Solimma Thomas
വിശ്വാസം ഒരു വെല്ലുവിളിയായി രിക്കുന്ന ഈ കാലത്ത് വളരെ ശ്രദ്ധയോടുകൂടി വേണം നമ്മൾ പുതുതലമുറയെ സമീപിക്കാൻ. വിശ്വാസ പരിശീലനത്തിൽ ഒരടി കൂടി മുന്നോട്ടു പോകേണ്ടിയിരിക്കുന്നു നമ്മൾ. നമ്മുടെ കർത്താവീശോമിശിഹാ തന്റെ ശിഷ്യന്മാരോടും ജനങ്ങളോടും ദൈവ രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചത് മലമുകളിലും, മരച്ചുവട്ടിലും, പുൽത്തകിടിയിലും കടലോരങ്ങളിലും ആയിരുന്നു. അതായിരുന്നു ആദ്യത്തെ മതബോധനം.
ആദ്യ മതബോധകൻ ക്രിസ്തുവായിരുന്നു. ക്രിസ്തുവിന്റെ മതബോധന സംവിധാനത്തിന് വ്യക്തമായ അടിസ്ഥാനം ഉണ്ടായിരുന്നു.വിശ്വാസത്തിൽ ഊട്ടിയുറപ്പിച്ചു ദൈവ രാജ്യത്തിലേക്ക് അടുപ്പിക്കുകയായിരുന്നു അവിടുന്ന്, അതാണ് നമ്മുടെ സഭ പിന്തുടരുന്നതും, പകർന്നു കൊടുക്കുന്നതും.
വിശ്വാസപരിശീലനത്തിന് തുടക്കം കുറിക്കേണ്ടതും തുടർന്നുകൊണ്ടു പോകേണ്ടതും മതബോധനത്തിന്റെ അടിസ്ഥാന കേന്ദ്രമായ കുടുംബത്തിലാണ്. മാതാപിതാക്കളാണ് ഒരു കുട്ടിയുടെ ആദ്യ ഗുരുക്കന്മാർ. വിശ്വാസ പരിശീലനം അഥവാ മതബോധനം സഭയുടെ കടമ മാത്രമായി നാം കരുതരുത്.
വർഷത്തിൽ അറുപതോ എഴുപതോ മണിക്കൂർ നേരത്തെ അറിവ് മാത്രമാണ് ഒരു കുട്ടിക്ക് മതബോധന ക്ലാസ്സിലൂടെ ലഭിക്കുന്നത്. ആഴ്ചയിൽ രണ്ടു മണിക്കൂർ മാത്രം. ബാക്കി സമയം കുട്ടി ചിലവഴിക്കുന്നത് സ്കൂളിലും വീട്ടിലുമാണ്. സ്കൂൾ വിഷയത്തിനൊപ്പം നാം മതബോധനത്തിനും പ്രാധാന്യം നൽകണം.
മതബോധനം മതാധ്യാപകരുടെ മാത്രം ചുമതലയായി കണക്കാക്കരുത്. ആദ്യത്തെ മതാധ്യാപകർ ശരിക്കും മാതാപിതാക്കളാണ്. ഒരു കുഞ്ഞിന് തിരിച്ചറിവ് ആകുമ്പോൾ തന്നെ മാതാപിതാക്കൾക്ക് തങ്ങളുടെ കുഞ്ഞിനു ദൈവത്തെ കുറിച്ചുള്ള അറിവ് പകർന്നു കൊടുക്കുവാൻ സാധിക്കണം.
ഒരു കുഞ്ഞു വളർന്നു വരുന്ന പ്രായത്തിൽ തന്നെ അവനെ നമ്മുടെ വിശ്വാസത്തിൽ അടിയുറച്ച് ജീവിതം നയിക്കാൻ തക്കവണ്ണം പ്രാപ്തരാക്കാൻ മാതാധ്യാപകർക്കൊപ്പം തന്നെ മാതാപിതാക്കളും പങ്കുവഹിക്കണം. ഏതു മേഖലയിലും ക്രിസ്തുവിന്റെ ചൈതന്യം ഉൾക്കൊണ്ട് മറ്റുള്ളവർക്ക് മാതൃകയാവുന്ന ഒരു ജീവിതം നയിക്കാൻ അവരെ സഹായിക്കണം.
അങ്ങനെ തീഷ്ണമായ വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ടുള്ള പ്രവർത്തികളിലൂടെ ജീവിക്കുവാൻ അവർക്ക് സാധിക്കണം. സേവനം, പങ്കുവയ്ക്കൽ, മറ്റുള്ളവരുടെ ദുഃഖത്തിൽ പങ്കുചേരുവാനുള്ള മനസ്സലിവ് എന്നീ ഗുണങ്ങൾ അവരിൽ ഉണ്ടാവണം.
