പാലാ രൂപതയിലെ സ്ലീവാപുരം ഇടവകാംഗമായ ബഹുമാനപ്പെട്ട മനോജ് നെടുംതൊട്ടിലച്ചൻ നാഗാലാന്റിലെ കൊഹിമാ രൂപതയ്ക്കുവേണ്ടി 2005 ജനുവരി 5നു തിരുപ്പട്ടം സ്വീകരിച്ചു. 14 വർഷങ്ങളോളം കൊഹിമാ രൂപതയിലെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്ത മനോജച്ചൻ കഴിഞ്ഞ 3 വർഷമായി ഓസ്ട്രേലിയയിൽ ശുശ്രൂഷ ചെയ്തുവരികയായിരുന്നു. രണ്ടാഴ്ച മുമ്പ് നാട്ടിൽ അവധിക്കായി എത്തിയ അച്ചൻ സ്ലീവാപുരത്തുള്ള വീട്ടിൽ ക്വാറന്റൈൻ കഴിഞ്ഞ ശേഷം നാഗാലാന്റിലുള്ള തന്റെ സുഹൃത്തുക്കളെ സന്ദർശിക്കാനുള്ള യാത്രക്കിടയിൽ ഹൃദയസ്തംഭംനം മൂലം മരണമടഞ്ഞു.
അച്ചന്റെ ഭൗതികശരീരം ജനുവരി 20 വ്യാഴാഴ്ച രാവിലെ 7.30-നു സ്ലീവാപുരത്തുള്ള വീട്ടിലെത്തിച്ചു പൊതുദർശനത്തിനു വയ്ക്കുന്നതാണ്. സംസ്കാരശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 9.30-നു വീട്ടിൽ ആരംഭിച്ചു അച്ചന്റെ മാതൃഇടവകയായ സ്ലീവാപുരം മാർ സ്ലീവാ പള്ളിയിൽ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് നടത്തപ്പെടുന്നതാണ്. തന്റെ ഇഹലോക ജീവിതത്തിലെ ശുശ്രൂഷകൾ പൂർത്തിയാക്കി സ്വർഗീയപിതാവിന്റെ ഭവനത്തിലേക്കു യാത്രയായ പ്രിയപ്പെട്ട മനോജച്ചന്റെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം. സൗമ്യനും ശാന്തപ്രകൃതനുമായ മനോജച്ചന്റെ നിഷ്കളങ്കമായ പുഞ്ചിരി എന്നും നമ്മുടെ മനസുകളിൽ മായാതെ നിൽക്കട്ടെ.
സ്നേഹമുള്ളവരേ… നമ്മുടെ ഇടവകാംഗമായ ബഹുമാനപ്പെട്ട മനോജ് നെടുംതൊട്ടിൽ അച്ചന്റെ മരണവാർത്ത എല്ലാവരും ഇതിനോടകം അറിഞ്ഞുകാണുമല്ലോ. നമുക്കെല്ലാവർക്കും പ്രിയങ്കരനായിരുന്ന ബഹുമാനപ്പെട്ട മനോജച്ചന്റെ വേർപാട് നമ്മെ സംബന്ധിച്ച് ഒരു തീരാനഷ്ടം തന്നെയാണ്. ഈയവസരത്തിൽ അച്ചന്റെ വേർപാടിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങളോടുള്ള ഇടവകസമൂഹത്തിന്റെ അനുശോചനങ്ങളും പ്രാർത്ഥനകളും അറിയിക്കുന്നു.
ബഹുമാനപ്പെട്ട മനോജച്ചന്റെ ഭൗതികശരീരം 20-01-2021 (വ്യാഴാഴ്ച്ച) രാവിലെ 7.30-നു വീട്ടിൽ കൊണ്ടുവരുന്നതാണ്. രാവിലെ 7.30 മുതൽ 9.30 വരെയുള്ള സമയത്തു നമ്മുടെ ഇടവകാംഗങ്ങൾ ആയിട്ടുള്ളവർക്കും മറ്റുള്ളവർക്കും വീട്ടിലെത്തി അനുശോചനങ്ങൾ അറിയിക്കാവുന്നതാണ്. കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ദയവായി എല്ലാവരും കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചുകൊണ്ട് അന്ത്യോപചാരം അർപ്പിച്ചു തങ്ങാതെ ഉടൻ മടങ്ങിപ്പോകാൻ ശ്രദ്ധിക്കുക. ഗവൺമെന്റിന്റെ ഭാഗത്തുനിന്നും കൃത്യമായ നിർദ്ദേശങ്ങൾ ഉള്ളതിനാൽ മൃതസംസ്കാരശുശ്രൂഷകളിൽ 50 പേർക്കു മാത്രമേ പങ്കെടുക്കാനാവൂ. ആയതിനാൽ ബഹുമാനപ്പെട്ട അച്ചന്റെ ഏറ്റവും അടുത്ത കുടുംബാംഗങ്ങൾക്കു മാത്രമേ വീട്ടിലും പള്ളിയിലുമായി നടക്കുന്ന ശുശ്രൂഷകളിൽ പങ്കെടുക്കാനാവൂ.
ദയവായി പ്രത്യേകമായ ഈ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി ഏവരും സഹകരിക്കുമല്ലോ. മൃതസംസ്കാര ശുശ്രൂഷയുടെ ക്രമം ഇപ്രകാരമായിരിക്കും. വ്യാഴാഴ്ച രാവിലെ 9.30-നു ശുശ്രൂഷയുടെ ആദ്യഭാഗം വീട്ടിൽ ആരംഭിച്ചു പള്ളിയിലെത്തി പരിശുദ്ധ കുർബാനയോടെ രണ്ടാം ഭാഗം നടത്തുന്നു. തുടർന്നു ദൈവാലയത്തോടും ബലിപീഠത്തോടും യാത്രാവന്ദനം നടത്തി മൃതസംസ്കാരശുശ്രൂഷയുടെ അവസാനഭാഗം സെമിത്തേരി ചാപ്പലിൽ വെച്ചുനടത്തി കല്ലറയിൽ സംസ്കരിക്കുന്നു. മൃതസംസ്കാരശുശ്രൂഷകളുടെ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കുന്നതാണ്. അതിന്റെ ലിങ്ക് പിന്നീട് നൽകുന്നതാണ്. എല്ലാവരും ആ അവസരം പ്രയോജനപ്പെടുത്തി തിരുക്കർമ്മങ്ങളിൽ ലൈവായി പങ്കുചേരാൻ ശ്രദ്ധിക്കുമല്ലോ