ഫാ. റോയി കണ്ണന്‍ചിറ സി.എം.ഐ
‘ക്രൈസ്തവസമൂഹം സ്വന്തമായ ഒരു വിശ്വാസ സംഹിതയുടെ സംവാഹകരാണ്. രണ്ടായിരം വര്‍ഷങ്ങളായി ദൈവപുത്രനായ ക്രിസ്തുനാഥനില്‍ നിന്ന് സ്വീകരിച്ച്, ക്രിസ്തുവിന്റെ മൗതികശരീരമായ തിരുസഭയിലൂടെ വിശ്വാസയാത്ര തുടരുന്ന വലിയ വിശ്വാസ സമൂഹമാണ് ക്രൈസ്തവസമൂഹം.
ഇന്ന് 790 കോടിയുള്ള ലോകജനസംഖ്യയില്‍ 238 കോടി വിശ്വാസികളുമായി ക്രൈസ്തവ സമൂഹം ലോകത്തില്‍ വ്യാപിച്ചു നില്‍ക്കുകയാണ്.
കേരളത്തിന്റെ ചരിത്രമെടുത്താല്‍ ഏകദേശം 2000 വര്‍ഷങ്ങളുടെ വിശ്വാസ പാരമ്പര്യമുണ്ട് ഇവിടുത്തെ ക്രൈസ്തവ സമൂഹത്തിന്.
കേരളത്തിന്റെ നാനാതരത്തിലുള്ള പുരോഗതിയില്‍ ക്രൈസ്തവ സമൂഹം നിര്‍വഹിച്ചിട്ടുള്ള പങ്ക് എല്ലാവര്ക്കും സുപരിചിതമാണ്. ഏറ്റവും മാന്യമായ സഹജീവനം സാധ്യമാക്കുന്ന അയല്‍ക്കാരാണ് എവിടെയും ക്രൈസ്തവര്‍.
നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ നീ സ്നേഹിക്കുക (ലൂക്ക 10:27). ഈ ഒരു ക്രിസ്തു വചനമാണ് തങ്ങളുടെ സമൂഹജീവിതത്തിന്റെ അപരോന്മുഖതയുടെ ആഭരണമായി ക്രൈസ്തവ സമൂഹം സ്വീകരിച്ചത്.
അതുകൊണ്ടുതന്നെ വര്‍ഗീയ വിദ്വേഷത്തിന്റെയോ, ശ്രത്രുതയുടെയോ, പകയുടെയോ ഒന്നും ഉദാഹരണങ്ങള്‍ ജീവിതത്തിലൂടെ പകര്‍ന്നു കൊടുക്കാതെതന്നെ മാന്യമായ സ്നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സഹജീവനത്തിന് ഓരോ ക്രൈസ്തവനും പ്രതിജ്ഞാബദ്ധമായ ഒരു ജീവിത ശൈലിയാണ്സ്വീകരിക്കുന്നത്.
കുറവുകള്‍ ഉണ്ടാകുന്നുണ്ടാകാം, പോരായ്മകള്‍ സംഭവിച്ചിട്ടുണ്ടാകാം. എന്നാല്‍ ഇതാണ് ക്രൈസ്തവന്റെ സമൂഹ ജീവിതദര്‍ശനം. അതുകൊണ്ടുതന്നെ ക്രൈസ്തവജനത ഏതു രാഷ്ട്രത്തിലായാലും ആ രാഷ്ട്രത്തിന്റെ ഭരണഘടനയനുസരിച്ച് രാഷ്ട്ര നിര്‍മ്മിതിയില്‍ പങ്കു ചേരുന്ന ജനസമൂഹത്തിനൊപ്പം ചേര്‍ന്ന് പൊതുസമൂഹനിര്‍മ്മിതി സാധ്യമാക്കുകയാണ്.
ഇവിടെ ഈ ഭാരതത്തിലും കേരളത്തിലും എവിടെയൊക്കെയാണോ ക്രൈസ്തവ ജനത ജീവിതമാരംഭിച്ചിട്ടുള്ളത് അവിടെയെല്ലാം തങ്ങളുടെ അയല്പക്കത്തുള്ള എല്ലാ മനുഷ്യരേയും സഹോദരങ്ങളേയും ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് സമൂഹനിര്‍മ്മിതിയിലും രാഷ്ട്രനിര്‍മ്മിതിയിലും പങ്കുചേരുന്ന കുലീനതയുള്ള ഒരു ജീവിത സംസ്കൃതിയുടെ അടയാള സാക്ഷ്യങ്ങളായിട്ടാണ് ക്രൈസ്തവ സമൂഹം വളര്‍ന്നത്.
കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ആത്മീയ വളര്‍ച്ചയില്‍ ക്രൈസ്തവസമൂഹം ചെയ്തിട്ടുള്ള എല്ലാ സേവനങ്ങളും ഇന്നത്തെ തലമുറയ്ക്കു വ്യക്തമാകണമെന്നില്ല.
ഇന്ന് എന്തു കൊണ്ടാണ് ഷെക്കെയ്ന ടിവിക്ക് ”മാധ്യമങ്ങളിലെ ക്രൈസ്തവ വേട്ട’ എന്ന
ശീര്‍ഷകം കൊടുത്ത് ഇത്തരത്തില്‍ ഒരു ചിന്താപദ്ധതി ആറു ദിവസങ്ങളായി അവതരിപ്പിക്കേണ്ടി വരുന്നത് എന്ന് എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക്, ഒരു പുനര്‍ വിചിന്തനത്തിന്കാരണമാണ്.
മതിപ്പ് – സമൂഹ ബോധത്തിന്റെ വിനിമയ ഭാഷ ക്രൈസ്തവ സമൂഹത്തിന്റെ അന്തസും ആഭിജാത്യവും നിലനില്‍ക്കുന്നിടത്തോളം കാലം മാത്രമേ ആ സമൂഹത്തിന് അഭിമാന ബോധത്തോടു കൂടിയുള്ള സഹജീവനം സാധ്യമാകുകയുള്ളു.
അത് ക്രൈസ്തവരെ സ്നേഹിക്കുന്നവര്‍ക്കും ക്രൈസ്തവരെ സ്നേഹിക്കാത്തവര്‍ക്കും അറിയാം. പരസ്പരമുള്ള ഈ മതിപ്പ് നിലനിര്‍ത്താന്‍ കഴിയുന്നിടത്തോളമാണ് ഒരു സമൂഹമെന്ന നിലയില്‍ നമുക്കു മുന്നോട്ടു നീങ്ങാന്‍ കഴിയുക.
മതിപ്പ് നഷ്ടപ്പെട്ട ഒരു സമൂഹത്തിന് ഒരുമിച്ചു ജീവിക്കാന്‍ കഴിയുകയില്ല. പരസ്പരമുള്ള ബഹുമാനവും ആദരവും നഷ്ടപ്പെട്ട സമൂഹത്തിനു മുഖത്തോടു മുഖം നോക്കാന്‍ കഴിയുകയില്ല.
ഇവിടെ മതിപ്പ് എന്ന പദം ഒരു ഭാഷയായാണ് ഞാന്‍ ഉപയോഗിക്കുന്നത്. മതിപ്പ് ഒരു ഭാഷയാണ്. രണ്ടു വൃക്തികള്‍ക്ക് പരസ്പരം ആശയവിനിമയം സഫലമായി നിര്‍വഹിക്കുവാന്‍ പരസ്പരമുള്ള മതിപ്പ് ആവശ്യമാണ്.
ക്രൈസ്തവ സമൂഹത്തിന്, ഓരോ അംഗത്തിനും ഈ മതിപ്പ് നിലനില്ക്കാന് ഉള്ള
കാരണമെന്താണ്? വിലമതിക്കാന്‍ കഴിയുന്ന വിശുദ്ധമായ പാരമ്പര്യത്തിന്റെയും ചരിത്ര സംസ്കൃതിയുടെയും സംവാഹകരാണ് ഈ വര്‍ത്തമാനകാലത്തിലെ ക്രൈസ്തവസമൂഹമെന്ന്അവര് പഠിച്ചിട്ടുണ്ട്, മനസ്സിലാക്കിയിട്ടുണ്ട്.
എന്നാല്‍ ഈ പുതിയ സമൂഹത്തോട് ക്രൈസ്തവ സമൂഹത്തെപ്പറ്റി പറഞ്ഞു കൊടുക്കുന്നത്, ക്രൈസ്തവര്‍ മാത്രമല്ല എന്നുള്ള സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള വിചിന്തനത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള വേദി ഒരുക്കേണ്ടിവന്നത് എന്ന് സൂചിപ്പിച്ചു കൊണ്ടാണ് എന്റെ ചിന്തകളിലേക്ക് ഞാന്‍ കടക്കുന്നത്.
