സഹോദരങ്ങളെ ഞാൻ പത്താം ക്ലാസ് പരീക്ഷയ്ക്കുവേണ്ടി ഒരുങ്ങിയിരുന്ന നാളുകളിൽ സ്റ്റഡി ലീവ് തുടങ്ങിയ അന്നുമുതൽ പതിവിൽ നിന്നും നേരത്തെ എഴുന്നേൽക്കാൻ തീരുമാനിച്ചു. ആദ്യദിവസങ്ങളിൽ അങ്ങനെ പഠിക്കാനിരിക്കുമ്പോൾ ഉറക്കം തൂങ്ങുന്നതിനാൽ അമ്മയുടെ നിർദേശപ്രകാരം കാല് പച്ചവെള്ളത്തിൽ മുക്കിയിരിക്കാൻ തുടങ്ങി.
ഇരിക്കുന്ന കസേരയുടെ കീഴെ ഒരു പാത്രത്തിൽ പച്ചവെള്ളം വെയ്ക്കും. ഉറക്കം വരുമ്പോൾ കാൽപ്പാദങ്ങൾ വെള്ളത്തിൽ മുക്കും. അങ്ങനെ ദിവസങ്ങൾ ആഴ്ചകൾ ശരീരത്തെ മെരുക്കിയാണ് പത്താം ക്ളാസ്സിലെ പരീക്ഷയ്ക്കുവേണ്ടി ഒരുങ്ങിയിരുന്നത്. SSLC പരീക്ഷ എന്നുകഴിഞ്ഞോ അന്ന് ഞാൻ ആ ശീലം ഉപേക്ഷിച്ചു. പിന്നെ വീണ്ടും പഴയപോലെ നേരം വൈകി എഴുന്നേൽക്കുന്ന ശീലം പുനരാരംഭിച്ചു. പിന്നെ വർഷങ്ങൾ കഴിഞ്ഞു വീണ്ടും ഒത്തിരി കഷ്ടപ്പെട്ടിട്ടാണ് അക്കാര്യത്തിൽ മാറ്റം വന്നത്.
സുഖാനുഭൂതികളാൽ വലയം ചെയ്യപ്പെട്ട ഈ ലോകത്തിൽ, തിളച്ചുമറിയുന്ന നമ്മുടെ ശരീരത്തിന്റെ ലൗകീക പ്രവണതകളെ ആത്മാവിനാൽ കീഴടക്കിയെങ്കിൽ മാത്രമേ ഇക്കാലഘട്ടത്തിൽ, ഇനി വരാനിരിക്കുന്ന തിന്മയുടെ കാലഘട്ടത്തിൽ നമുക്ക് പിടിച്ചുനിൽക്കാനാവൂ. തിന്മയുടെ അരാജകത്വം ഇപ്പോൾത്തന്നെ അത്രത്തോളം ശക്തമാണെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാമല്ലോ. വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ലാ ഇതെന്ന് സുവ്യക്തമാണ്.
പ്രധാനമായും രണ്ടുകാര്യങ്ങൾ ഇതിനായി ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമതായി, നമ്മുടെ ശരീരത്തെ ആത്മാവിന്റെ ശക്തിയാൽ നിയന്ത്രണവിധേയമാക്കിയാൽ മാത്രമേ നമുക്ക് ആത്മീയജീവിതത്തിൽ നിലനിൽക്കാനും വളരാനുമാകൂ. രണ്ടാമതായി, നാം ഇതിനോടകം നേടിയെടുത്തവ യാതൊരുകാരണവശാലും ഉപേക്ഷിക്കാതെ തുടർന്നാൽ മാത്രമേ ജീവിതത്തിനു ഗുണകരമാകുന്ന വിജയവും പുരോഗതിയും നേടിയെടുക്കാനാകൂ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഞാൻ സ്വന്തം അനുഭവത്തിലൂടെ മനസ്സിലാക്കിയതും അനേകരിൽ നിന്നും ബോധ്യപ്പെട്ടതുമാണിത്.
ശരീരത്തെ നിയന്ത്രിക്കുക അഥവാ ഇന്ദ്രിയങ്ങളാൽ നയിക്കപ്പെടുന്ന നമ്മുടെ ശരീരത്തെ നിയന്ത്രണവിധേയമാക്കുക എന്നതും, മനസ്സിനെ നിയന്ത്രിക്കുക അഥവാ നമ്മുടെ ഇഷ്ടങ്ങളാകുന്ന ഇച്ഛകളെ നിയന്ത്രണവിധേയമാക്കുക എന്നതുമാണ് അവയിൽ പ്രധാനപ്പെട്ടത്. ഇവ രണ്ടിനെയും വരുതിയിലാക്കിയാൽ മാത്രമേ നമ്മുടെ ആത്മാവിനെ നമുക്ക് വേണ്ടവിധം ബലപ്പെടുത്താനാകൂ. അതിനുവേണ്ടി നമ്മൾ അദ്ധ്വാനിക്കണം. അല്ലാത്തപക്ഷം മാതാപിതാക്കളാൽ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന വിധവയെപ്പോലെ ഭർതൃവീട്ടിൽ കഴിയുന്ന സ്ത്രീയെപ്പോലെയാകും ആത്മാവ്. നന്നായി പ്രാർഥിക്കണമെങ്കിൽ, വിശുദ്ധിയോടെ ജീവിക്കണമെങ്കിൽ, ആത്മീയമായി വളരണമെങ്കിൽ ശരീരത്തിന് എന്നതുപോലെ ആത്മാവിന് നമ്മൾ നല്ല ഭക്ഷണം നൽകണം എന്നുസാരം.
