വത്തിക്കാന്‍ സിറ്റി: “സമാധാനത്തിന്റെ രാജ്ഞിയായ മറിയം നമ്മെ സമാധാനം നേടിയെടുക്കാൻ സഹായിക്കാൻ, മാർച്ച് 25ആം തീയതി വെള്ളിയാഴ്ച മംഗള വാർത്ത തിരുനാളിൽ, മാനവകുലത്തെ, പ്രത്യേകിച്ച് റഷ്യയെയും യുക്രെയ്നേയും, മറിയത്തിന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്ന ആഘോഷമായ കർമ്മത്തിൽ എന്നോടൊപ്പം പങ്കുചേരാൻ ഞാൻ എല്ലാ സമൂഹങ്ങളേയും, എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നു.” – ഫ്രാൻസീസ് പാപ്പാ
പരസ്പരം യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന റഷ്യയെയും യുക്രൈനെയും മാതാവിന്റെ വിമല ഹൃദയത്തിനു സമര്‍പ്പിക്കുന്ന ചടങ്ങില്‍ മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമനും പങ്കെടുക്കും. ബെനഡിക്ട് പതിനാറാമന്റെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ഗാന്‍സ്വെയിനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ അനുതാപ ശുശ്രൂഷക്കിടയിലാണ് സമര്‍പ്പണം കര്‍മ്മം. അനുതാപ ശുശ്രൂഷയില്‍ നേരിട്ടു പങ്കെടുക്കുന്നതിനു പകരം സ്വന്തം വസതിയില്‍ ഇരുന്നുകൊണ്ടായിരിക്കും പാപ്പ മാര്‍ച്ച് 25-ലെ സമര്‍പ്പണത്തില്‍ പങ്കെടുക്കുകയെന്ന് ആര്‍ച്ച് ബിഷപ്പ് ഗാന്സ്വെയിന് വ്യക്തമാക്കി. ബെനഡിക്ട് പതിനാറാമന്‍ പാപ്പയ്ക്ക് പുറമേ ലോകമെമ്പാടുമുള്ള മെത്രാന്മാരും സമര്‍പ്പണത്തില്‍ പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ട്.
വത്തിക്കാനിലെ സമര്‍പ്പണ സമയമായ റോമന്‍ സമയം വൈകിട്ട് 5 മണിയോട് അനുസൃതമായി സമര്‍പ്പണത്തില്‍ പങ്കുചേരാന്‍ തന്റെ കത്തീഡ്രല്‍ ശനിയാഴ്ച പുലര്‍ച്ചെ 2.30-ന് തന്നെ തുറക്കുമെന്നു ഓസ്ട്രേലിയന്‍ മെത്രാപ്പോലീത്ത അന്തോണി ഫിഷര്‍ അറിയിച്ചു. ലോകത്ത് സമാധാനം പുനസ്ഥാപിച്ച് കാണുവാനായി പ്രാര്‍ത്ഥനയില്‍ പങ്കുചേരുവാന്‍ എല്ലാവരേയും ക്ഷണിക്കുന്നുവെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.
ഫിലിപ്പീന്‍സ് മെത്രാന് സമിതിയുടെ സെക്രട്ടറി ജനറലും സമര്‍പ്പണ കര്‍മ്മത്തില്‍ പങ്കെടുക്കുമെന്നറിയിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. സമര്‍പ്പണ കര്‍മ്മത്തില്‍ പങ്കെടുക്കുവാന്‍ ഇംഗ്ലണ്ടിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് തന്റെ അജഗണങ്ങളോട് ആഹ്വാനം ചെയ്തിരിന്നു.
മാര്‍ച്ച് 25 -ലെ മംഗളവാര്‍ത്ത ദിനത്തില്‍ റഷ്യയേയും യുക്രൈനേയും മാതാവിന്റെ വിമല ഹൃദയത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ പരിശുദ്ധ പിതാവിനൊപ്പം പങ്കുചേരുന്നുവെന്നും വെസ്റ്റ്മിന്‍സ്റ്റര്‍ കത്തീഡ്രലില്‍ വൈകിട്ട് 5.30-ന് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ വിശ്വാസികള്‍ പങ്കുചേരണമെന്നും വെസ്റ്റ്മിനിസ്റ്റര്‍ കര്‍ദ്ദിനാള്‍ ആഹ്വാനം ചെയ്തു. സമര്‍പ്പണ കര്‍മ്മത്തില്‍ പങ്കെടുക്കുമെന്ന മെത്രാന്മാരുടെ അറിയിപ്പുകള് തുടര്‍ച്ചയായി വന്നുക്കൊണ്ടിരിക്കുകയാണ്. സമര്‍പ്പണ കര്‍മ്മത്തില്‍ പങ്കെടുക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ ലോകമെമ്പാടുമുള്ള മെത്രാന്മാരോട് ആഹ്വാനം ചെയ്തിരിന്നു.
ഭാരതത്തിലെ അപ്പസ്തോലിക് ന്യൂണ്‍ഷോ ആര്‍ച്ച് ബിഷപ്പ് ലിയോപോൾഡോ ജിറേലിയും , റോമിലെ സമയം വൈകുന്നേരം 5 മണിക്ക് ഓരോ ബിഷപ്പും തന്റെ വൈദികരോടൊപ്പം ഈ സമർപ്പണത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
“I invite every community and all faithful to unite with me on Friday 25 March, the Solemnity of Annunciation, for the Solemn Act of Consecration of humanity, especially Russia and Ukraine, to the Immaculate Heart of Mary, so that she, Mary, Queen of Peace, may help us obtain peace.” – Pope Francis