അഭിമാനം കവരുന്ന പച്ചക്കള്ളങ്ങള്‍
പ്രിയമുള്ളവരെ, ക്രൈസ്തവ സമൂഹം മാത്രമല്ല പൊതുസമൂഹത്തില്‍ അംഗങ്ങളായിരിക്കുന്ന എല്ലാ മതസമൂഹങ്ങളും, പരസ്പരം ആദരവും മതിപ്പും ഹൃദയത്തില്‍ സൂക്ഷിക്കാന്‍ കഴിയുന്ന സാഹചര്യം നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍.
അതാണ് ക്രൈസ്തവ സമൂഹത്തിന്റെ, ക്രൈസ്തവസഭയുടെ നിലപാട്. മറ്റുള്ളവരെ ആദരിക്കുക എന്നാല്‍ അവര്‍ക്ക് അവരെപ്പറ്റിയുള്ള മതിപ്പ് നിലനിര്‍ത്തുക. അങ്ങനെ പരസ്പരം ആദരിക്കാന്‍ സഹായിക്കുന്ന ഒരു സാന്നിദ്ധ്യമാകുക. നല്ല അയല്‍ക്കാരനാവുക. ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഒരുമിച്ച് ഇത്രയുംകാലം വളര്‍ന്നപ്പോള്‍ പാരമ്പര്യമായി പകര്‍ന്നു കിട്ടിയ അഭിമാന ബോധത്തിന്റെ ദൃഢമായ സ്നേഹച്ചങ്ങലയുടെ ബലത്തിലാണ് ഈ യാത്ര മുന്നോട്ടു നീങ്ങിയത്.
ദൃശ്യമാധ്യമങ്ങളും നവമാധ്യമങ്ങളും ഇല്ലാതിരുന്ന കാലത്ത് അച്ചടി മാധ്യമത്തിലൂടെ മാത്രം വരുന്ന വാര്‍ത്തകള്‍ വായിച്ച് മനസ്സിലാക്കി ഒരു സമൂഹം പാരമ്പര്യമായി പകര്‍ന്നു കിട്ടിയ വിലമതിക്കാനാവാത്ത ചരിത്ര സംസ്കൃതിയെ സംവഹിക്കുകയാണ്.
അവമമതിപ്പ് ക്രൈസ്തവരുടെ മാതൃഭാഷയാക്കണമോ?
എന്നാല്‍ അടുത്തകാലത്തായി നമ്മുടെ വാര്‍ത്താമാധ്യമ സാധ്യതകള്‍ ഒക്കെ വിപുലീകരിക്കപ്പെട്ടപ്പോള്‍, ആശയവിനിമയത്തിനുള്ള സാധ്യത ആര്‍ക്കും സാധ്യമാണ് എന്നു വന്നപ്പോള്‍, ഒരു സമൂഹത്തെ ലക്ഷ്യംവച്ചു കൊണ്ടുള്ള വാര്‍ത്താ അവതരണ ശൈലിയും വാര്‍ത്താ രൂപീകരണ ശൈലിയും ഇവിടെ ഉയര്‍ന്നുവരുന്നത് നമ്മള് തിരിച്ചറിയുകയാണ്.
അത്തരത്തില്‍ ക്രൈസ്തവ സമൂഹത്തെ ലക്ഷ്യം വച്ചുകൊണ്ടു വാര്‍ത്തകള്‍ തയ്യാറാക്കുകയും വാര്‍ത്തകള്‍ കണ്ടെത്തുകയും അസത്യങ്ങളെ സത്യങ്ങളായി, സംഘടിതമായി അവതരിപ്പിക്കുകയും ചെയ്യുന്ന ഗീബല്‍സ്യന്‍ തന്ത്രമാണ്ഇവിടെ പ്രകടമാകുന്നത്.
