കൈത്താ ഏഴാം തിങ്കൾ
മത്തായി 25:31-40
അപരന്റെ കണ്ണീരിൽ സഹതാപം തോന്നുന്നവരേക്കാൾ, പരിഹാരം കണ്ടെത്താൻ എനിക്ക് കഴിയുമ്പോൾ ദൈവത്തിന്റെ അനുഗ്രഹിക്കപ്പെട്ട ഗണത്തിലേയ്ക്ക് ഞാനും ചേർക്കപ്പെടുമെന്ന് ക്രൂശിതൻ ഓർമ്മപ്പെടുത്തുന്നു.
വിശക്കുന്നവനും ദാഹിക്കുന്നവനും നഗ്നനാക്കപ്പെട്ടവനും കാരാഗൃഹത്തിലകപ്പെട്ടവനും മുൻപിൽ പുണ്യത്തിന്റെ പരിവേഷമണിഞ്ഞ് സഹതാപം കാണിക്കുന്നതിനപ്പുറം, അപ്പമായും ദാഹജലമായും വസ്ത്രമായും സന്ദർശകനായുമൊക്കെ ഞാൻ മാറുമ്പോൾ എന്റെ ജീവിതം അനുഗ്രഹമായി മാറുമെന്ന് ക്രിസ്തു ഇന്നത്തെ സുവിശേഷത്തിലൂടെ എന്നെ പഠിപ്പിക്കുന്നുണ്ട്.
എന്റെ പുണ്യപ്രവർത്തികളുടെ ലക്ഷ്യം മറ്റുള്ളവരുടെ പ്രശംസയോ, അപന്റെ മുന്നിൽ നീതിമാനാണെന്ന പേരു ലഭിക്കാനൊ അല്ല മറിച്ച് സ്വർഗ്ഗത്തിലേയ്ക്കുള്ള കുറുക്കുവഴികളാണെന്ന തിരിച്ചറിവാകണം.
മറ്റുള്ള വന്റെ കുറവുകളിൽ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളിൽ ഞാൻ വഹിക്കേണ്ടി വരുന്ന കുരിശുകൾ, തിരഞ്ഞെടുക്കപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് എനിക്ക് പ്രവേശനം ലഭിക്കുന്ന ക്ഷണക്കത്താണെന്ന് ഞാൻ വിശ്വസിക്കണം.
പരിഹാരം കണ്ടെത്താൻ ശ്രമിക്കാത്ത ഒരു സഹതാപപ്രകടനങ്ങളും ദൈവസന്നിധിയിൽ സ്വീകാര്യമാകില്ല. മറ്റുള്ളവന്റെ കണ്ണിൽപ്പെടാത്ത എന്റെ പരിഹാരപ്രവർത്തികൾ ദൈവം കാണുന്നതാകട്ടെ. ഈ ലോകത്തിൽ അംഗീകാരം ലഭിക്കാത്ത എന്റെ ത്യാഗപ്രവർത്തികൾ ദൈവം അംഗീകരിക്കുന്നതാകട്ടെ.
നല്ല തമ്പുരാനെ, എന്റെ ചുറ്റുമുള്ള സഹോദരങ്ങളുടെ വേദനകളിലും കുറവുകളിലും പരിഹാരം കണ്ടെത്താനുള്ള ഹൃദയവിശാലതയും ത്യാഗമനോഭാവവും എനിക്ക് നൽകി അനുഗ്രഹിയ്ക്കണമേ. ആമ്മേൻ.