തന്നെപ്പോലെ തന്നെ മറ്റുള്ളവരെ സ്നേഹിക്കാൻ സാധിക്കാനും മതബോധനത്തിലൂടെ അവർക്ക് സാധിക്കണം. കഷ്ടപ്പാടും വിഷമവും ജീവിതത്തിൽ ഉണ്ടാകുമ്പോൾ അതിനെ ക്രിസ്തീയ രീതിയിൽ അഭിമുഖീകരിക്കാനും, പ്രശ്നങ്ങളിലും പ്രതികൂല സാഹചര്യങ്ങളിലും ഈശോ എന്റെ,കൂടെയുണ്ട്, എന്നുള്ള ഒരു വിശ്വാസം കുഞ്ഞുനാളിലെ കുട്ടികളിൽ വളർത്തുവാനും മാതാപിതാക്കൾക്ക് സാധിക്കും.
കുറച്ചു സമയമെങ്കിലും കുട്ടികൾക്ക് ഒപ്പമിരുന്ന് ബൈബിൾ വായിക്കുകയും വായിച്ച ഭാഗങ്ങൾ കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ വ്യാഖ്യാനിച്ചു കൊടുക്കുകയും ചെയ്യണം. അവരെ പ്രാർത്ഥനകൾ പഠിപ്പിക്കുകയും ആ പ്രാർത്ഥനയുടെ അർത്ഥം എന്താണെന്ന് മനസ്സിലാക്കി കൊടുക്കുകയും വേണം. അതിനൊരു ഉത്തമ മാതൃകയാണ് പരിശുദ്ധ കന്യാമറിയത്തിന്റെ മാതാപിതാക്കളായ വിശുദ്ധ യോവാക്കീം, വിശുദ്ധ അന്നയോവക്കീം തങ്ങളുടെ മകളായ ബാലിക മറിയത്തെ ദേവാലയത്തിൽ സമർപ്പിച്ചു മതബോധനം നടത്തിയതിന്റെ ഫലമായി വചനത്തെ ഒരേ സമയം ഹൃദയത്തിലും ഉദരത്തിലും സ്വീകരിക്കുവാൻ കഴിഞ്ഞു.
മതബോധന രൂപീകരണത്തിന് കുടുംബ ജീവിതക്കാർക്ക് മറ്റൊരു മാതൃകയാണ് ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളായ വിശുദ്ധ ലൂയി മാർട്ടിന്റെയും, വിശുദ്ധ സെലിൻ മാർട്ടിന്റെയും ജീവിതം. പിതൃത്വവും, മാതൃത്വവും, മക്കളെ വിശ്വാസത്തിൽ അടിയുറപ്പിച്ചു വളർത്താനുള്ള ദൈവനിയോഗമാണെന്ന് തങ്ങളുടെ ജീവിതത്തിലൂടെ കാട്ടിത്തന്ന വിശുദ്ധർ.
മാതാപിതാക്കളുടെ ത്യാഗവും സ്നേഹവും, പ്രാർത്ഥനയും, കുടുംബത്തെ വിശുദ്ധിയിലേക്ക് നയിക്കുമെന്ന് ഈ വിശുദ്ധരുടെ ജീവിതമാതൃക നമ്മുക്ക് കാട്ടിത്തരുന്നു. ഈ വിശുദ്ധ ദമ്പതികളുടെ ജീവിതസന്ദേശം ഉൾക്കൊണ്ട് മക്കളെ സ്നേഹിച്ചും, പരിപാലിച്ചും, ദൈവത്തെക്കുറിച്ച് പഠിപ്പിച്ചുകൊണ്ട് കുടുംബത്തിലെ മതബോധനത്തിലൂടെ അവരെ ദൈവത്തിന് പ്രിയപ്പെട്ടവരാക്കി വളർത്താൻ കഴിയണം.
ഏതു സാഹചര്യത്തിലും ദൈവത്തോട് ചേർന്ന് നിന്നുകൊണ്ട് സൽപ്രവൃത്തികളിലൂടെ ലോകത്തിന് വെളിച്ചമാകാൻ നമ്മുടെ മക്കൾക്ക് കഴിയട്ടെ. ഒരു വ്യക്തിയെ കാണുമ്പോൾ അവന്റെ പ്രവർത്തിയിലൂടെ അവൻ ക്രിസ്ത്യാനിയാണെന്ന് മറ്റുള്ളവർക്ക് പറയുവാൻ സാധിക്കുന്നു വെങ്കിൽ അവിടെയാണ് യഥാർത്ഥ മതബോധനത്തിന്റെ വിജയം; സഭയുടെ വിജയം; ക്രിസ്തീയ കുടുംബത്തിന്റെ വിജയം.
നിങ്ങൾ ലോകമെങ്ങും പോയി എന്റെ സുവിശേഷം പ്രസംഗിക്കുക എന്നാ ദിവ്യനാഥന്റെ തിരു മൊഴികളുടെ സാക്ഷാത്കാരമാണ് മതബോധനം.