അതുവഴി ക്രൈസ്തവ സമൂ ഹത്തിന്റെ അന്തസ്സ് പൊതുസമൂഹത്തില്‍ തകര്‍ത്തു കളയുവാന്‍ നടത്തുന്ന സംഘടിതമായ പരിശ്രമത്തിന്റെ വിവരങ്ങള്‍ ക്രൈസ്തവ സമൂഹവുമായും ക്രൈസ്തവ സമൂഹത്തിന്റെ പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ട് പൊതു സമൂഹവുമായും ചര്‍ച്ച ചെയ്യുകയാണ് ഷെക്കെയ്ന ടിവി ചെയ്യുന്നത്.
ആ പരിശ്രമത്തോട് കൂട്ടുചേര്‍ന്നു കൊണ്ട് ഈചിന്ത പങ്കുവയ്ക്കുവാനാണ് ഞാന്‍ പരിശ്രമിക്കുന്നത്. പരസ്പരം മുഖത്തു നോക്കാന്‍ കഴിയാത്ത രീതിയില്‍ അപകര്‍ഷതാ ബോധം കൊണ്ട് ജീവിക്കുന്ന ഒരു സമുഹത്തിന്റെ ശരീരഭാഷയാണ് അവമമതിപ്പ്.
ഈഅവമമതിപ്പ് ക്രൈസ്തവ സമൂഹത്തിന്റെ മാതൃഭാഷയാക്കി മാറ്റണമെന്നു വാശി പിടിക്കുന്ന ചില മാധ്യമങ്ങളുടെ ഗുഢാലോചനകള്ക്കെതിരേയാണ് ഇന്ന് ക്രൈസ്ത സമൂഹത്തിന്റെ മാധ്യമബോധം ഉണര്ന്നെഴുന്നേല്ക്കുന്നത്. അത്എന്തൊക്കെയാണ്, എങ്ങനെയൊക്കെയാണ്എന്നു മനസിലാക്കാനാണു നമ്മള് പരിശ്രമിക്കുന്നത്.
ക്രൈസ്തവസമൂഹം ആരംഭിച്ചിട്ടുള്ളത് ഈ അടുത്തകാലത്ത് സംഭവിച്ചിട്ടുള്ള ചില ആരോപണങ്ങളുടെ ചുവട്ടില്‍നിന്നു മാത്രമാണെന്ന് ഇന്നത്തെ തലമുറക്കു തോന്നിപ്പിക്കുന്ന രീതിയിലാണ് ചില ചാനലുകളുടെയും പത്രങ്ങളുടെയും വാര്‍ത്ത അവതരണവും വിശകലനവും.
ചില ചാനല്‍ ചര്‍ച്ചകളില്‍ ക്രൈസ്തവ സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചില മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത് നിരീക്ഷിക്കുമ്പോള്‍ ആ മാധ്യമം ആരുടെയാണെന്ന് നമ്മള് അന്വേഷിച്ചുപോകും. എന്തുകൊണ്ടാണ്ഇത്ര സംഘടിതമായ കള്ളം ഇത്ര വിദഗ്ദ്ധമായി അവതരിപ്പിക്കുന്നതിന് ഇവര്‍ പരിശ്രമിക്കുന്നത് എന്ന് സാമാന്യ ബോധമുള്ള സാക്ഷരതയുള്ള മനസ് ചോദിച്ചുപോകും.
അങ്ങനെ ചിന്തിക്കുമ്പോള്‍ മനസിലാക്കുന്ന ചില സത്യങ്ങളുണ്ട്. നമ്മുടെ മാധ്യമങ്ങള്‍ നല്കുന്ന സാമൂഹ്യസേവനവും സമൂഹത്തിന്റെ പടുത്തുയര്‍ത്തലും വിവര വിതരണവുമെല്ലാം ആദരവോടെ നോക്കിക്കാണുന്ന ഒരു മാധ്യമപ്രവര്ത്തകന് എന്ന നിലയിലാണ്ഞാന് സംസാരിക്കുന്നത്.
ഈ സമൂഹത്തെ ലക്ഷ്യം വച്ചു കൊണ്ടുള്ള മാധ്യമങ്ങളുടെ ആക്രമണ ശൈലിക്ക് എതിരെ തന്നെയാണ് സംസാരിക്കുന്നത്.
