ഇസ്രയേലിലെ പൂറിം ഫെസ്റ്റിവലിനെ കുറിച്ച് വിശദീകരിക്കുക എളുപ്പമല്ല. എന്നാലും ശ്രമിക്കാം. ”പൂറിം” എന്ന വാക്കിന്റെ അർത്ഥം “നറുക്കിടൽ” എന്നാണ്. ബൈബിളഥിഷ്ടിതമായ ഒരു ഉൽസവമാണ് ഇത്. പൂറിമിന് ഇസ്രായേലികൾ വിചിത്രമായ വസ(തധാരണം ചെയ്യുന്നതും, വിചിത്രമായ ആചാരങ്ങൾ നടത്തുന്നതും ഒക്കെ നമ്മളിൽ ഭൂരിപക്ഷം പേരും കളിയാക്കൽ മനോഭാവത്തോടെയാണ് നോക്കിക്കാണുന്നത്.
എന്നാൽ അതിന് പിന്നിൽ അവർക്ക് അവരുടേതായ കാരണങ്ങളും, ഓർമ്മ പുതുക്കലും ഉണ്ട്. ജറുസലേം ദേവാലയം തകർക്കപ്പെട്ടതിന് ശേഷം, യഹൂദൻമാർ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ചിതറിക്കപ്പെട്ടു. അങ്ങനെ പേർഷ്യൻ സാമ്രാജ്യത്തിൽ വാസമുറപ്പിച്ച യഹൂദർ സമൂലം നശിപ്പിക്കപ്പെടുമെന്ന് ഭീഷണിയുണ്ടായ ഒരു സമയത്ത്, ഒരു യുവതി വഴി വിസ്മയനീയമാം വിധം യഹൂദർക്ക് മോചനം കൈവന്നതിന്റെ ഓർമ്മപെരുന്നാളാണ് “പൂറിം.
ബി. സി 465-485 -ൽ ഇന്ത്യ മുതൽ എത്യോപ്യ വരെയുള്ള നൂറ്റിയിരുപത്തിയേഴു പ്രവിശ്യകൾ ഭരിച്ചിരുന്ന അഹസ്വേരൂസ് രാജാവ് തലസ്ഥാനമായ സൂസായിലെ സിംഹാസനത്തിൽ വാഴുമ്പോൾ തന്റെ മൂന്നാം ഭരണവർഷം തന്റെ സകല പ്രഭുക്കൻമാർക്കും, സേവകൻമാർക്കും പ്രവിശ്യകളിലെ പ്രഭുക്കൻമാർക്കും ഒരു വിരുന്ന് നൽകി. ഇത് നൂറ്റിയെൺപതു ദിവസം നീണ്ടുനിന്നു. അതു കഴിഞ്ഞ് തന്റെ തലസ്ഥാനത്തുള്ള വലിയവരും ചെറിയവരുമായ സകലർക്കും ഉദ്യാനാങ്കണത്തിൽ വച്ച് ഏഴ് ദിവസം നീണ്ട വിരുന്ന് നൽകി.
ഏഴാം ദിവസം രാജാവിന്റെ ഹൃദയം വീഞ്ഞു കുടിച്ച് സന്തുഷ്ടമായപ്പോൾ തന്റെ പത്നിയായ “വാഷ്തി”രാജ്ഞിയുടെ സൗന്ദര്യം പ്രഭുക്കൻമാർക്കും ജനങ്ങൾക്കും കാണിച്ചു കൊടുക്കാൻ തീരുമാനിച്ചു. രാജകീയ വസ്ത്രങ്ങൾ ധരിച്ച് രാജസന്നിധിയിലേക്ക് വാഷ്തി രാജ്ഞിയെ ആനയിക്കാൻ അഹസ്വേരൂസ് രാജാവ് കൊട്ടാരത്തിലെ സേവകൻമാരോട് ആജ്ഞാപിച്ചു. എന്നാൽ വാഷ്തിരാജ്ഞി അതിന് തയ്യാറായില്ല. കുപിതനായ രാജാവ്, നിയമത്തിലും ന്യായത്തിലും പാൺഡിത്യമുള്ളവരോട് ആലോചന ചോദിക്കുന്ന പതിവ് തെറ്റിച്ചില്ല. അവരുടെ നിർദ്ദേശ പ്രകാരം സൗന്ദര്യമുള്ള യുവകന്യകമാരെ രാജാവിനുവേണ്ടി അന്വേഷിക്കാൻ വിളംബരം നടത്തി.
ശരീര സൗന്ദര്യം പ്രദർശിപ്പിച്ച് രാജാവിന്റെ പ്രീതി നേടാൻവന്നവരിൽ കൊട്ടാരത്തിലെ അന്ത: പുരവിചാരിപ്പുകാരനായിരുന്ന മോർദഹായ് എന്ന യഹൂദന്റെ പിതൃസഹോദരന്റെ മകൾ എസ്തേറും ഉണ്ടായിരുന്നു. മാതാപിതാക്കളില്ലാത്ത എസ്തേറിനെ മോർദഹായ് ആണ് വളർത്തിയിരുന്നത്. പിതാവിന്റെ സ്ഥാനത്ത് അവൾ കണ്ടിരുന്ന മോർദഹായുടെ നിർദ്ദേശ പ്രകാരം തന്റെ ജാതിയോ, കുലമോ വെളിപ്പെടുത്താതെ എസ്തേർ രാജാങ്കണത്തിൽ വന്നു. അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ രാജാവ്, രാജകീയ കിരീടം അവളുടെ തലയിൽ വച്ച് അവളെ വാഷ്തിക്കു പകരം രാജ്ഞിയാക്കി.
