എഞ്ചിനീയറായ സുനോജ് ആന്റണി ബംഗളൂരുവില്‍ ജോലിചെയ്യുമ്പോഴാണ് എറണാകുളത്ത് ഒരു സ്റ്റാര്‍ട്ടപ്പ് ആരംഭിക്കണമെന്ന ചിന്ത ഉണ്ടാകുന്നതും എറണാകുളത്തെത്തി അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും. അങ്ങനെ കളമശേരി കിന്‍ഫ്രയില്‍ ഓഫീസ് സ്പേസ് എടുത്ത് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഫെഡറല്‍ ബാങ്കിനും മറ്റുചില കമ്പനികള്‍ക്കുമുള്ള സാങ്കേതിക സഹായങ്ങള്‍, സോഫറ്റ്വെയര്‍ സപ്പോര്‍ട്ട് തുടങ്ങിയവയാണ് ചെയ്തു തുടങ്ങിയത്. സ്വന്തം കമ്പനി ആരംഭിക്കുമ്പോള്‍ വലിയ ലക്ഷ്യങ്ങളാണ് സുനോജിന് ഉണ്ടായിരുന്നത്. എന്നാല്‍, ഏതാനും വര്‍ഷങ്ങള്‍ക്കിപ്പുറം 2022-ല്‍ എത്തിനില്ക്കുമ്പോള് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കുമെല്ലാം വലിയ ഗതിമാറ്റം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു.
എല്ലാ വീടുകളുടെയും സ്വീകരണമുറികളിലേക്ക് ശബ്ദരൂപത്തില്‍ ബൈബിള്‍ എത്തിക്കുക എന്ന വലിയ ലക്ഷ്യമാണ് ഇന്ന് ഇവര്‍ക്കുള്ളത്. ദൈവവചനം നല്കുമ്പോള് ഗുണമേന്മയിലും നിലവാരത്തിലും ഉയര്ന്നുനില്ക്കണമെന്നതില് ഒരു വിട്ടുവീഴ്ചയ്ക്കും ഇവര്‍ തയാറല്ല. നാലുവര്‍ഷത്തെ കഠിനാധ്വാനം അവസാന സ്റ്റേജിലേക്ക് എത്തിക്കഴിഞ്ഞു. തേക്കിലും റോസ്വുഡിലും കൊത്തിയെടുത്ത, കാഴ്ചയ്ക്കും കേഴ്വിക്കും മനോഹരമായ ‘രക്ഷാവചനം’ എന്ന ഓഡിയോ ബൈബിള്‍ പ്ലെയറുകള്‍ ലഭ്യമായി തുടങ്ങിയിരിക്കുന്നു. കെസിബിസി ബൈബിള്‍ കമ്മീഷനുമായി സഹകരിച്ചാണ് ഈ പ്രോജക്ട് നടപ്പാക്കുന്നത്. ഒരു കൗതുകത്തില്‍നിന്ന് തളിര്‍ത്തുവന്ന ചെറിയൊരാശയം വലിയൊരു പ്രോജക്ടായി മാറുകയും, ആ പ്രോജക്ട് തന്നില്‍ത്തന്നെ വലിയ പരിവര്‍ത്തനത്തിന് കാരണമാകുകയും ചെയ്ത കഥയാണ് സുനോജിന് പറയാനുള്ളത്.

