വത്തിക്കാൻ സിറ്റി: മാർച്ച് രണ്ടാം തിയതി വിഭൂതി ബുധനാഴ്ച, യുക്രെയ്നിലെ സമാധാനത്തിനായി പ്രാർത്ഥനയിലും ഉപവാസത്തിലും സമർപ്പിക്കാനുള്ള തന്റെ അഭ്യർത്ഥന ഫ്രാൻസിസ് പാപ്പാ വീണ്ടും ആവർത്തിച്ചു. “യുക്രെയ്ൻ ജനതയുടെ ദുരിതങ്ങളോടു ചേർന്നു നിൽക്കാനും, നമ്മൾ എല്ലാം സഹോദരീ സഹോദരരാണെന്ന് അനുസ്മരിക്കാനും, യുദ്ധവിരാമത്തിനായി ദൈവത്തോടു അപേക്ഷിക്കാനുമുള്ള ദിവസമാണത്, ” പാപ്പാ പറഞ്ഞു. പൊതുസന്ദർശന സന്ദേശം നൽകവേയാണ്, ‘സമാധാനത്തിനു ഭീഷണിയായ യുക്രൈനിലെ സാഹചര്യങ്ങൾ ഹൃദയവ്യഥയുണ്ടാക്കുന്നു,’ എന്ന വാക്കുകളോടെ ലോകജനതയോട് പാപ്പ പ്രാർത്ഥനാ അഭ്യർത്ഥന നടത്തിയത്.
“ഒരുമിച്ചു പ്രാർത്ഥിക്കാം” “ഉക്രയിൻ” (#PrayTogether #Ukraine) എന്നീ ഹാഷ്ടാഗുകളോടുകൂടി ചൊവ്വാഴ്ച (01/03/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലൂടെയാണ് ഫ്രാൻസീസ് പാപ്പാ ഈ ക്ഷണം ആവർത്തിച്ചിരിക്കുന്നത്.
പാപ്പായുടെ പ്രസ്തുത ട്വിറ്റർസന്ദേശം ഇപ്രകാരമാണ്: “നമുക്ക് ഒരുമിച്ച് നമ്മുടെ യാചന ഉയർത്താം: ഇനിയൊരിക്കലും യുദ്ധമരുത്, ആയുധങ്ങളുടെ ഗർജ്ജന വീണ്ടും ഉണ്ടാകരുത്, ഇത്രയേറെ യാതനകൾ ഇനി ഉണ്ടാകരുത്! നാം പ്രാർത്ഥന അവസാനിപ്പിക്കുന്നില്ല, നേരെമറിച്ച്, കൂടുതൽ തീക്ഷണതയോടുകൂടി നാം ദൈവത്തോട് അപേക്ഷിക്കുന്നു. കർത്താവേ, സമാധാനത്തിൻറെ നാഥാ, വരേണമേ, ഞങ്ങളെ അങ്ങയുടെ സമാധാനത്തിൻറെ ഉപകരണങ്ങളും പ്രതിച്ഛായകളുമാക്കൂ! ”.
രാജ്യങ്ങളുടെ സഹവർത്തിത്വവും അന്തർദേശീയ നിയമങ്ങളും തകർക്കുകയും ജനങ്ങൾക്ക് വിവരണാതീയമായ ദുരിതങ്ങൾ മാത്രം സമ്മാനിക്കുകയും ചെയ്യുന്ന പ്രവൃത്തികളിൽനിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്ന് ആവശ്യപ്പെട്ട പാപ്പ, രാഷ്ട്രീയ ഉത്തരവാദിത്വമുള്ളവർ ദൈവത്തിനു മുമ്പിൽ മനസാക്ഷി പരിശോധന നടത്തണമെന്നും ചൂണ്ടിക്കാട്ടി. അക്രമത്തിന്റെ പൈശാചികമായ വിവേകശൂന്യതയ്ക്ക് പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും ഉത്തരം ലഭിക്കുമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു.
