കൈത്താ ആറാം തിങ്കൾ
മത്തായി 16:13-20
മാംസരക്തങ്ങൾക്കപ്പുറം ദൈവസാന്നിദ്ധ്യത്തിന്റെ സമ്പൂർണ്ണപ്രതിരൂപമായ ദൈവപുത്രനെ അറിയുകയും അനുഭവിയ്ക്കുകയും ഏറ്റു പറയുകയും ചെയ്യാനുള്ള ദൗത്യമാണ് ഈ ഭൂമിയിലെ എന്റെ ജീവിതത്തിലൂടെ ദൈവം ആഗ്രഹിയ്ക്കുന്നതെന്ന് ക്രൂശിതൻ ഓർമ്മപ്പെടുത്തുന്നു.
അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിയ്ക്കുന്ന അദ്യശ്യമായ ശക്തിയുള്ള ഒരു മാന്ത്രികനേക്കാൾ ദൈവസാന്നിദ്ധ്യത്തിന്റെ നിറവിൽനിന്നും അനേകരുടെ ജീവിതത്തിൽ സൗഖ്യം നൽകാൻ കഴിയുന്ന ജീവനുള്ള ദൈവത്തിന്റെ പുത്രനാണെന്നുള്ള തിരിച്ചറിവ് ലഭിയ്ക്കുന്ന പത്രോസ് ഈ സുവിശേഷത്തിലെ പ്രധാന കഥാപാത്രമാണ്.
കൂടെ നടന്നും വചനം ശ്രവിച്ചും അത്ഭുതങ്ങൾക്ക് സാക്ഷ്യം വഹിച്ചും ക്രിസ്തുവിന്റെ ജീവിതം വായിച്ചെടുത്ത ശിഷ്യനായിരുന്നു വി.പത്രോസ്, മാനുഷികമായ പ്രലോഭനങ്ങളും വീഴ്ചകളും ജീവിതത്തിൽ നേരിടേണ്ടിവന്നിട്ടും പത്രോസിനെ സഭയുടെ പ്രഥമതലവനായി ക്രിസ്തു നിയമിയ്ക്കുന്നതിന്റെ കാരണവും ഗുരുവിനെ ദൈവപുത്രനാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്.
യഥാർത്ഥആത്മീയത ആഗ്രഹങ്ങളും പ്രാർത്ഥനകളും ദൈവസന്നിധിയിൽ ദിനംപ്രതി അർപ്പിയ്ക്കുന്നതല്ല മറിച്ച് ജീവനുള്ള ദൈവസാന്നിദ്ധ്യത്തിന്റെ അടയാളമായ ക്രിസ്തുവിനെ സഹജരിൽ കണ്ടുമുട്ടുന്നതാണ്. ദൈവാത്മാവിന്റെ പ്രചോദനവും ശക്തിയുമില്ലാതെ ഈ തിരിച്ചറിവ് എനിയ്ക്ക് സാദ്ധ്യമല്ല. അനുദിനജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും ക്രിസ്തു എനിയ്ക്ക് ആരാണ് എന്ന ആത്മപരിശോധന ഞാൻ നടത്തേണ്ടിയിരിയ്ക്കുന്നു.
നല്ല തമ്പുരാനെ, ജീവനുള്ള ദൈവത്തിന്റെ ഈ ഭൂമിയിലെ സാന്നിദ്ധ്യമായ അങ്ങയെ ജീവിതാനുഭവങ്ങളിലൂടെ തിരിച്ചറിയാനും അനുഭവിയ്ക്കാനും ജീവിതസാഹചര്യങ്ങളിൽ ഏറ്റുപറഞ്ഞ് ജീവിയ്ക്കുന്ന ദൈവത്തിന്റെ സജീവസാക്ഷ്യമാകാനും എനിയ്ക്ക് ശക്തി നൽകണമേ. ആമ്മേൻ.
സോണിച്ചൻ CMI