മറച്ചു കൊള്ളണമേ.
അങ്ങില്‍ നിന്നു പിരിഞ്ഞുപോകാന്‍ എന്നെ അനുവദിക്കല്ലേ.
ദുഷ്ടശത്രുവില്‍ നിന്ന് എന്നെ കാത്തുകൊള്ളണമേ.
എന്റെ മരണ നേരത്തില്‍ എന്നെ അങ്ങേപ്പക്കലേക്ക് വിളിക്കണമേ.
അങ്ങേ പരിശുദ്ധന്മാരോടുകൂടെ നിത്യമായി അങ്ങയെ സ്തുതിച്ചു കൊണ്ടാടുന്നതിന് അങ്ങേ അടുക്കല്‍ വരുവാന്‍ എന്നോട് കല്പ്പിക്കണമേ.
ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ! എന്റെ ഹൃദയം അങ്ങേ തിരുഹൃദയത്തിനു ഒത്തതാക്കിയരുളണമേ.
ഈശോയുടെ മധുരമായ തിരുഹൃദയമേ! എന്റെ സ്നേഹമായിരിക്കണമേ
(ഓരോ ചെറിയ കൊന്തമണിക്ക്)
ഓരോ ദശകത്തിന്റെയും അവസാനം; മറിയത്തിന്റെ മധുരമായ തിരുഹൃദയമേ! എന്റെ രക്ഷയായിരിക്കണമേ.
ഇപ്രകാരം 10 മണി ജപമാല 5 രഹസ്യങ്ങളായി ചൊല്ലിക്കഴിഞ്ഞാല്‍ കാഴ്ചവെപ്പ്.
1.ഈശോയുടെ തിരുഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ.
2.അമലോത്ഭവ മറിയത്തിന്റെ കറയില്ലാത്ത തിരുഹൃദയമേ! ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
3.തിരുഹൃദയത്തിന് നാഥേ! ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
4.ഈശോയുടെ തിരുഹൃദയം എല്ലായിടത്തും സ്നേഹിക്കപ്പെടട്ടെ.
5.മരണപീഡ അനുഭവിച്ച ഈശോയുടെ തിരുഹൃദയമേ! ഇന്നു മരിക്കുന്നവരുടെ മേല്‍ കൃപയായിരിക്കണമേ.
സുകൃതജപം
ഈശോയുടെ എത്രയും പരിശുദ്ധ ഹൃദയമേ! ഞങ്ങളുടെ കുടുംബങ്ങളെ സംരക്ഷിക്കണമേ.