മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നതെന്ന് പ്രലോഭകനോട് പറഞ്ഞ യേശുവിന്റെ പ്രതിനിധി ആയാണ് വൈദികർ കുമ്പസാരക്കൂട്ടിലിരിക്കുന്നത്. ” നീ കുമ്പസാരക്കൂടിനെ സമീപിക്കുമ്പോൾ നിനക്കുവേണ്ടി അതിനുള്ളിൽ കാത്തിരിക്കുന്നത് ഞാൻ തന്നെയാണെന്നുള്ള കാര്യം തിരിച്ചറിയുക’ എന്ന് ഈശോ ഫൗസ്റ്റീനയോട് പറഞ്ഞു. ഈ ബോധ്യത്തോടെ തന്നെയാണ് മനുഷ്യർ പാപസങ്കീർത്തനത്തിനായി അണയുന്നതും. യേശു ശിഷ്യന്മാർക്കു നൽകിയ പാപമോചനാധികാരം കൈവയ്പ്പു ശുശ്രൂഷയിലൂടെ മെത്രാന്മാർക്കും വൈദികർക്കും ലഭിക്കുന്നു.
ഭക്ഷണത്തേക്കാൾ ജീവൻ ശ്രേഷ്ഠമാണെന്നു പറഞ്ഞ യേശുവിന്റെ പ്രതിനിധി തന്നെ, ആത്മീയജീവൻ പുനഃസ്ഥാപിക്കുന്ന കൂദാശയായ കുമ്പസാരത്തിനു ഇടയിൽ മടുപ്പു കാണിച്ചു ഫോൺ നോക്കുന്നതും ഫുഡ് ഓർഡർ ചെയ്തു കഴിക്കുന്നതുമായ പരസ്യത്തിൽ അഭിനയിച്ചത്, അത് മാർത്തോമാസഭയിൽ പെട്ട പുരോഹിതൻ ആണെങ്കിലും ശരി, കുറച്ചു കടന്നു പോയി.. വെറുമൊരു അഭിനേതാവ് ആയിരുന്നെങ്കിൽ ഞാനൊരുപക്ഷേ പ്രതികരിക്കില്ലായിരുന്നു. ഫുഡ് ഡെലിവറി ചെയ്യുന്ന ആപ്പിനെ പരിചയപ്പെടുത്താൻ വേറെ എന്തെല്ലാം മാർഗ്ഗങ്ങളുണ്ട്.
ദിവസത്തിൽ 18 മണിക്കൂറോളം കുമ്പസാരക്കൂട്ടിൽ ചിലവഴിച്ച വിശുദ്ധ ജോൺ മരിയ വിയാനി , വിശുദ്ധ പാദ്രെ പിയോ തുടങ്ങിയവർ അടക്കം, കുമ്പസാരിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ കുറച്ചു ദിവസം മുൻപ് അക്രമിയുടെ കുത്തേറ്റു വിയറ്റ്നാമിൽ മരിച്ചു വീണ ഫാദർ ജോസഫ് ട്രാൻ ൻഗോഗ് താഹ് ഒ പി നെപോലുള്ളവർ അടങ്ങുന്ന പുരോഹിതസമൂഹവും വിശ്വാസികളും പവിത്രമായി കരുതുന്ന കുമ്പസാരമെന്ന കൂദാശയെ പൊതുജനമധ്യത്തിൽ അപഹാസ്യമാക്കുന്ന തരത്തിലുള്ള പരസ്യചിത്രീകരണത്തിൽ നിന്ന് വിട്ടുനിൽക്കാമായിരുന്നു.
റോമൻസ് ഫിലിം കണ്ടപ്പോൾ അനുഭവിച്ച ഒരു വേദനയുണ്ട്, അത് വീണ്ടും അനുഭവപ്പെട്ടു. പശ്ചാത്തപിച്ചു കരയുന്ന ഒരാളുടെ അനുതാപത്തെയാണ് ലാഘവത്തോടെയും മടുപ്പോടെയും പുരോഹിതൻ സമീപിക്കുന്നത്. ‘എന്തെങ്കിലുമായിക്കോട്ടെ, ആവിഷ്കാര സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നില്ല’ എന്ന് വിചാരിച്ചുകൊണ്ട് സമൂഹത്തിനു തെറ്റായ സന്ദേശം നൽകുന്ന, കൂദാശയെ ഒരു പുരോഹിതൻ തന്നെ അവഹേളിക്കുന്ന, ഇത്തരം കച്ചവടതന്ത്രങ്ങളെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്നില്ല. കുറുന്തോട്ടിക്ക് തന്നെ വാതം ആയാൽ എന്ത് ചെയ്യും?
By, ജിൽസ ജോയ്