കൈത്താ ഏഴാം വ്യാഴം
പരിശുദ്ധ മാതാവിന്റെ പിറവിതിരുന്നാൾ
മത്തായി 1:1-16
ഏത് കാത്തിരിപ്പിനും ഉത്തരമുണ്ടെന്ന് വിശ്വസിയ്ക്കാനുളള കൃപ ലഭിച്ചില്ലെങ്കിൽ ജീവിതസഹനങ്ങളിൽ ഞാൻ നിരാശനായിത്തീരുമെന്ന് ക്രൂശിതൻ ഓർമ്മപ്പെടുത്തുന്നു.
ക്രിസ്തു അവതാരത്തിന്റെ ചരിത്രമന്വേഷിയ്ക്കുന്ന യുക്തിവാദികൾക്കും ചരിത്രകാരൻമാർക്കുമുള്ള വ്യക്തമായ തെളിവുണ്ടെന്ന സത്യം ഈ സുവിശേഷവചനങ്ങളിൽ വ്യക്തമാണ്.
ദൈവമനുഷ്യാവതാരമെന്ന സത്യം വ്യർത്ഥമാണെന്നും കെട്ടുകഥകളാണെന്നും മിഥ്യയാണെന്നുമുള്ള പഠനങ്ങൾക്ക് സുവിശേഷം വ്യക്തമായ മറുപടി നൽകുന്നു. മനുഷ്യനെ രക്ഷിയ്ക്കാൻ മനുഷ്യനായി അവതരിയ്ക്കാനുള്ള ദൈവത്തിന്റെ അധമ്യമായ ആഗ്രഹത്തിന് നൂറ്റാണ്ടുകളുടെ ദൈർഘ്യമുണ്ടായിരുന്നു.
ഓരോ രക്ഷാകരപദ്ധതിയ്ക്കും ദൈവത്തിന്റെ ദീർഘമായ ആലോചനയുണ്ട്. പ്രാർത്ഥനകൾക്കും കരച്ചിലുകൾക്കും തിടുക്കത്തിൽ ഉത്തരം ലഭിയ്ക്കാൻ ബദ്ധപ്പെടുന്നവർക്കുള്ള ദൈവം നൽകുന്ന ഉത്തരമാകണം ഈ സുവിശേഷം.
ഓരോ സൃഷ്ടിയും നൂറ്റാണ്ടുകളുടെ ദൈവീക ആലോചനയുടെ ഫലമാണെന്നുള്ള യാഥാർത്ഥ്യം വിസ്മരിയ്ക്കാതിരിയ്ക്കുമ്പോൾ എന്റെ ജീവിതത്തിലെ സങ്കടങ്ങളിലും ദൈവം ഇടപെടാനുള്ള കാത്തിരിപ്പിന് എനിയ്ക്ക് കൃപ ലഭിയ്ക്കും.
നല്ല തമ്പുരാനെ, നൂറ്റാണ്ടുകൾക്ക് മുമ്പുള്ള പ്രവചനങ്ങളുടെ പൂർത്തീകരണം അങ്ങേ അവതാരത്തിലൂടെ ലോകത്തിന് വെളിപ്പെട്ടതുപോലെ എന്റെ ജീവിതത്തിലും ദൈവീക ഇടപെടലുകൾക്കായി കാത്തിരിയ്ക്കുമ്പോൾ അനശ്വരമായ സന്തോഷം അങ്ങെനിയ്ക്ക് സമ്മാനിയ്ക്കുമെന്ന് വിശ്വസിയ്ക്കാൻ എന്നെ അനുഗ്രഹിയ്ക്കണമേ. ആമ്മേൻ.