കേരളം കപ്പടിച്ചതിന് പിറ്റേ ദിവസം തന്നെ രാവിലെ കേരള ടീം കോച്ച് ബിനോ ജോർജ് കപ്പുമായി ഒരിടം വരെ പോയിരുന്നു. മഞ്ചേരി സെയ്ന്റ് ജോസഫ് പള്ളിയിലേക്കായിരുന്നു ബിനോയുടെ യാത്ര. പ്രാർത്ഥന സഫലമായതിന്റെ നന്ദിപ്രകാശനം ; അതായിരുന്നു ബിനോയുടെ യാത്രയ്ക്ക് പിന്നിലെ കാരണം.
സന്തോഷ് ട്രോഫി തുടങ്ങിയത് മുതൽ എല്ലാ ദിവസവും ബിനോ എന്നും പള്ളിയിലെത്തി പ്രാർത്ഥിക്കാറുണ്ടായിരുന്നു. ടൂർണമെന്റ് തുടങ്ങുന്നതിന്റെ തലേദിവസം കളിക്കാരുടെ ജേഴ്സിയും പന്തുമായി ബിനോയും അസിസ്റ്റന്റ് കോച്ചും പള്ളിയിലെത്തി അവ വെഞ്ചരിച്ചു കൊണ്ടുപോയി. ഫൈനലിന്റെ തലേദിവസം പള്ളിയിൽ വന്നപ്പോൾ കപ്പ് നമുക്കുള്ളതാണെന്ന് ബിനോയോട് പള്ളി വികാരി ഫാദർ ടോമി കളത്തൂർ പറഞ്ഞു.
അങ്ങനെ കപ്പടിച്ചാൽ ദൈവത്തിന് നന്ദി പറയാൻ പിറ്റേന്ന് രാവിലെ കപ്പുമായി പള്ളിയിൽ വരുമെന്ന് ബിനോ വാക്ക് കൊടുക്കുകയും ചെയ്തിരുന്നു. ആ വാക്ക് പാലിക്കാനാണ് ബിനോ സന്തോഷ് ട്രോഫി കപ്പുമായി പള്ളിയിൽ എത്തിയത്.
ഫുട്ബോൾ ആരാധകൻ കൂടിയായ ഫാദർ കളത്തൂർ കേരള ടീമിനുവേണ്ടി പ്രാർത്ഥിക്കണമെന്ന് വിശ്വാസികളോട് അഭ്യർത്ഥിക്കുകയും എല്ലാ ദിവസവും ഗ്യാലറിയിൽ എത്തി ടീമിന് പിന്തുണ നൽകുകയും ചെയ്തിരുന്നു.