വിധിയുടെ ചില മാനങ്ങൾ
ബിഷപ്പ് ഫ്രാങ്കോ കേസിൽ (സാധാരണയായി ഇരയുടെ പേരിലോ റഫറൻസിലോ ആണ് എല്ലാ ക്രിമിനൽ കേസുകളും അറിയപ്പെടുന്നത്. ഇവിടെ ഇര അഥവാ അതിജീവിതൻ ബിഷപ്പ് ഫ്രാങ്കോ ആയതു കൊണ്ട് ഈ കേസിനെ ഇപ്രകാരം വിളിക്കാനാണ് താല്പര്യം ) കോട്ടയം അഡീഷണൽ സെഷൻസ് കോടതി പ്രഖ്യാപിച്ച സുപ്രധാന വിധി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ഔന്നത്യം വെളിവാക്കുന്നതാണ്. സാധാരണക്കാർക്ക് നമ്മുടെ നീതി വ്യവസ്ഥയെ ക്കുറിച്ചുള്ള മുൻവിധികൾ തിരുത്താൻ ഉതകുന്നതുമാണ്. ഈ വിധി സമൂഹ മനസാക്ഷിയെ പുനർവിചിന്തനത്തിന് പ്രേരിപ്പിക്കും എന്നതിൽ സംശയമില്ല. വിധിയുടെ പ്രായോഗികമായ ചില മാനങ്ങൾ പരിശോധിക്കാം.
പുരുഷസമൂഹത്തിന് ലഭിച്ച നീതി.
തുല്യനീതി, ലിംഗസമത്വം തുടങ്ങിയ പദങ്ങൾ നമ്മുടെ അന്തരീക്ഷത്തിൽ നിരന്തരം മുഴങ്ങുന്നുണ്ട്. എന്നാൽ സ്ത്രീ സംരക്ഷണത്തിനായി നിർമ്മിച്ചിരിക്കുന്ന പല നിയമങ്ങളുടെയും ദുരുപയോഗം പുരുഷനെ വേട്ടയാടുന്നതിനു കാരണമായിത്തീർന്നിട്ടുണ്ട്. സ്ത്രീകൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എന്നാൽ പുരുഷനും സംരക്ഷണം ആവശ്യമില്ലേ? 53.2% സ്ത്രീ പീഡന കേസുകളും വ്യാജമാണെന്ന ഡൽഹി വനിതാ കമ്മീഷൻ്റെ നിരീക്ഷണം നമ്മൾ ഇതിനോട് കൂട്ടിവായിക്കണം. ഗാർഹിക പീഡനം അനുഭവിക്കുന്ന ധാരാളം പുരുഷൻമാരുണ്ട്. അവർക്ക് കാര്യമായ നിയമ പരിരക്ഷ നിലവിൽ ലഭിക്കുന്നില്ല. വനിതാസംരക്ഷണ നിയമങ്ങളുടെ ദുരുപയോഗം ഭയപ്പെട്ട് കീഴ്ജീവനക്കാരായ സ്ത്രീകളുടെ അഴിമതിയും കെടുകാര്യസ്ഥതയുമൊക്കെ കണ്ടില്ലന്നു നടിക്കേണ്ടിവരുന്ന മേലുദ്യോഗസ്ഥരുണ്ട്. ആളുകളുടെ ന്യായമല്ലാത്ത ആവശ്യങ്ങൾക്ക് വഴങ്ങിക്കൊടുക്കേണ്ടിവരുന്ന ഭരണനിർവാഹകരുമുണ്ട് . ഇത്തരം നിയമങ്ങളുടെ ദുരുപയോഗത്തിലൂടെ ഏതൊരു പുരുഷനും ഏതു നിമിഷവും ഇരയാക്കപ്പെടാമെന്ന നിലവിലെ അരക്ഷിതാവസ്ഥയിൽ ഒരാശ്വാസമാണ് ഈ കോടതി വിധി. അതിനാൽ ഇതിനെ ബിഷപ്പ് ഫ്രാങ്കോയ്ക്ക് ലഭിച്ച നീതി എന്നതിലുപരി പുരുഷസമൂഹത്തിനു ലഭിച്ച നീതിയായി കണക്കാക്കണം.
മാധ്യമനിലപാടുകൾക്ക് ഉപരിയാണ് നീതി.
ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണ്. അതുകൊണ്ടുതന്നെ ഇവിടെ പൊതുജനാഭിപ്രായത്തിന് വലിയവിലയുണ്ട്. എന്നാൽ ഇന്ത്യയിലെ ജനങ്ങൾക്ക് പൊതുവേ സ്വന്തവും സ്വതന്ത്രവുമായ അഭിപ്രായമല്ല ഉള്ളത്. മാധ്യമങ്ങൾ എന്തുപറയുന്നോ അത് പലരും ഏറ്റുപറയുകയാണ് പതിവ്. ഇന്ന് സമൂഹത്തിൽ പൊതുബോധം സൃഷ്ടിക്കുന്നത് മാധ്യമങ്ങളാണ്. അല്ലെങ്കിൽ മാധ്യമങ്ങൾ പൊതുജനാഭിപ്രായത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണ് എന്നു പറയാം. എന്നാൽ മാധ്യമങ്ങളുടെ നിലപാടുകളിൽ നിന്ന് വ്യത്യസ്തമാണ് ഈ കോടതിവിധി എന്നത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥ മാധ്യമ സ്വാധീനങ്ങൾക്ക് വഴങ്ങുന്നതല്ലെന്നും കോടതിയിലെ ജഡ്ജി ചാനലിലെ ‘കോട്ടിട്ട ജഡ്ജി’മാരുടെ ആജ്ഞാനുവർത്തിയല്ലെന്നും തെളിയിക്കുന്നു.
ഗൂഢാലോചനകൾക്കേറ്റ പ്രഹരം.
കേരളത്തിലെ എക്സ്ട്രിം ലെഫ്റ്റിസ്റ്റ്,ഫെമിനിസ്റ്റ്, പ്രോ ഇസ്ലാമിസ്റ്റ് അച്ചുതണ്ടിന്റെ ആത്യന്തിക ലക്ഷ്യങ്ങളിലൊന്ന് കത്തോലിക്കാസഭയെയും സഭ മുമ്പോട്ടുവയ്ക്കുന്ന ധാർമികതയെയും തകർക്കുകയെന്നതാണ്. ഇവരുടെ അജണ്ടകൾക്കൊപ്പം സഭയിലെ വിമതരും ചേർന്ന് സീറോമലബാർ സഭയ്ക്കെതിരായി നടത്തി വരുന്ന ഗൂഢാലോചനകൾ ഒരിക്കൽക്കൂടി പരാജയപ്പെട്ടിരിക്കുന്നു. ഈ സംഘങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് ഗുരുതരമായ പല ആരോപണങ്ങളും ഉയർന്നു വരുന്നുണ്ട്. മയക്കുമരുന്ന് ലോബിയും തീവ്രവാദ ഗ്രൂപ്പുകളുമായി ഇവർക്കുള്ള ബന്ധം ഇതിൽ ഒന്നുമാത്രമാണ്. ഒപ്പം സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങൾ മുൻനിർത്തി ലിബറലുകളും സെന്റർ ലെഫ്റ്റും ചേർന്നു നടത്തുന്ന അണിയറനീക്കങ്ങളും തിരിച്ചറിയപ്പെടുന്നു.
സഭയെ തെറ്റുധരിച്ചിരിക്കുന്നവർക്ക് പുനർവിചിന്തനത്തിനുള്ള അവസരം.
സഭ ഈശോമിശിഹായിൽ വിശ്വസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നവരുടെ സ്നേഹക്കൂട്ടായ്മയാണ്. എന്നാൽ മാധ്യമങ്ങളും മറ്റും സഭയെ വലിയൊരു കോർപ്പറേറ്റായിട്ടും അധോലോകമായിട്ടുമൊ ക്കെ അവതരിപ്പിക്കുന്നു. പലരും അവയൊക്കെ വിശ്വസിക്കുകയും പൗരോഹിത്യ സന്ന്യാസ ജീവിത സമർപ്പണങ്ങളെ സംശയിക്കുകയും ചെയ്യുന്നു. സഭയിലും പുഴുക്കുത്തുകൾ ഉണ്ട് എന്നത് വാസ്തവമാണ്. എന്നാൽ ബഹുഭൂരിപക്ഷവും അങ്ങനെയല്ലെന്നും ശരിയായ ഉദ്ദേശലക്ഷ്യങ്ങളോടെ മുന്നേറുന്നവരാണെന്നും സുമനസ്സുകൾക്ക് ബോധ്യപ്പെടാൻ ഈ വിധി ഒരു നിമിത്തമായിത്തീരുമെന്നു വിശ്വസിക്കുന്നു. സഭ പണവും സ്വാധീനവും ഉപയോഗിച്ച് നിയമവ്യവസ്ഥതിയെ അട്ടിമറിക്കുന്നു എന്ന് ആരോപിക്കുന്നവർ, സഭയ്ക്ക് എന്തുകൊണ്ട് ഇവയുപയോഗിച്ച് കേരളത്തിലെ മാധ്യമങ്ങളെ സ്വാധീനിക്കാൻ സാധിക്കുന്നില്ല എന്ന് വ്യക്തമാക്കണം.
ദൈവം എല്ലാം നന്മയ്ക്കായി ക്രമീകരിക്കുന്നുവെന്നു നമുക്കു വിശ്വസിക്കാം. “ദൈവത്തെ സ്നേഹിക്കുന്നവര്ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്ക്ക്, അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ. “
(റോമാ 8 : 28)
By, ജയിംസ് കൊക്കാവയലിൽ