അതുകൊണ്ട് ഞാനെന്റെ പ്രിയപ്പെട്ടവരോട് പറയട്ടെ. ചില ചാനലുകളുടെ അന്തിചര്‍ച്ച കാണുമ്പോള്‍, നഗരത്തിന്റെ പുറമ്പോക്കുകളില്‍ കുന്നുകുട്ടിയിട്ടിരിക്കുന്ന മാലിനൃക്കുമ്പാരത്തെ ഓര്‍ത്തു പോകുകയാണ്. ചില ചാനല്‍ അവതാരകരുടെ കസേര ഇരിക്കുന്നതു മാലിന്യ കുമ്പാരത്തിന്റെ മുകളിലാണെന്ന് തോന്നിപ്പോവുകയാണ്. ക്രൈസ്തവ സമൂഹത്തെപ്പറ്റി നന്മയൊന്നും പങ്കുവച്ചു കൊടുക്കാനില്ലാത്ത ചില മാധ്യമങ്ങളുണ്ടിവിടെ.
ഒരു വൃക്തിയെയോ ഒരു വിഷയത്തെയോ ലക്ഷ്യംവയ്ക്കുമ്പോള്‍ അത്എങ്ങനെ ഏറ്റവും വികൃതമായി, തിന്മയായി ഈ ഒരു സമൂഹത്തിന്റെ ഉള്ളു മുറിക്കുന്ന രീതിയില്‍ ഉപയോഗിക്കാം എന്ന ഗവേഷണമാണ് മാധ്യമങ്ങളില്‍ കാണുന്നത്.
അങ്ങനെ അഴുക്കുമാത്രം വിറ്റ്, അരി മേടിക്കണം എന്ന്വ്രതം ചെയ്തിട്ടുള്ള മാധ്യമ പ്രവര്‍ത്തകര്‍ കേരളത്തിന്റെ മാധ്യമസംസ്കാരത്തിന് ഒരു കറുത്ത പൊട്ടാണ് എന്നു പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത്തരത്തില്‍ ഏതു സമൂഹത്തിന്റെ ആണെങ്കിലും കുറവുകള്‍ മാത്രമെടുത്തു വിശകലനം ചെയുന്ന മാധ്യമ പ്രവര്‍ത്തകരോട് ഒരഭ്യര്‍ത്ഥനയുണ്ട്.
അരി മേടിക്കാന്‍ ആണ് എങ്കില്‍ നിങ്ങള്‍ പൊതു സമൂഹത്തിന്റെ നന്മ പറഞ്ഞാല്‍, അവര്‍ തരുന്നതിനേക്കാള്‍ പണം ഞങ്ങള്‍ പിരിച്ചു തരാം.
മറിച്ച് ആക്ഷേപിക്കാനാണെങ്കില്‍, ഒരു സമൂഹത്തിന്റെ അന്തസ്സ് തകര്‍ക്കാനാണെങ്കില്‍, ആ സമൂഹം ഇന്നോളം കാത്തു സൂക്ഷിച്ചു കൊണ്ടുവന്ന അഭിമാനബോധവും മതിപ്പും ഇല്ലാതെയാക്കി അവമതിപ്പിനെ മാതൃഭാഷയായി എഴുതിവച്ചു തരാനാണെങ്കില്‍, ക്ഷമിക്കണം, അതു സമ്മതിച്ചുതരാന്‍ ഞങ്ങള്‍ക്കാവില്ല.
ഇത്തരത്തില്‍ ആക്ഷേപിക്കപ്പെടുന്ന സമൂഹത്തിനു മാധ്യമ ജാഗ്രതയുടെ പശ്ചാത്തലത്തിലുള്ള പ്രതിബോധ നിര്‍മ്മിതി നിലനില്‍പ്പിന്റെ ആവശ്യമാണ്എന്നു ഞങ്ങള്‍ തിരിച്ചറിയുകയാണ്.
അതുകൊണ്ടാണ് ഇത്തരത്തിലുള്ള മാധ്യമചര്‍ച്ചകളിലൂടെ മാധ്യമ ജാഗ്രതയുള്ള ഒരു സമൂഹത്തിന്റെ ഉയിര്ത്തെഴുന്നേല്പിന്റെ ഉണര്‍ത്തുപാട്ട് ഇവിടെ ഉയരുന്നത്’.
ഷെക്കെയ്ന ടിവി ഒരുക്കിയ ‘മാധ്യമങ്ങളിലെ ക്രൈസ്തവ വേട്ട’ എന്ന വിഷയത്തെആസ്പദമാക്കി ഫാ. റോയി കണ്ണന്‍ചിറ സിഎംഐ നടത്തിയ പ്രഭാഷണം.