പിന്നീട് കൊട്ടാരത്തിലെ ഉന്നത പദവിയിൽ ഉണ്ടായിരുന്ന അഗാഗ് വംശജനായ ഹാമാൻ കാര്യങ്ങൾ മനസ്സിലാക്കി. മോർദഹായ്യോട് പണ്ടേ വൈരാഗ്യമുണ്ടായിരുന്ന ഹാമാൻ ഒരിക്കൽ മറ്റു വാതിൽകാവൽക്കാരുമായി രാജാവിനെ വധിക്കാൻ ആലോചിക്കുന്നത് മോർദഹായ് കേൾക്കുകയും അവൻ അത് എസ്തേറിനെ അറിയിക്കുകയും, എസ്തേർ വഴി രാജാവ് രക്ഷപെടുകയും ചെയ്തു. രാജസാന്നിധ്യത്തിൽ ഇത് ദിനവൃത്താന്ത പുസ്തകത്തിൽ രേഖപ്പെടുത്തി. ഇതിന് ശേഷം, മോർദഹായ് യോടും എസ്തേറിനോടും യഹൂദവംശം മുഴുവനോടും കടുത്ത വൈരാഗ്യമുണ്ടായ ഹാമാൻ യഹൂദവംശത്തെ മുഴുവൻ നശിപ്പിക്കാൻ ആലോചന തുടങ്ങി.
ഹീബ്രു കലണ്ടർ പ്രകാരം നിസാൻ മാസം മുതൽ ആദാർ മാസം വരെ ദിനംതോറും കുറിയിട്ട് യഹൂദരെ നശിപ്പിക്കാൻ ആലോചനകൾ നടന്നുകൊണ്ടിരുന്നു. വിവരങ്ങൾ അറിഞ്ഞ മോർദഹായ് യഹൂദജനത്തിനോട് ദൈവത്തിന്റെ കരുണയ്ക്കായി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. ചാക്കുടുത്തും ചാരം പൂശിയും അത്യുച്ചത്തിൽ ദയനീയമായി നിലവിളിച്ച് മോർദഹായും, യഹൂദജനവും പ്രാർത്ഥിക്കുകയും പ്രതികരിക്കുകയും ചെയ്തു. എല്ലാം അറിഞ്ഞ എസ്തേറും ദിവസങ്ങളോളും ഭക്ഷണം കഴിക്കാതെയും പ്രാർത്ഥിച്ചു.
അവസാനം എസ്തേറിന്റെ അപേക്ഷ പ്രകാരം രാജാവ് കാര്യങ്ങൾ തിരക്കി മനസ്സിലാക്കുകയും, യഹൂദൻമാരെ വധിക്കാൻ ഒരുങ്ങിയ ഹാമാനെ തൂക്കിലേറ്റുകയും ചെയ്തു. തൂക്കിലേറ്റുന്നതിന് മുൻപ് ഹാമാന്റെ ചെവി അറുത്തുമാറ്റി എന്ന് യഹൂദൻമാർ അവകാശപ്പെടുന്നു. അതിനുശേഷം യഹൂദർ അനവധി ശത്രുക്കളെ നിഗ്രഹിച്ചു. വിജയ സ്മരണയ്ക്കായി വർഷം തോറും “കുറിയിടൽ ” എന്നർത്ഥമുള്ള ” പൂറിം” ഉൽസവം ആഘോഷിച്ചു വരുന്നു. ചാക്കുടുത്ത് ചാരം പൂശി പ്രാർത്ഥിച്ചതിന്റെയും പ്രതികരിച്ചതിന്റെയും ഓർമ്മയ്ക്കായി വിചിത്രവേഷങ്ങൾ ധരിക്കുകയും, മുഖത്ത് ചായം പൂശുകയും ചെയ്യുന്നു.
അഹസേരൂസ് രാജാവ്, എസ് തേർ, മോർദഹായ്, ഹാമാൻ എന്നിവരുടെ വേഷങ്ങൾ ധരിക്കുന്നവർ ഉണ്ട്. ഹാമാന്റെ ചെവി മുറിച്ചതിന്റെ സന്തോഷ സ്മരണയ്ക്ക് ” “ഒസ്നേഹമാൻ ” എന്നു പേരുള്ള കുക്കീസ് മിക്ക വീടുകളിലും ഉണ്ടാക്കാറുണ്ട്. ചെവിയുടെ ആകൃതിയിലാണ് ഇത് ഉണ്ടാക്കുന്നത്. ഹാമാനോടുള്ള പ്രതികാര സൂചനയായി ഉൾവശം അഴുക്കിനാൽ നിറഞ്ഞ ചെവി എന്ന അർത്ഥത്തിൽ ഈ കുക്കീസിന്റെ ഉള്ളിൽ പലതരത്തിലുള്ള സാധനങ്ങൾ വച്ച് ഉണ്ടാക്കാറുണ്ട്. കേൾക്കുമ്പോൾ വിചിത്രമെങ്കിലും ഇതൊക്കെയാണ് “പൂറിം” ഫെസ്റ്റിവൽ.” പൂരിം ഫെസ്റ്റിവലിനെകുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുള്ളവർ വി. ബൈബിളിൽ പഴയ നിയമത്തിൽ എസ്തേർ എന്ന പുസ്തകം വായിക്കൂ… എല്ലാവർക്കും പൂറിം സമയാഹ്!
By, സ്നേഹത്തോടെ ഷൈനി ബാബു