‘വിഭാഗീയ താൽപ്പര്യങ്ങൾകൊണ്ടു സർവരുടെയും സമാധാനം ഭീഷണി നേരിടുകയാണ്. ദൈവം യുദ്ധത്തിന്റേയല്ല സമാധനത്തിന്റേയാണ്. ദൈവം കുറച്ചുപേരുടെയല്ല എല്ലാവരുടെയും പിതാവാണ്. നാമെല്ലാം ശത്രുക്കളല്ല, സഹോദരരാകണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്,’ പാപ്പ വ്യക്തമാക്കി. യുദ്ധ ഭ്രാന്തിൽനിന്ന് ലോകത്തെ സമാധാനത്തിന്റെ രാജ്ഞി സംരക്ഷിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
യുക്രൈനിൽ സമാധാനം പുലരാൻ ഇത് രണ്ടാം തവണയാണ് പാപ്പ ആഗോളതലത്തിൽ പ്രാർത്ഥനാ ദിനത്തിന് ആഹ്വാനം ചെയ്തത്. ജനുവരി 26 -നായിരുന്നു ആദ്യത്തേത്. യുക്രൈന്റെ ഭാഗമായ ക്രിമിയ 2014 -ൽ റഷ്യ പിടിച്ചെടുത്തതോടെയാണ് മേഖല സംഘർഷഭരിതമായത്. യുക്രൈന്റെ കിഴക്കൻ അതിർത്തി റഷ്യൻ അനുകൂല വിമതരുടെ കൈയിലാണിപ്പോൾ. ഇവിടെയാണ് സംഘർഷം നടക്കുന്നത്.
റഷ്യ ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ സങ്കീർണമാകുമെന്നാണ് നിരീക്ഷകർ നൽകുന്ന സൂചനകൾ. കടന്നുകയറ്റത്തിനെതിരെ ‘നാറ്റോ’ സേനയുൾപ്പെടെയുള്ള ശക്തികൾ റഷ്യയ്ക്കെതിരെ അണിനിരക്കും. അതോടെ, യുക്രൈനു മാത്രമല്ല, ലോകത്തിനു മുഴുവൻ ഭീഷണിയാകുന്ന സാഹചര്യം സംജാതമാകും, ഇത് മറ്റൊരു മഹായുദ്ധത്തിലേക്ക് ലോകത്തെ കൊണ്ടെത്തിക്കും. ഈ സാഹചര്യത്തിൽ പാപ്പയുടെ പ്രാർത്ഥനാ അഭ്യർത്ഥനയെ നിർണായകമായാണ് ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം നോക്കിക്കാണുന്നത്.
യുക്രൈനില്‍ റഷ്യന്‍ സേന അക്രമണം ശക്തമാക്കിയ ദയനീയ സാഹചര്യം കണക്കെടുത്ത് പരിശുദ്ധ സിംഹാസനത്തിനു വേണ്ടിയുള്ള റഷ്യൻ എംബസ്സിയില്‍ നേരിട്ടെത്തി പാപ്പ ആശങ്ക അറിയിച്ചു. റഷ്യ ഫെഡറേഷൻ പരിശുദ്ധസിംഹാസനത്തിനു വേണ്ടി നിയമിച്ചിട്ടുള്ള സ്ഥാനപതിയുടെ ഔദ്യോഗിക കാര്യാലയമായ എംബസ്സിയിൽ വെള്ളിയാഴ്ച (25/02/22) രാവിലെയാണ് ഫ്രാൻസീസ് പാപ്പ എത്തിയതെന്ന് വത്തിക്കാൻറെ വാർത്താവിതരണ കാര്യാലയത്തിന്റെ, മേധാവി മത്തേയൊ ബ്രൂണി പ്രസ്താവനയില്‍ അറിയിച്ചു. വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലേക്കുള്ള വലിയ വീഥിയായ വിയ ദെല്ല കൊൺചിലിയത്സിയോനെയിലാണ് ഈ എംബസ്സി സ്ഥിതി ചെയ്യുന്നത്. കാര്‍ മുഖാന്തിരം എംബസ്സിയിൽ എത്തിയ പാപ്പാ മുപ്പതു മിനിറ്റോളം അവിടെ ചെലവഴിച്ചു.