എന്റെ മാലാഖയ്ക്ക്,
നിനക്ക് സുഖമാണോ എന്ന് ഞാൻ ചോദിക്കുന്നില്ല. കാരണം ഈ Profession നിന്റെ Passion ആയപ്പോൾ Sacrifice ചെയ്ത പലതിന്റേയും കൂടെ അതും നീ വേണ്ടന്നു വച്ചല്ലോ…
ഇപ്പോഴത്തെ നിന്റെ അവസ്ഥ കട്ടശോകമാണെന്നറിയാം. കൊറോണ വന്ന് എട്ടിന്റെ പണി തന്നപ്പോൾ, പലരും Work From Home, Online Studies ഒക്കെ ആക്കിയപ്പോഴും…
നീ ഡ്യൂട്ടിയുടെ തിരക്കുകളിലായിരുന്നു, സമയം നോക്കാതെ….
ദിവസങ്ങൾ പോയതറിയാതെ…
മാസ്കിനും PPE കിറ്റിനും അകത്തൊരു ജീവിതം…
വിശപ്പിനും ദാഹത്തിനും പ്രാഥമിക ആവശ്യങ്ങൾക്കുപോലും അവധി നൽകി,
കയ്യിൽ വന്നുചേരുന്ന ജീവനെ പിടിച്ചുനിർത്താൻ ഡോക്ടേഴ്സിനൊപ്പം കൈമെയ് മറന്നു നീ കട്ടയ്ക്കു കൂടെ നിന്നപ്പോഴും നിന്റെ പ്രാർത്ഥന മുഴുവൻ ആരുമല്ലാതിരുന്നിട്ടും ആരൊക്കെയോ ആയ ആ ജീവനുവേണ്ടിയായിരുന്നു…
ഓരോ ഷിഫ്റ്റും തുടങ്ങികഴിഞ്ഞാൽ അതു കഴിയുവോളം ഐസിയുവിലും വാർഡിലും ഓപ്പറേഷൻ തീയേറ്ററുകളിലും ഓടിനടക്കുന്നതു കണ്ടപ്പോൾ ഞാൻ ഒരു കാര്യം മറന്നുപോയെന്ന് ഓർത്തു…ട്ടോ…മറ്റൊന്നുമല്ല, നിനക്ക് മാലാഖമാരുടെ ചിറകുകൾ നൽകാൻ..
പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്, നീയൊരു സംഭവമാണെന്ന്…
അല്ല , മിക്കപ്പോഴും ഈ രോഗികളെ ശുശ്രൂഷിക്കുന്നതിനൊപ്പം, അവരെയോർത്ത് വേദനിക്കുന്ന പ്രിയപ്പെട്ടവരെ ചേർത്തുനിർത്തുവാനും ആശ്വസിപ്പിക്കുവാനും പോന്ന ഒരമ്മ മനസ്സും നിനക്കുണ്ടായിരുന്നല്ലോ…
പക്ഷേ, എന്നെ വല്ലാതെ വേദനിപ്പിച്ചത് മറ്റൊന്നായിരുന്നു ട്ടോ…
ആത്മവിശ്വാസത്തോടെ, മണിക്കൂറുകളും ദിവസങ്ങളും പൊരുതി തിരിച്ചുപിടിച്ച ജീവനെ പലപ്പോഴും നിസഹായതയോടെ മരണത്തിനു വിട്ടുകൊടുക്കേണ്ടി വരുമ്പോൾ, നിന്റെ കണ്ണുകളിൽ ഉരുണ്ടുകൂടിയ കണ്ണുനീർ മറ്റാരും കാണാതിരിക്കാൻ നീ കഷ്ടപ്പെട്ടത് എന്നെ വല്ലാതെ സങ്കടപ്പെടുത്തിട്ടോ…