അമേരിക്കന്‍ ആശയം
എറണാകുളത്ത് കാക്കനാടാണ് ഭാര്യയും നാലു മക്കളുമൊത്ത് സുനോജ് താമസിക്കുന്നത്. ഭാര്യ അഡ്വ. ഡിനു. മക്കള്‍: സേറ ജോസഫ്, ഫെലിക്സ് ജോസഫ്, കെവിന് ജോസഫ്, ലിലിയന് ജോസഫ്. 2018 കാലഘട്ടത്തില്‍, മക്കളുടെ ചില രോഗങ്ങളും അസ്വസ്ഥതകളും പ്രത്യേകിച്ച്, രാത്രി ഉറങ്ങാനാകാത്ത അവസ്ഥയും ഉടലെടുത്തപ്പോഴാണ് അമേരിക്കയിലുള്ള സുഹൃത്ത് ഒരു പോംവഴി പറഞ്ഞത്. പിഒസിയില്‍ നിന്ന് പെന്‍ഡ്രൈവിലാക്കി ലഭിക്കുന്ന ഓഡിയോ ബൈബിള്‍ വാങ്ങി ലാപ്ടോപ്പില്‍ ഇട്ട് രാത്രികാലങ്ങളില്‍ അത് പ്ലേ ചെയ്യാനായിരുന്നു നിര്‍ദ്ദേശം. ഓഡിയോ ബൈബിള്‍ പ്ലേ ചെയ്തു വച്ചാല്‍ രാത്രി ഉറങ്ങാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് കരുതിയെങ്കിലും മറിച്ചാണ് സംഭവിച്ചതെന്ന് സുനോജ് പറയുന്നു. അന്നുമുതല്‍ കുട്ടികള്‍ രാത്രി സുഖമായി ഉറങ്ങാന്‍ തുടങ്ങി. മുതിര്‍ന്നവരുടെ ഉറക്കത്തിനും ഓഡിയോ ബൈബിളിന്റെ ശബ്ദം തടസമായില്ല.
സ്ഥിരമായി ബൈബിള്‍ പ്ലേ ചെയ്യാന്‍ ലാപ്ടോപ്പോ, മൊബൈലോ ഉപയോഗിക്കുന്നത് പ്രായോഗികമല്ലെന്ന് വന്നപ്പോള്‍ അതിന് ഉപയോഗിക്കാന്‍ കഴിയുന്ന ഓഡിയോ പ്ലെയറുകള്‍ അന്വേഷിച്ചെങ്കിലും തൃപ്തികരമായി ഒന്നും ലഭിച്ചില്ല. വോയ്സ് ക്വാളിറ്റി കുറവ്, ശബ്ദം കുറവ്, ഡിസ്പ്ലെ ഇല്ലാത്തതിനാല്‍ ഫയല്‍ സെലക്ട് ചെയ്ത് കേള്‍ക്കാന്‍ പറ്റാത്ത അവസ്ഥ. യോജിച്ച ഒന്ന് കിട്ടാനില്ലെന്നുവന്നപ്പോള്‍ അത്തരമൊന്ന് ഡിസൈന്‍ ചെയ്താലോ എന്ന ആലോചന ഉടലെടുത്തതായി സുനോജ് പറയുന്നു. ഐടി കമ്പനി സ്വന്തമായി ഉണ്ടായിരുന്നതിനാല്‍ അതിനും സാധ്യതകളുണ്ടായിരുന്നു.
അത്തരം ആലോചനകള്‍ പുരോഗമിച്ചപ്പോള്‍ മറ്റൊരു ആശയക്കുഴപ്പം രൂപംകൊണ്ടു. ഇത് ദൈവഹിതമാണോ, അതോ ബിസിനസ് സാധ്യതകളോടുള്ള ആകര്‍ഷണമാണോ എന്ന സന്ദേഹമായിരുന്നു അത്. പെട്ടെന്നൊരു ദിവസത്തെ ആലോചന പ്രകാരം ഇക്കാര്യത്തെക്കുറിച്ചുള്ള ദൈവഹിതം അറിയാന്‍ അട്ടപ്പാടിയില്‍ സേവ്യര്‍ ഖാന് വട്ടായില്‍ അച്ചനെ കാണാന്‍ സുനോജ് ചെന്നു. അച്ചനെ കണ്ടുമുട്ടുക എളുപ്പമായിരുന്നില്ലെങ്കിലും ദൈവാനുഗ്രഹത്താല്‍ അതിന് കഴിഞ്ഞു. അച്ചന് പ്രാര്‍ത്ഥിച്ചശേഷം, ധൈര്യമായി മുന്നോട്ടു പോകാനായിരുന്നു പറഞ്ഞത്.

