കൈത്താ ഏഴാം ബുധൻ
ലൂക്കാ 16:19-31
പടിവാതിൽക്കൽ കിടക്കാൻ അനുവദിയ്ക്കുന്നതിനേക്കാളപ്പുറം അവന്റെ പശയടക്കാനുള്ള ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുമ്പോൾ എന്റെ ജീവിതവിരുന്ന് സമ്പൂർണ്ണമായിത്തീരുമെന്ന് ക്രൂശിതൻ ഓർമ്മപ്പെടുത്തുന്നു.
വിരുന്നുശാലകൾ സമ്പന്നമാകുന്നത് വിഭവങ്ങളുടെ സമൃദ്ധിയിൽ എല്ലാവരും ഒരുപോലെ സംതൃപ്തിയടയുമ്പോഴാണ്. വീട്ടുപടിയ്ക്കൽ അഭയം നൽകാനുള്ള മനസ്സ് കാണിച്ചിട്ടും ധനവാന് സ്വർഗ്ഗരാജ്യത്തിൽ ഇടം ലഭിക്കില്ല. ദൈവനീതി സമ്പൂർണ്ണമാകുന്നത് അപരന്റെ മനസ്സ് നിറയുവോളം അവന് വിരുന്നൊരുക്കാനുള്ള ഹൃദയവിശാലതയിലാണ്.
ജീവിതവ്യഗ്രതകൾക്കിടയിലും അൽപം സുകൃതസമ്പാദനത്തിന്റെ വഴിയെന്നവിധം എന്റെ ജീവിതത്തിന്റെ പടിയ്ക്കലും ഒരുപാട് പേർക്ക് ഞാൻ അഭയം നൽകുന്നുണ്ട്. അഭയം നൽകുന്നവരുടെ മനസ്സ് നിറയ്ക്കാൻ കഴിയുന്നില്ലെങ്കിൽ സ്വർഗ്ഗത്തിൽ എനിയ്ക്കും ഇടമില്ലെന്നുറപ്പാണ്.
ദൈവത്തേയും അയൽക്കാരനെയും പൂർണ്ണമനസ്സോടും പൂർണ്ണാ ത്മാവോടും കൂടെ സ്നേഹിയ്ക്കുന്നതിലാണ് എന്റെ ഇഹലോകജീവിതം സമ്പന്നമാകുന്നതെന്ന് ക്രിസ്തു പഠിപ്പിയ്ക്കുന്നുണ്ട്.
എന്റെ ജീവിതത്തിന്റെ സമ്പന്നതയിൽ ദൈവം ആഗ്രഹിയ്ക്കുന്ന സമ്പൂർണ്ണതയുണ്ടോയെന്ന് ഞാൻ ആത്മപരിശോധന നടത്തേണ്ടതുണ്ട്.
നല്ല തമ്പുരാനെ, എന്റെ പുണ്യപ്രവർത്തികൾ സ്വർഗ്ഗരാജ്യത്തിൽ ഇടം ലഭിയ്ക്കുംവിധം പരിപൂർണ്ണതയോടെ നിറവേറ്റാനുള്ള ഹൃദയവിശാലത എനിയ്ക്ക് നൽകി ഈ നോമ്പുകാലത്തിൽ എന്നെ അനുഗ്രഹിയ്ക്കണമേ. ആമ്മേൻ.