കുറച്ചുകൂടി ക്ലാരിറ്റിക്കുവേണ്ടി ഏതാനും ചിലകാര്യങ്ങൾ കൂടി പങ്കുവയ്ക്കുകയാണ്. നമ്മുടെ പ്രധാന അഞ്ച് ഇന്ദ്രിയങ്ങൾ കണ്ണ്, മൂക്ക്, നാവ്, ചെവി, ത്വക്ക് എന്നിവയാണല്ലോ. ഇവയ്ക്കോരോന്നിനും പകരം വയ്ക്കാനാവാത്ത ധർമ്മമാണ് നമ്മുടെ ശരീരത്തിലുള്ളത്. എന്നാൽ ഇവയുടെ സ്വാഭാവിക ധർമ്മത്തിലുപരിയായ സുഖാനുഭവങ്ങളും നമ്മുടെ ശരീരം തേടുന്നുണ്ട്. ശരീരത്തിന്റെ പ്രവണത ഇപ്പോഴും അങ്ങനെയാണ്. ഉദാഹരണത്തിന് വിശപ്പ് മാറ്റാനും രുചിഭേദം പരിശോധിക്കാനുമാണ് നാവ് ശരീരത്തിൽ സഹായകമാകുന്നത്.
എന്നാൽ സ്വാഭാവികധർമ്മത്തിലുപരിയായി അമിതരുചികൾക്കും താളം തെറ്റിയ ഭക്ഷണപാനീയങ്ങൾക്കും ശരീരം, നാവ് എന്ന ഇന്ദ്രിയത്തെ നിർബന്ധിക്കുകയും നാവ് അതിനു വശംവദയാവുകയും ഇന്ദ്രിയസുഖത്താൽ മനസ്സും ശരീരവും താത്കാലികതൃപ്തി നേടുകയുമാണ് ചെയ്യുക. ഇതുപോലെ എല്ലാ ഇന്ദ്രിയങ്ങളും ശരീരത്തിന്റെ സുഖേച്ഛകൾക്ക് വഴങ്ങിക്കൊണ്ടിരിക്കുന്നതാണ് നമ്മുടെ ശൈലി.
മനസ്സാണെങ്കിൽ ഇഷ്ടങ്ങൾക്ക് അഥവാ ഇച്ഛകൾക്ക് എപ്പോഴും കീഴ്പ്പെട്ടുമാണിരിക്കുന്നത്. ഇതിനൊരു നിയന്ത്രണം കൊണ്ടുവരാത്തപക്ഷം നമ്മുടെ ആത്മാവിനെ ബലപ്പെടുത്താനോ ആത്മാവിനു ശക്തിയുള്ള ജീവിതം നയിക്കാനോ നമുക്കാകില്ല. ജഡികരായി ജീവിക്കുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മരിക്കും. എന്നാല്‍, ശരീരത്തിന്റെ പ്രവണതകളെ ആത്മാവിനാല്‍ നിഹനിക്കുന്നെങ്കില്‍ നിങ്ങള്‍ ജീവിക്കും (റോമാ 8:13)ജീവിതത്തെ ക്രമപ്പെടുത്തുവാൻ ഇന്നുതന്നെ തീരുമാനമെടുക്കുക, ഇങ്ങനെ പോയാൽ പോരെന്നും ദൈവത്തെ മാത്രം പ്രീതിപ്പെടുത്തി ഉണർവ്വോടെ ജീവിക്കാൻ ആത്മാവ് നാളുകളായി ഉള്ളിൽ ഉതിർക്കുന്ന സ്വരത്തിനു ഇപ്പോൾത്തന്നെ കാതോർക്കുക, ഉടനെ തന്നെ അതിനുവേണ്ടുന്ന പരിശീലനം ആരംഭിക്കുക.
വ്യക്തിപരമായി ആത്മാവിന്റെ പക്ഷത്തു നിന്നുകൊണ്ട് പൊരുതുക. അൽപ്പസമയം യേശുവേ സഹായിക്കണമേ എന്നോട് കരുണതോന്നണമേ എനിക്ക് അങ്ങയുടെ പ്രചോദനങ്ങൾ നൽകണമേ എന്ന് പ്രാർഥിച്ചുകൊണ്ടിരിക്കുക. ലഭിക്കുന്ന പ്രേരണകൾ കുറിച്ചുവയ്ക്കുകയും ഇന്നുതന്നെ ആരംഭിക്കുകയും ചെയ്യുക. യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തം സംരക്ഷണം നൽകട്ടെ. യേശുവിന്റെ പീഡാസഹനങ്ങൾ ധ്യാനിക്കുന്ന വലിയ നോമ്പിന് വേണ്ടി ഇത്തവണ നമുക്ക് നന്നായി ഒരുങ്ങാം.
ഇതൊക്കെ നടക്കുമോ എന്ന് സംശയിക്കേണ്ട. യേശുക്രിസ്തുവിന്റെ കൃപ നമ്മിൽ അദ്ധ്വാനിക്കുമെന്ന ഉറപ്പുള്ളതുകൊണ്ടു ഇത് നമുക്ക് സാധ്യവും സഹായകവുമാണ്. ഒടുവിലാണ് ഞാന്‍ ഉണര്‍ന്നത്; കാലാപെറുക്കുന്നവനെപ്പോലെഞാന്‍ മുന്തിരിപ്പഴം ശേഖരിക്കുന്നവരുടെ പിന്നിലായി; എന്നാല്‍, കര്‍ത്താവിന്റെ അനുഗ്രഹം നിമിത്തം ഞാന്‍ മുന്‍പന്തിയിലെത്തി; മുന്തിരിപ്പഴം ശേഖരിക്കുന്നവനെപ്പോലെ ചക്ക് നിറച്ചു. -പ്രഭാഷകൻ 33:16,17
By, അഗസ്റ്റിൻ ക്രിസ്റ്റി