തടസങ്ങളുടെ പരമ്പര
അതുവരെ ഒരു സാധാരണ കത്തോലിക്കന് മാത്രമായിരുന്നു താനെന്ന് സുനോജ് പറയുന്നു. പ്രധാനമായും ഞായറാഴ്ചകളില്‍ ദൈവാലയത്തില്‍ പോകും. മോശമല്ലാത്ത ഒരു ക്രൈസ്തവനായി ജീവിക്കാന്‍ ശ്രമിക്കും എന്നതില്‍ കവിഞ്ഞ് മറ്റൊരു ആത്മീയ പശ്ചാത്തലം ഉണ്ടായിരുന്നില്ല. വലിയ പ്രാര്‍ത്ഥനയുടെ പിന്‍ബലം ഇതിന്റെ പൂര്‍ത്തീകരണത്തിന് ആവശ്യമാണെന്നും അല്ലാത്തപക്ഷം മുന്നോട്ടു പോകില്ലെന്നും ഈ പ്രൊജക്ടുമായി മുന്നോട്ടിറങ്ങിയപ്പോള്‍ പലരും മുന്നറിയിപ്പ് നല്‍കിയിരുന്നു. അതു വെറുതെയായിരുന്നില്ലെന്ന് ഏറെ വൈകാതെ തനിക്കും ടീം അംഗങ്ങള്‍ക്കും മനസിലായതായി സുനോജ് പറയുന്നു.
വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്യാന്‍ കഴിയുമെന്ന് കരുതിയെങ്കിലും കാര്യത്തോടടുത്തപ്പോള്‍ സാങ്കേതികമായ വെല്ലുവിളികള്‍ ഒരുപാടുണ്ടായിരുന്നു. ഇത്തരം ഒരു പ്ലെയര്‍ എല്ലാ സൗകര്യങ്ങളോടും കൂടി ഡിസൈന്‍ ചെയ്യുമ്പോള്‍ ഇലക്ട്രോണിക് കമ്പോണന്റ്സ് ഉള്‍പ്പെടെ പലവിധത്തില്‍പെട്ട നിരവധി ഭാഗങ്ങള്‍ ആവശ്യമാണ്. പലതും എവിടെ കിട്ടുമെന്ന് കണ്ടെത്താന്‍ തന്നെ ഒരുപാട് സമയമെടുത്തു. ക്വാളിറ്റിയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പറ്റാത്തതിനാല്‍ പല ഘടകങ്ങള്‍ക്കും പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വില കൊടുക്കേണ്ടി വന്നു. ഏറെക്കുറെ ഡിസൈന്‍ തയ്യാറാക്കി, പ്രൊഡക്ടിന്റെ കാര്യത്തില്‍ വ്യക്തത വന്നപ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഇതൊരു വലിയ പ്രോജക്ടാണെന്ന് തിരിച്ചറിഞ്ഞത്. നിലമ്പൂരുനിന്നുള്ള തേക്കില്‍ കൊത്തിയെടുത്ത രീതിയിലാണ് പ്ലെയര്‍ വിഭാവനം ചെയ്തത്.
മറ്റു ഭാഗങ്ങള്‍ പലതും പിച്ചളയില്‍ രൂപപ്പെടുത്താനും തീരുമാനിച്ചു. എല്ലാംകൊണ്ടും മികവുറ്റതും, വ്യത്യസ്തവും ആകര്ഷണീയവുമായിരിക്കണം ബൈബിള്‍ പ്ലെയര്‍ എന്ന ചിന്തയായിരുന്നു അടിസ്ഥാനം. പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. അങ്ങനെയിരിക്കെയാണ് കോവിഡ് മഹാമാരി വലിയ വെല്ലുവിളി ഉയര്‍ത്തിയത്.
