കാൻബറ: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ (Shane Warne) അന്തരിച്ചു. 52 വയസായിരുന്നു. തായ്ലൻഡിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ. വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിട്ടാണ് ഷെയ്ൻ വോണിനെ കണക്കാക്കുന്നത്. വോണ്‍-സച്ചിന്, വോണ്‍-ലാറ പോരാട്ടം വിഖ്യാതമായിരുന്നു. ടെസ്റ്റ് വിക്കറ്റ് നേട്ടത്തിൽ ലോകത്തെ രണ്ടാം സ്ഥാനക്കാരനാണ് ഷെയ്ൻ വോൺ. 145 ടെസ്റ്റുകളിൽനിന്ന് 708 വിക്കറ്റുകളാണ് വോൺ നേടിയത്.
194 ഏകദിനങ്ങളിൽനിന്ന് 293 വിക്കറ്റുകളും നേടി. രാജ്യാന്തര ക്രിക്കറ്റിൽ 1001 വിക്കറ്റുകൾ എന്ന നേട്ടവും 1992 മുതൽ 2007 വരെ നീണ്ട കരിയറിനുള്ളിൽ അദ്ദേഹം സ്വന്തമാക്കിയിരുന്നു. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ സ്വന്തം പേരിലാക്കി. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി.
സെഞ്ചുറികളെക്കുറിച്ച് കഥകളുണ്ട്… വീരോചിതമായ ഇന്നിങ്ങ്സുകളെക്കുറിച്ച് വാഴ്ത്തുപാട്ടുകളുണ്ട്… എന്തിന്, ഒരിന്നിങ്ങ്സിൽ ബാറ്റ്സ്മാനെ വട്ടം കറക്കിയ സ്പെല്ലുകളെ ഇന്നും ഓർമിച്ചുവയ്ക്കാറുണ്ട് കായികലോകം… അവിടേക്ക് ഒരു പന്ത്, ഒരേയൊരു ഡെലിവറി എന്നെന്നേയ്ക്കുമായി ചരിത്രത്തിൽ സ്ഥാനമുറപ്പിച്ചുകൊണ്ട് പിച്ചിൽ നിലയുറപ്പിക്കുന്നുണ്ട്…
ആ ഡെലിവറിയുടെ പിന്നിലെ മാന്ത്രികനും… ലെഗ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്ത പന്ത്… മുന്നോട്ട് നീട്ടിവച്ച ബാറ്റ്സ്മാൻ്റെ ഇടം കാലും അതോട് ചേർന്നു നിൽക്കുന്ന ബാറ്റും മതിയാവുന്നതാണ് ലെഗ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്യുന്ന ആ പന്തിനെ പ്രതിരോധിക്കാൻ… എല്ലാ പ്രതിരോധങ്ങളെയും തകർത്തുകൊണ്ട് ഓഫ് സ്റ്റമ്പിൻ്റെ മുകളിലെ ബെയിലുമായി പന്ത് പറക്കുമ്പൊ അവിശ്വസനീയതയോടെ നോക്കിനിന്ന ഗാറ്റിങ്ങിൻ്റെ പ്രതികരണത്തിലുണ്ടായിരുന്നു എല്ലാം…
മൂന്ന് പതിറ്റാണ്ടോളം മുൻപ് പിച്ചിൽ പതിച്ച ആ പന്ത് ഇന്നും ഓർമിക്കപ്പെടുന്നു… താരതമ്യം ചെയ്യപ്പെടുന്നു… കുൽദീപ് യാദവ് തൊട്ട് ശിഖ പാണ്ഡേ വരെയുള്ളവരുടെ ഡെലിവറികളിൽ…..1999ൽ ലോകകപ്പിൽ സൗത്ത് ആഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലെ മൽസരം ഒരുപക്ഷേ ഓർമിക്കപ്പെടുന്നത് ക്ലൂസ്നറുടെയും ഡൊണാൾഡിൻ്റെയും ആ വിശ്വവിഖ്യാതമായ ടൈയുടെയും പേരിലാവും..
