പ്രശ്നം എങ്ങനെ പരിഹരിക്കണം? ഇക്കഴിഞ്ഞ ദിവസം എന്റെ ഒരു ഉറ്റസുഹൃത്ത് പങ്കുവച്ച കാര്യം ഇങ്ങനെയാണ്. ഉള്ളിൽ ഒരാളോട് വല്ലാത്ത പകയും വെറുപ്പുമുണ്ട്. എത്ര ശ്രമിച്ചിട്ടും മറക്കാൻ പറ്റുന്നില്ല. പ്രാർഥിക്കാനിരുന്നാലും പഠിക്കാനിരുന്നാലും ആ വ്യക്തിയും അയാളുമായി ബന്ധപ്പെട്ട സംഭവവുമാണ് മനസ്സിൽ വരിക. എന്റെ നല്ലൊരു സമയവും ഉണർവ്വും നഷ്ടപ്പെടുത്തുന്ന കാര്യമാണ് എനിക്ക് ആ വ്യക്തിയോടുള്ള വെറുപ്പ്.
എങ്ങനെയാണ് ഇതിനെ ഞാൻ പരിഹരിക്കുക? സഹോദരങ്ങളെ ഞാൻ ഇതുപോലെതന്നെയുള്ള അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള വ്യക്തിയായതുകൊണ്ട് എനിക്ക് എന്റെ അനുഭവത്തിൽ നിന്നും ഇതിന് ഉത്തരം നൽകാനാകും. ഇത് വായിക്കുന്ന നിങ്ങൾക്കും ഉപകാരപ്പെടുമെന്ന് ഉറപ്പുള്ളതുകൊണ്ട് ഞാൻ പങ്കുവയ്ക്കാം. രണ്ടേരണ്ടു കാര്യങ്ങൾ ചെയ്യാൻ തയ്യാറെങ്കിൽ ഇത്തരം അവസ്ഥയിൽ നിന്നും നമുക്ക് വിടുതൽ നേടാവുന്നതാണ്. അതിലൊന്നാമത്തേത്, ആരോടാണ് നമുക്ക് വെറുപ്പും വിധ്വേഷവും ഉള്ളത് അവരെ അനുഗ്രഹിച്ചുപ്രാർഥിക്കുക എന്നതാണ്.
നമ്മെ നിന്ദിക്കുകയും അപമാനിക്കുകയും കുറ്റപ്പെടുത്തുകയും ദ്രോഹിക്കുകയും ചതിക്കുകയും ചെയ്ത വ്യക്തിയായിക്കൊള്ളട്ടെ കുടുംബമായിക്കൊള്ളട്ടെ എല്ലാം മറന്നു അവരെ ബോധപൂർവ്വം അനുഗ്രഹിച്ചു പ്രാർഥിക്കുക. “തിന്മയ്ക്കു തിന്മയോ, നിന്ദനത്തിനു നിന്ദനമോ പകരം കൊടുക്കാതെ, അനുഗ്രഹിക്കുവിന്‍. അനുഗ്രഹം അവകാശമാക്കുന്നതിനുവേണ്ടി വിളിക്കപ്പെട്ടിരിക്കുന്നവരാണല്ലോ നിങ്ങള്‍.” 1 പത്രോസ് 3:9 എന്ന തിരുവചനമാണ് നമ്മെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കേണ്ടത്.
മാത്രവുമല്ല അങ്ങനെ ചെയ്യുമ്പോഴാണ് സത്യത്തിൽ നമ്മൾ യേശുവിനെ അനുകരിക്കുന്നത്. ഏതൊരു ഉപവാസത്തെക്കാളും കഠിന പ്രായശ്ചിത്തത്തെക്കാളും യേശു ഒരു സാധാരണവ്യക്തിയിൽ നിന്നും ആഗ്രഹിക്കുന്നത് ഇത്തരം അനുകരണങ്ങളാണ്. കാരണം യേശു ചെയ്തു വിജയിച്ചത് ഇതാണ്. “പുരോഹിതപ്രമുഖന്മാര് അവനില്‍ പല കുറ്റങ്ങളും ആരോപിച്ചു. പീലാത്തോസ് വീണ്ടും ചോദിച്ചു: നിനക്കു മറുപടിയൊന്നും പറയാനില്ലേ? നോക്കൂ! എത്ര കുറ്റങ്ങളാണ് അവര്‍ നിന്റെ മേല്‍ ആരോപിക്കുന്നത്! എന്നാല്‍, യേശു മറുപടി ഒന്നും പറഞ്ഞില്ല. തന്മൂലം പീലാത്തോസ് വിസ്മയിച്ചു.”(മർക്കോസ് 15:3-5)രണ്ടാമത്തേതായി, നമ്മുടെ മനസ്സിനെ വേദനിക്കുന്ന വിചാരങ്ങളെ യേശുവിന്റെ തിരുരക്തത്താൽ കഴുകുക എന്നതാണ്.
മുറിവേറ്റ മനസ്സിനെ സൗഖ്യപ്പെടുത്താൻ തിരുരക്തത്തോളം സൗഖ്യശേഷിയുള്ള മറ്റൊരു മരുന്നുമില്ല. ഏതുമേഖലയിലാണോ നമുക്ക് ക്ഷമിക്കാൻ പറ്റാത്തത്, എന്താണോ നമ്മെ നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്നത്, ഏതു വ്യക്തിയാണോ നമ്മെ ദുഃഖിപ്പിക്കുകയും നിരാശയിലാഴ്ത്തുകയും ചെയ്യുന്നത് അവയെ പൂർണ്ണമായി യേശുവിന്റെ വിലയേറിയ തിരുരക്തത്താൽ കഴുകണമേയെന്നു മനസ്സറിഞ്ഞു പ്രാർഥിക്കുക. വ്യത്യാസം അനുഭവപ്പെടുമെന്നു തീർച്ച.
ഉദാഹരണത്തിന് എനിക്ക് എന്റെ പപ്പയോട് ക്ഷമിക്കാൻ പറ്റുന്നില്ല എന്നാണെങ്കിൽ യേശുവേ എന്റെ പപ്പയുടെ ഇന്ന സ്വഭാവത്തെ അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ, ക്ഷമിക്കാൻ പറ്റാത്ത എന്റെ മനോഭാവത്തെ തിരുരക്തത്തിൽ കഴുകി വെളുപ്പിക്കണമേ ! എന്ന് പ്രാർഥിക്കുക.” നിത്യാത്മാവുമൂലം കളങ്കമില്ലാതെ ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിച്ച ക്രിസ്തുവിന്റെ രക്തം, ജീവിക്കുന്ന ദൈവത്തെ ശുശ്രൂഷിക്കാന്‍ നമ്മുടെ അന്തഃകരണത്തെ നിര്‍ജീവ പ്രവൃത്തികളില്‍നിന്ന് എത്രയധികമായി വിശുദ്ധീകരിക്കുകയില്ല! ഹെബ്രായർ 9:14 “ദൈവകൃപയുടെ നല്ല നിമിഷങ്ങൾ നേരുന്നു.
By, അഗസ്റ്റിൻ ക്രിസ്റ്റി