പ്ലെയറിന് വരുന്ന നിര്‍മ്മാണ ചെലവ് കണക്കാക്കി ലാഭമെടുക്കാതെ ആവശ്യക്കാര്‍ക്ക് കൊടുക്കാമെന്നാണ് ആരംഭത്തില്‍ ചിന്തിച്ചത്. അങ്ങനെയാണെങ്കില്‍ പോലും 4300 – 5000 രൂപ ചെലവ് വരുമായിരുന്നു. ഏറെക്കുറെ സമാനമായി മാര്‍ക്കറ്റില്‍ ലഭിക്കുന്ന പ്ലെയറുകള്‍ക്ക് 7000 മുതല്‍ മുകളിലേക്ക് വിലയുണ്ട്. എങ്കിലും, ഇത്രയും വിലയിട്ടാല്‍ സാധാരണക്കാര്‍ക്ക് വാങ്ങാന്‍ കഴിയാതെവരുമല്ലോ എന്നതായിരുന്നു ആശങ്ക. ഒടുവില്‍ കൂടുതല്‍ എണ്ണം നിര്‍മ്മിക്കാന്‍ ആരംഭിക്കുന്നതുവരെ അല്‍പ്പം നഷ്ടം സഹിച്ചിട്ടാണെങ്കിലും കുറഞ്ഞ വിലയ്ക്ക് നല്കാന് തീരുമാനിക്കുകയായിരുന്നു.
ഡിസൈനിന്റെ സവിശേഷതകള്‍
കേരളത്തിന്റെ സവിശേഷ സൃഷ്ടിയായും പരിസ്ഥിതി സൗഹാര്‍ദ്ദപരമായും നിലമ്പൂര്‍ തേക്കില്‍ രൂപപ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും ഫൈനല്‍ ഡിസൈനിനെക്കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ല. അക്കാലത്ത് ആരോ പറഞ്ഞതനുസരിച്ച് തച്ചനായിരുന്ന യൗസേപ്പ് പിതാവിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചു. അങ്ങനെയാണ് ഇപ്പോഴുള്ള ആകര്‍ഷണീയമായ ഡിസൈന്‍ രൂപപ്പെട്ടുവന്നത്. ഒറ്റത്തടിയില്‍ കാര്‍വ് ചെയ്തെടുക്കുന്നതാണ് ഇപ്പോഴത്തെ ഡിസൈന്‍. നാം കണ്ടു ശീലിച്ചതുപോലെ മറ്റെന്തെങ്കിലും വിധത്തിലുള്ള ഡിസൈന്‍ ബൈബിള്‍ പ്ലെയറില്‍ ഉപയോഗിക്കരുത് എന്നൊരു ചിന്തയും അതിന് പിന്നില്‍ ഉണ്ടായിരുന്നതായി സുനോജ് പറയുന്നു.
ഗ്രന്ഥരൂപത്തിലുള്ള ബൈബിള്‍ പരിഗണിക്കപ്പെടുന്നതുപോലെ തന്നെ ബൈബിള്‍ പ്ലെയറും പരിഗണിക്കപ്പെടുകയും മാനിക്കപ്പെടുകയും വേണം. അത്തരത്തില്‍ ഇതിനെ വിലമതിക്കുന്നവര്‍ക്ക് മാത്രം നല്കിയാല് മതി എന്ന തീരുമാനവുമുണ്ട്. ആദ്യ ബാച്ചായി ഇരുനൂറെണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. തേക്കില്‍ നിര്‍മ്മിച്ചത് കണ്ടപ്പോള്‍ റോസ്വുഡില് ചെയ്യാമോ എന്ന് ചിലര്‍ ചോദിച്ചത് പ്രകാരം അത്തരത്തിലും നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. ആദ്യബാച്ചില്‍ നിര്‍മ്മിക്കുന്ന ഇരുനൂറെണ്ണത്തിനുള്ള ഓര്‍ഡര്‍ ഇതിനകം ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. ആയിരം എണ്ണം കൂടി നിര്‍മ്മിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.
