Sheen Palakkuzhy
ദോഹ: 2018 ജൂലൈ 6 ഒരു വെള്ളിയാഴ്ചയായിരുന്നു. ബ്രസീലിലെ കായിക പ്രേമികൾക്ക് ശരിക്കും അതൊരു ദു:ഖവെള്ളിയാഴ്ചയായിരുന്നു. 2018 -ൽ റഷ്യയിൽ നടന്ന ലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനലിൽ കരുത്തരായ ബ്രസീൽ താരതമ്യേന ദുർബലരായ ബൽജിയത്തോട് ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ട് ടൂർണ്ണമെന്റിൽ നിന്നു പുറത്തായ ദിവസമായിരുന്നു അത്.
ബ്രസീൽ കളിക്കാർക്കും കാണികൾക്കും ലോകമെമ്പാടുമുള്ള ബ്രസീൽ ആരാധകർക്കും അതു താങ്ങാനായില്ല. അവർ വലിയ ദു:ഖത്തിലും നിരാശയിലുമായി. പലരും പൊട്ടിക്കരഞ്ഞു. കാരണം ഫുട്ബോൾ ലോകത്തെ കിരീടം വയ്ക്കാത്ത രാജാക്കൻമാരാണ് ബ്രസീൽ. വേൾഡ് കപ്പ് ഫുട്ബോൾ കിരീടം ഉറപ്പായും കൈപ്പിടിയിലൊതുക്കുമെന്ന് പ്രതീക്ഷിച്ച ബ്രസീലിന് അതൊരു വലിയ തിരിച്ചടിയായിരുന്നു.
എല്ലാവരും കടുത്ത നിരാശയിലാണ്ടപ്പോൾ ബ്രസീലിന്റെ സൂപ്പർ താരമായ നെയ്മർ അന്ന് ഫെയ്സ് ബുക്കിൽ കുറിച്ച വരികൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ചു.
“എന്റെ കരിയറിലെ ഏറ്റവും ദു:ഖം നിറഞ്ഞ ഒരു സമയമാണിത്. ചരിത്രം സൃഷ്ടിക്കാൻ കഴിയുമായിരുന്നിട്ടും ഞങ്ങൾ പരാജയപ്പെട്ടു. തിരിച്ചു പോകാനും ഫുട്ബോൾ കളിക്കാനും ഇനി ശക്തി കണ്ടെത്തുക വളരെ പ്രയാസമാണ്. പക്ഷെ ഞങ്ങളുടെ സ്വപ്നങ്ങൾ അവസാനിക്കുന്നില്ല.
ദൈവം ഞങ്ങൾക്കു ശക്തി തരും. പരാജയത്തിലും ഞാൻ ദൈവത്തിനു നന്ദി പറയുന്നു. കാരണം ദൈവത്തിന്റെ വഴികൾ എന്റെ വഴികളേക്കാൾ മികച്ചതാണ്.”
ഒടുവിൽ നെയ്മറിന്റെ വാക്ക് പൊന്നായി. ഫുട്ബോളിന്റെ മുഴുവൻ സൗന്ദര്യവുമാവാഹിച്ച റിച്ചാർലിസന്റെ ആ ഗോളിനെ സാക്ഷിയാക്കി അവർ തുടങ്ങിക്കഴിഞ്ഞു. തന്റെ പ്രൊഫസറെ ഉദ്ധരിച്ച് റിച്ചാർലിസൺ പറഞ്ഞ വാക്കുകൾ അന്വർത്ഥമാകട്ടെ: ‘You are smelling goals’, and that’s what’s happening! നിങ്ങളെ ഗോൾ മണക്കുന്നു!
നാലാണ്ടുകൾക്കു മുൻപ് കവിളിൽ കണ്ണീരു വീണ ഒരു ദുഃഖവെള്ളിയാഴ്ചയെ ഗാലറിയിലിരുത്തി, മൈതാനത്ത് ഇപ്പോഴവർ ഒരു ഗുഡ് ഫ്രൈഡേ ആഘോഷിക്കുകയാണ്.
ആരാധകരേ ആർത്തുവിളിക്കുവിൻ, ഇതാ കാനറികൾ ഉയിർത്തെഴുനേറ്റിരിക്കുന്നു!

ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിലെ ബ്രസീലിന്റെ ആദ്യ മത്സരത്തിനു മണിക്കൂറുകള്‍ക്ക് മുന്‍പ് സൂപ്പര്‍ താരം നെയ്മര്‍ ക്രിസ്തു വിശ്വാസത്തില്‍ ആശ്രയിച്ചുക്കൊണ്ടു പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് തരംഗമാകുന്നു. സെര്‍ബിയയ്ക്കെതിരെ ആവേശകരമായ വിജയം സ്വന്തമാക്കിയ മത്സരത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പേ തന്റെ ദൈവ വിശ്വാസം നെയ്മര്‍ പരസ്യമായി വീണ്ടും പ്രഘോഷിക്കുകയായിരിന്നു.
Que Deus nos abençoe e nos proteja അഥവാ ”ദൈവം നമ്മെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ” എന്നാണ് അദ്ദേഹം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ തുടങ്ങീ നവ മാധ്യമങ്ങളില്‍ കുറിച്ചത്. ഇതോടൊപ്പം പങ്കുവെച്ച ചിത്രത്തിലും ക്രിസ്തു വിശ്വാസം സാക്ഷ്യപ്പെടുത്തുന്ന വചനം ഉണ്ടായിരിന്നു.
”അവിടുത്തെ നന്മയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും; കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും” (സങ്കീര്‍ത്തനങ്ങള്‍ 23:6) എന്ന വചനമാണ് ഫുട്ബോള്‍ ലോകത്തെ ഏറ്റവും പ്രമുഖ താരങ്ങളില്‍ ഒരാളായ നെയ്മര്‍ പോര്‍ച്ചുഗീസ് ഭാഷയില്‍ പോസ്റ്റ് ചെയ്തത്. ഫേസ്ബുക്കില്‍ മാത്രം 20 ലക്ഷത്തിലധികം പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്.
75,000 പേര് പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതേ പോസ്റ്റ് ഇന്‍സ്റ്റാഗ്രാമില്‍ 53 ലക്ഷത്തിലധികം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. ട്വിറ്റര്‍ അടക്കമുള്ള നെയ്മറിന്റെ മറ്റ് സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലും പോസ്റ്റ് തരംഗമാണ്. മിക്ക മത്സരങ്ങളിലും ‘100% ജീസസ്’ എന്ന ബാന്‍ഡ് തന്റെ നെറ്റിയിൽ അണിഞ്ഞു സ്റ്റേഡിയത്തെ ചുറ്റി ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഘോഷിച്ചിട്ടുള്ള താരമാണ് നെയ്മര്‍.
യേശുവിലുള്ള വിശ്വാസം പരസ്യമായി പ്രഘോഷിക്കുവാന്‍ യാതൊരു മടിയും കാണിക്കാത്ത ഈ സൂപ്പര്‍ താരം ബൈബിള്‍ വചനങ്ങള്‍ നവമാധ്യമങ്ങളില്‍ എപ്പോഴും കുറിച്ചും ശ്രദ്ധ നേടിയിട്ടുണ്ട്. ട്വിറ്ററില്‍ ‘ബയോ’ സെക്ഷനില്‍ അദ്ദേഹം വിശേഷണം നല്‍കിയിരിക്കുന്നത് ‘ദൈവത്തിന്റെ മകന്’ എന്നാണ്.