പിന്നെ ഈ പാൻഡമിക് കാലത്ത് തൊട്ടരികിലുള്ള പ്രിയപ്പെട്ടവരെപ്പോലും നേരിട്ട് ഒന്നുകാണാനാകാതെ അവരോടൊപ്പമുള്ള നിമിഷങ്ങൾ ഫോണിന്റെ Screen -ലേക്ക് ഒതുങ്ങിയപ്പോൾ നിന്റെ പിടയുന്ന നെഞ്ചും എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി… അപ്പോൾ ഞാനോർത്തു, നിനക്കു ചിറകുകൾ തന്നില്ലെങ്കിലും ഏതു സാഹചര്യത്തേയും അതിജീവിക്കാൻ ഉറപ്പുള്ള ഹൃദയം നിനക്കു നൽകാൻ ഞാൻ മറന്നുപോയില്ലെന്ന്…
ഇന്ന് നഴ്സസ് ഡേ അല്ലേ, നീയോർക്കുന്നുണ്ടോ എന്നറിയില്ല, എങ്കിലും ഞാനും ഈ ലോകവും ഓർക്കുന്നു, ചിറകുകളില്ലാത്ത ഈ മാലാഖമാരെ…
കരുതലോടെയുള്ള നിങ്ങളുടെ സേവനങ്ങളെ…
സ്നേഹത്തോടെ നിന്റെ നസ്രായൻ!

നമുക്കു പ്രാർത്ഥിക്കാം…
“ഞാന്‍ നഗ്നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു… സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില് ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള് എനിക്കു തന്നെയാണു ചെയ്തുതന്നത്…” മത്തായി 25 : 40
പ്രിയ നസ്രായാ, ഈ പുലരിയിൽ പ്രത്യേകമായി ലോകമെമ്പാടുമുള്ള നേഴ്സുമാരെ നിൻകരങ്ങളിൽ ചേർത്തുവയ്ക്കുന്നു. നാഥാ, അവരിലൂടെ നീ പ്രവർത്തിക്കണമേ. തന്റെ പരിപാലനയിൽ എത്തുന്ന രോഗികൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും ആശ്വാസമാകുവാൻ…
കരുതലിന്റെയും സ്നേഹത്തിന്റെയും നനുത്ത സ്പർശമാകുവാൻ…
നസ്രായാ, നീയനുഗ്രഹിക്കണമേ…
സുരക്ഷിതത്തിന്റെ Lockdown -ലേക്ക് സ്വയമൊതുങ്ങാതെ, ഒരു ജോലിക്കപ്പുറം തന്റെ പരിചരണത്തിൽ വരുന്നവരിൽ പ്രിയപ്പെട്ട അപ്പന്റെയും അമ്മയുടേയും സഹോദരങ്ങളുടേയും മക്കളുടെയും മുഖം കാണുവാൻ, അവർക്ക് സാന്ത്വനമാകുവാൻ പ്രിയ നഴ്സുമാരെ അനുഗ്രഹിക്കണമേ…
പലപ്പോഴും ജോലിഭാരവും ജോലിസ്ഥലത്തെ പ്രതികൂലസാഹചര്യങ്ങളും അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമ്പോൾ, ഈശോയും പരിശുദ്ധ അമ്മയും യൗസേപ്പിതാവും കൂടെ നിന്ന് അവരെ ആശ്വസിപ്പിക്കണമേ…
കാവൽമാലാഖമാരേ, ചിറകുകളില്ലാത്ത ഭൂമിയിലെ മാലാഖമാർക്ക് എന്നും എപ്പോഴും കൂട്ടായിരിക്കണമേ… ആമ്മേൻ!
ലോകമെമ്പാടുമുള്ള നഴ്സ് സഹോദരങ്ങൾക്ക് ഈ ദിനത്തിന്റെ എല്ലാ ആശംസകളും പ്രാർത്ഥനകളും ഏറെ സ്നേഹത്തോടെ ആശംസിക്കുന്നു!!