ലളിതമായ ഡിസൈന്‍ ആണ് ഈ ബൈബിള്‍ ഓഡിയോ പ്ലെയറിന് ഉള്ളത്. ഒറ്റ ബട്ടണ്‍ ഉപയോഗിച്ച് എല്ലാം നിയന്ത്രിക്കാന്‍ കഴിയും. ഡിസ്പ്ലെയില്‍ എല്ലാ കണ്ട്രോളുകളും കണ്ട് സെലക്ട് ചെയ്യാന്‍ കഴിയും. എത്ര ശബ്ദം കൂട്ടിയാലും പതര്‍ച്ചയില്ലാതെ വ്യക്തതയോടെ കേള്‍ക്കാനാവും. മലയാളവും ഇംഗ്ലീഷും ഓഡിയോ ഒരേ പ്ലെയറില്‍ തന്നെ ലഭ്യമാണ് എന്നുള്ളതാണ് മറ്റൊരു സവിശേഷത. ഒരു തവണ ചാര്‍ജ് ചെയ്താല്‍ മണിക്കൂറുകളോളം ഉപയോഗിക്കാനാവും.
ജീവിതത്തെ മാറ്റിമറിച്ച പ്രോജക്ട്
ഈ പ്രോജക്ട് ദൈവനിയോഗമായി ഏറ്റെടുത്തപ്പോള്‍ സുനോജ് ആന്റണിയുടെ ജീവിതത്തില്‍ സംഭവിച്ചത് വലിയ മാറ്റങ്ങളാണ്. ദൈവവചനം പതിവായി കേട്ടുതുടങ്ങിയപ്പോള്‍ മാറ്റങ്ങള്‍ സംഭവിച്ചു തുടങ്ങി. പ്രാര്‍ത്ഥനയിലും ദൈവഹിതത്തിലും പൂര്‍ണ്ണമായി ആശ്രയിക്കാനും, ആകുലതകളും ആശങ്കകളുമില്ലാതെ മുന്നോട്ടുപോകാനും പഠിച്ചത് ഈ പ്രോജക്ടിലൂടെയാണ്. മറ്റു ജോലികളിലായിരിക്കുമ്പോഴും, വിശ്രമസമയത്തും, രാവിലെ ജോലിക്ക് പോകാന്‍ ഒരുങ്ങുമ്പോഴുമെല്ലാം ഈ വചന ശ്രവണം ഒരുപാട് പ്രയോജനകരമാണ്. ഓരോ ദിവസത്തിനും സംഭവിക്കുന്ന മാറ്റങ്ങളും വലുതായിരിക്കും.
ഒന്നിനെക്കുറിച്ചും ആശങ്കയില്ലാത്തവരായി മാറാനും, സമാധാനവും സന്തോഷവും അനുഭവിക്കാനും ഇതുവഴി സാധിക്കും. രാവിലത്തെ തിരക്കുകള്‍ക്കിടയിലെ വചന ശ്രവണം വഴി എല്ലാകാര്യങ്ങളും വളരെ ഭംഗിയായി ഒരുക്കപ്പെടുന്നത് വ്യക്തമായി മനസിലാക്കാന്‍ കഴിയും. അസ്വസ്ഥതയുളവാക്കുന്ന കാര്യങ്ങളൊക്കെ നമ്മില്‍നിന്ന് അകന്നുപോകുന്നത് തിരിച്ചറിയാന്‍ കഴിയുമെന്ന് സ്വന്തം അനുഭവത്തില്‍നിന്ന് സുനോജ് പറയുന്നു. ഈ ജീവിതാനുഭവങ്ങള്‍ തന്നെയാണ് മറ്റുള്ളവരിലേക്ക് ബൈബിള്‍ എത്തിക്കാനുള്ള പ്രേരണയുമെന്ന് സുനോജ് പറയുന്നു.