എന്നാൽ അതിനു മുൻപ് വോണിൻ്റെ ഒരു തിരുവിളയാടലുണ്ടായിരുന്നുവെന്നതും ഒരു വസ്തുതയാണ്…ആ സ്കോർ ബോർഡ് ഒന്ന് വിളിച്ചുപറയും ഷെയ്ൻ വോൺ ആരാണെന്ന്…സാക്ഷാൽ ഷെയ്ൻ വോണിനെതിരെയുള്ള ഹീറോയിക്സ് കൂടിയാണ് സച്ചിൻ തെണ്ടുൽക്കർക്ക് അത്ര വേഗം ഇന്ത്യൻ ക്രിക്കറ്റിലെ ദൈവമായി പടികൾ കയറാൻ സാധ്യമാക്കിയതെന്ന് പറഞ്ഞാൽ അതൊരു അവിശ്വസനീയതയാവില്ല…
ഏതെങ്കിലും പത്ത് പേരെ തല്ലുന്നതും പത്ത് ഡോണിനെ തല്ലുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്ന് പറഞ്ഞപോലെ….അദ്ദേഹത്തിൻ്റെ പന്തുകൾ പോലെ പ്രവചിക്കാൻ പറ്റാത്തതായിരുന്നു രാജസ്ഥാൻ റോയൽസിൻ്റെ ആദ്യ ഐ.പി.എൽ വിജയവും.. ആരും സാധ്യത കല്പിക്കാതെയിരുന്ന ഒരുകൂട്ടം കളിക്കാരുമായി കിരീടത്തിലേക്കുള്ള നടന്നുകയറ്റം.. ആ വിടവാങ്ങലിലും അതുപോലെ ഒരു ഞെട്ടിക്കലുണ്ടാവുന്നത് ഒരു പക്ഷേ കാലത്തിൻ്റെ ഒരു ക്രൂരമായ തമാശയാവും.
ക്രീസിന്റെ മൂലയിലൊക്കെ വീണ് കുത്തിത്തിരിഞ്ഞ് ഒന്നുകിൽ ഹീലിയുടേയോ ഗിൽക്രിസ്റ്റിന്റേയോ കൈകളിൽ ചെന്ന് പറ്റുന്ന പന്തുകൾ, ഫ്രണ്ട് പാഡ് കൊണ്ട് പ്രതിരോധിക്കുന്ന ബാറ്റ്സ്മാനെ വട്ടം കറക്കി ഓഫ് സ്റ്റമ്പുമായി പോകുന്ന ഡെലിവറികൾ.. ബാറ്റ്സ്മാൻമാരുടെ കാൽപ്പാടുകൾ അവശേഷിപ്പിക്കുന്ന റഫ് മാർക്കുകൾ പിച്ചിൽ തെളിഞ്ഞാൽ പിന്നെ പറയണ്ട. ഫ്ലിപ്പറുകളും ഗൂഗ്ലികളും എന്ന് വേണ്ട ലെഗ് സ്പിൻ ബൗളിംഗിന്റെ സമസ്ത ഭാവങ്ങളും പൂണ്ട അവതാരം. മാന്ത്രികൻ എന്നൊക്കെ വിശേഷിപ്പിച്ചാൽ കുറഞ്ഞ് പോകും… അദ്ദേഹമെറിഞ്ഞ പന്തുകൾ പോലെ തന്നെ ആരും പ്രതീക്ഷിക്കാത്ത ഒരു ടേൺ ആയിപ്പോയി… വിട ലെജൻഡ്… നന്ദി… ഞങ്ങളുടെ തലമുറയെ അത്ഭുതപെടുത്തിയതിന് .. ആ വിരലുകൾ കൊണ്ട് ദ ദ്രമിപ്പിച്ചതിന്.. നിങ്ങള ളെപോലെ നിങ്ങൾ മാത്രമേ ഉളളു..
For a retirement, this is too early. Rest in peace Legend!!!!