ആരംഭഘട്ടം മുതല്‍ ഒരു മനസോടെ സഹകരിക്കുന്ന സുഹൃത്തുക്കളുണ്ട്. അവരുടെ പിന്തുണയും സഹായവുമാണ് ഇവിടംവരെ എത്താന്‍ ബലമായി മാറിയത്. അമേരിക്കയിലുള്ള റോബിയും മിഡില്‍ ഈസ്റ്റിലുള്ള അനില്‍, ആന്റോ എന്നീ സുഹൃത്തുക്കളുമാണ് തുടക്കകാലത്ത് സഹായം നല്‍കിയത്. ഒപ്പം, പിഒസിയില്നിന്ന് കെസിബിസി ബൈബിള്‍ കമ്മീഷനും ചെയര്‍മാനായ ജെയിംസ് ആനാപറമ്പില്‍ പിതാവും വലിയ പിന്തുണയാണ് നല്‍കുന്നത്. 2021 ഡിസംബറിലെ കെസിബിസി സമ്മേളനത്തില്‍ ഔദ്യോഗികമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഈ ബൈബിള്‍ പ്ലെയര്‍ ഉദ്ഘാടനം ചെയ്തിരുന്നു. തൊട്ടടുത്ത മാസം തന്നെ ഇത് ലഭ്യമാക്കി തുടങ്ങണമെന്ന് കരുതിയിരുന്നെങ്കിലും വീണ്ടും ചില തടസങ്ങള്‍ മൂലം നീണ്ടുപോവുകയായിരുന്നു.
ആദ്യകാലങ്ങളില്‍ ദൈവത്തെക്കാള്‍ കൂടുതല്‍ മനുഷ്യരെ ആശ്രയിച്ചിരുന്നതിനാലാണ് തടസങ്ങള്‍ ഉണ്ടായിരുന്നതെന്ന് ഇപ്പോള്‍ വ്യക്തമാകുന്നു. ഇപ്പോള്‍ പ്രോജക്ട് ശരിയായ പാതയില്‍ എത്തിയെന്ന് സുനോജ് പറയുന്നു. എങ്കിലും ഇനിയും ഒരുപാട് മുന്നോട്ടുപോകേണ്ടതായുണ്ട്. അതിനായി എല്ലാവരുടെയും പ്രാര്‍ത്ഥനാ സഹായമാണ് സുനോജ് ആവശ്യപ്പെടുന്നത്. ഇപ്പോള്‍ വിവിധയിടങ്ങളില്‍ വച്ചാണ് ഓരോ ജോലികളും നടക്കുന്നത്. എല്ലാം ഒരിടത്തേക്ക് എത്തിക്കുക എന്നുള്ളത് പ്രധാന ആവശ്യമാണ്.
ഒരിക്കലും പ്രതീക്ഷിക്കാത്ത വഴികളിലൂടെ നടത്തി തന്നെ വലിയൊരു പദ്ധതിയുടെ നിര്വ്വാഹകനാക്കി മാറ്റിയ ദൈവിക പദ്ധതികളെ അത്ഭുതാദരവുകളോടെയാണ് സുനോജ് വിവരിക്കുന്നത്. ഇതിലൂടെ അനേകായിരങ്ങള്‍ക്ക് ദൈവികമായ സന്തോഷവും സമാധാനവും അനുഭവിക്കാന്‍ ഇടയാകുമെന്ന് തീര്‍ച്ച.
ഈ ഓഡിയോ ബൈബിള്‍ പ്ലെയറിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാന്‍ സുനോജിനെ ബന്ധപ്പെടാവുന്നതാണ്: +91 8089922669, +91 9567070515, വെബ്സൈറ്റ്: www. rakshavachanam.com/

News Courtesy: Sunday Shalom